Hivision Channel

latest news

തദ്ദേശതിരഞ്ഞെടുപ്പ്; ഇവിഎം മെഷീനുകളുമായി ബൂത്തുകള്‍ സജ്ജം

കണ്ണൂര്‍:വ്യാഴാഴ്ച നടക്കുന്ന തദ്ദേശ തിരഞ്ഞെടുപ്പിന് ജില്ലയിലെ ബൂത്തുകള്‍ സജ്ജം. 20 വിതരണ കേന്ദ്രങ്ങളില്‍ നിന്ന് പോളിംഗ് സാമഗ്രികള്‍ ഏറ്റുവാങ്ങിയ ചുമതലയുള്ള ഉദ്യോഗസ്ഥര്‍ പോളിംഗ് സ്റ്റേഷനുകളിലെത്തി ബൂത്തുകള്‍ സജ്ജീകരിച്ചു.

ഡിസംബര്‍ 10 ബുധനാഴ്ച രാവിലെ എട്ടു മണി മുതലാണ് ഇലക്ട്രോണിക് വോട്ടിങ് മെഷീന്‍ ഉള്‍പ്പെടെയുള്ള തിരഞ്ഞെടുപ്പ് സാമഗ്രികളുടെ വിതരണം ആരംഭിച്ചത്. വിതരണകേന്ദ്രങ്ങള്‍ ജില്ലാ കലക്ടര്‍ അരുണ്‍. കെ. വിജയന്‍, തിരഞ്ഞെടുപ്പ് പൊതു നിരീക്ഷക ആര്‍.കീര്‍ത്തി, അസിസ്റ്റന്റ് കലക്ടര്‍ എഹ്തെദ മുഫസ്സിര്‍ എന്നിവര്‍ സന്ദര്‍ശിച്ച് ക്രമീകരണങ്ങള്‍ വിലയിരുത്തി. തിരഞ്ഞെടുപ്പ് സാമഗ്രികള്‍ ഏറ്റുവാങ്ങിയ ഉദ്യോഗസ്ഥരെ റൂട്ട് ഓഫീസര്‍മാരുടെ നേതൃത്വത്തിലാണ് വാഹനങ്ങളില്‍ അതാത് ബൂത്തുകളില്‍ എത്തിച്ചത്.

കണ്ണൂര്‍ കോര്‍പറേഷനിലെ 56 വാര്‍ഡുകളിലെ 155 ബൂത്തുകളിലേക്കുള്ള തിരഞ്ഞെടുപ്പ് സാമഗ്രികള്‍ കണ്ണൂര്‍ മുനിസിപ്പല്‍ ഹയര്‍ സെക്കന്‍ഡറി സ്‌കൂളിലെ 56 കൗണ്ടറുകളില്‍ നിന്ന് വിതരണം ചെയ്തു. ജില്ലാ പട്ടികജാതി വികസന ഓഫീസര്‍ മനോഹരന്‍, ജില്ലാ വ്യവസായകേന്ദ്രം മാനേജര്‍ കെ.എസ്. അജിമോന്‍ എന്നിവരാണ് വരണാധികാരികള്‍.

പയ്യന്നൂര്‍ ബ്ലോക്ക് പഞ്ചായത്തിന് കീഴിലെ 162 ബൂത്തുകളിലേക്കുള്ള പോളിംഗ് സാമഗ്രികള്‍ പയ്യന്നൂര്‍ കോളേജ് എടാട്ടില്‍ നിന്നും 18 കൗണ്ടറുകളില്‍ നിന്നായി വിതരണം ചെയ്തു. കൂത്തുപറമ്പ് ബ്ലോക്ക് പഞ്ചായത്തിന് കീഴിലെ ബൂത്തുകള്‍ക്ക് കൂത്തുപറമ്പ് നിര്‍മലഗിരി കോളേജ്, ഇരിട്ടി ബ്ലോക്ക് പഞ്ചായത്തിന് കീഴിലെ ബൂത്തുകള്‍ക്ക് മട്ടന്നൂര്‍ ഹയര്‍ സെക്കന്‍ഡറി സ്‌കൂള്‍, കല്ല്യാശ്ശേരി ബ്ലോക്ക് പഞ്ചായത്തിന് കീഴിലെ ബൂത്തുകള്‍ക്ക് എരിപുരം മാടായി ഗവ. ഗേള്‍സ് ഹയര്‍സെക്കന്‍ഡറി സ്‌കൂള്‍ എന്നിവിടങ്ങളില്‍ നിന്ന് തിരഞ്ഞെടുപ്പ് സാമഗ്രികള്‍ വിതരണം ചെയ്തു.

തലശ്ശേരി : തലശ്ശേരി ബ്രണ്ണന്‍ കോളേജ്, പാനൂര്‍ : മൊകേരി രാജീവ്ഗാന്ധി മെമ്മോറിയല്‍ സ്‌കൂള്‍ , എടക്കാട്: എളയാവൂര്‍ സി.എച്ച്. എം.എച്ച്.എസ്.എസ്, കണ്ണൂര്‍: പള്ളിക്കുന്ന് കൃഷ്ണമേനോന്‍ മെമ്മോറിയല്‍ ഗവ.വനിതാ കോളേജ്, തളിപ്പറമ്പ് : തളിപ്പറമ്പ് സര്‍ സയ്യിദ് എച്ച്.എസ്.എസ്, പേരാവൂര്‍: സെന്റ്.ജോസഫ് യു.പി.എസ് തൊണ്ടിയില്‍ എന്നിവയാണ് വിവിധ ബ്ലോക്ക് പഞ്ചായത്തുകള്‍ക്ക് കീഴിലെ ബൂത്തുകളിലേക്ക് തിരഞ്ഞെടുപ്പ് സാമഗ്രികള്‍ വിതരണം ചെയ്ത കേന്ദ്രങ്ങള്‍.

ആന്തൂര്‍ നഗരസഭയുടെ 24 വാര്‍ഡുകളിലെ ബൂത്തുകളിലേക്കുള്ള പോളിംഗ് സാമഗ്രികള്‍ മാങ്ങാട്ടുപറമ്പ് ഗവ. എഞ്ചിനീയറിംഗ് കോളേജിലെ ആറ് കൗണ്ടറുകളില്‍ നിന്നായി വിതരണം ചെയ്തു. 29 വാര്‍ഡുകളിലെ അഞ്ചു വാര്‍ഡുകളില്‍ നിന്ന് നേരത്തെ എതിരില്ലാതെ സ്ഥാനാര്‍ത്ഥികള്‍ തിരഞ്ഞെടുക്കപ്പെട്ടിരുന്നു.

തലശ്ശേരി മുനിസിപ്പാലിറ്റിയിലെ 53 വാര്‍ഡുകളിലേക്കുള്ള പോളിംഗ് സാമഗ്രികള്‍ തലശ്ശേരി സാന്‍ ജോസ് മെട്രോപോളിന്‍ സ്‌കൂളില്‍ നിന്നും വിതരണം ചെയ്തു. എട്ട് കൗണ്ടറുകളില്‍ നിന്നായാണ് 64 ബൂത്തുകളിലേക്കുള്ളവ വിതരണം ചെയ്തത്.

ശ്രീകണ്ഠപുരം നഗരസഭയുടെ ഒന്ന് മുതല്‍ 31 വരെ വാര്‍ഡുകള്‍: ശ്രീകണ്ഠപുരം ഹയര്‍ സെക്കന്‍ഡറി സ്‌കൂള്‍ (എച്ച് എസ് എസ് ബ്ലോക്ക്), തലശ്ശേരി നഗരസഭയുടെ ഒന്ന് മുതല്‍ 53 വരെ വാര്‍ഡുകള്‍: സാന്റ് ജോസ് മെട്രോപൊളിറ്റന്‍ സ്‌കൂള്‍, തളിപ്പറമ്പ് നഗരസഭയുടെ ഒന്നു മുതല്‍ 35 വരെ വാര്‍ഡുകള്‍: തളിപ്പറമ്പ് സര്‍ സയ്യിദ് കോളേജ്, പയ്യന്നൂര്‍ നഗരസഭയുടെ ഒന്ന് മുതല്‍ 23 വരെയും 24 മുതല്‍ 46 വരെയും വാര്‍ഡുകള്‍: പയ്യന്നൂര്‍ എ കുഞ്ഞിരാമന്‍ അടിയോടി സ്മാരക ഗവ. വെക്കേഷണല്‍ ഹയര്‍സെക്കന്‍ഡറി സ്‌കൂള്‍ (ഹയര്‍സെക്കന്‍ഡറി ബ്ലോക്ക്), കൂത്തുപറമ്പ് നഗരസഭയുടെ ഒന്നു മുതല്‍ 29 വരെ വാര്‍ഡുകള്‍: കൂത്തുപറമ്പ് നിര്‍മ്മലഗിരി റാണിജയ് ഹയര്‍ സെക്കന്‍ഡറി സ്‌കൂള്‍, പാനൂര്‍ നഗരസഭയുടെ ഒന്നു മുതല്‍ 21 വരെയും 22 മുതല്‍ 41 വരെയും വാര്‍ഡുകള്‍: പാനൂര്‍ കെ കെ വി മെമ്മോറിയല്‍ ഹയര്‍ സെക്കന്‍ഡറി സ്‌കൂള്‍, ഇരിട്ടി നഗരസഭയുടെ ഒന്നു മുതല്‍ 34 വരെ വാര്‍ഡുകള്‍: മഹാത്മാ ഗാന്ധി കോളേജ്, ഇരിട്ടി എന്നിവിടങ്ങളില്‍ നിന്നും തിരഞ്ഞെടുപ്പ് സാമഗ്രികള്‍ വിതരണം ചെയ്തു.

തദ്ദേശ തിരഞ്ഞെടുപ്പ്;രാവിലെ ആറുമണിക്ക് മോക് പോള്‍; ഏഴ് മണി മുതല്‍ പോളിംഗ്

തദ്ദേശ തിരഞ്ഞെടുപ്പിന്റെ വോട്ടെടുപ്പിന് മുന്നോടിയായി മെഷീനുകളുടെ പ്രവര്‍ത്തനക്ഷമതയും കൃത്യതയും പരിശോധിച്ച് ഉറപ്പിക്കുന്നതിനായി വോട്ടെടുപ്പ് തുടങ്ങുന്നതിന് നിശ്ചയിച്ചിട്ടുള്ള സമയത്തിന് ഒരു മണിക്കൂര്‍ മുന്‍പ് പ്രിസൈഡിംഗ് ഓഫീസറുടെ നേതൃത്വത്തില്‍ മോക് പോള്‍ ആരംഭിക്കും. തുടര്‍ന്നാണ് രാവിലെ ഏഴ് മണിക്ക് പോളിംഗ് ആരംഭിക്കുക.
മെഷീനില്‍ വോട്ടുകളൊന്നും രേഖപ്പെടുത്തിയിട്ടില്ലെന്ന് തെളിയിച്ച ശേഷം ഏതാനും വോട്ടുകള്‍ രേഖപ്പെടുത്തിയാണ് മോക് പോള്‍ നടത്തുന്നത്. മത്സരിക്കുന്ന ഓരോ സ്ഥാനാര്‍ഥിക്കും പോളിംഗ് ഏജന്റുമാര്‍ വോട്ട് രേഖപ്പെടുത്തിക്കൊണ്ടാണ് മോക്‌പോള്‍ നടത്തുക. ഏതെങ്കിലും സ്ഥാനാര്‍ഥിയുടെ പോളിംഗ് ഏജന്റ് മോക് പോള്‍ സമയത്ത് പോളിംഗ് ബൂത്തില്‍ ഇല്ലെങ്കില്‍ പോളിംഗ് ഓഫീസര്‍മാരില്‍ ആരെങ്കിലുമോ അല്ലെങ്കില്‍ ആ സമയത്ത് പോളിംഗ് ബൂത്തിലുള്ള പോളിംഗ് ഏജന്റമാരില്‍ ആരെങ്കിലുമോ പ്രസ്തുത സ്ഥാനാര്‍ഥിക്കുവേണ്ടി മോക് പോളില്‍ വോട്ട് രേഖപ്പെടുത്തണം. മത്സരിക്കുന്ന എല്ലാ സ്ഥാനാര്‍ഥികള്‍ക്കും വേണ്ടി മോക് പോളില്‍ വോട്ട് രേഖപ്പെടുത്തിയിട്ടുണ്ട് എന്ന് വോട്ടിംഗ് കമ്പാര്‍ട്ട്‌മെന്റിലുള്ള പോളിംഗ് ഓഫീസര്‍ ഉറപ്പുവരുത്തും.

സ്ഥാനാര്‍ഥികളുടെ പോളിംഗ് ഏജന്റുമാരൊന്നും മോക് പോള്‍ സമയത്ത് പോളിംഗ് ബൂത്തില്‍ ഹാജരായില്ലെങ്കിലും പ്രിസൈഡിംഗ് ഓഫീസര്‍ മോക് പോള്‍ അക്കാരണത്താല്‍ മാറ്റിവെക്കില്ല. അതുപോലെ ഏതെങ്കിലും പോളിംഗ് ഏജന്റുമാര്‍ വൈകി പോളിംഗ് ബൂത്തില്‍ ഹാജരായാലും മോക് പോളുമായി ബന്ധപ്പെട്ട് പ്രിസൈഡിംഗ് ഓഫീസര്‍ നടപടിക്രമങ്ങള്‍ അതുവരെ നടത്തിയവ ആവര്‍ത്തിക്കില്ല. പകരം തുടര്‍ന്നുവരുന്ന നടപടിക്രമങ്ങള്‍ നിരീക്ഷിക്കുന്നതിന് അനുവദിക്കും.

മോക് പോള്‍ നടത്തുമ്പോള്‍ ഓരോ സ്ഥാനാര്‍ഥിക്കും രേഖപ്പെടുത്തിയ വോട്ടുകളുടെ എണ്ണം ഒരു കടലാസ്സില്‍ എഴുതി സൂക്ഷിക്കും. മെഷീനില്‍ രേഖപ്പെടുത്തിയ വോട്ടുകളുടെ എണ്ണവും, എഴുതി സൂക്ഷിച്ചിട്ടുള്ള മോക് പോളില്‍ പോള്‍ ചെയ്യപ്പെട്ട വോട്ടുകളുടെ എണ്ണവും തമ്മില്‍ തുല്യം ആകുന്നുണ്ടോ എന്ന് ഉറപ്പുവരുത്തും. മോക് പോളിനു ശേഷം പോളിംഗ് ഏജന്റുമാരുടെ സാന്നിദ്ധ്യത്തില്‍ കണ്‍ട്രോള്‍ യൂണിറ്റിലെ ഫലം പരിശോധിച്ച് മത്സരിക്കുന്ന ഓരോ സ്ഥാനാര്‍ഥിക്കും എഴുതി സൂക്ഷിച്ചിട്ടുള്ള കണക്ക് പ്രകാരം മോക് പോളില്‍ രേഖപ്പെടുത്തിയ വോട്ട് മെഷീനില്‍ ശരിയായി രേഖപ്പെടുത്തിയിട്ടുണ്ട് എന്ന് ഉറപ്പുവരുത്തും. ശേഷം കണ്‍ട്രോള്‍ യൂണിറ്റിലെ ക്ലിയര്‍ ബട്ടന്‍ അമര്‍ത്തി മോക് പോളില്‍ ചെയ്യപ്പെട്ട വോട്ടുകള്‍ കണ്‍ട്രോള്‍ യൂണിറ്റില്‍ നിന്നും മായ്ച്ചുകളയും. തുടര്‍ന്ന് ഇലക്ട്രോണിക് വോട്ടിംഗ് മെഷീന്‍ സീല്‍ ചെയ്യും.

ബൂത്തുകള്‍ പ്രിസൈഡിംഗ് ഓഫീസറുടെ നിയന്ത്രണത്തില്‍

വോട്ടെടുപ്പിനായി സജ്ജമാക്കിയ അതാത് പോളിംഗ് സ്റ്റേഷനുകളിലെ പരമാധികാരി പ്രിസൈഡിംഗ് ഓഫീസറാണ്. പോളിംഗ് സ്റ്റേഷന്‍ സ്ഥിതി ചെയ്യുന്ന കെട്ടിടവും, അതിന് ചുറ്റുവട്ടത്ത് 200 മീറ്റര്‍ (മുനിസിപ്പാലിറ്റിയില്‍ 100 മീറ്റര്‍) ദൂരപരിധിയില്‍പ്പെടുന്ന പ്രദേശവും പ്രിസൈഡിംഗ് ഓഫീസറുടെ പൂര്‍ണ നിയന്ത്രണത്തിലായിരിക്കും. സ്വതന്ത്രവും, നീതിയുക്തവും, സുതാര്യവും, സുഗമവുമായ വോട്ടെടുപ്പ് ഉറപ്പാക്കാന്‍ പോളിംഗ് ടീമിലുള്ള എല്ലാവരുടേയും സഹകരണം ഉറപ്പാക്കി ഒരു ടീമെന്ന നിലയിലാണ് ബൂത്തുകളിലെ പ്രവര്‍ത്തനം.

പോളിങ്ങിന് മുമ്പ് പോളിങ് സ്റ്റേഷന്‍ ഒരുക്കുക, വോട്ടെടുപ്പ് ദിവസം വോട്ടെടുപ്പ് തുടങ്ങുന്നതിനു മുന്‍പ് പോളിംഗ് ഏജന്റുമാരുടെ സാന്നിധ്യത്തില്‍ മോക് പോള്‍ നടത്തുകയും വോട്ടിംഗ് മെഷീന്‍ മുദ്രവെയ്ക്കുകയും ചെയ്യുക, പോളിംഗ് സ്റ്റേഷനില്‍ നടക്കുന്ന പ്രധാനപ്പെട്ട എല്ലാ സംഭവങ്ങളും പ്രിസൈഡിങ് ഓഫീസര്‍ ഡയറിയില്‍ (ഫോറം എന്‍13) രേഖപ്പെടുത്തുക, പോളിംഗ് സ്റ്റേഷനിലേക്ക് പ്രവേശിക്കാന്‍ അര്‍ഹതയുള്ള ആളുകളെ മാത്രം അനുവദിക്കുക, പോളിംഗ് സ്റ്റേഷനിലും പരിസരത്തും തിരഞ്ഞെടുപ്പ് നിയമങ്ങള്‍ നടപ്പിലാക്കുക, വോട്ടെടുപ്പിനിടയില്‍ ഉണ്ടാകാവുന്ന സവിശേഷ സാഹചര്യങ്ങള്‍ കൈകാര്യം ചെയ്യുക, വോട്ടെടുപ്പ് അവസാനിക്കുന്ന സമയത്ത് ക്യൂവില്‍ നില്‍ക്കുന്നവര്‍ക്ക് സ്ലിപ്പ് നല്‍കുകയും വോട്ടെടുപ്പ് അവസാനിപ്പിക്കുകയും ചെയ്യുക, വോട്ടെടുപ്പിനു ശേഷം ഇലക്ട്രോണിക് വോട്ടിംഗ് മെഷീന്‍ (കണ്‍ട്രോള്‍ യൂണിറ്റ്) മുദ്രവെയ്ക്കുക. രേഖപ്പെടുത്തിയ വോട്ടുകളുടെ കണക്കിന്റെ പകര്‍പ്പ് പോളിംഗ് ഏജന്റുമാര്‍ക്ക് നല്‍കുക, വോട്ടിംഗ് യന്ത്രങ്ങളും തിരഞ്ഞെടുപ്പ് രേഖകളും സുരക്ഷിതമായി സ്വീകരണ കേന്ദ്രത്തില്‍ തിരികെ ഏല്‍പ്പിക്കുക എന്നിവയാണ് പ്രിസൈഡിംഗ് ഓഫീസറുടെ പ്രധാന ചുമതലകള്‍.

പോളിംഗ് ഓഫീസര്‍മാര്‍

പോളിംഗ് ഓഫീസര്‍മാരാണ് പ്രിസൈഡിംഗ് ഓഫീസര്‍ക്കൊപ്പം ബൂത്തിന്റെ പ്രവര്‍ത്തനങ്ങളെ ഏകോപിപ്പിക്കുന്നത്. ഒന്നാം പോളിംഗ് ഓഫീസര്‍ സമ്മതിദായകന്റെ പേര് വോട്ടര്‍ പട്ടികയുടെ അടയാളപ്പെടുത്തിയ പകര്‍പ്പില്‍ ഉള്‍പ്പെട്ടിട്ടുണ്ടോയെന്ന് പരിശോധിക്കും. അതിനുശേഷം വോട്ടറുടെ കമ്മീഷന്‍ അംഗീകരിച്ച തിരിച്ചറിയല്‍ രേഖകള്‍ പരിശോധിച്ച് വോട്ടറുടെ പേരും ക്രമനമ്പറും മറ്റു പോളിംഗ് ഉദ്യോഗസ്ഥര്‍ക്കും പോളിംഗ് ഏജന്റുമാര്‍ക്കും കേള്‍ക്കാനാകുന്ന വിധം ഉറക്കെ വായിക്കും. വോട്ടറെ തിരിച്ചറിഞ്ഞു കഴിഞ്ഞാല്‍ വോട്ടര്‍ പട്ടികയുടെ അടയാളപ്പെടുത്തിയ പകര്‍പ്പിലെ അയാളുടെ പേര് രേഖപ്പെടുത്തിയിട്ടുള്ള കോളത്തില്‍ അടയാളം രേഖപ്പെടുത്തും.

തുടര്‍ന്ന് രണ്ടാം പോളിംഗ് ഓഫീസര്‍ വോട്ടറുടെ ക്രമ നമ്പര്‍ വോട്ട് രജിസ്റ്ററില്‍ രേഖപ്പെടുത്തും. തുടര്‍ന്ന് വോട്ടറുടെ ഇടത് ചൂണ്ടുവിരലില്‍ മായാത്ത മഷി പുരട്ടും. ആവശ്യമായ എല്ലാ വിവരങ്ങളും പൂരിപ്പിച്ച് ഒരു വോട്ടേഴ്സ് സ്ലിപ്പ് തയ്യാറാക്കി വോട്ടര്‍ക്ക് നല്‍കും. അതിനുശേഷം മൂന്നാം പോളിംഗ് ഓഫീസര്‍ വോട്ടറുടെ വിരലില്‍ മായാത്ത മഷി അടയാളം വ്യക്തമായിട്ടുണ്ടോ എന്ന് പരിശോധിക്കും. തുടര്‍ന്ന് വോട്ടറുടെ പക്കല്‍ നിന്ന് വോട്ടേഴ്സ് സ്ലിപ്പ് വാങ്ങി വോട്ടറെ വോട്ട് രേഖപ്പെടുത്തുന്നതിനായി വോട്ടിംഗ് കമ്പാര്‍ട്ടുമെന്റിലേക്ക് പോകാന്‍ അനുവദിക്കും, ഇതിനായി അദ്ദേഹം കണ്‍ട്രോള്‍ യൂണിറ്റിന്റെ ‘ബാലറ്റ്’ ബട്ടണ്‍ അമര്‍ത്തും. വോട്ട് രജിസ്റ്ററില്‍ (ഫോം 21എ) രേഖപ്പെടുത്തിയിരിക്കുന്ന അതേ ക്രമത്തില്‍ തന്നെ വോട്ടറെ വോട്ടുചെയ്യാന്‍ അനുവദിക്കും. തുടര്‍ന്ന് വോട്ടര്‍ തന്റെ വോട്ട് രേഖപ്പെടുത്തുകയും ബീപ്പ് ശബ്ദം നിലച്ചാല്‍ ഉടന്‍ തന്നെ കമ്പാര്‍ട്ടുമെന്റ്‌റില്‍ നിന്ന് പുറത്തുപോകുകയും ചെയ്യുന്നു.

പോളിംഗ് സ്റ്റേഷനില്‍ പ്രവേശിക്കുവാന്‍ അര്‍ഹതയുള്ളത് ആര്‍ക്കൊക്കെ

പോളിംഗ് സ്റ്റേഷനില്‍ പ്രവേശിക്കുവാന്‍ അര്‍ഹതയുള്ള ആളുകള്‍ ഇവരാണ്. പോളിംഗ് ടീമിനും അര്‍ഹതയുള്ള സമ്മതിദായകര്‍ക്കും പുറമേ സ്ഥാനാര്‍ഥിയും അദ്ദേഹത്തിന്റെ തിരഞ്ഞെടുപ്പ് ഏജന്റും ഒരു സമയം സ്ഥാനാര്‍ഥിയുടെ ഒരു പോളിംഗ് ഏജന്റും. സംസ്ഥാന തിരഞ്ഞെടുപ്പ് കമ്മീഷന്‍ അധികാരപ്പെടുത്തുന്ന ആളുകള്‍. തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട ഡ്യൂട്ടിയിലുള്ള ഉദ്യോഗസ്ഥര്‍. കമ്മീഷന്‍ നിയമിക്കുന്ന നിരീക്ഷകര്‍. സമ്മതിദായകന്റെ ഒപ്പമുള്ള കൈക്കുഞ്ഞ്. പരസഹായം കൂടാതെ സഞ്ചരിക്കാന്‍ കഴിയാത്ത അന്ധനെയോ അവശനെയോ അനുധാവനം ചെയ്യാന്‍ അനുവദിക്കപ്പെടുന്ന ഒരു വ്യക്തി. സമ്മതിദായകരെ തിരിച്ചറിയുന്നതിനോ വോട്ടെടുപ്പ് നടത്തുന്നതില്‍ മറ്റു വിധത്തില്‍ സഹായിക്കുന്നതിനോ അതതുസമയം പ്രിസൈഡിംഗ് ഓഫീസര്‍ പ്രവേശിപ്പിക്കുന്ന മറ്റ് ആളുകള്‍.

കണ്ണൂര്‍ ജില്ലയില്‍ 1025 പ്രശ്നബാധിത ബൂത്തുകള്‍; വോട്ടെടുപ്പ് കര്‍ശന നിരീക്ഷണത്തില്‍

കണ്ണൂര്‍:വ്യാഴാഴ്ച വോട്ടെടുപ്പ് നടക്കുന്ന കണ്ണൂര്‍ ജില്ലയില്‍ 1025 പ്രശ്ന ബാധിത ബൂത്തുകളില്‍ അതീവ സുരക്ഷാക്രമീകരണങ്ങളും വെബ്കാസ്റ്റിംഗ് സംവിധാനങ്ങളും ഒരുക്കി. കൂടാതെ അധിക പോലീസ് സുരക്ഷയും ഏര്‍പ്പെടുത്തിയിട്ടുണ്ട്. പ്രശ്നബാധിത ബൂത്തുകളിലെ വോട്ടെടുപ്പ് പ്രക്രിയ പൂര്‍ണ്ണമായും സംസ്ഥാന തിരഞ്ഞെടുപ്പ് കമ്മീഷന്റെ നേരിട്ടുള്ള നിരീക്ഷണത്തിലായിരിക്കും. ഇതോടൊപ്പം അതത് ജില്ലാ കളക്ടറേറ്റുകളില്‍ സജ്ജീകരിച്ചിട്ടുള്ള കണ്‍ട്രോള്‍ റൂമുകളിലും പ്രശ്നബാധിത ബൂത്തുകളില്‍ ഏര്‍പ്പെടുത്തിയ ലൈവ് വെബ്കാസ്റ്റിങിലൂടെ നിരീക്ഷിക്കും. സിറ്റി പോലീസ് കമ്മീഷനര്‍മാരുടെയും ജില്ലാ പോലീസ് മേധാവികളുടെയും നേതൃത്വത്തിലാണ് ജില്ലകളില്‍ നിരീക്ഷണം നടത്തുന്നത്.
ബൂത്തുകളില്‍ എന്തെങ്കിലും അസാധാരണ നടപടി കണ്ടാല്‍ ഉടന്‍ തന്നെ കമ്മീഷന്‍ ഇടപെട്ട് നടപടി സ്വീകരിക്കും. ബൂത്തിനുളളില്‍ അതിക്രമിച്ചു കയറുകയോ, കൂട്ടംകൂടി നിന്ന് തിരഞ്ഞെടുപ്പിന്റെ സുഗമമായ പ്രവര്‍ത്തനങ്ങള്‍ക്ക് തടസ്സമുണ്ടാക്കുകയോ ചെയ്യുന്നവര്‍ക്കെതിരെ കര്‍ശന നടപടി സ്വീകരിക്കാന്‍ ഉടന്‍ പോലീസിന് നിര്‍ദേശം നല്‍കും. തിരഞ്ഞെടുപ്പ് കമ്മീഷന്‍ ആസ്ഥാനത്ത് രണ്ട് കണ്‍ട്രോള്‍ റൂമുകളാണ് പ്രവര്‍ത്തിക്കുന്നത്. തിരഞ്ഞെടുപ്പ് കമ്മീഷനിലെ ഉദ്യോഗസ്ഥര്‍ക്ക് പുറമെ പോലീസ്, എക്സൈസ്, ബിഎസ്എന്‍എല്‍, ഐകെഎം, മോട്ടോര്‍വാഹനവകുപ്പ്, കെല്‍ട്രോണ്‍ എന്നിവിടങ്ങളിലെ ഉദ്യോഗസ്ഥരുമാണ് നിരീക്ഷണം നടത്തുന്നത്.

അതിജീവിതയെ അധിക്ഷേപിച്ച കേസ്; രാഹുല്‍ ഈശ്വറിനെ പൊലീസ് കസ്റ്റഡിയില്‍ വിട്ടു

അതിജീവിതയെ അധിക്ഷേപിച്ച കേസില്‍ രാഹുല്‍ ഈശ്വറിനെ പൊലീസ് കസ്റ്റഡിയില്‍ വിട്ടു. നാളെ രാവിലെ 11 മണി വരെയാണ് കസ്റ്റഡി. കേസിലെ തുടര്‍തെളിവെടുപ്പ് പൂര്‍ത്തിയാകാനായിട്ടാണ് പൊലീസ് കസ്റ്റഡിയില്‍ വാങ്ങിയിരിക്കുന്നത്. നാളെ തന്നെ രാഹുല്‍ ജാമ്യാപേക്ഷയ്ക്കായി കോടതിയെ സമീപിക്കുമെന്നാണ് വിവരം.

രണ്ടാമത്തെ പീഡന കേസില്‍ രാഹുല്‍ മാങ്കൂട്ടത്തിലിന് മുന്‍കൂര്‍ ജാമ്യം

രണ്ടാമത്തെ പീഡന കേസില്‍ രാഹുല്‍ മാങ്കൂട്ടത്തിലിന് മുന്‍കൂര്‍ ജാമ്യം. ഉപാധികളോടെയാണ് മുന്‍കൂര്‍ ജാമ്യം അനുവദിച്ചത്. തിരുവനന്തപുരം പ്രിന്‍സിപ്പല്‍ സെഷന്‍സ് കോടതിയാണ് ജാമ്യം അനുവദിച്ചത്. സാക്ഷികളെ സ്വാധീനിക്കരുത്, അന്വേഷണവുമായി സഹകരിക്കണം തുടങ്ങിയ ഉപാധികളാണ് മുന്നോട്ട് വച്ചത്.

കൂടുതല്‍ വകുപ്പുകള്‍ കൂടി ചേര്‍ത്ത വിവരം പ്രോസിക്യൂഷന്‍ കോടതിയെ അറിയിച്ചിരുന്നു. പരാതിയില്‍ ഉറച്ചു നില്‍ക്കുന്നതായി പെണ്‍കുട്ടി മൊഴി നല്‍കിയിരുന്നു. പെണ്‍കുട്ടിയുടെ രഹസ്യ മൊഴിയും കോടതിയില്‍ ഹാജരാക്കിയിരുന്നു.

കരഞ്ഞു കാലു പിടിച്ചിട്ടും രാഹുല്‍ ബലാത്സംഗം ചെയ്തുവെന്നാണ് മൊഴി.പല പ്രാവശ്യം വിളിച്ചു ഭീഷണിപ്പെടുത്തിയെന്നും ഭയം കാരണമാണ് ഇത്രയും നാള്‍ പുറത്തു പറയാതിരുന്നതെന്നും പെണ്‍കുട്ടി മൊഴി നല്‍കിയിരുന്നു. ബലാത്സംഗ ഭ്രൂണഹത്യ കേസില്‍ ഇതേ കോടതി രാഹുലിന്റെ മുന്‍കൂര്‍ ജാമ്യാപേക്ഷ നേരത്തെ തള്ളിയിരുന്നു.

ആദ്യ കേസില്‍ രാഹുല്‍ മാങ്കൂട്ടത്തിലിന്റെ അറസ്റ്റ് ഹൈക്കോടതി നേരത്തേ തടഞ്ഞിരുന്നു. ഹര്‍ജി അടുത്ത തവണ പരിഗണിക്കുന്ന 15 വരെ അറസ്റ്റ് ചെയ്യരുതെന്നാണു ജസ്റ്റിസ് കെ.ബാബുവിന്റെ ഉത്തരവ്. കഴിഞ്ഞമാസം 27 മുതല്‍ രാഹുല്‍ മാങ്കൂട്ടത്തില്‍ ഒളിവിലാണ്.

7 ജില്ലകളില്‍ നാളെ പൊതു അവധി

തദ്ദേശ തെരഞ്ഞെടുപ്പില്‍ രണ്ടാം ഘട്ട വോട്ടെടുപ്പ് നടക്കുന്ന 7 ജില്ലകളില്‍ നാളെ (ഡിസംബര്‍ 11) പൊതു അവധി. തൃശ്ശൂര്‍, പാലക്കാട്, മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂര്‍, കാസര്‍കോട് എന്നീ ജില്ലകളിലാണ് അവധി പ്രഖ്യാപിച്ചിട്ടുള്ളത്. സര്‍ക്കാര്‍ ഓഫീസുകള്‍ക്കും വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കുമടക്കമാണ് അവധി പ്രഖ്യാപിച്ചിട്ടുള്ളത്. വാണിജ്യ സ്ഥാപനങ്ങള്‍ക്കും വേതനത്തോടെയുള്ള അവധി പ്രഖ്യാപിച്ചിട്ടുണ്ട്.

470 പഞ്ചായത്തിലെ 9027 വാര്‍ഡിലേക്കും 77 ബ്ലോക്ക് പഞ്ചായത്തിലെ 1177 ഡിവിഷനിലേക്കും ഏഴ് ജില്ലാപഞ്ചായത്തിലെ 182 ഡിവിഷനിലേക്കും 47 മുനിസിപ്പാലിറ്റിയിലെ 1834 ഡിവിഷനിലേക്കും തൃശൂര്‍, കോഴിക്കോട്, കണ്ണൂര്‍ കോര്‍പറേഷനുകളിലായി 188 ഡിവിഷനിലേക്കുമാണ് തെരഞ്ഞെടുപ്പ്. ആകെ 15337176 വോട്ടര്‍മാരാണ് പട്ടികയിലുള്ളത് (പുരുഷന്‍മാര്‍ – 7246269, സ്ത്രീകള്‍ – 8090746, ട്രാന്‍സ്‌ജെന്‍ഡര്‍ – 161). 3293 പ്രവാസി വോട്ടര്‍മാരും പട്ടികയിലുണ്ട്. ആകെ 38994 സ്ഥാനാര്‍ത്ഥികളാണ് (18974 പുരുഷന്മാരും, 20020 സ്ത്രീകളും) മത്സരരംഗത്തുള്ളത്. ഗ്രാമപഞ്ചായത്ത് വാര്‍ഡുകളിലേയ്ക്ക് 28274 ഉം, ബ്ലോക്ക് പഞ്ചായത്തിലേയ്ക്ക് 3742 ഉം, ജില്ലാ പഞ്ചായത്തിലേയ്ക്ക് 681 ഉം, മുനിസിപ്പാലിറ്റികളിലേയ്ക്ക് 5546 ഉം, കോര്‍പ്പറേഷനുകളിലേയ്ക്ക് 751 ഉം സ്ഥാനാര്‍ത്ഥികളുമാണ് മത്സരിക്കുന്നത്.

സംസ്ഥാനത്ത് രണ്ടാംഘട്ട വോട്ടെടുപ്പ് നാളെ

സംസ്ഥാനത്ത് തദ്ദേശ തെരഞ്ഞെടുപ്പിന്റെ രണ്ടാംഘട്ട വോട്ടെടുപ്പിന് ഒരു ദിവസം മാത്രം ശേഷിക്കെ വടക്കന്‍ കേരളത്തില്‍ ഇന്ന് നിശബ്ദ പ്രചാരണം.രണ്ടാംഘട്ടത്തില്‍ തൃശ്ശൂര്‍ മുതല്‍ കാസര്‍കോട് വരെ ഏഴ് ജില്ലകളിലാണ് വോട്ടെടുപ്പ് നടക്കുന്നത്.വോട്ടെടുപ്പിനോടനുബന്ധിച്ച് കനത്ത സുരക്ഷയാണ് പോളിംഗ് ബൂത്തുകളില്‍ ഒരുക്കിയിട്ടുള്ളത്. ആദ്യഘട്ടത്തില്‍ ഭേദപ്പെട്ട പോളിംഗാണ് രേഖപ്പെടുത്തിയത്. വോട്ടെടുപ്പ് നടന്ന തിരുവനന്തപുരം മുതല്‍ എറണാകുളം വരെയുള്ള ഏഴ് ജില്ലകളില്‍ 70.9 ശതമാനം പോളിംഗാണ് രേഖപ്പെടുത്തിയത്. അന്തിമ കണക്ക് തെരഞ്ഞെടുപ്പ് കമ്മീഷന്‍ ഇന്ന് നല്‍കും. വോട്ടിംഗ് യന്ത്രത്തിലെ തകരാര്‍ മൂലം നിര്‍ത്തിവച്ച ആലപ്പുഴ മണ്ണഞ്ചേരിയില്‍ നാളെ റീപോളിംഗ് നടത്തും. ഡിസംബര്‍ പതിമൂന്നിനാണ് വോട്ടെണ്ണല്‍.

വോട്ട് ചെയ്യാനെത്തിയ വോട്ടര്‍ പോളിംഗ് ബൂത്തില്‍ കുഴഞ്ഞു വീണു മരിച്ചു

കാലടിയില്‍ വോട്ട് ചെയ്യാന്‍ എത്തിയയാള്‍ കുഴഞ്ഞു വീണു മരിച്ചു. ശ്രീമൂലനഗരം ഹെര്‍ബട്ട് ലക്ഷംവീട് കോളനിയിലെ ബാബു ആണ് മരിച്ചത്. ശ്രീമൂലനഗരം അകവൂര്‍ സ്‌കൂളിലാണ് വോട്ട് ചെയ്യാന്‍ വന്നത്. പോളിങ്ങ് ബൂത്തില്‍ വച്ച് ബാബു കുഴഞ്ഞ് വീഴുകയായിരുന്നു.ഉടന്‍ സമീപത്തുളള ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. മൃതദേഹം ആശുപത്രിയില്‍ സൂക്ഷിച്ചിരിക്കുകയാണ്.

കൊല്ലത്തും വോട്ട് ചെയ്യാനെത്തിയ വയോധികന്‍ കുഴഞ്ഞുവീണ് മരിച്ചു. നീരാവില്‍ സ്വദേശി ശശിധരന്‍ (74) ആണ് മരിച്ചത്. നീരാവില്‍ എസ്എന്‍ഡിപി സ്‌കൂളിലെ ബൂത്തിലാണ് സംഭവം. ബൂത്തില്‍ കുഴഞ്ഞുവീണ വയോധികനെ മതിലില്‍ മാതാ ഹോസ്പിറ്റലില്‍ എത്തിച്ചെങ്കിലും മരിച്ചിരുന്നു. മൃതദേഹം ആശുപത്രിയില്‍ സൂക്ഷിച്ചിരിക്കുകയാണ്.

ദിലീപിനെ തിരിച്ചെടുക്കാനുള്ള നീക്കത്തില്‍ പ്രതിഷേധം; ഫെഫ്കയില്‍ നിന്ന് രാജിവെച്ച് ഭാഗ്യലക്ഷ്മി

നടന്‍ ദിലീപിനെ സംഘടനകളിലേക്ക് തിരിച്ചെടുക്കാനുള്ള നീക്കത്തില്‍ പ്രതിഷേധിച്ച് ഫെഫ്കയില്‍ നിന്ന് രാജിവെച്ച് നടിയും ഡബ്ബിംഗ് ആര്‍ട്ടിസ്റ്റുമായ ഭാഗ്യലക്ഷ്മി. അന്തിമ വിധിയെന്ന നിലയില്‍ സംഘടനകള്‍ കാണുന്നുവെന്നും ഇനി ഒരു സംഘടനയുടെയും ഭാഗമാകില്ലെന്നും സംഘടനകള്‍ക്കെതിരെ ഭാഗ്യലക്ഷ്മി തുറന്നടിച്ചു. ദിലീപ് നിരപരാധിയെന്ന് സുപ്രീം കോടതി പറയണം. നിലവില്‍ വിധി പറഞ്ഞത് കീഴ്‌ക്കോടതി മാത്രമാണ്. അതിജീവിതയോട് സംസാരിക്കുക പോലും ചെയ്തില്ലെന്നും ഫെഫ്കയെ ഭാഗ്യലക്ഷ്മി വിമര്‍ശിച്ചു. ദിലീപ് അപേക്ഷ നല്‍കിയാല്‍ സംഘടനകളിലേക്ക് തിരിച്ചെടുക്കുമെന്ന് ബി ഉണ്ണിക്കൃഷ്ണന്‍ ഇന്നലെ പരസ്യമായി തന്നെ പ്രഖ്യാപിച്ചിരുന്നു. ഇതില്‍ സാങ്കേതികമായും ധാര്‍മികമായും ഗുരുതര എതിര്‍പ്പ് രേഖപ്പെടുത്തിയാണ് ഭാഗ്യലക്ഷ്മി രാജി വെച്ചിരിക്കുന്നത്. വളരെ വൈകാരികമായിട്ടാണ് ഭാഗ്യലക്ഷ്മി വിഷയത്തില്‍ പ്രതികരിച്ചത്. ഇന്നലെ വിധി വന്ന സമയത്ത് അതിജീവിതക്കൊപ്പമുണ്ടായിരുന്നു. അവര്‍ കടന്നുവന്ന വേദനകള്‍ ഇത്രയും വര്‍ഷം ഒപ്പം നിന്ന് കണ്ട വ്യക്തിയാണ് താന്‍ എന്നായിരുന്നു ഭാഗ്യലക്ഷ്മി പറഞ്ഞത്.

കേരളത്തിലെ എസ്ഐആര്‍ സമയപരിധി രണ്ടുദിവസത്തേക്ക് കൂടി നീട്ടി നല്‍കി സുപ്രീംകോടതി

കേരളത്തിലെ എസ്ഐആര്‍ സമയപരിധി രണ്ടുദിവസത്തേകൂടി നീട്ടി നല്‍കി സുപ്രീംകോടതി. ഇതോടെ എന്യുമറേഷന്‍ ഫോം സമര്‍പ്പിക്കാനുള്ള അവസാന തീയതി ഈ മാസം 20 ആകും. എസ്ഐആര്‍ നടപടികളുടെ സമയം കൂടുതല്‍ നീട്ടി നല്‍കണമെന്ന സംസ്ഥാന സര്‍ക്കാര്‍ ആവശ്യം ഈമാസം 18 ന് പരിഗണിക്കാമെന്ന് സുപ്രിംകോടതി വ്യക്തമാക്കി. മുന്‍കൂറായി സമയം നീട്ടി നല്‍കാന്‍ ആകില്ലെന്ന് തിരഞ്ഞെടുപ്പ് കമ്മീഷന്‍ ചൂണ്ടിക്കാട്ടി.

കേരളത്തിലെ എസ്ഐആറിനെതിരായ ഹര്‍ജികള്‍ പരിഗണിച്ചപ്പോള്‍ 20 ലക്ഷം ഫോമുകള്‍ ഇനിയും തിരിച്ചു കൊടുക്കാനുണ്ടെന്ന് സംസ്ഥാന സര്‍ക്കാര്‍ കോടതിയെ അറിയിച്ചു. ഇതിനായി രണ്ടാഴ്ച കൂടി സമയം നീട്ടി നല്‍കണമെന്ന് സംസ്ഥാന സര്‍ക്കാര്‍ ആവശ്യപ്പെട്ടു. സംസ്ഥാന സര്‍ക്കാരിന്റെ ആവശ്യം തിരഞ്ഞെടുപ്പ് കമ്മീഷന്‍ എതിര്‍ത്തു. ഈ സാഹചര്യത്തിലാണ് സുപ്രീംകോടതി എനുമറേഷന്‍ ഫോം സമര്‍പ്പിക്കാനുള്ള അവസാന ദിവസം രണ്ടുദിവസം കൂടി നീട്ടി നല്‍കിയത്. ഈ മാസം 18ന് കേസ് വീണ്ടും പരിഗണിക്കാം എന്നും അന്ന് സമയം നീട്ടി നല്‍കണോ എന്ന ആവശ്യത്തില്‍ തീരുമാനമെടുക്കാമെന്നും ചീഫ് ജസ്റ്റിസ് സൂര്യകാന്ത് അറിയിച്ചു.

അതിനിടെ, കേരളത്തിലെ തീവ്ര വോട്ടര്‍ പട്ടിക പരിഷ്‌കരണ പ്രക്രിയയില്‍ കണ്ടെത്താന്‍ കഴിയാത്ത വോട്ടര്‍മാര്‍ 22 ലക്ഷത്തിലേറെയെന്നും ഈ പട്ടിക സംബന്ധിച്ച് കൂടുതല്‍ പരിശോധന നടത്തുമെന്നും സംസ്ഥാന തിരഞ്ഞെടുപ്പ് കമ്മീഷന്‍ രത്തന്‍ ഖേല്‍ക്കര്‍ അറിയിച്ചു. ലിസ്റ്റില്‍ പെടാത്തവര്‍ക്ക് നിയമസഭാ തിരഞ്ഞെടുപ്പിന്റെ നോമിനേഷന് തൊട്ടുമുമ്പ് വരെ പേര് ചേര്‍ക്കാം എന്നും രത്തന്‍ ഖേല്‍ക്കര്‍ പറഞ്ഞു.