Hivision Channel

latest news

വയനാട് ഉരുള്‍പൊട്ടല്‍; പ്രത്യേക സഹായം വേണമെന്ന കേരളത്തിന്റെ ആവശ്യം പരിഗണനയിലെന്ന് കേന്ദ്രം

മുണ്ടക്കൈ ചൂരല്‍മല ഉരുള്‍പൊട്ടലില്‍ പ്രത്യേക സഹായം വേണമെന്ന കേരളത്തിന്റെ ആവശ്യം പരിഗണനയിലെന്ന് കേന്ദ്രം. ഹൈക്കോടതിയിലാണ് കേന്ദ്ര സര്‍ക്കാര്‍ ഇക്കാര്യം അറിയിച്ചത്. വയനാടിന്റെ പുനരധിവാസത്തിന് കേന്ദ്രത്തില്‍ നിന്ന് പ്രത്യേക സഹായം വേണമെന്ന് സംസ്ഥാന സര്‍ക്കാര്‍ കോടതിയില്‍ ആവശ്യപ്പെട്ടു പ്രത്യേക ഫണ്ട് അനുവദിച്ചിട്ടില്ലെന്ന ആക്ഷേപവും സര്‍ക്കാര്‍ ഉന്നയിച്ചു. വയനാട് പുനരധിവാസവുമായി ബന്ധപ്പെട്ട കേസില്‍ വാദം കേള്‍ക്കവേയാണ് കേന്ദ്രം നിലപാട് അറിയിച്ചത്.

2024 -25 സാമ്പത്തിക വര്‍ഷത്തില്‍ 2 തവണയായി 388 കോടി രൂപ അനുവദിച്ചെന്നും കഴിഞ്ഞ വര്‍ഷത്തെ ഫണ്ട് കൂടി ചേര്‍ത്ത് ഇത് 700 കോടിക്ക് മുകളില്‍ വരുമെന്നും കേന്ദ്രം ഹൈക്കോടതിയില്‍ വാദിച്ചു. എന്നാല്‍ വയനാടിന് വേണ്ടി പ്രത്യേകം ഫണ്ട് അനുവദിച്ചിട്ടില്ലെന്നായിരുന്നു കേരളത്തിന്റെ പ്രതിരോധം. വയനാടിന് സ്പെഷ്യല്‍ ഫണ്ട് അനുവദിക്കണമെന്നും കേരളം ആവശ്യമുന്നയിച്ചു.

വിദേശ തൊഴില്‍ തട്ടിപ്പ് തടയാന്‍ ശക്തമായ നടപടിയുമായി സംസ്ഥാന സര്‍ക്കാര്‍

വിദേശത്തേക്കുള്ള അനധികൃത റിക്രൂട്ട്മെന്റും വീസ തട്ടിപ്പുകളും തടയുന്നതിന് ശക്തമായ നടപടിയുമായി സംസ്ഥാന സര്‍ക്കാര്‍. ഇത്തരം തട്ടിപ്പുകള്‍ തടയുന്നതിന് ഫലപ്രദമായ നടപടി ഉറപ്പുവരുത്തുന്നതിനായി നോര്‍ക്ക റൂട്ട്സ് ചീഫ് എക്സിക്യുട്ടീവ് ഓഫീസര്‍, തിരുവനന്തപുരം, എറണാകുളം എന്നിവിടങ്ങളിലെ പ്രൊട്ടക്ടര്‍ ഓഫ് ഇമിഗ്രന്റ്സ് ഉദ്യോഗസ്ഥര്‍, എന്‍ആര്‍ഐ സെല്‍ പോലീസ് സൂപ്രണ്ട് എന്നിവര്‍ അംഗങ്ങളായി ടാസ്‌ക്ഫോഴ്സ് രൂപീകരിച്ച് പ്രവാസികാര്യ വകുപ്പ് സെക്രട്ടറി ഡോ. കെ. വാസുകി ഉത്തരവായി.

റിക്രൂട്ട്മെന്റ് സംബന്ധിച്ച പരാതികളില്‍ കര്‍ശനമായ നടപടികള്‍ സ്വീകരിക്കാന്‍ ലക്ഷ്യമിട്ടുള്ള നോര്‍ക്കയുടെ ഓപ്പറേഷന്‍ ശുഭയാത്രയുടെ ഭാഗമായാണ് ശക്തമായ ഈ നീക്കം. റിക്രൂട്ട്മെന്റിന് അംഗീകാരമുള്ളവരും ഇല്ലാത്തവരും വിവിധ തൊഴിലുകളുടെ പേരില്‍ പണം വാങ്ങി ആളുകളെ വിദേശത്തേക്ക് കടത്തുന്നതുമായി ബന്ധപ്പെട്ട് നിരവധി പരാതികള്‍ ലഭിക്കുന്നുണ്ട്. ഇത്തരം പരാതികളുടെ അന്വേഷണ പുരോഗതി ടാസ്‌ക്ഫോഴ്സ് എല്ലാ മാസവും യോഗം ചേര്‍ന്നു വിലയിരുത്തും.

കൂടാതെ എന്‍ജിഒ ആയ പ്രവാസി ലീഗല്‍ സെല്‍ സമര്‍പ്പിച്ച ശുപാര്‍ശകള്‍ പ്രകാരം റിക്രൂട്ട്‌മെന്റ് തട്ടിപ്പുകള്‍ തടയുന്നതിന് ഫലപ്രദവും കര്‍ശനവുമായ നടപടികള്‍ക്കായി അടിയന്തര നടപടി സ്വീകരിക്കണമെന്ന് വിദേശകാര്യ മന്ത്രാലയത്തോട് അഭ്യര്‍ഥിക്കും. എന്‍ആര്‍ഐ സെല്ലിനെ ശക്തിപ്പെടുത്തുന്നതിനും എന്‍ആര്‍ഐ സെല്ലിന് മാത്രമായി ഒരു സൈബര്‍ സെല്‍ രൂപീകരിക്കുന്നതിനും അടിയന്തര നടപടി സ്വീകരിക്കാന്‍ സംസ്ഥാന പോലീസ് മേധാവിക്കും എന്‍ആര്‍ഐ സെല്ലിലെ പോലീസ് സൂപ്രണ്ടിനും നിര്‍ദേശം നല്‍കി.

വിദ്യാര്‍ഥികളുടെ കുടിയേറ്റത്തില്‍ ഏര്‍പ്പെട്ടിരിക്കുന്ന റിക്രൂട്ട്‌മെന്റ് ഏജന്‍സികളെ നിയന്ത്രിക്കുന്നതിന് നിയമനിര്‍മാണം, നിയമ ചട്ടക്കൂട് ഉണ്ടാക്കുന്നതിനുള്ള സാധ്യത പരിശോധിക്കാന്‍ നിയമ വകുപ്പിന് നിര്‍ദേശം നല്‍കി. റിക്രൂട്ട്‌മെന്റ് ഫീസുമായി ബന്ധപ്പെട്ട ഇടപാടുകള്‍ നിരീക്ഷിക്കുന്നതിന് ബാങ്കുകളുമായും ധനകാര്യ സ്ഥാപനങ്ങളുമായും സഹകരിച്ച് അസാധാരണമോ, സംശയാസ്പദമായതോ ആയ ഇടപാടുകള്‍ ബാങ്കുകള്‍ക്ക് അധികൃതരെ അറിയിക്കാന്‍ കഴിയുമോയെന്ന് പരിശോധിച്ച് റിപ്പോര്‍ട്ട് നല്‍കാന്‍ പ്ലാനിംഗ് ആന്‍ഡ് ഇക്കണോമിക് അഫയേഴ്സ് ഡിപ്പാര്‍ട്ട്മെന്റിന് നിര്‍ദേശം നല്‍കി.

ആലുവയില്‍ ജിം ട്രെയിനറെ കൊലപ്പെടുത്തിയ സംഭവം; പ്രതി പിടിയില്‍

ആലുവയില്‍ ജിം ട്രെയിനറെ കൊലപ്പെടുത്തിയ സംഭവത്തില്‍ മണിക്കൂറുകള്‍ക്കുള്ളില്‍ പ്രതി പിടിയില്‍. ആലുവ ചുണങ്ങുംവേലില്‍ ഫിറ്റ്‌നെസ് സെന്റര്‍ നടത്തുന്ന കൃഷ്ണ പ്രതാപാണ് എടത്തല പൊലീസിന്റെ പിടിയിലായത്. ജിമ്മിലെ ട്രെയിനറായ കണ്ണൂര്‍ സ്വദേശി സാബിത്ത് ആണ് കൊല്ലപ്പെട്ടത്. സംഭവത്തിനുശേഷം ബന്ധുവീട്ടില്‍ ഒളിവില്‍ കഴിയുകയായിരുന്ന കൃഷ്ണ പ്രതാപിനെ പൊലീസ് പിടികൂടുകയായിരുന്നു.

ജിം നടത്തിപ്പുക്കാരനായ കൃഷ്ണ പ്രതാപിന്റെ കൂടെയാണ് സാബിത്ത് ജോലി ചെയ്തിരുന്നത്. സാമ്പത്തിക ഇടപാടുകളെ ചൊല്ലി ഇരുവരും തമ്മില്‍ തര്‍ക്കമുണ്ടായിരുന്നുവെന്നും ഇതാണ് കൊലപാതകത്തില്‍ കലാശിച്ചതെന്നും പൊലീസ് അറിയിച്ചു. ചുണങ്ങം വേലിയിലെ വാടക വീടിന് മുന്നിലാണ് യുവാവിനെ പുലര്‍ച്ചെ മരിച്ച നിലയില്‍ കണ്ടെത്തിയത്. തുടര്‍ന്ന് പൊലീസ് നടത്തിയ അന്വേഷണത്തിലാണ് കൊലപാതകമാണെന്ന് വ്യക്തമായത്. സംഭവം നടന്ന മണിക്കൂറുകള്‍ക്കുള്ളിലാണ് പ്രതിയെ പൊലീസ് പിടികൂടിയത്.

സ്വര്‍ണവില കുതിച്ചുയരുന്നു

സംസ്ഥാനത്ത് സ്വര്‍ണവില കുതിച്ചുയരുന്നു.തുടര്‍ച്ചയായ മൂന്നാം ദിവസമാണ് സ്വര്‍ണവില സര്‍വകാല റെക്കോഡ് തിരുത്തുന്നത്. പവന് 640 രൂപ കൂടി 57,920 രൂപയും ഗ്രാമിന് 80 രൂപ ഉയര്‍ന്ന് 7,240 രൂപയുമാണ് ഇന്നത്തെ വില.

രാജ്യാന്തര വിപണിയില്‍ സ്വര്‍ണം ഔണ്‍സിന് റെക്കോഡ് നിലവാരമായ 2,700 ഡോളറിന് മുകളിലാണ് വ്യാപാരം നടത്തുന്നത്. ഇതിന്റെ ചുവട് പിടിച്ചാണ് ഇന്ത്യന്‍ വിപണിയിലും വില കുതിച്ചത്. ഉത്സവ-വിവാഹ സീസണിലെ വിലക്കയറ്റം ഉപഭോക്താക്കള്‍ക്ക് തിരിച്ചടിയാകും. ഈ മാസം ഇതുവരെ ഒരു പവന് കൂടിയത് 1,520 രൂപയാണ്. 10 ശതമാനം പണിക്കൂലിയും ജി.എസ്.ടിയും ചേര്‍ത്ത് 65,000 രൂപയിലേറെ ചെലവാകും.

നവീന്‍ ബാബുവിന് വീഴ്ചയില്ല; കളക്ടറുടെ റിപ്പോര്‍ട്ട് പുറത്ത്

എഡിഎം നവീന്‍ ബാബുവിന് വീഴ്ച പറ്റിയിട്ടില്ലെന്ന് കളക്ടറുടെ റിപ്പോര്‍ട്ട് പുറത്ത്. ഫയല്‍ നീക്കത്തിന്റെ നാള്‍വഴികള്‍ ഉള്‍പ്പെടുത്തിയായിരുന്നു റിപ്പോര്‍ട്ട്. എന്‍ഒസി നല്‍കുന്നതില്‍ നവീന്‍ കാലതാമസം വരുത്തിയിട്ടില്ല.
വിവിധ വകുപ്പുകളുടെ അനുമതിക്കായുള്ള കാലതാമസം മാത്രമാണ് ഉണ്ടായത്.സര്‍ക്കാര്‍ ഉത്തരവ് പ്രകാരമാണ് കളക്ടറുടെ അന്വേഷണ റിപ്പോര്‍ട്ട്.

കണ്ണൂരില്‍ നിന്ന് പത്തനംതിട്ടയിലേക്കുള്ള സ്ഥലംമാറ്റവുമായി ബന്ധപ്പെട്ട യാത്രയയപ്പ് ചടങ്ങില്‍ ക്ഷണിക്കാതെയെത്തിയ പി പി ദിവ്യ നടത്തിയ അധിക്ഷേപകരമായ പ്രസംഗത്തിന് പിന്നാലെയായിരുന്നു നവീന്‍ ബാബുവിനെ വീടിനുള്ളില്‍ മരിച്ച നിലയില്‍ കണ്ടെത്തിയത്.

കണ്ണൂര്‍ ചെങ്ങളായിയിലെ പെട്രോള്‍ പമ്പുമായി ബന്ധപ്പെട്ടായിരുന്നു വിവാദം. പരിയാരം മെഡിക്കല്‍ കോളേജിലെ കരാര്‍ തൊഴിലാളിയായ പ്രശാന്താണ് പെട്രോള്‍ പമ്പ് തുടങ്ങാന്‍ അനുമതിക്കായി എഡിഎമ്മിനെ സമീപിച്ചത്. പെട്രോള്‍ പമ്പിന് എന്‍ഒസി വേണമെന്നായിരുന്നു ആവശ്യം. എന്നാല്‍ പമ്പ് സ്ഥാപിക്കാന്‍ ഉദ്ദേശിച്ച സ്ഥലത്തോട് ചേര്‍ന്ന് റോഡില്‍ വളവുണ്ടായിരുന്നതിനാല്‍ അതിന് അനുമതി നല്‍കുന്നതിന് പ്രയാസമുണ്ടായിരുന്നു. എന്നാല്‍ സ്ഥലംമാറ്റമായി കണ്ണൂര്‍ വിടുന്നതിന് രണ്ട് ദിവസം മുന്‍പ് നവീന്‍ ബാബു പമ്പിന് എന്‍ഒസി നല്‍കി. ഇത് വൈകിപ്പിച്ചെന്നും പണം വാങ്ങിയാണ് അനുമതി നല്‍കിയതെന്നുമാണ് പിപി ദിവ്യ യാത്രയയപ്പ് പരിപാടിയില്‍ ആരോപിച്ചത്. ഇതിന് പിന്നാലെയാണ് തൊട്ടടുത്ത ദിവസം രാവിലെ എഡിഎമ്മിനെ മരിച്ച നിലയില്‍ കണ്ടെത്തിയത്.

അയ്യപ്പ ഭക്തര്‍ക്കായി തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ് റേഡിയോ പ്രക്ഷേപണം തുടങ്ങുന്നു

ലോകമെമ്പാടുമുള്ള അയ്യപ്പ ഭക്തര്‍ക്കായി തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ് റേഡിയോ പ്രക്ഷേപണം തുടങ്ങുന്നു. ശബരിമല തീര്‍ത്ഥാടകര്‍ക്കും വിശ്വാസികള്‍ക്കുമായാണ് സന്നിധാനത്ത് തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡിന്റെ പുതിയ ചുവടുവെപ്പ് . പ്രക്ഷേപണം പൂര്‍ണ്ണമായും ബോര്‍ഡിന്റെ നിയന്ത്രണത്തില്‍ ആയിരിക്കും . ഹരിവരാസനം എന്ന പേരിലായിരിക്കും ഇന്റര്‍നെറ്റ് റേഡിയോ. ലോകത്ത് എവിടെയിരുന്നും റേഡിയോ കേള്‍ക്കാം എന്നുള്ളതാണ് പ്രത്യേകത. ഭാവിയില്‍ കമ്മ്യൂണിറ്റി റേഡിയോയായി മാറ്റാനും സാധ്യതയുണ്ട്. ഇതിന് സന്നദ്ധരായ കമ്പനികളില്‍നിന്ന് താല്‍പര്യപത്രം ഉടന്‍ ക്ഷണിക്കും. റേഡിയോ മേഖലയില്‍ 15 വര്‍ഷത്തെ പ്രവര്‍ത്തിപരിചയം ഉള്ളവര്‍ക്കാണ് പരിഗണന നല്കുക.

24 മണിക്കൂറും റേഡിയോ പ്രക്ഷേപണം ഉണ്ടാകും. ശബരിമലയുമായി ബന്ധപ്പെട്ട അറിയിപ്പുകള്‍, പ്രത്യേക സെഗ്മെന്റുകള്‍, റേഡിയോ അവതാരകരുമായി സംവദിക്കാനുള്ള അവസരം എന്നിവയും ഹരിവരാസനം റേഡിയോയില്‍ ഉണ്ടാകും.

എട്ടാം ക്ലാസില്‍ ഈ വര്‍ഷം സബ്ജക്ട് മിനിമം നടപ്പിലാക്കും; മന്ത്രി വി ശിവന്‍കുട്ടി

കണ്ണൂര്‍:എട്ടാം ക്ലാസില്‍ ഈ വര്‍ഷവും അടുത്ത വര്‍ഷം ഒമ്പതാം ക്ലാസിലും അതിന്റെ അടുത്ത വര്‍ഷം പത്താം ക്ലാസിലും സബ്ജക്ട് മിനിമം നടപ്പിലാക്കുമെന്ന് പൊതുവിദ്യാഭ്യാസ വകുപ്പ് മന്ത്രി വി ശിവന്‍കുട്ടി പറഞ്ഞു.
ദേശീയ അധ്യാപക ക്ഷേമ ഫൗണ്ടേഷന്റെ കീഴില്‍ പ്രവര്‍ത്തിക്കുന്ന കണ്ണൂര്‍ ശിക്ഷക്‌സദന്റെ നവീകരണംപൂര്‍ത്തീകരണത്തിന്റെയും പുതിയ ഹാളിന്റെയും ഉദ്ഘാടനം നിര്‍വഹിച്ച് സംസാരിക്കുകയായിരുന്നു മന്ത്രി.
സബ്ജക്ട് മിനിമം നടപ്പിലാക്കുന്നതിന് എല്ലാ അധ്യാപകരുടെയും പിന്തുണയും സഹായവും മന്ത്രി അഭ്യര്‍ഥിച്ചു. നമ്മുടെ കുട്ടികള്‍ ഒരു വിഷയത്തിലും മോശപ്പെടാന്‍ പാടില്ല. എല്ലാ വിഷയത്തിലും മിനിമം മാര്‍ക്ക് വാങ്ങേണ്ടതായിട്ടുണ്ട്. ഏതെങ്കിലും ഒരു കുട്ടിക്ക് ഏതെങ്കിലും വിഷയത്തില്‍ മാര്‍ക്ക് കുറഞ്ഞാല്‍ രണ്ടാഴ്ചയ്ക്കകം വീണ്ടും പരീക്ഷയെഴുതാനാവും. ഓള്‍ പ്രമോഷനില്‍ മാറ്റം വന്നാലേ മതിയാവൂ എന്നും മന്ത്രി പറഞ്ഞു.
ഭിന്നശേഷി കുട്ടികളുടെ അധ്യാപകര്‍ അവരെ സ്വന്തം മക്കളെ പോലെ പരിചരിക്കുന്നവരാണ്. സര്‍ക്കാര്‍/എയ്ഡഡ് മേഖലയിലെ ഈ അധ്യാപകര്‍ക്ക് കൂടുതല്‍ ആനുകൂല്യം നല്‍കുന്നതും സ്‌കൂളുകളില്‍ കൂടുതല്‍ ഉപകരണങ്ങള്‍ നല്‍കുന്നതും സര്‍ക്കാറിന്റെ സജീവ പരിഗണനയിലാണെന്ന് മന്ത്രി പറഞ്ഞു.
ഏകദേശം ഒന്നരക്കോടി രൂപ ചെലവഴിച്ചാണ് കണ്ണൂര്‍ ശിക്ഷക്സദന്‍ നവീകരിച്ചത്. എയര്‍ കണ്ടീഷന്‍ ചെയ്ത ഓഡിറ്റോറിയം, മിനി ഹാള്‍, ഡൈനിംഗ് ഹാള്‍, 14 ഡബ്ള്‍റൂം, ആറ് ഡോര്‍മിറ്ററികള്‍ എന്നിവയാണ് സജ്ജീകരിച്ചത്. മൂന്ന് നിലകളിലായാണ് നിര്‍മ്മാണം. ലിഫ്റ്റ് സൗകര്യവും ഒരുക്കിയിട്ടുണ്ട്. അധ്യാപകര്‍ക്ക് മികച്ച സൗകര്യങ്ങള്‍ നല്‍കുന്നതിനുളള ശ്രമങ്ങള്‍ ഇനിയും ഉണ്ടാകുമെന്നും മന്ത്രി പറഞ്ഞു.
രജിസ്‌ട്രേഷന്‍ വകുപ്പ് മന്ത്രി രാമചന്ദ്രന്‍ കടന്നപ്പള്ളി അധ്യക്ഷനായി. ദേശീയ അധ്യാപകഫൗണ്ടേഷന്‍ കേരള അസി സെക്രട്ടറി ആര്‍ സുനില്‍കുമാര്‍ റിപ്പോര്‍ട്ട് അവതരിപ്പിച്ചു. കണ്ണൂര്‍ കോര്‍പ്പറേഷന്‍ കൗണ്‍സിലര്‍ അഡ്വ പി കെ അന്‍വര്‍, കണ്ണൂര്‍ ജില്ലാ വിദ്യാഭ്യാസ ഉപഡയറക്ടര്‍ കെ എന്‍ ബാബു മഹേശ്വരി പ്രസാദ്, കണ്ണൂര്‍ റീജിയണല്‍ ഡെപ്യൂട്ടി ഡയറക്ടര്‍ ആര്‍ രാജേഷ് കുമാര്‍, പയ്യന്നൂര്‍ വിഎച്ച്എസ് സി അസി ഡയറക്ടര്‍ ഉദയകുമാരി, വിദ്യാകിരണം ജില്ലാ കോഡിനേറ്റര്‍ കെ സി സുധീര്‍, ദേശീയ അധ്യാപക ക്ഷേമ ഫൗണ്ടേഷന്‍ സംസ്ഥാന പ്രവര്‍ത്തക സമിതി അംഗം കെ സി സ്‌നേഹശ്രീ, എകെ ബീന എന്നിവര്‍ സംസാരിച്ചു.

ഇനി മുതല്‍ ട്രെയിന്‍ ടിക്കറ്റ് ബുക്കിങ്ങ് 60 ദിവസം മുമ്പ് മാത്രം; നിയന്ത്രണവുമായി റെയില്‍വേ

റെയില്‍വേ ടിക്കറ്റ് ബുക്കിങ്ങിന് നിയന്ത്രണം ഏര്‍പ്പെടുത്തി റെയില്‍വേ ബോര്‍ഡ്. ഇനി മുതല്‍ 60 ദിവസം മുമ്പ് മാത്രമെ ടിക്കറ്റ് ബുക്ക് ചെയ്യാനാകു. നേരത്തെ 120 ദിവസം മുമ്പ് ടിക്കറ്റ് ബുക്ക് ചെയ്യാമെന്ന സമയപരിധിയാണിപ്പോള്‍ വെട്ടിച്ചുരുക്കിയിരിക്കുന്നത്. 4 മാസം മുന്‍പ് ബുക്ക് ചെയ്തശേഷം യാത്രയടുക്കുമ്പോള്‍ ടിക്കറ്റ് റദ്ദാക്കുന്ന പ്രവണത കൂടി വരുന്നതിനാലാണ് നിയമത്തില്‍ മാറ്റം വരുത്തിയത്. നിയന്ത്രണം നവംബര്‍ 1 മുതല്‍ പ്രാബല്യത്തില്‍ വരും. 31 വരെ ബുക്ക് ചെയ്തിട്ടുള്ള എല്ലാ ടിക്കറ്റുകളും നിലനില്‍ക്കും.വിദേശ വിനോദസഞ്ചാരികള്‍ക്ക് 365 ദിവസം മുന്‍പ് ടിക്കറ്റെടുക്കാമെന്ന നിയമം തുടരും.

പുതിയമാറ്റം യാത്രക്കാരെ സഹായിക്കാനാണെന്നാണ് റെയില്‍വേ നല്‍കുന്ന വിശദീകരണം. എന്നാല്‍ മുന്‍കൂട്ടിയുള്ള ബുക്കിങ്ങ് 60 ദിവസത്തിലേക്ക് ചുരുക്കുമ്പോള്‍ വെയിറ്റിംഗ് ലിസ്റ്റിലെ യാത്രക്കാരുടെ എണ്ണത്തിലും കുറവു വരുത്തുമെന്നാണ് സൂചന.

അതേസമയം, അടുത്ത അഞ്ച് മുതല്‍ ആറ് വര്‍ഷത്തിനുള്ളില്‍ വെയ്റ്റിംഗ് ലിസ്റ്റുകളുടെ ദീര്‍ഘകാല പ്രശ്‌നം പരിഹരിക്കുന്നതിനുള്ള പദ്ധതികള്‍ ഉള്‍പ്പടെ ഐആര്‍സിടിസി അടുത്തിടെ നിരവധി മാറ്റങ്ങളുമായി മുന്നോട്ട് വന്നിരുന്നു. ടിക്കറ്റ് ബുക്കിംഗ് മുതല്‍ യാത്രാ ആസൂത്രണം, ഇന്ത്യന്‍ റെയില്‍വേയുമായി വ്യക്തികള്‍ ഇടപഴകുന്ന രീതിയില്‍ വിപ്ലവം സൃഷ്ടിക്കല്‍ തുടങ്ങി നിരവധി സേവനങ്ങള്‍ യാത്രക്കാര്‍ക്ക് പ്രയോജനപ്പെടുന്ന റെയില്‍വേ സൂപ്പര്‍ ആപ്പ് പുറത്തിറക്കാനും പദ്ധതി ആവുകയാണ്.

ട്രെയിനുകളിലെ ഭക്ഷണത്തിന്റെ ഗുണനിലവാരം എന്നിവ നിരീക്ഷിക്കുന്നതിന് മാത്രമല്ല പകരം സ്ലീപ്പര്‍ യാത്രകള്‍ ഒപ്റ്റിമൈസ് ചെയ്യുന്നതിനും അക പ്രാപ്തമാക്കിയ ക്യാമറകള്‍ നടപ്പിലാക്കാനും പദ്ധതിയുണ്ട്. റിസര്‍വേഷന്‍ ചാര്‍ട്ട് തയ്യാറാക്കിയതിന് ശേഷം ഡാറ്റ വിശകലനം ചെയ്ത് സീറ്റ് ലഭ്യത പ്രവചിച്ചാണ് ഇത് ചെയ്യുന്നത്.

ചെറുതേനീച്ച വളര്‍ത്തല്‍ പരിശീനം

ഇരിട്ടി:ഫെഡ്ഫാം ഫാര്‍മേഴ്‌സ് ക്ലബിന്റെ ആഭിമുഖ്യത്തില്‍ ക്ലബംഗങ്ങള്‍ക്ക് ഇരിട്ടി ഫാല്‍ക്കണ്‍ പ്ലാസ ഓഡിറ്റോറിയത്തില്‍ വെച്ച് ചെറുതേനീച്ച വളര്‍ത്തല്‍ പരിശീലനം നല്‍കി.കര്‍ഷകര്‍ക്ക് തങ്ങളുടെ കൃഷിയോടൊപ്പം നടത്താവുന്നതും മികച്ച വരുമാനം നേടിത്തരുന്നതുമാണ് ചെറുതേനീച്ച വളര്‍ത്തല്‍.750 മില്ലി ചെറുതേനിന് മാര്‍ക്കറ്റില്‍ ഏകദേശം 3000 രൂപ വിലയുണ്ട്.തേനീച്ചപ്പെട്ടി നിര്‍മ്മാണം,സെറ്റ് പിരിക്കല്‍,തേനെടുക്കല്‍,ക്ഷുദ്രജീവികളില്‍ നിന്ന് തേനീച്ചകളെ സംരക്ഷിക്കല്‍ എന്നിവയിലാണ് പരിശീലനം നല്‍കിയത്.പ്രസിഡ്ന്റ് ജോസ് ജോര്‍ജ് അധ്യക്ഷത വഹിച്ചു.സംസ്ഥാന സര്‍ക്കാറിന്റെ കര്‍ഷകോത്തമ അവാര്‍ഡ് ജേതാവ് ഉളിക്കല്ലിലെ ഷാജിമാത്യു ക്ലാസ് നയിച്ചു.ഷാജിമാത്യുവിനെ ഫെഡ്ഫാം രക്ഷാധികരി അഡ്വ.കെ .കെ .മാത്യു പൊന്നാട അണിയിച്ചു.കെ ദിവാകരന്‍ മാസ്റ്റര്‍ ഉപഹാരം നല്‍കി.സെക്രട്ടറി എന്‍. വി.ജോസഫ്,ട്രഷറര്‍ സിറിയക് പാറയ്ക്കല്‍,ഇരിട്ടി ഫെഡറല്‍ ബാങ്ക് മാനേജര്‍ വി രാകേശ്.വി.ജി.സുനില്‍,സ്റ്റീഫന്‍ മാത്യു എന്നിവര്‍ സംസാരിച്ചു.

നടി നെയ്യാറ്റിന്‍കര കോമളം അന്തരിച്ചു

പ്രേംനസീറിന്റെ ആദ്യ നായിക നെയ്യാറ്റിന്‍കര കോമളം അന്തരിച്ചു. പാറശ്ശാല സരസ്വതി ആശുപത്രിയില്‍ വച്ചായിരുന്നു അന്ത്യം. കഴിഞ്ഞ കുറച്ച് നാളായി അസുഖ ബാധിതയായി ചികിത്സയിലായിരുന്നു.

മലയാള സിനിമയിലെ ആദ്യകാല നായികയായിരുന്നു കോമളം. പ്രേം നസീറിന്റെ ആദ്യ ചിത്രമായ മരുമകളില്‍ കോമളം നായികയായി എത്തി. 1955ല്‍ പുറത്ത് വന്ന ന്യൂസ്‌പേപ്പര്‍ ബോയ് ശ്രദ്ധേയ ചിത്രം. ഇതില്‍ കല്ല്യാണിയമ്മ എന്ന വേഷത്തിലായിരുന്നു കോമളം എത്തിയത്. ശേഷം വനമാല, ആത്മശാന്തി, സന്ദേഹി തുടങ്ങിയ സിനിമകളിലും അവര്‍ അഭിനയിച്ചു.