Hivision Channel

എട്ടാം ക്ലാസില്‍ ഈ വര്‍ഷം സബ്ജക്ട് മിനിമം നടപ്പിലാക്കും; മന്ത്രി വി ശിവന്‍കുട്ടി

കണ്ണൂര്‍:എട്ടാം ക്ലാസില്‍ ഈ വര്‍ഷവും അടുത്ത വര്‍ഷം ഒമ്പതാം ക്ലാസിലും അതിന്റെ അടുത്ത വര്‍ഷം പത്താം ക്ലാസിലും സബ്ജക്ട് മിനിമം നടപ്പിലാക്കുമെന്ന് പൊതുവിദ്യാഭ്യാസ വകുപ്പ് മന്ത്രി വി ശിവന്‍കുട്ടി പറഞ്ഞു.
ദേശീയ അധ്യാപക ക്ഷേമ ഫൗണ്ടേഷന്റെ കീഴില്‍ പ്രവര്‍ത്തിക്കുന്ന കണ്ണൂര്‍ ശിക്ഷക്‌സദന്റെ നവീകരണംപൂര്‍ത്തീകരണത്തിന്റെയും പുതിയ ഹാളിന്റെയും ഉദ്ഘാടനം നിര്‍വഹിച്ച് സംസാരിക്കുകയായിരുന്നു മന്ത്രി.
സബ്ജക്ട് മിനിമം നടപ്പിലാക്കുന്നതിന് എല്ലാ അധ്യാപകരുടെയും പിന്തുണയും സഹായവും മന്ത്രി അഭ്യര്‍ഥിച്ചു. നമ്മുടെ കുട്ടികള്‍ ഒരു വിഷയത്തിലും മോശപ്പെടാന്‍ പാടില്ല. എല്ലാ വിഷയത്തിലും മിനിമം മാര്‍ക്ക് വാങ്ങേണ്ടതായിട്ടുണ്ട്. ഏതെങ്കിലും ഒരു കുട്ടിക്ക് ഏതെങ്കിലും വിഷയത്തില്‍ മാര്‍ക്ക് കുറഞ്ഞാല്‍ രണ്ടാഴ്ചയ്ക്കകം വീണ്ടും പരീക്ഷയെഴുതാനാവും. ഓള്‍ പ്രമോഷനില്‍ മാറ്റം വന്നാലേ മതിയാവൂ എന്നും മന്ത്രി പറഞ്ഞു.
ഭിന്നശേഷി കുട്ടികളുടെ അധ്യാപകര്‍ അവരെ സ്വന്തം മക്കളെ പോലെ പരിചരിക്കുന്നവരാണ്. സര്‍ക്കാര്‍/എയ്ഡഡ് മേഖലയിലെ ഈ അധ്യാപകര്‍ക്ക് കൂടുതല്‍ ആനുകൂല്യം നല്‍കുന്നതും സ്‌കൂളുകളില്‍ കൂടുതല്‍ ഉപകരണങ്ങള്‍ നല്‍കുന്നതും സര്‍ക്കാറിന്റെ സജീവ പരിഗണനയിലാണെന്ന് മന്ത്രി പറഞ്ഞു.
ഏകദേശം ഒന്നരക്കോടി രൂപ ചെലവഴിച്ചാണ് കണ്ണൂര്‍ ശിക്ഷക്സദന്‍ നവീകരിച്ചത്. എയര്‍ കണ്ടീഷന്‍ ചെയ്ത ഓഡിറ്റോറിയം, മിനി ഹാള്‍, ഡൈനിംഗ് ഹാള്‍, 14 ഡബ്ള്‍റൂം, ആറ് ഡോര്‍മിറ്ററികള്‍ എന്നിവയാണ് സജ്ജീകരിച്ചത്. മൂന്ന് നിലകളിലായാണ് നിര്‍മ്മാണം. ലിഫ്റ്റ് സൗകര്യവും ഒരുക്കിയിട്ടുണ്ട്. അധ്യാപകര്‍ക്ക് മികച്ച സൗകര്യങ്ങള്‍ നല്‍കുന്നതിനുളള ശ്രമങ്ങള്‍ ഇനിയും ഉണ്ടാകുമെന്നും മന്ത്രി പറഞ്ഞു.
രജിസ്‌ട്രേഷന്‍ വകുപ്പ് മന്ത്രി രാമചന്ദ്രന്‍ കടന്നപ്പള്ളി അധ്യക്ഷനായി. ദേശീയ അധ്യാപകഫൗണ്ടേഷന്‍ കേരള അസി സെക്രട്ടറി ആര്‍ സുനില്‍കുമാര്‍ റിപ്പോര്‍ട്ട് അവതരിപ്പിച്ചു. കണ്ണൂര്‍ കോര്‍പ്പറേഷന്‍ കൗണ്‍സിലര്‍ അഡ്വ പി കെ അന്‍വര്‍, കണ്ണൂര്‍ ജില്ലാ വിദ്യാഭ്യാസ ഉപഡയറക്ടര്‍ കെ എന്‍ ബാബു മഹേശ്വരി പ്രസാദ്, കണ്ണൂര്‍ റീജിയണല്‍ ഡെപ്യൂട്ടി ഡയറക്ടര്‍ ആര്‍ രാജേഷ് കുമാര്‍, പയ്യന്നൂര്‍ വിഎച്ച്എസ് സി അസി ഡയറക്ടര്‍ ഉദയകുമാരി, വിദ്യാകിരണം ജില്ലാ കോഡിനേറ്റര്‍ കെ സി സുധീര്‍, ദേശീയ അധ്യാപക ക്ഷേമ ഫൗണ്ടേഷന്‍ സംസ്ഥാന പ്രവര്‍ത്തക സമിതി അംഗം കെ സി സ്‌നേഹശ്രീ, എകെ ബീന എന്നിവര്‍ സംസാരിച്ചു.

Leave a Comment

Your email address will not be published. Required fields are marked *