Hivision Channel

നെയ്യാറ്റിന്‍കര ഗോപന്‍ സ്വാമിയുടെ മരണം; സമാധി അറ ഇന്ന് പൊളിക്കും

നെയ്യാറ്റിന്‍കരയില്‍ ഗോപന്‍ സ്വാമി എന്നറിയപ്പെടുന്ന ഗോപന്‍ എന്നയാളുടെ സമാധിയുമായി ബന്ധപ്പെട്ട് ദുരൂഹത തുടരുന്നതിനിടെ സമാധി അറ പൊളിക്കാന്‍ തീരുമാനം. സമാധി അറ പൊളിക്കാന്‍ കളക്ടര്‍ അനുമതി നല്‍കി. ആര്‍ഡിഒയുടെ സാനിധ്യത്തില്‍ അറ പൊളിക്കും. പോസ്റ്റ്‌മോര്‍ട്ടം ഇന്ന് തന്നെ നടത്താനും പോലീസ് നീക്കം.

ഗോപനെ ജീവനോടെയാണോ സമാധി ഇരുത്തിയത് അതോ മരണശേഷമാണോ എന്നുള്ള കാര്യമാണ് പൊലീസ് പ്രധാനമായും അന്വേഷിക്കുന്നത്. മക്കളുടെയടക്കം മൊഴികളിലുള്ള വൈരുധ്യം കേസിന്റെ ദുരൂഹത വര്‍ധിപ്പിക്കുന്നുണ്ട്. മരണസമയത്ത് മകന്‍ രാജസേനന്‍ ആയിരുന്നു കൂടെ ഉണ്ടായിരുന്നത്. സമാധിക്ക് സമയമായി എന്ന് പറഞ്ഞ് പിതാവ് അറയില്‍ ഇരുന്ന് മരിച്ചുവെന്നാണ് ഇയാളുടെ മൊഴി. മരണം സംഭവിച്ച ശേഷം കുളിപ്പിച്ച് സമാധി ഇരുത്തുകയായിരുന്നുവെന്ന് മറ്റൊരാള്‍ മൊഴി നല്‍കി. ‘ഗോപന്‍ സ്വാമി സമാധിയായി’ എന്ന പോസ്റ്റര്‍ മക്കള്‍ വീടിനു സമീപത്തെ മതിലുകളില്‍ പതിപ്പിച്ചപ്പോഴാണു സംഭവം നാട്ടുകാര്‍ അറിഞ്ഞത്.

ഗോപന്‍ വീട്ടുവളപ്പില്‍ ശിവക്ഷേത്രം നിര്‍മിച്ചു പൂജകള്‍ നടത്തിയിരുന്നതായി പൊലീസ് പറയുന്നു. ഇതിന് അടുത്ത് തന്നെ സമാധി അറ നിര്‍മിച്ചതും ഗോപന്‍ തന്നെയാണെന്നാണ് ഭാര്യയും മക്കളും പറയുന്നത്. മരണശേഷം ദൈവത്തിന്റെ അടുക്കല്‍ പോകണമെങ്കില്‍ മൃതദേഹം വീട്ടുകാരല്ലാതെ മറ്റാരെയും കാണിക്കരുതെന്നും സമാധി ഇരുത്തണമെന്നും ഗോപന്‍ നിര്‍ദേശം നല്‍കിയിരുന്നതായാണ് മക്കളുടെ മൊഴി.

അതേസമയം, വ്യാഴാഴ്ച 10.30ന് ഗോപന്‍ സ്വാമിയെ കാണുമ്പോള്‍ അദ്ദേഹം ഗുരുതരാവസ്ഥയില്‍ കിടപ്പിലായിരുന്നു എന്ന് വീട്ടിലെത്തിയ അടുത്ത ബന്ധു മൊഴി നല്‍കിയിട്ടുണ്ട്. നിലവില്‍ മാന്‍ മിസ്സിങ്ങിന് കേസെടുത്താണ് പോലീസ് അന്വേഷണം.അയല്‍വാസി നല്‍കിയ പരാതിയുടെ അടിസ്ഥാനത്തിലാണ് നിലവില്‍ പോലീസ് കേസ് എടുത്തിരിക്കുന്നത്. പ്രാഥമിക അന്വേഷണ റിപ്പോര്‍ട്ട് കഴിഞ്ഞദിവസം കലക്ടര്‍ക്ക് സമര്‍പ്പിച്ചിരുന്നു.

Leave a Comment

Your email address will not be published. Required fields are marked *