Hivision Channel

24 മണിക്കൂര്‍ സ്‌പെഷ്യാലിറ്റി സേവനം: ഒഴിവുകള്‍ നികത്താന്‍ പുതിയ നിര്‍ദ്ദേശവുമായി ആരോഗ്യമന്ത്രി, ഡോക്ടര്‍മാര്‍ക്ക് സ്ഥാനക്കയറ്റം നല്‍കാന്‍ നിര്‍ദ്ദേശം

കേരളത്തിലെ ജില്ലാ, ജനറല്‍ ആശുപത്രികളില്‍ 24 മണിക്കൂറും സ്‌പെഷ്യാലിറ്റി ചികിത്സാ സൗകര്യം ഉറപ്പാക്കുന്ന പുതിയ പദ്ധതി നടപ്പാക്കാനാവശ്യമായ ജീവനക്കാരുടെ ഒഴിവുകള്‍ നികത്തുന്നതിന് പുതിയ നിര്‍ദ്ദേശവുമായി ആരോഗ്യമന്ത്രി കെ മുരളീധരന്‍. പുതിയതായി വരുന്ന ഒഴിവുകള്‍ നേരത്തെ സര്‍വീസിലുള്ള ഡോക്ടര്‍മാരുടെ സ്ഥാനക്കയറ്റത്തിലൂടെ നികത്താനാണ് തീരുമാനം. ഇതിന്റെ അടിസ്ഥാനത്തില്‍ സ്ഥാനക്കയറ്റത്തിന് അര്‍ഹതയുള്ള ഡോക്ടര്‍മാര്‍ക്ക് ഉടന്‍ സ്ഥാനക്കയറ്റം നല്‍കാന്‍ ആരോഗ്യമന്ത്രി കെ മുരളീധരന്‍ നിര്‍ദ്ദേശം നല്‍കി.

യോഗ്യതയും നിശ്ചിത സര്‍വീസ് വ്യവസ്ഥകളും പൂര്‍ത്തിയാക്കുന്ന ഡോക്ടര്‍മാര്‍ക്ക് എത്രയും വേഗം പ്രൊമോഷന്‍ നല്‍കാനാണ് തീരുമാനം. ഇതിനായി കേരള പബ്ലിക് സര്‍വീസ് കമ്മീഷന്റെ ഉപദേശവും ഡിപ്പാര്‍ട്ട്മെന്റല്‍ പ്രൊമോഷന്‍ കമ്മിറ്റിയുടെ അംഗീകാരവും വേഗത്തില്‍ ലഭ്യമാക്കുന്നതിനായി നടപടികളുമായി മുന്നോട്ട് പോകാന്‍ ആരോഗ്യവകുപ്പ് പ്രിന്‍സിപ്പല്‍ സെക്രട്ടറിക്ക് മന്ത്രി നിര്‍ദ്ദേശം നല്‍കി.

സ്ഥാനക്കയറ്റം നല്‍കുന്നതോടെ നിലവില്‍ ഒഴിവു വരുന്ന തസ്തികകളില്‍ പുതിയ നിയമനങ്ങള്‍ നടത്താനാണ് ആരോഗ്യവകുപ്പിന്റെ നീക്കം. ആവശ്യത്തിന് സ്‌പെഷ്യലിസ്റ്റ് ഡോക്ടര്‍മാരില്ലാത്തതിനാല്‍ 24 മണിക്കൂര്‍ സേവനങ്ങള്‍ താറുമാറാകുമെന്ന് ചൂണ്ടിക്കാട്ടി കേരള ഗവണ്‍മെന്റ് മെഡിക്കല്‍ ഓഫീസേഴ്‌സ് അസോസിയേഷന്‍ മുന്‍പ് സര്‍ക്കാരിനെ ആശങ്ക അറിയിച്ചിരുന്നു. ഇതോടെയാണ് ഡോക്ടര്‍മാര്‍ക്ക് പ്രൊവിഷണല്‍ പ്രമോഷന്‍ നല്‍കാന്‍ ആരോഗ്യവകുപ്പ് നിര്‍ദ്ദേശം നല്‍കിയത്. നടപടിയെ കെജിഎംഒഎ സ്വാഗതം ചെയ്തു.

Leave a Comment

Your email address will not be published. Required fields are marked *