Hivision Channel

latest news

കനത്ത ചൂട് തുടരുന്നതിനിടെ സംസ്ഥാനത്ത് മഴ മുന്നറിയിപ്പ്; ഇന്ന് 8 ജില്ലകളിൽ മഴയ്ക്ക് സാധ്യത

സംസ്ഥാനത്ത് കനത്ത ചൂട് തുടരുന്നതിനിടെ അടുത്ത 5 ദിവസങ്ങളിൽ മഴയ്ക്ക് സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥാവകുപ്പിന്റെ മുന്നറിയിപ്പ്. ഇന്ന് 8 ജില്ലകളിൽ മഴ ലഭിക്കുമെന്നാണ് അറിയിച്ചിട്ടുള്ളത്. തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട,കോട്ടയം, ആലപ്പുഴ, ഇടുക്കി, തൃശൂർ, എറണാംകുളം എന്നീ ജില്ലകളിൽ മഴയ്ക്ക് സാധ്യതയുണ്ടെന്ന് കാലാവസ്ഥാ വകുപ്പ് അറിയിച്ചു. നാളെ കേരളത്തിലുടനീളം  മഴ ലഭിക്കും. 1ാം തിയ്യതി മുതൽ മൂന്ന് വരെ തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട,കോട്ടയം, ആലപ്പുഴ, ഇടുക്കി, എറണാംകുളം, വയനാട്, കോഴിക്കോട് എന്നീ ജില്ലകളിലും മഴയ്ക്ക് സാധ്യതയുണ്ട്. 

അതിനിടെ, സംസ്ഥാനത്ത് വരും ദിവസങ്ങളിലും കൊടും ചൂട് തുടരുമെന്നാണ് കാലാവസ്ഥ വകുപ്പിന്‍റെ മുന്നറിപ്പ്. പാലക്കാട് ജില്ലയിലെ ചില പ്രദേശങ്ങളിൽ ഏപ്രിൽ 29 ന് ഉഷ്‌ണതരംഗ സാധ്യത തുടരുന്നതിനാൽ കേന്ദ്ര കാലാവസ്ഥ വകുപ്പ് ഓറഞ്ച് അലർട്ട് പ്രഖ്യാപിച്ചു. കൊല്ലം, തൃശൂർ ജില്ലകളിലെ ചില പ്രദേശങ്ങളിൽ ഏപ്രിൽ 29 ന് ഉഷ്‌ണതരംഗ സാധ്യത ഉള്ളതിനാൽ കേന്ദ്രകാലാവസ്ഥ വകുപ്പ് യെല്ലോ അലർട്ടും പ്രഖ്യാപിച്ചിട്ടുണ്ട്.

ഏപ്രിൽ 29 മുതൽ മെയ് 3 വരെ പാലക്കാട് ജില്ലയിൽ ഉയർന്ന താപനില 41 ഡിഗ്രി സെൽഷ്യസ് വരെയും, കൊല്ലം, തൃശൂർ ജില്ലകളിൽ ഉയർന്ന താപനില 40 ഡിഗ്രി സെൽഷ്യസ് വരെയും, കോഴിക്കോട് ജില്ലയിൽ ഉയർന്ന താപനില 39 ഡിഗ്രി സെൽഷ്യസ് വരെയും, ആലപ്പുഴ, പത്തനംതിട്ട, കോട്ടയം, കണ്ണൂർ ജില്ലകളിൽ ഉയർന്ന താപനില 38 ഡിഗ്രി സെൽഷ്യസ് വരെയും, എറണാകുളം, മലപ്പുറം, കാസര്‍കോട് എന്നീ ജില്ലകളിൽ ഉയർന്ന താപനില 37 ഡിഗ്രി സെൽഷ്യസ് വരെയും, തിരുവനന്തപുരം ജില്ലയിൽ ഉയർന്ന താപനില 36 ഡിഗ്രി സെൽഷ്യസ് വരെയും (സാധാരണയെക്കാൾ 3 – 5 ഡിഗ്രി സെൽഷ്യസ് കൂടുതൽ) ഉയരാൻ സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു. ഉയർന്ന താപനിലയും ഈർപ്പമുള്ള വായുവും കാരണം ഈ ജില്ലകളിൽ, മലയോര മേഖലകളിലൊഴികെ മെയ് 03 വരെ ചൂടും ഈർപ്പവുമുള്ള കാലാവസ്ഥയ്ക്ക് സാധ്യതയുണ്ട്. 

മദ്യപിച്ച് ജോലിക്കെത്തിയവരെ കണ്ടെത്താൻ പരിശോധന; ​ഗതാ​ഗതമന്ത്രിയുടെ മണ്ഡലത്തിലെ ഡിപ്പോയിൽ കൂട്ടഅവധി

 ഗതാഗതമന്ത്രി കെ.ബി. ഗണേഷ്‌കുമാറിന്റെ മണ്ഡലത്തിലെ കെ.എസ്.ആര്‍.ടി.സി. ഡിപ്പോയില്‍ കൂട്ടഅവധി. പത്തനാപുരം ഡിപ്പോയില്‍ 15 സര്‍വീസുകള്‍ മുടങ്ങി. മദ്യപിച്ച് ജോലിക്കെത്തുന്നവരെ കണ്ടെത്താന്‍ കെ.എസ്.ആര്‍.ടി.സി. വിജിലന്‍സ് വിഭാഗം ഡിപ്പോയില്‍ പരിശോധന നടത്തിയിരുന്നു. ഇതിനിടെയാണ് 12 ജീവനക്കാര്‍ അവധിയെടുത്തത്.

മുന്നറിയിപ്പില്ലാതെയാണ് ജീവനക്കാര്‍ കൂട്ടഅവധി എടുത്തത്. സംഭവത്തില്‍ പ്രതികരിക്കാന്‍ ഡിപ്പോയിലെ ഉയര്‍ന്ന ഉദ്യോഗസ്ഥര്‍ തയ്യാറായില്ല. വിജിലന്‍സ് നടത്തിയ പരിശോധനയില്‍ മൂന്നുപേരെ പിടികൂടിയിരുന്നു. ഇതറിഞ്ഞാണ് 12 പേര്‍ അവധിയെടുത്തത്.

ജീവനക്കാര്‍ കൂട്ടഅവധി എടുത്തതിനെത്തുടര്‍ന്ന് യാത്രക്കാര്‍ പെരുവഴിയിലായി. മലയോരമേഖലയിലേക്കുള്ള സര്‍വീസുകളാണ് മുടങ്ങിയത്. അകാരണമായാണ് ജീവനക്കാര്‍ അവധിയെടുത്തതെന്നും ഇവര്‍ക്കെതിരെ നടപടിയുണ്ടാവുമെന്നും മന്ത്രിയുടെ ഓഫീസ് അറിയിച്ചു. വിശദീകരണം തേടിയശേഷം സസ്‌പെന്‍ഷന്‍ അടക്കമുള്ള നടപടികളുണ്ടാവും.

കണ്ണൂരിൽ വീടിനകത്ത് അമ്മയും മകളും മരിച്ച നിലയിൽ

കണ്ണൂരിൽ വീടിനകത്ത് അമ്മയെയും മകളെയും മരിച്ച നിലയിൽ കണ്ടെത്തി. കൊറ്റാളികാവിന് സമീപത്തെ സുനന്ദ (78), ദീപ (48) എന്നിവരാണ് മരിച്ചത്. മൃതദേഹത്തിന് ദിവസങ്ങൾ പഴക്കമുണ്ടെന്നാണ് പ്രഥമിക നിഗമനം. ദുർഗന്ധം വമിച്ചതിനെ തുടർന്ന് നാട്ടുകാർ നോക്കിയപ്പോഴാണ് മൃതദേഹം കണ്ടത്. നാട്ടുകാര്‍ വിവരം അറിയിച്ചതിനെ തുടര്‍ന്ന് സ്ഥലത്തെത്തിയ പൊലീസ് ഉദ്യോഗസ്ഥര്‍ പരിശോധന തുടരുകയാണ്.

കേരളത്തിലെ കൊടും ചൂട് മേയ് രണ്ടാം വാരം വരെ തുടരും, താപനില 42 ഡിഗ്രി വരെ ആയേക്കുമെന്ന് കുസാറ്റ്

കേരളിത്തിലെ ഉഷ്ണ തരംഗത്തില്‍ ഉടനൊന്നും മാറ്റമുണ്ടാകില്ല. കൊടും ചൂട് മേയ് രണ്ടാം വാരം വരെ തുടരുമെന്ന് കുസാറ്റ് കാലാവസ്ഥാ വിഭാഗം വ്യക്തമാക്കി. താപനില 42 ഡിഗ്രി വരെ തുടരും,തൃശൂർ മുതൽ വടക്കോട്ടുള്ള ജില്ലകൾ സൂക്ഷിക്കണം.രാത്രിയിലും ചൂട് അധികം കുറയുന്നില്ല എന്നതാണ് കേരളത്തിൽ സ്ഥിതി ആശകജനകമാക്കുന്നത്, മെയ് പകുതിയോടെ ന്യൂനമർദ്ദം രൂപപ്പെട്ട് തെക്കൻ കേരളത്തിൽ അടക്കം മഴ കിട്ടുമെന്നാണ് പ്രതീക്ഷിക്കുന്നത്, ഇതിന് തുടർച്ചയായി കാലവർഷം എത്തുമെന്നും കരുതുന്നു.

അടുത്ത രണ്ടാഴ്ച കേരളത്തിൽ നിർണായകമാണ്, ഗ്രൌണ്ട് വാട്ടർ ലെവൽ താഴുന്നത് ആശങ്ക ജനകമായ നിലയിലെന്നും കുസാറ്റ് കാലാവസ്ഥ വിഭാഗം മേധാവി ഡോ. അഭിലാഷ് ഏഷ്യനെറ്റ് ന്യൂസിനോട് പറഞ്ഞു. കൊല്ലം, തൃശൂർ, പാലക്കാട് ജില്ലകളിൽ ഉഷ്ണതരംഗമുന്നറിയിപ്പ് തുടരുന്നു..സൂര്യാഘാതവും സൂര്യാതാപവും ഏൽക്കാൻ സാധ്യത കൂടുതലായതിനാൽ പകൽ സമയങ്ങളിൽ പുറത്തിറങ്ങുന്നവർ അതീവ ജാഗ്രത പാലിക്കണം.ഇന്നലെയും പാലക്കാട് ഉഷ്ണതംരഗം സ്ഥിരീകരിച്ചിരുന്നു.ഇടുക്കിയും വയനാടും ഒഴികെ പന്ത്രണ്ട് ജില്ലകളിൽ ഉയർന്ന താപനില
മുന്നറിയിപ്പുണ്ട്.

സാധാരണയേക്കാൾ 3 മുതൽ 5 ഡിഗ്രി വരെ താപനില ഉയരാം.പാലക്കാട് 41 ഡിഗ്രി സെൽഷ്യസ് വരെയും കൊല്ലത്തും തൃശ്ശൂരും 40 ഡിഗ്രി സെൽഷ്യസ് വരെയും താപനില ഉയരാം.പത്തനംതിട്ട, കോട്ടയം കോഴിക്കോട്, കണ്ണൂർ ജില്ലകളിൽ 38°C വരെയും,ആലപ്പുഴ,എറണാകുളം, മലപ്പുറം, കാസറഗോഡ്,ജില്ലകളിൽ 37°C വരെയും,തിരുവനന്തപുരത്ത് 36°C വരെയും താപനില ഉയരാം. ഏറെ നേjx സൂര്യപ്രകാശം നേരിട്ടേൽക്കുന്നതും നിർജ്ജലീകരണവും നിർബന്ധമായും ഒഴിവാക്കണം.

ഉടൻ ലോഡ് ഷെഡിങ് ഏർപ്പെടുത്താൻ ആലോചിക്കുന്നില്ല; മന്ത്രി കെ കൃഷ്ണൻകുട്ടി

സംസ്ഥാനത്ത് ഉടൻ ലോഡ് ഷെഡിങ് ഏർപ്പെടുത്താൻ ആലോചിക്കുന്നില്ലെന്ന് മന്ത്രി കെ കൃഷ്ണൻകുട്ടി. അമിത ഉപഭോഗമാണ് അപ്രഖ്യാപിത ലോഡ് ഷെഡിങ്ങിലേക്ക് നയിച്ചത്. വൈദ്യുതി ഉപയോഗം നിയന്ത്രിക്കാൻ കഴിഞ്ഞില്ലെങ്കിൽ സംസ്ഥാനം പ്രതിസന്ധിയിലേക്ക് കടക്കും. പ്രതിദിന ഉപയോഗം 110 ദശലക്ഷം യൂണിറ്റ് വരെ എത്തി. ഇത് പ്രതിസന്ധിയാണ് എന്നും അദ്ദേഹം പറഞ്ഞു.ഉഷ്ണതരംഗത്തെ തുടർന്ന് മരിച്ചവർക്കുള്ള ധനസഹായം സർക്കാരിന്റെ ശ്രദ്ധയിൽ കൊണ്ടുവരും. വരുന്ന ക്യാബിനറ്റിൽ ചർച്ച ചെയ്യും. ധനസഹായം നൽകാൻ ശ്രമിക്കുമെന്നും മന്ത്രി പറഞ്ഞു.

‘ഒരു ദിവസം 100 പേര്‍ക്ക് ഡ്രൈവിംഗ് ടെസ്റ്റ് നടത്തി’; മോട്ടോര്‍ വെഹിക്കിള്‍ ഉദ്യോഗസ്ഥര്‍ക്ക് പരസ്യ വിചാരണ

സംസ്ഥാനത്ത് ഉദ്യോഗാര്‍ത്ഥികള്‍ക്ക് പ്രതിദിനം നൂറിലധികം പേർക്ക് ഡ്രൈവിംഗ് ടെസ്റ്റ് നടത്തിയ മോട്ടോര്‍ വെഹിക്കിള്‍ ഉദ്യോഗസ്ഥര്‍ക്ക് പരസ്യ വിചാരണ. 100 ലധികം ലൈസന്‍സ് നല്‍കുന്ന 15 പേരുടെ പട്ടിക ഗതാഗതമന്ത്രിയുടെ നിര്‍ദ്ദേശ പ്രകാരം തയ്യാറാക്കിയിരുന്നു. ഡ്രൈവിങ് ടെസ്റ്റുകള്‍ നിയമാനുസരണം നടത്തുന്നില്ലെന്നാണ് ഗതാഗതവകുപ്പിന്റെ വിലയിരുത്തല്‍. ലൈസന്‍സ് നല്‍കുന്നതിന് പിന്നില്‍ അഴിമതിയുണ്ടെന്നും വകുപ്പ് സംശയിക്കുന്നു.

പ്രതിദിനം അറുപത് ലൈസന്‍സ് വരെ നല്‍കാമെന്നാണ് ഗതാഗത കമ്മീഷണറുടെ സര്‍ക്കുലര്‍. എന്നാല്‍ ഇത് തെറ്റിച്ച് 100ലധികം പേർക്ക് ലൈസന്‍സ് നല്‍കുന്ന ഉദ്യോഗസ്ഥര്‍ക്കാണ് ടെസ്റ്റ് നടക്കുന്നത്. ഇത്രയധികം ലൈസന്‍സ് ഒരു ദിവസം നല്‍കുന്നതെങ്ങനെയെന്ന് ഉദ്യോഗസ്ഥര്‍ തെളിയിക്കണം.

15 ഉദ്യോഗസ്ഥരോട് ഇന്ന് തിരുവനന്തപുരത്ത് എത്താന്‍ ഗതാഗത കമ്മീഷന്‍ നിര്‍ദേശിക്കുകയായിരുന്നു. ഇവര്‍ ടെസ്റ്റ് നടത്തുന്നത് പരിശോധിക്കാന്‍ മൂന്നംഗ ഉദ്യോഗസ്ഥരെയും ചുമതലപ്പെടുത്തിയിട്ടുണ്ട്. ഈ പ്രാക്ടിക്കൽ ടെസ്റ്റിൽ ഉദ്യോഗസ്ഥർ പരാജയപ്പെട്ടാൽ വകുപ്പ് തല നടപടിയും ഉണ്ടായേക്കും.

സി.യു.ഇ.ടി.യു.ജി: പരീക്ഷാ കേന്ദ്രങ്ങൾ മേയ് അഞ്ചോടെ

കേന്ദ്ര ബിരുദ പരീക്ഷ (സി.യു.ഇ.ടി.-യു.ജി-2024) കേന്ദ്രങ്ങൾ മേയ് അഞ്ചിനുള്ളിൽ എൻ.ടി.എ. പ്രഖ്യാപിക്കുമെന്ന് യു.ജി.സി. അധ്യക്ഷൻ ജഗദീഷ് കുമാർ അറിയിച്ചു. അഡ്മിറ്റ് കാർഡുകൾ മേയ് രണ്ടാം വാരത്തോടെ ഡൗൺലോഡ് ചെയ്യാം. പരീക്ഷ മേയ് 15 മുതൽ 31 വരെ നടക്കും. ജൂൺ 30-ന് ഫലം പ്രഖ്യാപിക്കും. ജൂലായ് അവസാനമോ ഓഗസ്റ്റ് ആദ്യമോ ക്ലാസുകൾ ആരംഭിക്കും.

ഓൺലൈനിന് പുറമേ, ഇത്തവണ എഴുത്തുപരീക്ഷയും നടത്തും. ഏറ്റവുമധികം രജിസ്‌ട്രേഷനുള്ള വിഷയങ്ങളിലാണ് ഒ.എം.ആർ. പരീക്ഷ പരിഗണിക്കുക. ഒരു വിദ്യാർഥിക്ക് തിരഞ്ഞെടുക്കാവുന്ന വിഷയങ്ങളുടെ എണ്ണം കുറയ്ക്കാനും തീരുമാനിച്ചിട്ടുണ്ട്.

ദിവസം രണ്ടോ മൂന്നോ ഷിഫ്റ്റുകളിൽ പരീക്ഷ നടത്തും. ഒരു വിഷയത്തിൽ പല ദിവസങ്ങളിൽ പരീക്ഷ നടത്തി മാർക്ക് ഏകീകരിക്കുന്ന സംവിധാനം ഈവർഷത്തോടെ നിർത്തലാക്കിയേക്കും. തിരഞ്ഞെടുക്കാവുന്ന വിഷയങ്ങളുടെ എണ്ണം ആറായി ചുരുക്കി. മൂന്നു പ്രധാന വിഷയങ്ങൾ, രണ്ടു ഭാഷകൾ, ഒരു ജനറൽ പരീക്ഷ എന്നിവയുൾപ്പെടെയാകും ആറു വിഷയങ്ങൾ അനുവദിക്കുക.

സുഹൃത്തുക്കൾ ഓടിയെത്തിയിട്ടും രക്ഷിക്കാനായില്ല; ഫെയ്‌സ്ബുക്ക് ലൈവിട്ട് ഇടുക്കിയിൽ യുവാവ് ജീവനൊടുക്കി

ചെറുതോണി (ഇടുക്കി): ഫെയ്സ്ബുക്കില്‍ ലൈവില്‍വന്ന് യുവാവ് ആത്മഹത്യ ചെയ്തു. ഇടുക്കി ആലിന്‍ചുവട് പുത്തന്‍പുരയില്‍ രാജന്റെ മകന്‍ വിഷ്ണു (35)ആണ് ജീവനൊടുക്കിയത്.

ഞായറാഴ്ച രാവിലെ 11-നാണ് സംഭവം. ഫാനില്‍ കൈലിമുണ്ട് കുരുക്കി കഴുത്തിലിട്ടാണ് ഇയാള്‍ ഫെയ്സ്ബുക്ക് ലൈവില്‍ വന്നത്. പിന്നീടുള്ള ദൃശ്യങ്ങള്‍ വ്യക്തമല്ല. സുഹൃത്തുക്കള്‍ കതക് തകര്‍ത്ത് വീടിനുള്ളില്‍ കയറിയപ്പോള്‍ വിഷ്ണു ഫാനില്‍ തൂങ്ങിനില്‍ക്കുന്നതാണ് കണ്ടത്. അപ്പോഴേക്കും മരിച്ചു. വിഷ്ണു വീട്ടില്‍ ഒറ്റയ്ക്കാണ് താമസിച്ചിരുന്നത്.

വിഷ്ണുവിന് മാനസികപ്രശ്‌നങ്ങളുണ്ടായിരുന്നു. ഫെയ്സ്ബുക്ക് ലൈവില്‍ ഹെല്‍മെറ്റില്ലാതെ ബൈക്കോടിച്ചതിന് മുമ്പ് ആര്‍.ടി.ഒ. ഇദ്ദേഹത്തിന്റെ ലൈസന്‍സ് സസ്‌പെന്‍ഡുചെയ്തിരുന്നു.ഇടുക്കി ഹില്‍വ്യൂ പാര്‍ക്കില്‍ താത്കാലിക സുരക്ഷാ ജീവനക്കാരനായി പ്രവര്‍ത്തിച്ചിട്ടുണ്ട്. ഇടുക്കി പോലീസ് മേല്‍നടപടി സ്വീകരിച്ചു. മൃതദേഹം ഇടുക്കി മെഡിക്കല്‍ കോളേജ് മോര്‍ച്ചറിയില്‍. സംസ്‌കാരം തിങ്കളാഴ്ച വീട്ടുവളപ്പില്‍.

(ആത്മഹത്യ ഒന്നിനും പരിഹാരമല്ല. മാനസികാരോഗ്യ വിദഗ്ധരുടെ സഹായം തേടുക. വിളിക്കുക 1056, 0471-2552056)

രണ്ട് ദിവസം 8 ജില്ലകളിൽ മഴ, ലക്ഷദ്വീപ് പ്രദേശത്ത് ശക്തമായ കാറ്റ്, 3 ജില്ലകളിൽ ഉഷ്ണതരംഗ സാധ്യതയെന്നും പ്രവചനം

സംസ്ഥാനത്ത് ഇന്ന് ഇന്നും നാളെയും എട്ട് ജില്ലകളിൽ നേരിയ മഴയ്ക്ക് സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പിന്‍റെ മുന്നറിയിപ്പ്. തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, എറണാകുളം, ഇടുക്കി, തൃശ്ശൂർ ജില്ലകളിലാണ് മഴ മുന്നറിയിപ്പ്. മെയ് ഒന്ന്, രണ്ട് തീയതികളിൽ തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, എറണാകുളം, ഇടുക്കി, കോഴിക്കോട് വയനാട് ജില്ലകളിലും മഴക്ക് സാധ്യതയുണ്ട്.

ലക്ഷദ്വീപ് പ്രദേശത്ത് മണിക്കൂറിൽ 40 മുതൽ 45 കിലോമീറ്റർ വരെയും ചില അവസരങ്ങളിൽ 55 കിലോമീറ്റർ വരെയും വേഗതയിൽ ശക്തമായ കാറ്റിനും മോശം കാലാവസ്ഥക്കും സാധ്യതയുണ്ടെന്ന് ദേശീയ സമുദ്രസ്ഥിതിപഠന ഗവേഷണ കേന്ദവും അറിയിച്ചു. അതേസമയം സംസ്ഥാനത്ത് ഇന്ന് കൊല്ലം, തൃശൂർ, പാലക്കാട് ജില്ലകളിലെ വിവിധ പ്രദേശങ്ങളിൽ ഉഷ്ണതരംഗ സാഹചര്യം നിലനിൽക്കുമെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു. തുടർച്ചയായ ദിവസങ്ങളിൽ അതിതീവ്രമായ ചൂട് രേഖപ്പെടുത്തിയതിന്റേയും, അടുത്ത ദിവസങ്ങളിലും പാലക്കാട്  ജില്ലയിൽ 41 ഡിഗ്രി സെൽഷ്യസ് വരെയും, കൊല്ലം, തൃശൂർ ജില്ലകളിൽ  40 ഡിഗ്രി സെൽഷ്യസ് വരെയും, താപനില ഉയരുമെന്ന പ്രവചനത്തിന്റെയും അടിസ്ഥാനത്തിലാണ് ഉഷ്ണതരംഗ മുന്നറിയിപ്പ്.

ഉഷ്ണതരംഗം അതീവ ജാഗ്രത വേണ്ട സാഹചര്യമാണ്. പൊതുജനങ്ങളും ഭരണ – ഭരണേതര സംവിധാനങ്ങളും വേണ്ട ജാഗ്രത പാലിക്കണം. സൂര്യാഘാതവും സൂര്യാതപവും ഏൽക്കാൻ സാധ്യത കൂടുതലാണ്. സൂര്യാഘാതം മരണത്തിലേക്ക് വരെ നയിച്ചേക്കാാം, അതിനാൽ താഴെ പറയുന്ന നിർദേശങ്ങൾ കർശനമായി പാലിക്കണം. പകൽ സമയത്ത് പുറത്തിറങ്ങുന്നത് പരമാവധി ഒഴിവാക്കുക.ശരീരത്തിൽ നേരിട്ട് വെയിലേൽക്കുന്ന എല്ലാതരം പുറം ജോലികളും, കായിക വിനോദങ്ങളും, മറ്റ് പ്രവർത്തനങ്ങളും പൂർണ്ണമായും നിർത്തി വെക്കണമെന്ന് കാലാവസ്ഥാ വകുപ്പ് നിർദ്ദേശം നൽകി.

ധാരാളമായി വെള്ളം കുടിക്കുക. അത്യാവശ്യങ്ങൾക്ക് മാത്രം പുറത്തിറങ്ങുക. പുറത്തിറങ്ങുമ്പോൾ നിർബന്ധമായും കുടയും പാദരക്ഷയും ഉപയോഗിക്കുക. കായികാദ്ധ്വാനമുള്ള ജോലികളിൽ ഏർപ്പെടുന്നവർ ഇടവേളകൾ എടുത്തും വിശ്രമിച്ച് കൊണ്ടും മാത്രം ജോലിയിൽ ഏർപ്പെടുക. നിർജലീകരണം ഉണ്ടാക്കുന്ന മദ്യം, കാർബണേറ്റഡ് പാനീയങ്ങൾ, ചായ കാപ്പി എന്നിവ പകൽ സമയത്ത് പൂർണ്ണമായും ഒഴിവാക്കണമെന്നും കേന്ദ്ര കാലാവസ്ഥാ വകുപ്പ് അറിയിച്ചു.

ചെന്നൈയില്‍ മലയാളി ദമ്പതികളെ കഴുത്തറുത്ത് കൊലപ്പെടുത്തി,100 പവന്‍ സ്വര്‍ണം കവര്‍ന്നു

കോട്ടയം എരുമേലി സ്വദേശികളായ ദമ്പതിമാരെ തമിഴ്‌നാട്ടില്‍ കഴുത്തറുത്ത് കൊന്നു. മലയാളികളായ സിദ്ധ ഡോക്ടറും ഭാര്യയുമാണ് കൊല്ലപ്പെട്ടത്‌. ചെന്നൈ ആവഡിക്കുസമീപം മുത്തുപുതുപ്പേട്ട്‌ ഗാന്ധിനഗറില്‍ താമസിക്കുന്ന ശിവന്‍ നായരും പ്രസന്നകുമാരിയുമാണ് കൊല്ലപ്പെട്ടത്. വീടിനോട് ചേര്‍ന്ന് ശിവന്‍ നായര്‍ ക്ലിനിക്ക് നടത്തുന്നുണ്ട്. വിരമിച്ച അധ്യാപികയാണ് പ്രസന്നകുമാരി.

കവര്‍ച്ചക്കിടെയാണ് കൊലപാതകമെന്നാണ് സൂചന. ഇവരുടെ വീട്ടില്‍നിന്ന് 100 പവനോളം സ്വര്‍ണം മോഷണംപോയി.

ഞായറാഴ്ച വൈകീട്ടാണ് സംഭവം. രോഗികളെന്ന വ്യാജന എത്തിയവരാണ് കൊലനടത്തിയതെന്നാണ് പ്രാഥമിക അന്വേഷണത്തില്‍ ലഭിച്ച സൂചന.

വീട്ടിനുള്ളില്‍നിന്ന് ബഹളംകേട്ട അയല്‍ക്കാരാണ് പോലീസിനെ അറിയിച്ചത്. സംഭവസ്ഥലത്ത് എത്തിയ പോലീസ് ഇരുവരേയും മരിച്ച നിലയില്‍ കണ്ടെത്തുകയായിരുന്നു. മൃതദേഹം സര്‍ക്കാര്‍ ആശുപത്രിയിലേക്ക് മാറ്റി. മുത്താപുതുപ്പേട്ട് പോലീസ് അന്വേഷണം ആരംഭിച്ചു.

കരസേനയില്‍ ഉദ്യോഗസ്ഥായിരുന്ന ശിവന്‍ നായര്‍ വിരമിച്ച ശേഷമാണ് ചെന്നൈയില്‍ സ്ഥിരതാമസമാക്കിയത്.