Hivision Channel

latest news

ഇടവിട്ടുള്ള മഴ,ഡെങ്കിപ്പനി, എലിപ്പനി സാധ്യതകള്‍ ശ്രദ്ധിക്കണം;ആരോഗ്യ വകുപ്പ്

Aedes albopictus Mosquito. Super macro close up a Mosquito sucking human blood,

കണ്ണൂര്‍:ജില്ലയില്‍ ഇടവിട്ടുള്ള മഴ ലഭിച്ച സാഹചര്യത്തില്‍ ഡെങ്കിപ്പനി, എലിപ്പനി എന്നിവക്കുള്ള സാധ്യതകള്‍ പൊതുജനങ്ങള്‍ ശ്രദ്ധിക്കണം എന്ന് ആരോഗ്യവകുപ്പ് അറിയിച്ചു.
ഡെങ്കിപ്പനി പരത്തുന്ന ഈഡിസ് കൊതുകുകള്‍ ചിരട്ട, മുട്ടത്തോട്, വിറകുകള്‍ മൂടാന്‍ ഉപയോഗിക്കുന്ന പ്ലാസ്റ്റിക് ഷീറ്റ്, അലക്ഷ്യമായി വലിച്ചെറിയുന്ന ബോട്ടിലുകള്‍, വീടുകള്‍ക്ക് അകത്തുള്ള മണി പ്ലാന്റ് തുടങ്ങിയ ഇന്‍ഡോര്‍ ചെടികളിലെയും ഫ്രിഡ്ജിന്റെ ട്രേ തുടങ്ങിയവയില്‍ കെട്ടിക്കിടക്കുന്ന ശുദ്ധജലത്തിലാണ് പൊതുവെ മുട്ടയിട്ട് വളരുന്നത്. മുട്ടയിട്ടു കഴിഞ്ഞാല്‍ ഏഴു മുതല്‍ മുതല്‍ 10 ദിവസം വരെ കൊണ്ട് ലാര്‍വ വിരിഞ്ഞ് പുതിയ കൊതുകുകള്‍ പുറത്തുവരും.
അതിനാല്‍ വീടുകളിലെയും മറ്റു പരിസരങ്ങളിലും ഇത്തരത്തിലുള്ള ചെറിയ വെള്ളക്കെട്ടുകള്‍ മഴക്ക് ശേഷം നീക്കം ചെയ്യണം.
ഇത്തരത്തില്‍ ഉള്ള ഉറവിട നശീകരണം നടത്തുന്നതിനായി ആഴ്ചയില്‍ ഒന്നു വീതം ഡ്രൈഡേ ആചരിക്കണം.
ഡ്രൈ ഡേ ആചരിക്കേണ്ടത് – വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ – വെള്ളിയാഴ്ച. ഓഫീസ്, കടകള്‍ മറ്റു സ്ഥാപനങ്ങള്‍ – ശനിയാഴ്ച, വീടുകളില്‍ – ഞായറാഴ്ച.
അതുപോലെതന്നെ കെട്ടിക്കിടക്കുന്ന വെള്ളത്തില്‍ എലിയുടെ മൂത്രം കലര്‍ന്നാണ് എലിപ്പനി പടരുന്നത്. ആയതിനാല്‍ കാലില്‍ മുറിവ്, വിണ്ടു കീറിയ കാല്‍പാദങ്ങള്‍ എന്നിവ ഉള്ളവര്‍ കെട്ടിക്കിടക്കുന്ന മലിന ജലവുമായി നേരിട്ടുള്ള സമ്പര്‍ക്കം ഇല്ല എന്ന് ഉറപ്പുവരുത്തണം . തൊഴിലുറപ്പ് തൊഴിലാളികള്‍, ശുചീകരണ തൊഴിലാളികള്‍, നിര്‍മ്മാണ തൊഴിലാളികള്‍ തുടങ്ങിയവര്‍ കെട്ടിക്കിടക്കുന്ന മലിന ജലവുമായി സമ്പര്‍ക്കത്തില്‍ വരാന്‍ സാധ്യതയുള്ളവര്‍ ആയതിനാല്‍ അവര്‍ ആരോഗ്യ പ്രവര്‍ത്തകരുടെ നിര്‍ദ്ദേശാനുസരണം ഡോക്സി സൈക്ലിന്‍ പ്രതിരോധ ഗുളിക ആഴ്ചതോറും കഴിക്കേണ്ടതാണ് എന്നും ആരോഗ്യ വകുപ്പ് അറിയിച്ചു.

ജില്ലയില്‍ 1285 പൊതു വിദ്യാലയങ്ങള്‍ പുതിയ അധ്യയന വര്‍ഷത്തിന് തയാറാകുന്നു

കണ്ണൂര്‍:സ്‌കൂള്‍ കുട്ടികള്‍ക്ക് സുരക്ഷിതമായ ഒരു അധ്യയന വര്‍ഷം ഒരുക്കുന്നതിനുവേണ്ടിയുള്ള എല്ലാ നടപടികളും ബന്ധപ്പെട്ട വകുപ്പുകളുമായി ചേര്‍ന്ന് സമയബന്ധിതമായി പൂര്‍ത്തിയാക്കുവാന്‍ കലക്ടറേറ്റ് കോണ്‍ഫറന്‍സ് ഹാളില്‍ നടന്ന യോഗം തീരുമാനിച്ചു. സബ് കലക്ടര്‍ സന്ദീപ് കുമാറിന്റെ അധ്യക്ഷതയിലാണ് സ്‌കൂള്‍ തുറക്കുന്നതുമായി ബന്ധപ്പെട്ട മുന്നൊരുക്കങ്ങള്‍ ചര്‍ച്ച ചെയ്യുന്നതിനുള്ള യോഗം ചേര്‍ന്നത്.
ഇതുവരെ സ്‌കൂള്‍ തലങ്ങളില്‍ സ്വീകരിച്ച നടപടികള്‍ കണ്ണൂര്‍ പൊതു വിദ്യാഭ്യാസ ഡെപ്യൂട്ടി ഡയറക്ടര്‍ എ പി അംബിക യോഗത്തില്‍ വിശദീകരിച്ചു. യോഗത്തില്‍ കുട്ടികളുടെ സുരക്ഷ, പരിസര ശുചീകരണം, പ്രവേശനോത്സവം തുടങ്ങിയ കാര്യങ്ങള്‍ ചര്‍ച്ച ചെയ്തു.
പൊതു വിദ്യാഭ്യാസ വകുപ്പിന് കീഴില്‍ മൂന്ന് വിദ്യാഭ്യാസ ജില്ലകളിലായി 1285 സ്‌കൂളുകളാണ് ജില്ലയില്‍ ഉള്ളത്. ജില്ലാ തല പ്രവേശനോത്സവം ചിറ്റാരിപറമ്പ് ഗവ.ഹയര്‍ സെക്കണ്ടറി സ്‌കൂളില്‍ ജൂണ്‍ മൂന്നിന് നടക്കും.
യോഗത്തില്‍ ഡയറ്റ് പ്രിന്‍സിപ്പല്‍ വി വി പ്രേമരാജന്‍, ജില്ലാ പ്രോജക്ട് കോ ഓര്‍ഡിനേറ്റര്‍ ഇ സി വിനോദ് , ജില്ലാ വിദ്യാഭ്യാസ ഓഫീസര്‍മാര്‍, ഉപജില്ലാ വിദ്യാഭ്യാസ ഓഫീസര്‍മാര്‍ തുടങ്ങിയവര്‍ പങ്കെടുത്തു.

കണ്ണൂര്‍ ലോക്‌സഭാ മണ്ഡലത്തിലെ വോട്ടെണ്ണല്‍;ഉദ്യോഗസ്ഥരുടെ ഒന്നാം റാന്‍ഡമൈസേഷന്‍ പൂര്‍ത്തിയായി

ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ കണ്ണൂര്‍ ലോകസഭ മണ്ഡലത്തിലെ വോട്ടെണ്ണല്‍ കേന്ദ്രത്തിലേക്കുള്ള ഉദ്യോഗസ്ഥരുടെ ഒന്നാം റാന്‍ഡമൈസേഷന്‍ കഴിഞ്ഞ് ജില്ലാ കലക്ടര്‍ നിയമന ഉത്തരവ് പുറപ്പെടുവിച്ചു. കണ്ണൂര്‍ പാര്‍ലമെന്റ് മണ്ഡലത്തിലേക്കുള്ള വോട്ടുകള്‍ എണ്ണുന്നതിനായി കൗണ്ടിംഗ് സൂപ്പര്‍വൈസര്‍ , കൗണ്ടിംഗ് അസിസ്റ്റന്റ് എന്നിവര്‍ ഉള്‍പ്പെടുന്ന കൗണ്ടിംഗ് ടീമിനെയും മൈക്രോ ഒബ്‌സര്‍വര്‍മാരെയുമാണ് റിസര്‍വ് സഹിതം പോസ്റ്റ് ചെയ്തിട്ടുള്ളത്.

ഡ്യൂട്ടിക്ക് നിയോഗിച്ച ജീവനക്കാര്‍ക്കുള്ള പോസ്റ്റിംഗ് ഓര്‍ഡര്‍ ഓണ്‍ലൈനായി സ്ഥാപനമേധാവികള്‍ക്ക് ലഭ്യമാകും. പോസ്റ്റിംഗ് ഓര്‍ഡര്‍, ഓര്‍ഡര്‍ സോഫ്‌റ്റ്വെയര്‍ മുഖേന ഡൗണ്‍ലോഡ് ചെയ്ത് ഉടന്‍ തന്നെ അതത് ജീവനക്കാര്‍ക്ക് സ്ഥാപനമേധാവികള്‍ നല്‍കണമെന്ന് ജില്ലാ കളക്ടര്‍ അറിയിച്ചു. ജീവനക്കാര്‍ക്ക് ഓര്‍ഡര്‍ നല്‍കിയതിന്റെ സ്റ്റാറ്റസ് സ്ഥാപന മേധാവികള്‍ ഓര്‍ഡര്‍ സോഫ്‌റ്റ്വെയറില്‍ അപ്ഡേറ്റ് ചെയ്യണം.

ഉദ്യോഗസ്ഥര്‍ക്ക് പോസ്റ്റിംഗ് ഓര്‍ഡര്‍ www.order.ceo.kerala.gov.in ല്‍ ലഭ്യമാണ്. കൗണ്ടിംഗ് ഡ്യൂട്ടിക്ക് നിയോഗിച്ച മുഴുവന്‍ ഉദ്യോഗസ്ഥര്‍ക്കും മെയ് 21 ന് കണ്ണൂര്‍ കലക്ടറേറ്റ് ഓഡിറ്റോറിയത്തിലും ജില്ലാ പ്ലാനിംഗ് ഓഫീസ് ഹാളിലുമായി ആദ്യഘട്ട പരിശീലനം നല്‍കും. പോസ്റ്റിംഗ് ഓര്‍ഡറില്‍ തന്നെ പരിശീലന കേന്ദ്രം സംബന്ധിച്ച വിവരവും സമയവും രേഖപ്പെടുത്തിയിട്ടുണ്ട്.

തൃശൂരില്‍ 5 വയസുകാരന് മരുന്ന് മാറി നല്‍കി; മുണ്ടിനീരിന് കൊടുത്തത് പ്രെഷറിനുള്ള മരുന്ന്

തൃശൂരില്‍ അഞ്ച് വയസുകാരന് മരുന്ന് മാറിനല്‍കിയെന്ന പരാതി. ഡെപ്യൂട്ടി ഡിഎംഒ യുടെ നേതൃത്വത്തില്‍ അന്വേഷണം ആരംഭിച്ചു. വരന്തരപ്പിള്ളി കുടുംബാരോഗ്യകേന്ദ്രത്തിലെ ഫാര്‍മസിസ്റ്റിനെതിരെയാണ് പരാതി. ഡോക്ടര്‍ എഴുതി നല്‍കിയ ഗുളിക ഫാര്‍മസിസ്റ്റ് തെറ്റി നല്‍കിയതായാണ് പരാതി. ഈ മാസം മൂന്നിന് ആയിരുന്നു സംഭവം.

കുട്ടിയുടെ പിതാവ് കാരികുളം സ്വദേശി കബീറിന്റെ പരാതിയിലാണ് അന്വേഷണം. കടുത്തതലവേദനയും ഛര്‍ദിയും ഉണ്ടായതോടെ തൃശ്ശൂര്‍ മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ കുട്ടി വിദഗ്ധ ചികിത്സ തേടിയിരുന്നു.

പിന്നാലെയാണ് കുറിപ്പടിയിലെ മരുന്നും ഫാര്‍മസിസ്റ്റ് നല്‍കിയ മരുന്നും വേറെയാണെന്ന് കണ്ടെത്തിയത്. അതേസമയം ലിസ്റ്റിലുണ്ടായിരുന്ന മരുന്ന് സ്റ്റോക്കുണ്ടായിരുന്നില്ല എന്നാണ് ആശുപത്രി അധികൃതര്‍ അറിയിച്ചത്.

ഏലക്കയില്‍ കീടനാശിനി സാന്നിധ്യം; അരവണ നശിപ്പിക്കാന്‍ ടെന്‍ഡര്‍ ക്ഷണിച്ച് ദേവസ്വം ബോര്‍ഡ്

അരവണ നശിപ്പിക്കാന്‍ ടെന്‍ഡര്‍ ക്ഷണിച്ച് ദേവസ്വം ബോര്‍ഡ്.ഏലക്കയില്‍ കീടനാശിനി സാന്നിധ്യം കണ്ടെത്തിയതിനെ തുടര്‍ന്ന് ഹൈക്കോടതി വില്‍പ്പന തടഞ്ഞ അരവണയാണ് നശിപ്പിക്കുന്നത്.അഞ്ചു കോടിയില്‍ അധികം രൂപയുടെ അരവണയാണ് നശിപ്പിക്കേണ്ടത്.
അരവണ ശാസ്ത്രീയമായി നശിപ്പിക്കാനാണ് ഏജന്‍സികളില്‍ നിന്ന് താല്പര്യപത്രം ക്ഷണിച്ചിരിക്കുന്നത് .

വന്യമൃഗങ്ങള്‍ ഉള്ളതിനാല്‍ പമ്പയ്ക്ക് പുറത്ത് എത്തിച്ച് അരവണ നശിപ്പിക്കണം. അരവണ ടിന്നുകളില്‍ അയ്യപ്പന്റെ ചിത്രം ഉള്ളതിനാല്‍ വിശ്വാസത്തിനു മുറിവ് ഏല്പ്പ്പിക്കാത്ത രീതിയില്‍ നശിപ്പിക്കണം എന്നും ടെന്‍ഡര്‍ നോട്ടീസില്‍ ദേവസ്വം ബോര്‍ഡ് പറയുന്നു. ആരോഗ്യ, പരിസ്ഥിതി സുരക്ഷാ നടപടികള്‍ പാലിച്ചുകൊണ്ടായിരിക്കണം ഇതിനുള്ള നടപടികള്‍ സ്വീകരിക്കേണ്ടത്.

ആകെ 6,65,127 ടിന്നുകളുണ്ട്. 21-ാം തീയതി വൈകുന്നേരം വരെയാണ് ടെണ്ടര്‍ സമര്‍പ്പിക്കാനുള്ള തീയതി. കരാര്‍ ലഭിച്ചാല്‍ 45 ദിവസത്തിനകം നടപടികള്‍ പൂര്‍ത്തിയാക്കണം. ശാസ്ത്രീയ വൈദഗ്ദ്യമുള്ള സ്ഥാപനങ്ങളില്‍ നിന്നാണ് തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ് താത്പര്യപത്രം ക്ഷണിച്ചത്. വിശദാംശങ്ങള്‍ വെബ്‌സൈറ്റില്‍ പ്രസിദ്ധീകരിക്കുകയും ചെയ്തു.

സംസ്ഥാനത്ത് മഴ കനക്കുമെന്ന് മുന്നറിയിപ്പ്;പത്ത് ജില്ലകളില്‍ യെല്ലോ അലേര്‍ട്ട്

സംസ്ഥാനത്ത് മഴ കനക്കുമെന്ന് മുന്നറിയിപ്പ്. ഇന്ന് പത്ത് ജില്ലകളില്‍ യെല്ലോ അലേര്‍ട്ട് പ്രഖ്യാപിച്ചു. രണ്ട് ജില്ലകളില്‍ ഓറഞ്ച് അലേര്‍ട്ട് പ്രഖ്യാപിച്ചു. മലപ്പുറം, വയനാട് ജില്ലകളിലാണ് ഓറഞ്ച് അലേര്‍ട്ട്. തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ഇടുക്കി, പാലക്കാട്, കോഴിക്കോട്, കണ്ണൂര്‍, കാസര്‍ഗോഡ് ജില്ലകളിലാണ് യെല്ലോ അലേര്‍ട്ട്.

പാലക്കാടും, മലപ്പുറത്തും നാളെ ഓറഞ്ച് അലേര്‍ട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. ഞായറാഴ്ച പത്തനംതിട്ട, ആലപ്പുഴ, ഇടുക്കി ജില്ലകളില്‍ ഓറഞ്ച് അലേര്‍ട്ട് പുറപ്പെടുവിച്ചു.

തിങ്കളും ചൊവ്വയും സംസ്ഥാനത്ത് അതിതീവ്ര മഴയ്ക്ക് സാധ്യത എന്നാണ് പ്രവചനം. തിങ്കളും ചൊവ്വയും 14 ജില്ലകളിലും മഴമുന്നറിയിപ്പുണ്ട്. തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, എറണാകുളം, ഇടുക്കി ജില്ലകളില്‍ മെയ് 20,21 തിയതികള്‍ ഓറഞ്ച് അലേര്‍ട്ടുണ്ട്.

കോഴിക്കോട് വെസ്റ്റ് നൈല്‍ മരണം; സ്ഥിരീകരിച്ച് ആരോഗ്യ വകുപ്പ്

കോഴിക്കോട് വെസ്റ്റ് നൈല്‍ മരണം. തിങ്കളാഴ്ച മരിച്ച പതിമൂന്ന്കാരിക്ക് വെസ്റ്റ് നൈല്‍ സ്ഥിരീകരിച്ച് ആരോഗ്യ വകുപ്പ്. ബേപ്പൂര്‍ സ്വദേശിനിയായ പെണ്‍കുട്ടി കോഴിക്കോട് മെഡിക്കല്‍ കോളജില്‍ ചികിത്സയിലായിരുന്നു.

മരണം വെസ്റ്റ് നൈല്‍ മൂലമാണെന്ന് ഇന്നലെയാണ് ആരോഗ്യ വകുപ്പ് സ്ഥിരീകരിച്ചത്. മലപ്പുറം, കോഴിക്കോട് ജില്ലകളില്‍ വെസ്റ്റ് നൈല്‍ പനി കേസുകള്‍ റിപ്പോര്‍ട്ട് ചെയ്തിരുന്നു. ഈ പ്രദേശങ്ങളില്‍ ആരോഗ്യവകുപ്പ് ജാഗ്രത നിര്‍ദ്ദേശം പുറപ്പെടുവിച്ചിരുന്നു.

വൈറസ് മൂലമുണ്ടാകുന്ന ഒരു പകര്‍ച്ചവ്യാധിയാണ് വെസ്റ്റ് നൈല്‍ പനി. വെസ്റ്റ് നൈല്‍ വൈറസാണ് രോഗകാരി. ക്യൂലക്സ് കൊതുകുകളിലൂടെയാണ് ഇവ മനുഷ്യ ശരീരത്തിലേക്കെത്തുന്നത്. പക്ഷികളില്‍ നിന്ന് കൊതുകുകള്‍ വഴിയാണ് വൈറസ് മനുഷ്യരിലേക്കെത്തുന്നത്. മനുഷ്യരില്‍ നിന്ന് മനുഷ്യരിലേക്ക് നേരിട്ട് ഈ രോഗം പകരില്ല. തലവേദന, പനി, പേശിവേദന, തടിപ്പ്, തലചുറ്റല്‍, ഓര്‍മ നഷ്ടപ്പെടല്‍ എന്നിവയാണ് പ്രധാന ലക്ഷണങ്ങള്‍.

ആലപ്പുഴയില്‍ ഹൗസ് ബോട്ടില്‍ നിന്ന് വീണ് കര്‍ണാടക സ്വദേശി മരിച്ചു

ആലപ്പുഴയില്‍ ഹൗസ് ബോട്ടില്‍ നിന്ന് വീണ് ഒരാള്‍ മരിച്ചു. കര്‍ണാടക തുംകൂര്‍ സ്വദേശി ബാലകൃഷ്ണയാണ് മരിച്ചത്.

ഇന്നലെ രാത്രി 12 മണിയോടെയായിരുന്നു സംഭവം. കര്‍ണാടകയില്‍ നിന്ന് വന്ന 40 അംഗ സംഘത്തില്‍ പെട്ടയാളാണ് ബാലകൃഷ്ണ. രണ്ട് ബോട്ടുകളിലായാണ് സംഘം താമസിച്ചിരുന്നത്. ഒരു ബോട്ടില്‍ നിന്ന് മറ്റൊരു ബോട്ടിലേക്ക് കടക്കുമ്പോള്‍ കാല്‍ വഴുതി കായലില്‍ വീഴുകയായിരുന്നു.

ഒറ്റപ്പെട്ട ശക്തമായ മഴയ്ക്ക് സാധ്യത; ആറ് ജില്ലകളില്‍ യെല്ലോ അലേര്‍ട്ട്

സംസ്ഥാനത്ത് ഇന്ന് ഒറ്റപ്പെട്ട ശക്തമായ മഴയ്ക്ക് സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പിന്റെ മുന്നറിയിപ്പ്. പത്തനംതിട്ട, എറണാകുളം, ഇടുക്കി മലപ്പുറം, കോഴിക്കോട്, വയനാട് ജില്ലകളില്‍ യെല്ലോ മുന്നറിയിപ്പുണ്ട്. നാളെ മുതല്‍ അതിശക്തമായ മഴയ്ക്ക് സാധ്യതയുണ്ടെന്നും പ്രവചനമുണ്ട്.

പാലക്കാട്, മലപ്പുറം ജില്ലകളില്‍ നാളെ ഓറഞ്ച് അലര്‍ട്ട് നല്‍കിയിട്ടുണ്ട്. ഞായറാഴ്ച മൂന്നു ജില്ലകളിലുംതിങ്കളാഴ്ച തിരുവനന്തപുരം മുതല്‍ ഇടുക്കി വരെ ഏഴ് ജില്ലകളിലും ഓറഞ്ച് മുന്നറിയിപ്പുണ്ട്. മലയോര മേഖലകളില്‍ മഴ കനത്തേക്കും. മഴക്കൊപ്പം ഇടിമിന്നലിനും ശക്തമായ കാറ്റിനും സാധ്യതയുണ്ട്. തെക്കന്‍ തമിഴ് നാട് തീരത്തിനും കോമറിന്‍ മേഖലക്കും മുകളിലായി ചക്രവാതചുഴി നിലനില്‍ക്കുന്നു. ചക്രവാതചുഴിയില്‍ നിന്നും ലക്ഷദ്വീപിലേക്ക് ന്യുന മര്‍ദ്ദ പാത്തി സ്ഥിതി ചെയ്യുന്നു. ഇതിന്റെ ഫലമായി കേരളത്തിനു മുകളില്‍ തെക്ക് പടിഞ്ഞാറന്‍ കാറ്റ് ശക്തമാകുന്നതാണ് മഴ കനക്കാന്‍ കാരണം.

കുടുംബശ്രീയ്ക്ക് ഇന്ന് 26 വയസ്

സ്ത്രീശാക്തീകരണ രംഗത്ത് ലോകത്തിന് മുന്‍പില്‍ കേരളം വെച്ച മാതൃകയാണ് കുടുംബശ്രീ. ദാരിദ്ര്യം തുടച്ചുനീക്കാനും സംരംഭക രംഗത്ത് സാധാരണക്കാരായ സ്ത്രീകള്‍ക്ക് ശോഭിക്കാനും കുടുംബശ്രീ വഴിയൊരുക്കി. കുടുംബശ്രീ രൂപീകരണത്തിന്റെ ഇരുപത്തിയാറാം വാര്‍ഷികമാണിന്ന്.

സ്ത്രീകളുടെ സാമ്പത്തികവും സാമൂഹികവുമായ ശാക്തീകരണം ലക്ഷ്യമാക്കി 1998ലാണ് കുടുംബശ്രീ ആരംഭിക്കുന്നത്. മലപ്പുറത്ത് അന്നത്തെ പ്രധാനമന്ത്രി അടല്‍ ബിഹാരി വാജ്പേയീയാണ് ഉദ്ഘാടനം ചെയ്തത്. ദാരിദ്ര്യ നിര്‍മാര്‍ജനമായിരുന്നു ആദ്യ വര്‍ഷങ്ങളിലെ പ്രധാന ലക്ഷ്യം. ത്രിതല പഞ്ചായത്ത് സംവിധാനത്തിന്റെ മാതൃകയില്‍ സമൂഹത്തിന്റെ താഴേ തട്ടിലുള്ള വനിതകളെ ഒരുമിച്ചു കൂട്ടാനുള്ള പദ്ധതി വന്‍ വിജയമായി. ഓരോ പ്രദേശത്തെയും കുടുംബങ്ങളില്‍ നിന്ന് 18 വയസ്സ് പൂര്‍ത്തിയായ ഓരോ സ്ത്രീയെ വീതം ഉള്‍പ്പെടുത്തി പ്രവര്‍ത്തിക്കുന്ന 10 മുതല്‍ 20 വരെ അംഗങ്ങള്‍ ഉള്ള അയല്‍ക്കൂട്ടങ്ങളാണ് കുടുംബശ്രീയുടെ അടിസ്ഥാന ഘടകം. ഇത്തരം മൂന്ന് ലക്ഷത്തിലധികം അയല്‍ക്കൂട്ടങ്ങളിലായി 46.16 ലക്ഷം കുടുംബങ്ങള്‍ കുടുംബശ്രീയില്‍ അംഗങ്ങളാണ്.