Hivision Channel

latest news

സംസ്ഥാനത്ത് ഉയര്‍ന്ന താപനില മുന്നറിയിപ്പ്

കാലവര്‍ഷം ദുര്‍ബലമായതോടെ, സംസ്ഥാനത്ത് ഉയര്‍ന്ന താപനില മുന്നറിയിപ്പ്. വരുന്ന മൂന്ന് ദിവസം താപനില ഉയര്‍ന്നേക്കുമെന്നാണ് കേന്ദ്ര കാലാവസ്ഥാ നിരീക്ഷണ വകുപ്പ് വിലയിരുത്തുന്നത്. കൊല്ലം ജില്ലയിലെ പുനലൂരാണ് കഴിഞ്ഞദിവസം ഏറ്റവും ഉയര്‍ന്ന താപനില രേഖപ്പെടുത്തിയത്. 35.2 ഡിഗ്രി സെല്‍ഷ്യസ് ആണ് പുനലൂരില്‍ രേഖപ്പെടുത്തിയത്. ഉയര്‍ന്ന ചൂട് സൂര്യാഘാതം, സൂര്യാതപം, നിര്‍ജലീകരണം തുടങ്ങി നിരവധി ഗുരുതരമായ ആരോഗ്യപ്രശ്‌നങ്ങള്‍ക്ക് കാരണമാകും.

പകല്‍ 11 am മുതല്‍ 3 pm വരെയുള്ള സമയത്ത് നേരിട്ട് ശരീരത്തില്‍ കൂടുതല്‍ സമയം തുടര്‍ച്ചയായി സൂര്യപ്രകാശം ഏല്‍ക്കുന്നത് ഒഴിവാക്കുക. ദാഹമില്ലെങ്കിലും വെള്ളം കുടിക്കുന്നത് തുടരുക. പരമാവധി ശുദ്ധജലം കുടിക്കുക. നിര്‍ജലീകരണമുണ്ടാക്കുന്ന മദ്യം, കാപ്പി, ചായ, കാര്‍ബണേറ്റഡ് സോഫ്റ്റ് ഡ്രിങ്കുകള്‍ തുടങ്ങിയ പാനീയങ്ങള്‍ പകല്‍ സമയത്ത് ഒഴിവാക്കണമെന്നും നിര്‍ദേശം. അസ്വസ്ഥകള്‍ അനുഭവപ്പെട്ടാല്‍ ഉടനെ വിശ്രമിക്കുകയും വൈദ്യസഹായം തേടുകയും ചെയ്യാനും നിര്‍ദേശം നല്‍കിയിട്ടുണ്ട്.

ചൂടിനൊപ്പം അന്തരീക്ഷ ഈര്‍പ്പവും ഉയര്‍ന്ന് നില്‍ക്കുന്നതിനാല്‍ യഥാര്‍ഥ താപനിലയെക്കാള്‍ കൂടുതല്‍ ചൂട് അനുഭവപ്പെടുന്ന സാഹചര്യമാണ് ഉള്ളത്. തെക്ക് പടിഞ്ഞാറന്‍ മണ്‍സൂണ്‍ ദുര്‍ബലമായതാണ് ചൂടുകൂടാന്‍ കാരണം. അതേസയമം ഇപ്പോഴത്തെത് ഉഷ്ണതരംഗ സാഹചര്യമായി വിലയിരുത്തിയിട്ടില്ല.

സംസ്ഥാനത്ത് ഉയര്‍ന്ന താപനില മുന്നറിയിപ്പ് Read More »

മലയാളത്തിന്റെ നടനവിസ്മയം മമ്മൂട്ടിക്ക് ഇന്ന് 75-ാം പിറന്നാള്‍

മലയാളത്തിന്റെ നടനവിസ്മയം മമ്മൂട്ടിക്ക് ഇന്ന് 75-ാം പിറന്നാള്‍. മികച്ച നടനുള്ള നാലാമത്തെ ദേശീയ പുരസ്‌കാരത്തിന്റെ നിറവിലാണ് മമ്മൂട്ടിയുടെ ഈ ജന്മദിനം.

ഇന്ത്യന്‍ സിനിമയെ വിസ്മയിപ്പിച്ചുകൊണ്ട് കാലത്തെ അതിജീവിക്കുന്ന കഥാപാത്രങ്ങള്‍ മമ്മൂട്ടിയിലൂടെ പിറവിയെടുത്തുകൊണ്ടേയിരുന്നു. വെറുമൊരു നടനല്ല, മറിച്ച് മനുഷ്യാവസ്ഥകളുടെ പര്യവേഷണങ്ങളാണ് മമ്മൂട്ടിയുടെ കഥാപാത്രങ്ങള്‍. 1971ല്‍ അനുഭവങ്ങള്‍ പാളിച്ചകളിലും 1973ല്‍ കാലചക്രത്തിലും അപ്രധാനമായ വേഷങ്ങള്‍ ചെയ്ത് സിനിമയില്‍ അരങ്ങേറ്റം കുറിച്ച മമ്മൂട്ടിയുടെ പേര് ആദ്യമായി രേഖപ്പെടുത്തിയത് 1980-ല്‍ ആസാദ് സംവിധാനം ചെയ്ത വില്‍ക്കാനുണ്ട് സ്വപ്നങ്ങളിലായിരുന്നു.

വിധേയനിലെ ഭാസ്‌കരപട്ടേലരും ഒരു വടക്കന്‍ വീരഗാഥയിലെ ചന്തുവും മൃഗയയിലെ വാറുണ്ണിയും സൂര്യമാനസത്തിലെ പുട്ടുറുമീസും പൊന്തന്‍മാടയിലെ മാടയും വാത്സല്യത്തിലെ രാഘവനുമൊക്കെയായി എത്രയെത്ര വേഷങ്ങള്‍. ഒടുങ്ങാത്ത അഭിനിവേശത്തോടെ നിരന്തരം നവീകരിച്ചുകൊണ്ടിരിക്കുന്ന ഒരു അഭിനയ വിദ്യാര്‍ത്ഥിയാണ് ഇന്നും മമ്മൂട്ടി. മലയാളത്തിനപ്പുറം വിവിധ ഇന്ത്യന്‍ ഭാഷാ സിനിമകളിലും മമ്മൂട്ടി വേഷമിട്ടു.

കാസര്‍ഗോഡന്‍ നാട്ടുഭാഷ മുതല്‍ വള്ളുവനാടന്‍ ഭാഷയും തൃശൂര്‍ ഭാഷയും കോട്ടയം ഭാഷയും വരെ വഴങ്ങി. തികഞ്ഞ പ്രൊഫഷണലിസവും ആത്മാര്‍പ്പണവുമുണ്ടെങ്കില്‍ കാലത്തെ അതിജീവിച്ചുകൊണ്ട് മികവുറ്റ കഥാപാത്രങ്ങളുമായി മുന്നേറാമെന്ന് തെളിയിച്ചുകൊണ്ടേയിരിക്കുകയാണ് മമ്മൂട്ടി. പ്രായം മമ്മൂട്ടിക്കു പിറകേ ചലിക്കുന്ന വെറുമൊരു അക്കം മാത്രം.

മലയാളത്തിന്റെ നടനവിസ്മയം മമ്മൂട്ടിക്ക് ഇന്ന് 75-ാം പിറന്നാള്‍ Read More »

സിനിമയ്ക്ക് വ്യവസായ പദവി നല്‍കാന്‍ സര്‍ക്കാര്‍ നടപടി തുടങ്ങിയെന്ന് സാംസ്‌കാരിക മന്ത്രി പി സി വിഷ്ണുനാഥ്.

സിനിമയ്ക്ക് വ്യവസായ പദവി നല്‍കാന്‍ സര്‍ക്കാര്‍ നടപടി തുടങ്ങിയെന്ന് സാംസ്‌കാരിക മന്ത്രി പി സി വിഷ്ണുനാഥ്. ഇന്ത്യയില്‍ ആദ്യമായി സിനിമക്കു വ്യവസായ സ്റ്റാറ്റസ് നല്‍കുക കേരളം ആയിരിക്കും. സിനിമയ്ക്ക് വ്യവസായ പദവി നല്‍കാനുള്ള പഠനം സര്‍ക്കാര്‍ തുടങ്ങി കഴിഞ്ഞുവെന്ന് മന്ത്രി വ്യക്തമാക്കി. ചലചിത്ര അക്കാദമി അധ്യക്ഷനെ ഉടന്‍ നിയമിക്കും. സമയം ഇല്ലാത്ത പ്രമുഖരെ ചലച്ചിത്ര അക്കാദമി അധ്യക്ഷനാക്കില്ലെന്നും ഉദ്യോഗസ്ഥഭരണം അക്കാദമികളില്‍ അനുവദിക്കില്ലെന്നും മന്ത്രി പി സി വിഷ്ണുനാഥ്

സര്‍ക്കാര്‍ ബജറ്റിലെ വ്യവസായ വികസന വിഹിതം സിനിമക്കും ഉപയോഗിക്കാന്‍ കഴിയും. തിയറ്ററിനെ പ്രോത്സാഹിപ്പിക്കുന്നതിനൊപ്പം അത് സംരംഭമായി തുടങ്ങുന്നവര്‍ക്ക് എല്ലാ പിന്തുണയും നല്‍കുകയെന്നതും വളരെ പ്രധാനപ്പെട്ട ഒന്നാണെന്ന് മന്ത്രി കൂട്ടിച്ചേര്‍ത്തു. അക്കാദമി അധ്യക്ഷ നിയമനം പെട്ടെന്ന് നടക്കുമെന്നും ഇപ്പോള്‍ തന്നെ അക്കാദമി ഭരണ സമിതി വൈകിയെന്നും മന്ത്രി പറഞ്ഞു. നല്ല ആളുകളുടെ എണ്ണം കൂടിയതുകൊണ്ടുള്ള കാലതാമസമാണെന്നും മന്ത്രി പറഞ്ഞു. വകുപ്പ് ചെയ്യാന്‍ ഉള്ളത് എല്ലാം ചെയ്തു കഴിഞ്ഞു. ഇനി വൈകാതെ ഉത്തരവ് ഇറങ്ങുമെന്ന് മന്ത്രി വ്യക്തമാക്കി.

അക്കാദമി നിയമനങ്ങളില്‍ മാനദണ്ഡം പ്രവര്‍ത്തനം തന്നെ ആയിരിക്കും. സ്ഥാപനം നടത്തി കൊണ്ടുപോകാന്‍ സമയം ഉള്ള പരിചയ സമ്പന്നരെയാണ് നിയമിക്കുക. ഉദ്യോഗസ്ഥഭരണം അക്കാദമികളില്‍ പാടില്ലെന്ന് മന്ത്രി മുന്നറിയിപ്പ് നല്‍കി. ചലച്ചിത്ര അക്കാദമിയുടെ പ്രവര്‍ത്തനം വിപുലീകരിക്കും. ഫിലിം ഫെസ്റ്റിവെലും അവാര്‍ഡ് നല്‍കലും മാത്രമല്ല അക്കാദമിയുടെ ചുമതലയെന്നും നല്ല സിനിമാ സാക്ഷരത ഉണ്ടാക്കാന്‍ അക്കാദമിക്ക് കഴിയണമെന്നും മന്ത്രി പറഞ്ഞു

സിനിമയ്ക്ക് വ്യവസായ പദവി നല്‍കാന്‍ സര്‍ക്കാര്‍ നടപടി തുടങ്ങിയെന്ന് സാംസ്‌കാരിക മന്ത്രി പി സി വിഷ്ണുനാഥ്. Read More »

നിര്‍മ്മലഗിരി കോളേജിന്റെ പേരില്‍ പ്രചരിക്കുന്ന വാര്‍ത്തകള്‍ വാസ്തവവിരുദ്ധം: മാനേജ്മെന്റ്

കൂത്തുപറമ്പ്: കഴിഞ്ഞ ദിവസം രാത്രി നിര്‍മ്മലഗിരി കോളേജില്‍ എസ്.എഫ്.ഐ – കെ.എസ്.യു സംഘര്‍ഷം നടന്നുവെന്ന രീതിയില്‍ ചില മാധ്യമങ്ങളിലും സാമൂഹിക മാധ്യമങ്ങളിലും പ്രചരിക്കുന്ന വാര്‍ത്തകള്‍ പൂര്‍ണ്ണമായും വാസ്തവവിരുദ്ധവും അടിസ്ഥാനരഹിതവുമാണെന്ന് കോളേജ് അധികൃതര്‍ അറിയിച്ചു.
സംഭവം നടന്നു എന്ന് പറയുന്ന ദിവസം കോളേജ് അവധിയായിരുന്നു. മാത്രമല്ല, രാത്രി സമയങ്ങളില്‍ കോളേജ് ക്യാമ്പസ് പ്രവര്‍ത്തിക്കാറുമില്ല. ക്യാമ്പസിന് പുറത്ത്, പൊതുവഴിയില്‍ വെച്ചുണ്ടായ രാഷ്ട്രീയ തര്‍ക്കങ്ങളെയോ അക്രമങ്ങളെയോ കോളേജുമായി ബന്ധപ്പെടുത്തി ചിത്രീകരിക്കുന്നത് തികച്ചും ദുരുദ്ദേശ്യപരമാണ്.
വര്‍ഷങ്ങളായി മികവോടെ പ്രവര്‍ത്തിക്കുന്ന ഉന്നത വിദ്യാഭ്യാസ സ്ഥാപനമായ നിര്‍മ്മലഗിരി കോളേജിന്റെ സല്‍പ്പേരിന് കളങ്കമുണ്ടാക്കാനും പൊതുജന മധ്യത്തില്‍ കോളേജിനെ മോശമായി ചിത്രീകരിക്കാനും ലക്ഷ്യമിട്ടാണ് ഇത്തരത്തിലുള്ള വ്യാജപ്രചാരണങ്ങള്‍ നടത്തുന്നത്. സ്ഥാപനത്തിന് യാതൊരുവിധ ബന്ധവുമില്ലാത്ത സംഭവങ്ങളില്‍ കോളേജിന്റെ പേര് വലിച്ചിഴക്കരുതെന്നും, ഇത്തരം തെറ്റിദ്ധരിപ്പിക്കുന്ന വാര്‍ത്തകള്‍ നല്‍കുന്നതില്‍ നിന്നും പ്രചരിപ്പിക്കുന്നതില്‍ നിന്നും ബന്ധപ്പെട്ടവര്‍ പിന്മാറണമെന്നും കോളേജ് മാനേജ്മെന്റും പ്രിന്‍സിപ്പലും അഭ്യര്‍ത്ഥിച്ചു.

നിര്‍മ്മലഗിരി കോളേജിന്റെ പേരില്‍ പ്രചരിക്കുന്ന വാര്‍ത്തകള്‍ വാസ്തവവിരുദ്ധം: മാനേജ്മെന്റ് Read More »

സംസ്ഥാനത്ത് താപനിലയും അള്‍ട്രാവയലറ്റ് രശ്മികളുടെ തോതും ഉയരുന്നു, 3 ദിവസം ജാഗ്രത മുന്നറിയിപ്പ് പുറപ്പെടുവിച്ച് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം

സംസ്ഥാനത്ത് താപനില കുതിച്ചുയരുന്നു. ഈ സാഹചര്യത്തില്‍ മൂന്ന് ദിവസത്തേക്ക് കാലാവസ്ഥ നിരീക്ഷണ കേന്ദ്രം ജാഗ്രത മുന്നറിയിപ്പ് പ്രഖ്യാപിച്ചു. ഒറ്റപ്പെട്ടയിടങ്ങളില്‍ മൂന്ന് മുതല്‍ നാല് ഡിഗ്രി സെല്‍ഷ്യസ് വരെ ഉയരാമെന്നാണ് മുന്നറിയിപ്പ്. അള്‍ട്രാ വയലറ്റ് രശ്മികളുടെ വികിരണ തോതും ഉയര്‍ന്നിട്ടുണ്ട്. പുനലൂരിലാണ് ശനിയാഴ്ച ഏറ്റവും കടുത്ത ചൂട് രേഖപ്പെടുത്തിയത്. 36.2 ഡിഗ്രി സെല്‍ഷ്യസായിരുന്നു ഇന്നലെ പുനലൂരിലെ താപനില. ഇത് സാധാരണയേക്കാള്‍ 4.7 ഡിഗ്രി സെല്‍ഷ്യസ് അധികമാണ്. പലയിടങ്ങളിലും രണ്ട് ഡിഗ്രി സെല്‍ഷ്യസ് മുതല്‍ താപനില ഉയര്‍ന്ന നിലയിലാണ്. യു വി ഇന്‍ഡക്‌സ് ഏഴ് മുതല്‍ എട്ട് വരെയായി. സൂപ്പര്‍ എല്‍നിനോ പ്രതിഭാസമായതോടെ മഴ മേഘങ്ങള്‍ കുറഞ്ഞ അന്തരീക്ഷമാണ് കേരളത്തിന് വലിയ ഭീഷണിയായിരിക്കുന്നത്. ഇതിനൊപ്പം സൂര്യരശ്മികള്‍ ലംബമായി കേരളത്തില്‍ പതിക്കുന്ന സമയവും ചൂട് വര്‍ധിപ്പിക്കുന്നുണ്ട്.

ജാഗ്രത നിര്‍ദേശങ്ങള്‍
കേരളത്തില്‍ ഇന്ന് (06/09/2026) മുതല്‍ (08/09/2026) വരെ ഉയര്‍ന്ന താപനില (സാധാരണയെക്കാള്‍ 3 to 4ത്ഥC വരെ കൂടുതല്‍) ഉയരാന്‍ സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിക്കുന്നു.

ഉയര്‍ന്ന ചൂട് സൂര്യാഘാതം, സൂര്യാതപം, നിര്‍ജലീകരണം തുടങ്ങി നിരവധി ഗുരുതരമായ ആരോഗ്യപ്രശ്‌നങ്ങള്‍ക്ക് കാരണമാകും. ആയതിനാല്‍ പൊതുജനങ്ങള്‍ താഴെ പറയുന്ന നിര്‍ദേശങ്ങള്‍ പാലിക്കേണ്ടതാണ്.

മൂത്രപ്പുര വേദനയ്ക്ക് 5 മിനിറ്റില്‍ ആശ്വാസം; 3 ആഴ്ചയില്‍ നവജീവന്‍
കൂടുതല്‍ അറിയുക

  • പകല്‍ 11 am മുതല്‍ 3 pm വരെയുള്ള സമയത്ത് നേരിട്ട് ശരീരത്തില്‍ കൂടുതല്‍ സമയം തുടര്‍ച്ചയായി സൂര്യപ്രകാശം ഏല്‍ക്കുന്നത് ഒഴിവാക്കുക.
  • ദാഹമില്ലെങ്കിലും വെള്ളം കുടിക്കുന്നത് തുടരുക. പരമാവധി ശുദ്ധജലം കുടിക്കുക.
  • നിര്‍ജലീകരണമുണ്ടാക്കുന്ന മദ്യം, കാപ്പി, ചായ, കാര്‍ബണേറ്റഡ് സോഫ്റ്റ് ഡ്രിങ്കുകള്‍ തുടങ്ങിയ പാനീയങ്ങള്‍ പകല്‍ സമയത്ത് ഒഴിവാക്കുക.
  • അയഞ്ഞ, ഇളം നിറത്തിലുള്ള കോട്ടണ്‍ വസ്ത്രങ്ങള്‍ ധരിക്കുക.
  • പുറത്തിറങ്ങുമ്പോള്‍ പാദരക്ഷകള്‍ ധരിക്കുക. കുടയോ തൊപ്പിയോ ഉപയോഗിക്കുന്നത് നല്ലതായിരിക്കും.
  • പഴങ്ങളും പച്ചക്കറികളും ധാരാളമായി കഴിക്കുക. ORS ലായനി, സംഭാരം തുടങ്ങിയവയുടെ ഉപയോഗം പ്രോത്സാഹിപ്പിക്കുക.
  • മാര്‍ക്കറ്റുകള്‍, കെട്ടിടങ്ങള്‍, മാലിന്യശേഖരണ-നിക്ഷേപ കേന്ദ്രങ്ങള്‍ (ഡംപിങ് യാര്‍ഡ്) തുടങ്ങിയ ഇടങ്ങളില്‍ തീപിടുത്തങ്ങള്‍ വര്‍ധിക്കാനും വ്യാപിക്കാനുമുള്ള സാധ്യത കൂടുതലാണ്. ഫയര്‍ ഓഡിറ്റ് നടത്തേണ്ടതും കൃത്യമായ സുരക്ഷാ മുന്‍കരുതല്‍ സ്വീകരിക്കുകയും ചെയ്യേണ്ടതാണ്. ഇവയോട് ചേര്‍ന്ന് താമസിക്കുന്നവരും സ്ഥാപനങ്ങള്‍ നടത്തുന്നവരും പ്രത്യേകം ജാഗ്രത പാലിക്കുക.
  • ചൂട് അധികരിക്കുന്ന സാഹചര്യത്തില്‍ കാട്ടുതീ വ്യാപിക്കാനുള്ള സാധ്യതയുണ്ട്. വനമേഖലയോട് ചേര്‍ന്ന് താമസിക്കുന്നവരും വിനോദ സഞ്ചാരികളും പ്രത്യേകം ജാഗ്രത പാലിക്കണം. കാട്ടുതീ ഉണ്ടാകാനുള്ള സാഹചര്യങ്ങള്‍ ഒഴിവാക്കണം. വനം വകുപ്പിന്റെ നിര്‍ദേശങ്ങള്‍ കര്‍ശനമായി പാലിക്കണം.
  • വിദ്യാഭ്യാസ സ്ഥാപനങ്ങളില്‍ വിദ്യാര്‍ഥികള്‍ക്ക് ശുദ്ധമായ കുടിവെള്ളവും ക്ലാസ്സ് മുറികളില്‍ വായു സഞ്ചാരവും ഉറപ്പാക്കേണ്ടതാണ്. പരീക്ഷാക്കാലമായാല്‍ പരീക്ഷാഹാളുകളിലും ജലലഭ്യത ഉറപ്പാക്കണം.
  • വിദ്യാര്‍ഥികളുടെ കാര്യത്തില്‍ സ്‌കൂള്‍ അധികൃതരും രക്ഷിതാക്കളും പ്രത്യേകശ്രദ്ധ പുലര്‍ത്തേണ്ടതാണ്. കുട്ടികള്‍ക്ക് കൂടുതല്‍ വെയിലേല്‍ക്കുന്ന അസംബ്ലികളും മറ്റ് പരിപാടികളും ഒഴിവാക്കുകയോ സമയക്രമീകരണം നടത്തുകയോ ചെയ്യേണ്ടതാണ്. കുട്ടികളെ വിനോദ സഞ്ചാരത്തിന് കൊണ്ടുപോകുന്ന സ്‌കൂളുകള്‍ 11 am മുതല്‍ 3 pm വരെ കുട്ടികള്‍ക്ക് നേരിട്ട് ചൂട് ഏല്‍ക്കുന്നില്ല എന്ന് ഉറപ്പ് വരുത്തുക.
  • അംഗനവാടി കുട്ടികള്‍ക്ക് ചൂട് ഏല്‍ക്കാത്ത തരത്തിലുള്ള സംവിധാനം നടപ്പാക്കാന്‍ അതാത് പഞ്ചായത്ത് അധികൃതരും അംഗനവാടി ജീവനക്കാരും പ്രത്യേകം ശ്രദ്ധിക്കണം.
  • കിടപ്പ് രോഗികള്‍, പ്രായമായവര്‍, ഗര്‍ഭിണികള്‍, കുട്ടികള്‍, ഭിന്നശേഷിക്കാര്‍, മറ്റ് രോഗങ്ങള്‍ മൂലമുള്ള അവശത അനുഭവിക്കുന്നവര്‍ തുടങ്ങിയ വിഭാഗങ്ങള്‍ പകല്‍ 11 മണി മുതല്‍ 3 മണി വരെ നേരിട്ട് സൂര്യപ്രകാശം ഏല്‍ക്കാതെയിരിക്കാന്‍ പ്രത്യേകം ശ്രദ്ധിക്കണം. ഇത്തരം വിഭാഗങ്ങള്‍ക്ക് എളുപ്പത്തില്‍ സൂര്യാഘാതം ഏല്‍ക്കാനുള്ള സാധ്യതയുള്ളതിനാല്‍ ഇവരുടെ കാര്യത്തില്‍ പ്രത്യേക ശ്രദ്ധ പുലര്‍ത്തേണ്ടതാണ്.
  • ഇരുചക്ര വാഹനങ്ങളില്‍ ഓണ്‍ലൈന്‍ ഭക്ഷണ വിതരണം നടത്തുന്നവര്‍ ഉച്ച സമയത്ത് (11 am to 3 pm) സുരക്ഷിതരാണെന്ന് അതാത് സ്ഥാപനങ്ങള്‍ ഉറപ്പുവരുത്തേണ്ടതാണ്. അവര്‍ക്കു ചൂട് ഏല്‍ക്കാതിരിക്കാന്‍ ഉതകുന്ന രീതിയിലുള്ള വസ്ത്രധാരണം നടത്താന്‍ നിര്‍ദേശം നല്‍കുകയും, അതുപോലെ, ആവശ്യമെങ്കില്‍ യാത്രക്കിടയില്‍ അല്പസമയം വിശ്രമിക്കാനുള്ള അനുവാദം നല്‍കുകയും ചെയ്യേണ്ടതാണ്.
  • മാധ്യമപ്രവര്‍ത്തകരും പോലീസ് ഉദ്യോഗസ്ഥരും ഈ സമയത്ത് (11 am to 3 pm) കുടകള്‍ ഉപയോഗിക്കുകയും നേരിട്ട് വെയില്‍ ഏല്‍ക്കാതിരിക്കാന്‍ ശ്രദ്ധിക്കുകയും ചെയ്യുക. ജോലിയില്‍ ഏര്‍പ്പെട്ടിരിക്കുന്ന ഉദ്യോഗസ്ഥര്‍ക്കു കുടിവെള്ളം നല്‍കി നിര്‍ജലീകരണം തടയുവാന്‍ സഹായിക്കുക.
  • പൊതുപരിപാടികള്‍, സമ്മേളനങ്ങള്‍ എന്നിവ നടത്തുമ്പോള്‍ പങ്കെടുക്കുന്നവര്‍ക്ക് ആവശ്യമായ കുടിവെള്ളം, തണല്‍ എന്നിവ ലഭ്യമാണെന്ന് സംഘാടകര്‍ ഉറപ്പുവരുത്തുക. പകല്‍ 11 മുതല്‍ വൈകുന്നേരം 3 വരെ കഴിവതും സമ്മേളനങ്ങള്‍ ഒഴിവാക്കുക.
  • യാത്രയിലേര്‍പ്പെടുന്നവര്‍ ആവശ്യമായ വിശ്രമത്തോടെ യാത്ര തുടരുന്നതാകും നല്ലത്. വെള്ളം കയ്യില്‍ കരുതുക.
  • നിര്‍മാണത്തൊഴിലാളികള്‍, കര്‍ഷകത്തൊഴിലാളികള്‍, വഴിയോരക്കച്ചവടക്കാര്‍, മറ്റേതെങ്കിലും കാഠിന്യമുള്ള ജോലികളില്‍ ഏര്‍പ്പെടുന്നവര്‍ എന്നിവര്‍ ജോലി സമയം ക്രമീകരിക്കുക. ജോലിയില്‍ ആവശ്യമായ വിശ്രമം ഉറപ്പ് വരുത്തുക.
  • ഉച്ചവെയിലില്‍ കന്നുകാലികളെ മേയാന്‍ വിടുന്നതും മറ്റു വളര്‍ത്തുമൃഗങ്ങളെ വെയിലത്ത് കെട്ടിയിടുന്നതും ഒഴിവാക്കണം. മൃഗങ്ങള്‍ക്കും പക്ഷികള്‍ക്കും ജല ലഭ്യത ഉറപ്പാക്കുക.
  • കുട്ടികളെയോ വളര്‍ത്തുമൃഗങ്ങളെയോ പാര്‍ക്ക് ചെയ്ത വാഹനങ്ങളില്‍ ഇരുത്തി പോകാന്‍ പാടില്ല.
  • ജലം പാഴാക്കാതെ ഉപയോഗിക്കാനും മഴ ലഭിക്കുമ്പോള്‍ പരമാവധി ജലം സംഭരിക്കാനുമുള്ള നടപടികള്‍ സ്വീകരിക്കണം. നിര്‍ജലീകരണം തടയാന്‍ കുടിവെള്ളം എപ്പോഴും ഒരു ചെറിയ കുപ്പിയില്‍ കയ്യില്‍ കരുതുക.
  • അസ്വസ്ഥകള്‍ അനുഭവപ്പെട്ടാല്‍ ഉടനെ വിശ്രമിക്കുകയും വൈദ്യസഹായം തേടുകയും ചെയ്യുക.
  • കാലാവസ്ഥ വകുപ്പിന്റെയും ദുരന്ത നിവാരണ അതോറിറ്റിയുടെയും ഔദ്യോഗിക മുന്നറിയിപ്പുകള്‍ ശ്രദ്ധിക്കുകയും അനുസരിക്കുകയും ചെയ്യുക.

സംസ്ഥാനത്ത് താപനിലയും അള്‍ട്രാവയലറ്റ് രശ്മികളുടെ തോതും ഉയരുന്നു, 3 ദിവസം ജാഗ്രത മുന്നറിയിപ്പ് പുറപ്പെടുവിച്ച് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം Read More »

ന്യൂസിലാന്‍ഡിലെ മികച്ച 100 സോമിലിയര്‍മാരില്‍;ഇരിട്ടിക്കാരനും

കണ്ണൂര്‍:ന്യൂസിലാന്‍ഡിലെ പ്രമുഖ Top 100 Sommeliers 2026 പട്ടികയില്‍ ഇടം നേടി കണ്ണൂര്‍ ഇരിട്ടി സ്വദേശിയായ പി.എം സുകേഷ് ശ്രദ്ധേയ നേട്ടം സ്വന്തമാക്കി. പട്ടികയില്‍ 25-ാം സ്ഥാനമാണ് സുകേഷിന് ലഭിച്ചത്.

വൈന്‍, ഫുഡ് & ബിവറേജ്, ഹോസ്പിറ്റാലിറ്റി മേഖലകളില്‍ ഇന്ത്യയിലും വിദേശത്തുമായി 18 വര്‍ഷത്തിലേറെ പ്രവര്‍ത്തനപരിചയമുള്ള സുകേഷ് നിലവില്‍ ന്യൂസിലാന്‍ഡിലെ പ്രശസ്ത വൈന്‍ മേഖലയായ Marlborough-ല്‍ ഹോസ്പിറ്റാലിറ്റി രംഗത്ത് പ്രവര്‍ത്തിച്ചുവരികയാണ്.

ഇന്ത്യ, യുഎഇ, ന്യൂസിലാന്‍ഡ് എന്നീ രാജ്യങ്ങളിലെ വിവിധ പ്രമുഖ ഹോട്ടല്‍ ബ്രാന്‍ഡുകളിലും റെസ്റ്റോറന്റുകളിലും പ്രവര്‍ത്തിച്ച അനുഭവസമ്പത്താണ് പി.എം.സുകേഷിന്റെ കരിയറിന് കരുത്തായത്.

വൈന്‍ തിരഞ്ഞെടുക്കല്‍, ഭക്ഷണത്തോടൊപ്പമുള്ള വൈന്‍ നിര്‍ദേശങ്ങള്‍, അതിഥികള്‍ക്ക് മികച്ച ഡൈനിംഗ് അനുഭവം ഒരുക്കല്‍ തുടങ്ങിയ മേഖലകളില്‍ വര്‍ഷങ്ങളായി നേടിയ പ്രൊഫഷണല്‍ പരിചയവും വൈദഗ്ധ്യവുമാണ് അദ്ദേഹത്തെ അന്താരാഷ്ട്ര തലത്തില്‍ ശ്രദ്ധേയനാക്കിയത്.

ന്യൂസിലാന്‍ഡിലെ മികച്ച സോമിലിയര്‍മാരെ ഉള്‍പ്പെടുത്തി തയ്യാറാക്കിയ Top 100 Sommeliers 2026 പട്ടികയില്‍ 25-ാം സ്ഥാനം നേടിയത് സുകേഷിന്റെ കരിയറിലെ സുപ്രധാന നേട്ടമായാണ് വിലയിരുത്തപ്പെടുന്നത്.
ഇരിട്ടി പയഞ്ചേരി വികാസ് നഗറില്‍ നിന്ന് ന്യൂസിലാന്‍ഡിന്റെ അന്താരാഷ്ട്ര ഹോസ്പിറ്റാലിറ്റി-വൈന്‍ ലോകത്തേക്ക് എത്തിയ ഒരു മലയാളിയുടെ ഈ നേട്ടം നാടിനും അഭിമാനകരമാണ്.
ഭാര്യ നേഹയും സുകേഷിനൊപ്പം ഹോസ്പിറ്റാലിറ്റി പ്രൊഫഷണലായി ജോലി ചെയ്യുന്നു

പയഞ്ചേരി വികാസ് നഗറില്‍ എല്‍ ഐ സി ഏജന്റായ കെ.സുഗതന്റെയും പി.എം. സൗദാമിനിയുടെയും മകനാണ്.

ന്യൂസിലാന്‍ഡിലെ മികച്ച 100 സോമിലിയര്‍മാരില്‍;ഇരിട്ടിക്കാരനും Read More »

അധ്യാപകനെ ആദരിച്ചു

കുന്നോത്ത് ഫൊറോന എകെസിസി പ്രവര്‍ത്തകര്‍ അധ്യാപകദിനത്തില്‍ കുന്നോത്ത് സെന്റ് തോമസ് ഫൊറോന ഇടവകയിലെ വിരമിച്ച സീനിയര്‍ അധ്യാപകന്‍ തോണക്കര കെ.ടി ജോസഫിനെ
അദ്ദേഹത്തിന്റെ വീട്ടിലെത്തി ആദരിച്ചു. ഫൊറോനാ വികാരി ഫാ. സെബാസ്റ്റ്യന്‍ മുക്കിലിക്കാട്ട് ആദരിച്ചു.യൂണിറ്റ് പ്രസിഡന്റ് എന്‍.വി. ജോസഫ് അധ്യക്ഷത വഹിച്ചു. എകെസിസി ഗ്ലോബല്‍ വര്‍ക്കിംഗ് കമ്മിറ്റിയംഗം ബെന്നി പുതിയാമ്പുറം ,തങ്കച്ചന്‍ തുരുത്തിമറ്റം, സിടി മാത്യു,ജീന കെ മാത്യു, സിസ്റ്റര്‍ സോണിയ ,രഞ്ജന വടക്കേല്‍,സോളി പുതിയാമ്പുറം തുടങ്ങിയവര്‍ നേതൃത്വം നല്‍കി.

അധ്യാപകനെ ആദരിച്ചു Read More »

ചിറയിന്‍കീഴിലെ അടി പാര്‍ട്ടിക്ക് നാണക്കേട് ഉണ്ടാക്കിയെന്ന് കെപിസിസി പ്രസിഡന്റ് സണ്ണി ജോസഫ്

ചിറയിന്‍കീഴിലെ അടി പാര്‍ട്ടിക്ക് നാണക്കേട് ഉണ്ടാക്കിയെന്ന് കെപിസിസി പ്രസിഡന്റ് സണ്ണി ജോസഫ്. അന്വേഷണ റിപ്പോര്‍ട്ട് ഇന്ന് തന്നെ കിട്ടും. റിപ്പോര്‍ട്ടിന്‍മേല്‍ നടപടി ഉണ്ടാകും. വിഷയം ഗൗരവത്തോടെയാണ് പാര്‍ട്ടി കാണുന്നത്. തര്‍ക്കങ്ങള്‍ ഉണ്ടാകുമ്പോള്‍ സംയമനത്തോടെ കൈകാര്യം ചെയ്യണമെന്നും സണ്ണി ജോസഫ് ആവശ്യപ്പെട്ടു.

പ്രശ്‌നങ്ങള്‍ ബാക്കിനില്‍ക്കുന്നത് വൈദ്യുതി വകുപ്പില്‍ മാത്രം. ബാക്കി വകുപ്പുകള്‍ മികച്ച പ്രകടനം നടത്തുന്നു. വൈദ്യുതി വകുപ്പ് തലവേദനയല്ല. പരിഹരിച്ചു മുന്നോട്ടു പോവുകയാണ്. മുഖ്യമന്തിക്കെതിരായ സമസ്തയുടെ വിമര്‍ശനത്തിലും സണ്ണി ജോസഫ് പ്രതികരിച്ചു. സമസ്തയുടെ വിമര്‍ശനം തള്ളിക്കൊണ്ടാണ് സണ്ണി ജോസഫിന്റെ പ്രതികരണം. മുഖ്യമന്ത്രിയുടെ നിലപാട് തന്നെയാണ് പാര്‍ട്ടിയുടേയും. സ്ത്രീകള്‍ക്ക് പരിഗണന നല്‍കുന്ന പാര്‍ട്ടിയാണ് കോണ്‍ഗ്രസ് എന്നും സണ്ണി ജോസഫ് പറഞ്ഞു.

ചിറയിന്‍കീഴിലെ അടി പാര്‍ട്ടിക്ക് നാണക്കേട് ഉണ്ടാക്കിയെന്ന് കെപിസിസി പ്രസിഡന്റ് സണ്ണി ജോസഫ് Read More »

24 മണിക്കൂര്‍ സ്‌പെഷ്യാലിറ്റി സേവനം: ഒഴിവുകള്‍ നികത്താന്‍ പുതിയ നിര്‍ദ്ദേശവുമായി ആരോഗ്യമന്ത്രി, ഡോക്ടര്‍മാര്‍ക്ക് സ്ഥാനക്കയറ്റം നല്‍കാന്‍ നിര്‍ദ്ദേശം

കേരളത്തിലെ ജില്ലാ, ജനറല്‍ ആശുപത്രികളില്‍ 24 മണിക്കൂറും സ്‌പെഷ്യാലിറ്റി ചികിത്സാ സൗകര്യം ഉറപ്പാക്കുന്ന പുതിയ പദ്ധതി നടപ്പാക്കാനാവശ്യമായ ജീവനക്കാരുടെ ഒഴിവുകള്‍ നികത്തുന്നതിന് പുതിയ നിര്‍ദ്ദേശവുമായി ആരോഗ്യമന്ത്രി കെ മുരളീധരന്‍. പുതിയതായി വരുന്ന ഒഴിവുകള്‍ നേരത്തെ സര്‍വീസിലുള്ള ഡോക്ടര്‍മാരുടെ സ്ഥാനക്കയറ്റത്തിലൂടെ നികത്താനാണ് തീരുമാനം. ഇതിന്റെ അടിസ്ഥാനത്തില്‍ സ്ഥാനക്കയറ്റത്തിന് അര്‍ഹതയുള്ള ഡോക്ടര്‍മാര്‍ക്ക് ഉടന്‍ സ്ഥാനക്കയറ്റം നല്‍കാന്‍ ആരോഗ്യമന്ത്രി കെ മുരളീധരന്‍ നിര്‍ദ്ദേശം നല്‍കി.

യോഗ്യതയും നിശ്ചിത സര്‍വീസ് വ്യവസ്ഥകളും പൂര്‍ത്തിയാക്കുന്ന ഡോക്ടര്‍മാര്‍ക്ക് എത്രയും വേഗം പ്രൊമോഷന്‍ നല്‍കാനാണ് തീരുമാനം. ഇതിനായി കേരള പബ്ലിക് സര്‍വീസ് കമ്മീഷന്റെ ഉപദേശവും ഡിപ്പാര്‍ട്ട്മെന്റല്‍ പ്രൊമോഷന്‍ കമ്മിറ്റിയുടെ അംഗീകാരവും വേഗത്തില്‍ ലഭ്യമാക്കുന്നതിനായി നടപടികളുമായി മുന്നോട്ട് പോകാന്‍ ആരോഗ്യവകുപ്പ് പ്രിന്‍സിപ്പല്‍ സെക്രട്ടറിക്ക് മന്ത്രി നിര്‍ദ്ദേശം നല്‍കി.

സ്ഥാനക്കയറ്റം നല്‍കുന്നതോടെ നിലവില്‍ ഒഴിവു വരുന്ന തസ്തികകളില്‍ പുതിയ നിയമനങ്ങള്‍ നടത്താനാണ് ആരോഗ്യവകുപ്പിന്റെ നീക്കം. ആവശ്യത്തിന് സ്‌പെഷ്യലിസ്റ്റ് ഡോക്ടര്‍മാരില്ലാത്തതിനാല്‍ 24 മണിക്കൂര്‍ സേവനങ്ങള്‍ താറുമാറാകുമെന്ന് ചൂണ്ടിക്കാട്ടി കേരള ഗവണ്‍മെന്റ് മെഡിക്കല്‍ ഓഫീസേഴ്‌സ് അസോസിയേഷന്‍ മുന്‍പ് സര്‍ക്കാരിനെ ആശങ്ക അറിയിച്ചിരുന്നു. ഇതോടെയാണ് ഡോക്ടര്‍മാര്‍ക്ക് പ്രൊവിഷണല്‍ പ്രമോഷന്‍ നല്‍കാന്‍ ആരോഗ്യവകുപ്പ് നിര്‍ദ്ദേശം നല്‍കിയത്. നടപടിയെ കെജിഎംഒഎ സ്വാഗതം ചെയ്തു.

24 മണിക്കൂര്‍ സ്‌പെഷ്യാലിറ്റി സേവനം: ഒഴിവുകള്‍ നികത്താന്‍ പുതിയ നിര്‍ദ്ദേശവുമായി ആരോഗ്യമന്ത്രി, ഡോക്ടര്‍മാര്‍ക്ക് സ്ഥാനക്കയറ്റം നല്‍കാന്‍ നിര്‍ദ്ദേശം Read More »

സംസ്ഥാനത്ത് താപനില ഉയര്‍ന്നു

മഴ ഇടവേളയിട്ടതോടെ സംസ്ഥാനത്ത് താപനില ഉയര്‍ന്നു. ഇന്നലെ കൊല്ലം പുനലൂരില്‍ സാധാരണയേക്കാള്‍ 4.7 ഡിഗ്രി സെല്‍ഷ്യസ് ഉയര്‍ന്ന് 36.2 ഡിഗ്രി സെല്‍ഷ്യസാണ് ഉയര്‍ന്ന താപനില രേഖപ്പെടുത്തിയത്. മിക്ക സ്റ്റേഷനുകളിലും രണ്ട് മുതല്‍ 4.7 ഡിഗ്രി വരെ താപനില ഉയര്‍ന്നിട്ടുണ്ട്. പൊതുജനങ്ങള്‍ നേരിട്ട് വെയിലേല്‍ക്കുന്നത് പരമാവധി ഒഴിവാക്കണമെന്ന് ആരോഗ്യവകുപ്പും ദുരന്ത നിവാരണ അതോറിറ്റിയും നിര്‍ദ്ദേശിച്ചിട്ടുണ്ട്.

വൈദ്യുതി പ്രതിസന്ധിയും നിയന്ത്രണവും വരും ദിവസങ്ങളിലും തുടര്‍ന്നേക്കും. മഴ കുറഞ്ഞതിന് പിന്നാലെ ചൂടും കൂടിയതോടെ വൈദ്യുതി ആവശ്യകതയില്‍ 500 മുതല്‍ 600 മെഗാവാട്ട് വരെ വര്‍ധിക്കാന്‍ സാധ്യതയുണ്ടെന്നാണ് കെഎസ്ഇബി പറയുന്നത്. ഹ്രസ്വകാല കരാറിന് രണ്ടു തവണ ടെന്‍ഡര്‍ വിളിച്ചിട്ടും പീക്ക് സമയത്ത് കുറഞ്ഞ വിലയ്ക്ക് വൈദ്യുതി കിട്ടിയില്ല. സംസ്ഥാനത്ത് കടുത്ത ചൂടില്‍ ജനം വലയുമ്പോള്‍ വൈദ്യുതി നിയന്ത്രണം ഇരുട്ടടിയാവുകയാണ്. നിയന്ത്രണ മുന്നറിപ്പായാണ് കെഎസ്ഇബി നല്‍കുന്നത്.

സംസ്ഥാനത്ത് താപനില ഉയര്‍ന്നു Read More »