Hivision Channel

latest news

കൊവിഡ് വ്യാപനം; കേരളത്തിന് കേന്ദ്രത്തിന്റെ കത്ത്

കൊവിഡ് വ്യാപനത്തില്‍ കേരളമുള്‍പ്പടെ 7 സംസ്ഥാനങ്ങള്‍ക്ക് കത്തയച്ച് കേന്ദ്രം. ഒരു മാസമായി കേരളത്തില്‍ പ്രതിദിന കൊവിഡ് വര്‍ധന മാറ്റമില്ലാതെ തുടരുകയാണെന്നും സ്വീകരിക്കേണ്ട പ്രതിരോധ മാര്‍ഗങ്ങള്‍ സംബന്ധിച്ച് ആവര്‍ത്തിച്ച് അറിയിപ്പ് നല്‍കിയെന്നും വ്യക്തമാക്കിയാണ് കേന്ദ്ര ആരോഗ്യ മന്ത്രാലയം കത്തയച്ചിട്ടുള്ളത്. സംസ്ഥാനത്ത് അഞ്ച് ജില്ലകളില്‍ പത്ത് ശതമാനത്തിന് മുകളിലാണ് പോസിറ്റിവിറ്റി നിരക്ക് എന്നും കേന്ദ്രം ചൂണ്ടിക്കാട്ടിയിട്ടുണ്ട്. പതിമൂന്ന് ജില്ലകളില്‍ പരിശോധന കുറഞ്ഞതായും കേന്ദ്രം വിലയിരുത്തുന്നു. 1364 കേസുകളാണ് സംസ്ഥാനത്ത് ഇന്നലെ റിപ്പോര്‍ട്ട് ചെയ്തത്. രാജ്യത്തെ പ്രതിവാര കേസുകളുടെ 7.8 ശതമാനം കേരളത്തിലാണെന്നും കേന്ദ്രം ചൂണ്ടിക്കാട്ടുന്നു. സംസ്ഥാനത്തെ 10 ജില്ലകളില്‍ ഓഗസ്റ്റ് 4നും 28നും ഇടയിലുള്ള കാലയളവിലെ പരിശോധനകളുടെ എണ്ണത്തിലെ കുറവ് ചൂണ്ടിക്കാട്ടിയാണ് കേന്ദ്രത്തിന്റെ വിമര്‍ശനം. അഞ്ച് ജില്ലകളിലെ ഈ കാലയളവിലെ പ്രതിവാര കേസുകളുടെ എണ്ണത്തിലെ വര്‍ധനയും കേന്ദ്രം ചൂണ്ടിക്കാണിച്ചിട്ടുണ്ട്. ഓണം ഉള്‍പ്പെടെയുള്ള ആഘോഷങ്ങളുടെ ഭാഗമായി വരും ദിവസങ്ങളില്‍ ആളുകള്‍ ഒത്തുചേരാനുള്ള സാഹചര്യം നിലനില്‍ക്കുന്നതിനാല്‍ പ്രതിരോധ നടപടികള്‍ ഊര്‍ജിതമാക്കണമെന്നാണ് കേന്ദ്രത്തിന്റെ നിര്‍ദേശം. സംസ്ഥാനത്തിനകത്തും പുറത്തും നിരവധി പേര്‍ യാത്ര ചെയ്യാനുള്ള സാഹചര്യവും നിലനില്‍ക്കുകയാണ്. സംസ്ഥാനത്ത് പരിശോധനയും വാക്സിനേഷനും കൂട്ടാനും കേന്ദ്ര ആരോഗ്യ മന്ത്രാലയം നിര്‍ദേശം നല്‍കിയിട്ടുണ്ട്. കൂടുതല്‍ കേസുകള്‍ റിപ്പോര്‍ട്ട് ചെയ്യുന്ന ജില്ലകളില്‍ നിരീക്ഷണം ശക്തമാക്കാനും നിര്‍ദേശം നല്‍കി. ടിപിആര്‍ കൂടിയ ഇടങ്ങള്‍, രോഗ ക്ലസ്റ്ററുകള്‍ എന്നിവ കേന്ദ്രീകരിച്ച് പ്രതിരോധ നടപടികള്‍ ഊര്‍ജിതമാക്കാനും ആരോഗ്യ മന്ത്രാലയം സംസ്ഥാനത്തോട് ആവശ്യപ്പെട്ടു. പതിനെട്ട് വയസ്സിന് മുകളിലുളളവര്‍ക്ക് കേന്ദ്രം പ്രഖ്യാപിച്ചിട്ടുള്ള സൗജന്യ കരുതല്‍ ഡോസ് പ്രയോജനപ്പെടുത്താന്‍ കൂടുതല്‍ ഊര്‍ജിതമായി വാക്സിനേഷന്‍ ഡ്രൈവുകള്‍ സംഘടിപ്പിക്കാനും കേന്ദ്രം നിര്‍ദേശിച്ചു.

യൂണിഫോം സേനാ പരിശീലനം നേടിയ വിദ്യാര്‍ത്ഥികള്‍ ദുരന്ത മേഖലയില്‍ ശുചീകരണ പ്രവര്‍ത്തനം നടത്തി

പൂളക്കുറ്റി: കണ്ണൂര്‍ ജില്ലാ പഞ്ചായത്ത് മയ്യില്‍ ഡ്രോണ്‍ അക്കാദമിയുടെ സഹകരണത്തോടെ ആദിവാസി വിദ്യാര്‍ത്ഥികള്‍ക്കായി നടത്തുന്ന യൂണിഫോം സേന പരിശീലന ക്യാമ്പില്‍ പങ്കെടുത്ത വിദ്യാര്‍ത്ഥികള്‍ ഉരുള്‍പൊട്ടല്‍ മേഖലയില്‍ സേവന പ്രവര്‍ത്തനം നടത്തി. 100 വിദ്യാര്‍ത്ഥികളാണ് പൂളക്കുറ്റി ചെക്യേരി മേഖലകളില്‍ സേവന പ്രവര്‍ത്തനങ്ങള്‍ക്കായി എത്തിയത്. പരിപാടി ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡണ്ട് അഡ്വ. ബിനോയി കുര്യന്‍ ഉദ്ഘാടനം ചെയ്തു. ജില്ലാ പഞ്ചായത്ത് ക്ഷേമ കാര്യ സ്റ്റാന്‍ഡിംഗ് കമ്മിറ്റി ചെയര്‍മാന്‍ വി.കെ സുരേഷ് ബാബു അധ്യക്ഷത വഹിച്ചു. ജില്ലാ പഞ്ചായത്ത് അംഗം വി ഗീത, വാര്‍ഡ് മെമ്പര്‍ പി സജീവന്‍, അഡ്വ. എം രാജന്‍, പരിശീലകരായ രാജേഷ്, സുമേഷ് എന്നിവര്‍ പങ്കെടുത്തു.

രാജ്യത്ത് 19,406 പേര്‍ക്ക് കൂടി കൊവിഡ്; 49 മരണങ്ങള്‍

കഴിഞ്ഞ 24 മണിക്കൂറിനിടെ ഇന്ത്യയില്‍ 19,406 പുതിയ കൊവിഡ് കേസുകള്‍ റിപ്പോര്‍ട്ട് ചെയ്തു. കേന്ദ്ര ആരോഗ്യ മന്ത്രാലയത്തിന്റെ കണക്കുകള്‍ പ്രകാരം 49 മരണവും രേഖപ്പെടുത്തി. ഇതോടെ രാജ്യത്തെ മുഴുവന്‍ മരണസംഖ്യ 5,26,649 ആയി ഉയര്‍ന്നു.രാജ്യത്തെ ആകെ അണുബാധ നിരക്ക് 4,41,26,994 ആയി ഉയര്‍ന്നപ്പോള്‍ ചികിത്സയിലുള്ള രോഗികളുടെ എണ്ണം 1,35,364 ല്‍ നിന്ന് 1,34,793 ആയി കുറഞ്ഞു. ചികിത്സയിലുള്ള രോഗികളുടെ എണ്ണം മൊത്തം അണുബാധയുടെ 0.31 ശതമാനമാണ്. കഴിഞ്ഞ 24 മണിക്കൂറിനുള്ളില്‍ 19,928 പേര്‍ രോഗമുക്തി നേടിയതോടെ രോഗമുക്തി നേടിയവരുടെ എണ്ണം 4,34,65,552 ആയി ഉയര്‍ന്നു. ദേശീയ രോഗമുക്തി നിരക്ക് 98.50 ശതമാനമാണ്. സര്‍ക്കാര്‍ കണക്കുകള്‍ പ്രകാരം പ്രതിദിന പോസിറ്റിവിറ്റി നിരക്ക് 4.96 ശതമാനവും പ്രതിവാര പോസിറ്റിവിറ്റി നിരക്ക് 4.63 ശതമാനവുമാണ്. മൊത്തം 87.75 കോടി ടെസ്റ്റുകള്‍ ഇതുവരെ നടത്തിയിട്ടുണ്ടെന്നും ഇതില്‍ 3,91,187 ടെസ്റ്റുകള്‍ കഴിഞ്ഞ 24 മണിക്കൂറിനുള്ളില്‍ നടത്തിയതായും മന്ത്രാലയം അറിയിച്ചു. രാജ്യവ്യാപകമായി വാക്സിനേഷന്‍ ക്യാമ്പയിന് കീഴില്‍ ഇതുവരെ 205.92 കോടി ഡോസുകള്‍ നല്‍കിയിട്ടുണ്ട്.

സര്‍ക്കാര്‍ ജീവനക്കാരുടെ അവധിക്ക് നിയന്ത്രണം

സര്‍ക്കാര്‍ ജീവനക്കാരുടെ അവധിക്ക് നിയന്ത്രണം.അനിശ്ചിതകാല അവധിയെടുത്ത് മുങ്ങുന്നതിന് വിലക്ക്. സര്‍വീസ് കാലയളവില്‍ അഞ്ച് വര്‍ഷം മാത്രം ശൂന്യവേദന അവധി. 20 വര്‍ഷത്തെ അവധിയാണ് അഞ്ച് വര്‍ഷത്തേക്കായി കുറച്ചത്. അവധി ജനങ്ങളെ ബുദ്ധിമുട്ടിക്കുന്നുവെന്നാണ് സര്‍ക്കാര്‍ നിലപാട്. 5 വര്‍ഷത്തിന് ശേഷം ജോലിയില്‍ ഹാജരായില്ലെങ്കില്‍ പിരിച്ചുവിടും. സര്‍ക്കാര്‍ ജീവനക്കാരും അര്‍ധ സര്‍ക്കാര്‍ ജീവനക്കാരും ശൂന്യവേദന അവധി എടുക്കുന്നതില്‍ നിന്നാണ് സര്‍ക്കാര്‍ വിലക്കിയത്. സര്‍ക്കാര്‍ നടത്തിയ പരിശോധനയില്‍ സര്‍വീസില്‍ കയറിയ ശേഷം ജീവനക്കാര്‍ പത്തും ഇരുപതും വര്‍ഷത്തില്‍ കൂടുതല്‍ അവധി എടുത്ത് വിദേശത്തും മറ്റും ജോലി ചെയ്യുന്നതായി സര്‍ക്കാര്‍ കണ്ടെത്തിയിരുന്നു. ഇതേ തുടര്‍ന്നാണ് ഇക്കാര്യത്തില്‍ നിയന്ത്രണം കൊണ്ടുവരാന്‍ സര്‍ക്കാര്‍ തീരുമാനമെടുത്തത്. പുതിയ സര്‍വീസ് ഭേദഗതി അനുസരിച്ച ഒരു സര്‍വീസ് കാലയളവില്‍ 5 വര്‍ഷത്തേക്ക് മാത്രമായിരിക്കും ശൂന്യവേദന അവധി സര്‍ക്കാര്‍ അനുവദിക്കുക.

സെന്‍ട്രല്‍ മുരിങ്ങോടിയില്‍ വാഹനാപകടം

സെന്‍ട്രല്‍ മുരിങ്ങോടിയില്‍ വാഹനാപകടം. നിയന്ത്രണം വിട്ട ഇന്നോവ വൈദ്യുതി പോസ്റ്റിലിടിച്ചാണ് അപകടം ഉണ്ടായത്.

മേല്‍മുരിങ്ങോടിയില്‍ നിന്നും മുരിങ്ങോടി ഭാഗത്തേക്ക് അമിതവേഗത്തില്‍ വന്ന കെഎല്‍ 10 എ വി 3447 നമ്പര്‍ ഇന്നോവ നിയന്ത്രണം വിട്ട് വൈദ്യുത തൂണിലിടിച്ച് 50 മീറ്റളോളം നീങ്ങി എതിര്‍ ദിശയിലെ മതിലില്‍ ഇടിച്ചാണ് നിന്നത്.

ഇടിയുടെ ആഘാതത്തില്‍ വൈദ്യുത തൂണ്‍ പൊട്ടിവീണ് മുരിങ്ങോടി,സെന്‍ട്രല്‍ മുരിങ്ങോടി ഭാഗത്തേക്കുള്ള ഗതാഗതം തടസപ്പെട്ടിരുന്നു. കെ.എസ്.ഇ.ബി അധികൃതര്‍ സ്ഥലത്തെത്തി വൈദ്യുത കമ്പികള്‍ മുറിച്ചു മാറ്റിയാണ്
ഗതാഗതം പുനസ്ഥാപിച്ചത്.

പേരാവൂര്‍ പോലീസും സ്ഥലത്തെത്തിയിരുന്നു. അപകടത്തില്‍ ആര്‍ക്കും പരിക്കില്ല.

കേരള കര്‍ഷക സംഘം പേരാവൂര്‍ ഏരിയ സമ്മേളനം കേളകത്ത് തുടങ്ങി

കേളകം: കേരള കര്‍ഷക സംഘം പേരാവൂര്‍ ഏരിയ സമ്മേളനം കേളകത്ത് തുടങ്ങി. രണ്ട് ദിവസങ്ങളിലായി നടക്കുന്ന സമ്മേളനം കേളകം ഐശ്വര്യ ഓഡിറ്റോറിയത്തില്‍ പ്രത്യേകം സജ്ജീകരിച്ച പാലക്ക ബാലന്‍ നഗറില്‍ കര്‍ഷക സംഘം പേരാവൂര്‍ ഏരിയ പ്രസിഡണ്ട് കെ.പി സുരേഷ് കുമാര്‍ പതാക ഉയര്‍ത്തിയതിന് ശേഷം പുഷ്പാര്‍ച്ചന നടത്തി. തുടര്‍ന്ന് നടന്ന പ്രതിനിധി സമ്മേളനം കര്‍ഷക സംഘം സംസ്ഥാന കമ്മിറ്റി അംഗം ടി.എം ജോഷി ഉദ്ഘാടനം ചെയ്തു. കെ.പി സുരേഷ് കുമാര്‍ അധ്യക്ഷത വഹിച്ചു. എം. സനോജ് രക്തസാക്ഷി പ്രമേയവും, പ്രഹ്ലാദന്‍ അനുശോചന പ്രമേയവും അവതരിപ്പിച്ചു. കര്‍ഷക സംഘം സംസ്ഥാന കമ്മിറ്റി അംഗം അഡ്വ. കെ.ജെ ജോസഫ്, എന്‍.ആര്‍ സക്കീന, കര്‍ഷക സംഘം ജില്ലാ വൈസ് പ്രസിഡണ്ട് ഒ.കെ വാസു, ജില്ലാ കമ്മിറ്റി അംഗങ്ങളായ ഷൈലജ ചന്ദ്രന്‍, വി.ജി പത്ഭനാഭന്‍, എം.സി പവിത്രന്‍, ഏരിയ സെക്രട്ടറി എം.എസ് വാസുദേവന്‍, അഡ്വ. എം.രാജന്‍, സി.ടി അനീഷ് തുടങ്ങിയവര്‍ സംസാരിച്ചു.

മൂന്നാർ കുണ്ടള എസ്റ്റേറ്റ് പുതുക്കുടി ഡിവിഷനിൽ ഉരുൾപൊട്ടൽ.

രണ്ട് കടകളും ഒരു ക്ഷേത്രവും ഒരു ഓട്ടോറിക്ഷയും മണ്ണിനടിയിലായി. ആളപായമില്ല. രാത്രി ഒരു മണിയോടെയാണ് ഉരുൾപൊട്ടലുണ്ടായത്. അതിനാൽ പ്രദേശത്ത് ആളുകളുണ്ടായിരുന്നില്ല. പുതുക്കുടി ഡിവിഷനിൽ ദുരിതാശ്വാസ ക്യാമ്പ് തുറന്നു.  നാട്ടുകാർ അറിയിച്ചതനുസരിച്ചെത്തിയ പൊലീസ് ഫയർഫോഴ്സ് സംഘം 175 കുടുംബങ്ങളെ സ്ഥലത്ത് നിന്നും മാറ്റിപ്പാർപ്പിച്ചു. 

ഉരുൾപൊട്ടലിൽ മൂന്നാർ വട്ടവട സംസ്ഥാന പാതയിലെ പുതുക്കുടിയിൽ റോഡ് തകർന്ന നിലയിലാണ്. റോഡ് ഗതാഗതം തടസപ്പെട്ടതിനാൽ വട്ടവട ഒറ്റപ്പെട്ടു.

ഇവർ നെയ്തെടുക്കുന്നു പുതിയ സ്വപ്‌നങ്ങൾ

ചിറ്റാരിപറമ്പ്: ആദ്യം തൊഴിലായും പിന്നീട് കലയായും നെയ്ത്തിനെ ചേർത്തു പിടിച്ച ഇവർ ഇഴ തെറ്റാതെ ഊടും പാവും ചേർക്കുകയാണ്, ചിറ്റാരിപ്പറമ്പ് ഇരട്ടക്കുളങ്ങര ഖാദി കേന്ദ്രത്തിൽ മൂന്നു മാസമായി നെയ്ത്ത് പരിശീലനം നേടുകയാണ് 12 വനിതകൾ.

ഒരു തൊഴിൽ സാധ്യത എന്ന നിലയിലാണ് പരിശീലനത്തിനായി ചേർന്നതെങ്കിലും നെയ്ത്തെന്ന കലയെ നെഞ്ചോട് ചേർക്കുകയാണിവർ.പരമ്പരാഗതവും വരുംതലമുറക്ക് പകർന്നു നൽകേണ്ടതുമായ അറിവ് സ്വായത്തമാക്കുന്നതിന്റെ സന്തോഷവും അഭിമാനവും ഇവർക്കുണ്ട്. ഖാദി ഗ്രാമവ്യവസായ ബോർഡാണ് ചിറ്റാരിപ്പറമ്പ് പഞ്ചായത്തിലെ വനിതാ വ്യവസായ കേന്ദ്രത്തിൽ പരിശീലന കേന്ദ്രം ഒരുക്കിയത്. 

ആറുമാസത്തെ പരിശീലനത്തിൽ പ്രതിമാസം 2000 രൂപ വീതം സ്‌റ്റൈപ്പെൻഡ് ലഭിക്കും. ഇത് പൂർത്തിയായാൽ അതേ കേന്ദ്രത്തിൽ മിനിമം വേതനവും ആനുകൂല്യങ്ങളും ലഭിക്കുന്ന തൊഴിലാളിയായി മാറും. പരിശീലന കേന്ദ്രവും ആൾക്കാരെയും തെരഞ്ഞെടുത്തത് പഞ്ചായത്താണ്. 65 അപേക്ഷകൾ ലഭിച്ചു. തറികളുടെ ലഭ്യതക്കനുസരിച്ച് ആദ്യഘട്ടത്തിൽ 12 ബി പി എൽ കുടുംബങ്ങളെ തെരഞ്ഞെടുത്തു. നിലവിൽ ഏഴ് തറികളാണ് ഖാദി ബോർഡ് സ്ഥാപിച്ചിട്ടുള്ളത്.

11 പേർ നെയ്യുന്നു. ഒരാൾ നൂൽ ചുറ്റുന്നു. ഖാദി ബോർഡ് ഇൻസ്ട്രക്ടറാണ് പരിശീലനം നൽകുന്നത്. പ്രവൃത്തി ദിവസങ്ങളിൽ രാവിലെ ഒമ്പത് മുതൽ വൈകിട്ട് അഞ്ചു വരെയാണ് സമയം. ഇരട്ടക്കുളങ്ങര ജനകീയ മന്ദിരത്തിൽ കൂടി പരിശീലനം ഏർപ്പെടുത്താനുള്ള ആലോചനയിലാണ് പഞ്ചായത്ത്. ഖാദി മേഖലയിലൂടെ 50 പേർക്കെങ്കിലും തൊഴിൽ ലഭ്യമാക്കാനാണ് പഞ്ചായത്തിന്റെ ലക്ഷ്യമെന്ന് പ്രസിഡണ്ട് വി ബാലൻ പറഞ്ഞു.

കെ.വി തോമസ് രക്തസാക്ഷിത്വത്തിന്റെ ഭാഗമായി പുഷ്പാര്‍ച്ചന നടത്തി

കോളയാട്: മണ്ഡലം കോണ്‍ഗ്രസ് കമ്മറ്റിയുടെ നേതൃത്വത്തില്‍ കെ.വി.തോമസ് മുപ്പത്തൊന്‍പതാമത് രക്തസാക്ഷിത്വത്തിന്റെ ഭാഗമായി പുഷ്പാര്‍ച്ചന നടത്തി. കൊമ്മേരി ഓര്‍ത്തഡോക്‌സ് പള്ളി സെമിത്തേരിയിലെ കല്ലറയില്‍ നടന്ന പുഷ്പാര്‍ച്ചനയ്ക്ക് ഡി.സി.സി പ്രസിഡണ്ട് അഡ്വ. മാര്‍ട്ടിന്‍ ജോര്‍ജ് നേതൃത്വം നല്‍കി. ഡി.സി.സി സെക്രട്ടറിമാരായ മുഹമ്മദ് ഫൈസല്‍, സി.ജി തങ്കച്ചന്‍, പാപ്പച്ചന്‍ മാസ്റ്റര്‍, കാഞ്ഞിരോളി രാഘവന്‍, സാജന്‍ ചെറിയാന്‍, കെ.എം രാജന്‍, കെ.വി.ജോസഫ്, ബിജു കാപ്പാടന്‍ എന്നിവര്‍ പങ്കെടുത്തു.

എക്‌സൈസ് കണ്‍ട്രോള്‍ റൂം ആരംഭിച്ചു

ഓണാഘോഷത്തോടനുബന്ധിച്ച് അനധികൃത മദ്യത്തിന്റെയും മയക്കുമരുന്നുകളുടെയും കടത്തും വിപണനവും സംഭരണവും തടയാന്‍ എക്‌സൈസ് വകുപ്പ് വെള്ളിയാഴ്ച മുതല്‍ തീവ്ര പരിശോധന ആരംഭിച്ചു. ഇരിട്ടി എക്‌സൈസ് സര്‍ക്കിള്‍ ഓഫീസ് കേന്ദ്രീകരിച്ച് താലൂക്ക് തലത്തില്‍ 24 മണിക്കൂറും പ്രവര്‍ത്തിക്കുന്ന സ്‌പെഷല്‍ കണ്‍ട്രോള്‍ റൂം പ്രവര്‍ത്തനം ആരംഭിച്ചു. എക്‌സൈസ് സര്‍ക്കിള്‍ ഇന്‍സ്‌പെക്ടറുടെ നേതൃത്വത്തില്‍ ഇരിട്ടി, പേരാവൂര്‍, മട്ടന്നൂര്‍ റെയിഞ്ചുകളിലായി സ്‌ട്രൈക്കിംഗ് ഫോഴ്‌സ് ടീം പ്രവര്‍ത്തിക്കും. കണ്‍ട്രോള്‍ റൂമില്‍ ലഭിക്കുന്ന പരാതികളില്‍ ഉടന്‍ നടപടികള്‍ സ്വീകരിക്കും. അതിര്‍ത്തി പ്രദേശങ്ങള്‍, കോളനികള്‍ എന്നിവിടങ്ങളില്‍ പ്രത്യേക ശ്രദ്ധ കേന്ദ്രീകരിച്ച് ശക്തമായ പരിശോധന നടത്തും. കര്‍ണാടക സംസ്ഥാനത്ത് നിന്നും വരുന്ന അനധികൃത മയക്ക് മരുന്ന്, മദ്യം എന്നിവയുടെ കടത്ത് തടയുന്നതിന് ആവശ്യമായ നടപടികള്‍ സ്വീകരിക്കും. ഇതര സംസ്ഥാന തൊഴിലാളികളുടെ കേന്ദ്രങ്ങളിലും താമസസ്ഥലങ്ങളിലും നിരീക്ഷണം ശക്തമാക്കും. ചെക്ക് പോസ്റ്റുകളില്‍ കര്‍ശന പരിശോധന നടത്തുമെന്നും എക്‌സൈസ് സര്‍ക്കിള്‍ ഇന്‍സ്‌പെക്ടര്‍ പി.കെ.സതീഷ് കുമാര്‍ അറിയിച്ചു. പൊതു ജനങ്ങള്‍ക്ക് വിവരങ്ങള്‍ നല്‍കുന്നതിനുള്ള ഫോണ്‍ നമ്പര്‍: എക്‌സൈസ് സര്‍ക്കിള്‍ ഓഫീസ് ഇരിട്ടി 04902 472205, എക്‌സൈസ് റെയിഞ്ച് ഓഫീസ് മട്ടന്നൂര്‍ 04902 473660, എക്‌സൈസ് റെയിഞ്ച് ഓഫീസ് പേരാവൂര്‍ 04902 446 800, എക്‌സൈസ് റെയിഞ്ച് ഓഫീസ് ഇരിട്ടി – 04902 494666.