Hivision Channel

latest news

നവജാത ശിശുവിന്റെ തുടയില്‍ വാക്‌സിനേഷന് ഉപയോഗിച്ച സൂചി കണ്ടെത്തി; കണ്ണൂര്‍ പരിയാരം ഗവ. മെഡിക്കല്‍ കോളജില്‍ ചികിത്സാ പിഴവെന്ന് പരാതി

വാക്‌സിനെടുത്ത നവജാത ശിശുവിന്റെ തുടയില്‍ നിന്ന് ഇഞ്ചക്ഷന്‍ ചെയ്യാന്‍ ഉപയോഗിച്ച സൂചി കണ്ടെത്തി. മറ്റൊരു ആശുപത്രിയിലെ ചികിത്സയ്ക്കിടെയാണ് സൂചി കണ്ടെത്തുന്നത്. കണ്ണൂര്‍ പരിയാരം ഗവ. മെഡിക്കല്‍ കോളജില്‍ ചികിത്സ പിഴവെന്ന് പരാതി. സംഭവത്തില്‍ കുഞ്ഞിന്റെ കുടുംബം മുഖ്യമന്ത്രിക്ക് പരാതി നല്‍കി. കണ്ണൂര്‍ പെരിങ്ങോത്തെ ശ്രീജു രേവതി ദമ്പതികളുടെ മകളുടെ തുടയില്‍ നിന്നാണ് സൂചി പുറത്തെടുത്തത്. വിഷയത്തില്‍ അന്വേഷണം ആരംഭിച്ച ആരോഗ്യവകുപ്പ് ആശുപത്രിയുടെ ഭാഗത്ത് നിന്ന് വീഴ്ച പറ്റിയിട്ടുണ്ടെങ്കില്‍ കര്‍ശന നടപടിയെടുക്കുമെന്ന് വ്യക്തമാക്കിയിട്ടുണ്ട്.

കഴിഞ്ഞ മാസം 24 നായിരുന്നു രേവതിയുടെ പ്രസവം പരിയാരം മെഡിക്കല്‍ കോളജില്‍ നടന്നത്. പിന്നീട് 22 മണിക്കൂറിനുള്ളില്‍ എടുക്കേണ്ട രണ്ട് വാക്സിന്‍ എടുത്തതിന് ശേഷം അമ്മയെയും കുഞ്ഞിനേയും ആശുപത്രിയില്‍ നിന്ന് ഡിസ്ചാര്‍ജ് ചെയ്യുകയായിരുന്നു. കുഞ്ഞിന് വാക്‌സിനേഷന്‍ എടുത്ത ഭാഗത്ത് കുരുപോലെ വന്ന് പഴുക്കാന്‍ തുടങ്ങി. തുടര്‍ന്ന് ഇതേ ആശുപത്രിയില്‍ കാണിച്ചപ്പോള്‍ മരുന്ന് തന്ന് വിടുകയായിരുന്നു. പിന്നെ വീണ്ടും കുരുപോലെ വലുതായി വരാന്‍ തുടങ്ങി. പിന്നീട് സ്വകാര്യ ആശുപത്രിയിലെ കാഷ്വാലിറ്റിയില്‍ പോയി കാണിച്ച് പഴുപ്പ് കുത്തിയെടുക്കുമ്പോഴാണ് സൂചി പുറത്തുവന്നത്. വാക്‌സിനേഷന്‍ സമയത്ത് അമ്മയുടെ കയ്യില്‍ നിന്ന് കുഞ്ഞിനെ വാങ്ങികൊണ്ടുപോയി എടുത്തശേഷം തിരിച്ചുകൊണ്ടുവരുകയായിരുന്നു. നിയമനടപടിയുമായി മുന്നോട്ട് പോകാനാണ് കുടുബത്തിന്റെ തീരുമാനം.

രാജ്യത്ത് ഏറ്റവും കൂടുതല്‍ കൊവിഡ് മരണം കേരളത്തില്‍, കഴിഞ്ഞ വര്‍ഷം കേരളത്തില്‍ 66 കൊവിഡ് മരണം: കേന്ദ്ര ആരോഗ്യമന്ത്രാലയം

രാജ്യത്ത് ഏറ്റവും കൂടുതല്‍ കൊവിഡ് മരണം സംഭവിച്ചത് കേരളത്തിലാണെന്ന് കേന്ദ്രസര്‍ക്കാരിന്റെ കണക്ക്. കഴിഞ്ഞ വര്‍ഷം കേരളത്തില്‍ കൊവിഡ് ബാധിച്ചുമരിച്ചത് 66 പേരാണെന്ന് കേന്ദ്ര ആരോഗ്യമന്ത്രി ജെപി നദ്ദ ലോക്സഭയില്‍ പറഞ്ഞു. കഴിഞ്ഞവര്‍ഷം 5597 പേര്‍ക്ക് കേരളത്തില്‍ കൊവിഡ് സ്ഥിരീകരിച്ചു. 2023ല്‍ 516 മരണമാണ് കേരളത്തില്‍ റിപ്പോര്‍ട്ട് ചെയ്തതെന്നും കേന്ദ്രസര്‍ക്കാരിന്റെ കണക്കുകള്‍ വ്യക്തമാക്കുന്നു.

കൊവിഡ് മരണം കൂടുതല്‍ റിപ്പോര്‍ട്ട് ചെയ്തത് കേരളത്തിലാണെങ്കിലും ഏറ്റവും കൂടുതല്‍ കൊവിഡ് കേസുകള്‍ റിപ്പോര്‍ട്ട് ചെയ്തത് കര്‍ണാടകയിലാണെന്ന് കണക്കുകള്‍ പറയുന്നു. 2024ല്‍ 7252 കൊവിഡ് കേസുകളാണ് കര്‍ണാടകയില്‍ റിപ്പോര്‍ട്ട് ചെയ്തത്. കര്‍ണാടകയില്‍ കഴിഞ്ഞ വര്‍ഷം 39 കൊവിഡ് മരണങ്ങളും മഹാരാഷ്ട്രയില്‍ കഴിഞ്ഞ വര്‍ഷം 35 കൊവിഡ് മരണങ്ങളും സംഭവിച്ചതായാണ് കണക്ക്. മഹാരാഷ്ട്രയില്‍ ഇക്കാലയളവില്‍ 5658 കൊവിഡ് കേസുകളാണ് റിപ്പോര്‍ട്ട് ചെയ്തത്.

വളരെ പരിമിതമായ കൊവിഡ് പരിശോധനകള്‍ മാത്രമാണ് ഇപ്പോള്‍ രാജ്യത്ത് നടന്നുവരുന്നത്. പനിയുമായി ആശുപത്രിയിലെത്തുന്ന എല്ലാവരോടും ആര്‍ടിപിസിആര്‍ പരിശോധന നടത്താന്‍ നിര്‍ബന്ധിക്കാറില്ല. ഗുരുതരമായ ശ്വസനസംബന്ധമായ പ്രശ്നങ്ങളുള്ളവര്‍ക്കാണ് നിലവില്‍ കൊവിഡ് പരിശോധന നടത്തുന്നത്. കൊവിഡ് കേസുകള്‍ ഇപ്പോഴും റിപ്പോര്‍ട്ട് ചെയ്യപ്പെടുന്നുണ്ടെങ്കിലും സമൂഹത്തിന്റെയാകെ ശരാശരി കൊവിഡ് പ്രതിരോധം മെച്ചപ്പെട്ടിട്ടുണ്ടെന്നും രോഗം മൂലമുണ്ടാകുന്ന ബുദ്ധിമുട്ടുകള്‍ കുറഞ്ഞുവരികയാണെന്നും ഐഎംഎ അറിയിച്ചു.

നബീസ വധക്കേസ്; പ്രതികള്‍ക്ക് ജീവപര്യന്തവും രണ്ട് ലക്ഷം രൂപ വീതം പിഴയും ശിക്ഷ

മണ്ണാര്‍ക്കാട് നബീസ വധക്കേസില്‍ പ്രതികള്‍ക്ക് ജീവപര്യന്തം തടവും രണ്ട് ലക്ഷം രൂപ പിഴയും വിധിച്ച് കോടതി. നോമ്പുകഞ്ഞിയില്‍ വിഷം കലര്‍ത്തി ഭര്‍ത്താവിന്റെ മുത്തശ്ശിയെ കൊലപ്പെടുത്തിയ കേസിലാണ് ഫസീലയ്ക്കും ഫസീലയുടെ ഭര്‍ത്താവും നബീസയുടെ ചെറുമകനുമായ ബഷീറിനും ജീവപര്യന്തവും പിഴയും വിധിച്ചിരിക്കുന്നത്. തെളിവ് നശിപ്പിച്ചതിന് ഒന്നാം പ്രതി ബഷീറിന് ഏഴ് വര്‍ഷം അധിക ശിക്ഷയും കോടതി വിധിച്ചു.

പ്രമാദമായ കൂടത്തായി കേസിനോട് സാമ്യതകള്‍ ഏറെയുളള തോട്ടര സ്വദേശിനിയായ നബീസ വധക്കേസില്‍ 9 വര്‍ഷങ്ങള്‍ക്ക് ശേഷമാണ് പ്രതികള്‍ക്ക് ശിക്ഷവിധിച്ചത്. പുണ്യമാസത്തില്‍ മനുഷ്യമനസാക്ഷിയെ ഞെട്ടിച്ച കൊലപാതകം പദ്ധതിയിട്ടത് നബീസയുടെ പേരക്കുട്ടി ബഷീറും ഭാര്യ ഫസീലയും ചേര്‍ന്നാണ്. നോമ്പ് തുറക്കാനെന്ന വ്യാജേന വീട്ടിലേക്ക് വിളിച്ച് വരുത്തിയാണ് 71കാരിയായ നബീസയെ അതിക്രൂരമായി കൊലപ്പെടുത്തിയത്. ചീരക്കറിയില്‍ വിഷം കലര്‍ത്തി നല്‍കിയായിരുന്നു ആദ്യശ്രമം. ഇത് പാളിയെന്നുറപ്പായതോടെ രാത്രിയില്‍ ബലമായി വായിലേക്ക് വിഷം ഒഴിച്ചുനല്‍കി മരണം ഉറപ്പിച്ചു. ഒരു ദിവസം മൃതദേഹം വീട്ടില്‍ സൂക്ഷിച്ച് തൊട്ടടുത്ത് ദിവസം റോഡിലുപേക്ഷിച്ചു. എഴുത്തും, വായനയും അറിയാത്ത നബീസയുടെ സഞ്ചിയില്‍ നിന്നും കണ്ടെടുത്ത കത്താണ് അന്വേഷണത്തില്‍ വഴിത്തിരിവായതെന്ന് പൊലീസ് പറഞ്ഞു.മൃതദേഹം റോഡരികില്‍ കണ്ട കാര്യം ബഷീര്‍ തന്നെയായിരുന്നു പൊലീസിനോട് വിളിച്ചു പറഞ്ഞത്.കേസന്വേഷണത്തിനെന്ന വ്യാജേന പ്രതികളെ വിളിച്ചു വരുത്തി അറസ്റ്റ് ചെയ്യുകയായിരുന്നു.

അതേസമയം, നിരവധി കേസുകളില്‍ പ്രതിയായ ഫസീലയോട് നബീസക്കുണ്ടായിരുന്ന താത്പര്യക്കുറവാണ് കൊലപാതകത്തിലേക്ക് നയിച്ചത്. തൃപ്പുണ്ണിത്തറയില്‍ പര്‍ദ്ദ ധരിച്ചെത്തി മുളകുപൊടി സ്പ്രേ ചെയ്ത് പണവും ആഭരണവും കവര്‍ച്ച ചെയ്ത കേസിലും,കല്ലേക്കാട് ബ്ലോക്കോഫീസിനു സമീപത്തെ ഫ്ലാറ്റില്‍ നിന്ന് സ്വര്‍ണം കവര്‍ന്ന കേസിലുമടക്കം നിരവധി ക്രിമിനല്‍ കേസുകളിലെ പ്രതിയാണ് ഫസീല.വല്യുമ്മയുടെ താത്പര്യക്കുറവ് പ്രകോപനകാരണമായപ്പോള്‍ കൂട്ടുനിന്നത് സ്വന്തം ഭര്‍ത്താവും. ബഷീറിന്റെ രക്ഷിതാക്കളുടെ മരണത്തിലും ഫസീലക്ക് പങ്കുണ്ടെന്ന് ബന്ധുക്കള്‍ ആരോപണം ഉന്നയിച്ചിരുന്നു. മെത്തോമൈന്‍ എന്ന വിഷപദാര്‍ത്ഥം നല്‍കി പിതാവിനെ കൊലപ്പെടുത്താന്‍ ശ്രമിച്ചെന്നായിരുന്നു പരാതി ഉയര്‍ന്നിരുന്നത്.

പെന്‍ഷന്‍ അപാകത പരിഹരിക്കണമെന്നാവശ്യപ്പെട്ട് ആറളം ഫാം ഇ പി എഫ് പെന്‍ഷന്‍ അസോസിയേഷന്‍ ഭാരവാഹികള്‍ കേന്ദ്ര മന്ത്രിക്ക് നിവേദനം നല്‍കി

കണ്ണൂര്‍:അന്‍പതു വയസു മുതല്‍ കുറഞ്ഞ നിരക്കില്‍ ഇ പി എഫ് പെന്‍ഷന്‍ വാങ്ങുന്ന ആറളം ഫാമിലെ തൊഴിലാളികളുടെ പെന്‍ഷന്‍ സംബന്ധമായ അപാകതകള്‍ പരിഹരിക്കണമെന്നാവശ്യപ്പെട്ട് ആറളം ഫാം ഇ പി എഫ് പെന്‍ഷന്‍ അസോസിയേഷന്‍ ഭാരവാഹികളുടെ നേതൃത്വത്തില്‍ കേന്ദ്ര മന്ത്രി ജോര്‍ജ് കുര്യന് നിവേദനം സമര്‍പ്പിച്ചു.ഇ പി എഫ് പെന്‍ഷന്‍ അസോസിയേഷന്‍ പ്രസിഡണ്ട് പി ജെ ചാക്കോ,കണ്‍വീനര്‍ എ വി ജോസ്,ട്രഷറര്‍ വി യു ജോസഫ് എന്നിവര്‍ ചേര്‍ന്നാണ് കണ്ണൂര്‍ ഗസ്റ്റ് ഹൗസില്‍ വച്ച് നിവേദനം നല്‍കിയത്.വിഷയത്തില്‍ അനുഭാവപൂര്‍വ്വമായ നടപടി ഉണ്ടാകുമെന്ന് മന്ത്രി നിവേദക സംഘത്തിന് ഉറപ്പ് നല്‍കി.

കണ്ണൂരില്‍ ആംബുലന്‍സിന് വഴിമുടക്കിയത് ഡോക്ടര്‍; ആംബുലന്‍സ് ഡ്രൈവറുടെ പരാതിയില്‍ കേസ്, പിഴ

കണ്ണൂര്‍ എരഞ്ഞോളിയില്‍ അത്യാസന്ന നിലയിലായ രോഗിയുമായി പോയ ആംബുലന്‍സിന് മുന്നില്‍ വഴിമുടക്കിയത് ഡോക്ടറുടെ കാര്‍. ഹൃദയാഘാതം നേരിട്ട രോഗി തക്കസമയത്ത് ചികിത്സ ലഭിക്കാതെ മരിച്ചതിന് പിന്നാലെ ആംബുലന്‍സ് ഡ്രൈവറുടെ പരാതിയില്‍ പിണറായി സ്വദേശിയായ ഡോക്ടര്‍ക്ക് പിഴ ശിക്ഷ. മട്ടന്നൂര്‍ തലശ്ശേരി പാതയില്‍ നായനാര്‍ റോഡില്‍ എത്തിയപ്പോഴാണ് രാഹുല്‍ രാജെന്ന ഡോക്ടര്‍ ആംബുലന്‍സിന് വഴിമുടക്കിയത്. സംഭവത്തില്‍ കതിരൂര്‍ പൊലീസാണ് കേസ് എടുത്തത്. വ്യാഴാഴ്ച വൈകുന്നേരം അഞ്ച് മണിയോടെയായിരുന്നു സംഭവം.

പുറത്ത് വന്ന ദൃശ്യങ്ങളില്‍ കാറിന്റെ നമ്പര്‍ വ്യക്തമായിരുന്നതിനാല്‍ പ്രതിയെ പരാതി കിട്ടിയതോടെ പൊലീസ് കണ്ടെത്തുകയായിരുന്നു. ഹൃദയാഘാതത്തെ തുടര്‍ന്ന് ആശുപത്രിയിലേക്ക് കൊണ്ടുപോയ മട്ടന്നൂര്‍ സ്വദേശി റുഖിയ മരിച്ചിരുന്നു. ആംബുലന്‍സ് സൈറണ്‍ കേട്ടിട്ടും വഴിമുടക്കുന്നതില്‍ നിന്ന് രാഹുല്‍ രാജ് പിന്തിരിഞ്ഞിരുന്നില്ല. അരമണിക്കൂറോളം നേരമാണ് ഡോക്ടറുടെ കാര്‍ ആംബുലന്‍സിന് മാര്‍ഗ തടസം സൃഷ്ടിച്ചത്. ആശുപത്രിയിലെത്തിച്ചതിന് പിന്നാലെയാണ് റുഖിയ മരിച്ചത്.

വഴിയിലുണ്ടായ സമയ നഷ്ടമാണ് രോഗിയുടെ മരണത്തിന് കാരണമെന്നും പൊലീസില്‍ പരാതി നല്‍കുമെന്നും ആംബുലന്‍സ് ഡ്രൈവര്‍ കഴിഞ്ഞ ദിവസം വ്യക്തമാക്കിയിരുന്നു. മട്ടന്നൂര്‍ സ്വജേശിയായ 61കാരി ഹൃദയാഘാതം നേരിട്ടതിന് പിന്നാലെയാണ് ആംബുലന്‍സില്‍ ആശുപത്രിയിലേക്ക് എത്തിക്കാന്‍ ശ്രമിച്ചത്. രാഹുല്‍ രാജില്‍ നിന്ന് 5000 രൂപയാണ് പിഴയീടാക്കിയത്.

പാറശ്ശാല ഷാരോണ്‍ വധക്കേസില്‍ ശിക്ഷാവിധി തിങ്കളാഴ്ച

പാറശ്ശാല ഷാരോണ്‍ വധക്കേസില്‍ ശിക്ഷാവിധി തിങ്കളാഴ്ച. ഗ്രീഷ്മയ്ക്ക് എന്തെങ്കിലും പറയാനുണ്ടോ എന്ന കോടതിയുടെ ചോദ്യത്തിന് ഗ്രീഷ്മ കോടതിയില്‍ കത്ത് നല്‍കി.പഠിക്കണമെന്നും ബിരുദാനന്തര ബിരുദം നേടിയിട്ടുണ്ടെന്നുമാണ് കത്തിലുള്ളത്. തനിക്ക് 24 വയസ്സ് മാത്രമാണ് പ്രായം. ശിക്ഷയില്‍ പരമാവധി ഇളവ് അനുവദിക്കണമെന്നും ഗ്രീഷ്മ ആവശ്യപ്പെട്ടു. കത്തിനൊപ്പം ബിരുദ സര്‍ട്ടിഫിക്കറ്റുകളും ഗ്രീഷ്മ കോടതിക്ക് കൈമാറി ഇന്നലെ കേസില്‍ പ്രതി ഗ്രീഷ്മ കുറ്റക്കാരിയാണെന്ന് കോടതി വിധിച്ചിരുന്നു.

അപൂര്‍വങ്ങളില്‍ അപൂര്‍വ്വമായ കേസ് ആണെന്ന് പ്രോസിക്യൂഷന്‍ വാദിച്ചു. പ്രതിക്ക് പരമാവധി ശിക്ഷ തന്നെ നല്‍കണം. ഒരു ചെറുപ്പക്കാരന്റെ സ്‌നേഹത്തെയാണ് ഗ്രീഷ്മ കൊലപ്പെടുത്തിയത്. സ്‌നേഹം നടിച്ച് വീട്ടിലേക്ക് വിളിച്ചുവരുത്തി കൊലപാതകം നടത്തുകയായിരുന്നു. ഗ്രീഷ്മയ്ക്ക് ചെകുത്താന്റെ സ്വഭാവമാണ്. ക്രൂരനായ ഒരു കുറ്റവാളിക്ക് മാത്രമാണ് ഇങ്ങനെ ഒരു കൃത്യം ചെയ്യാന്‍ കഴിയുകയുള്ളൂ. കൃത്യമായ ആസൂത്രണത്തോടെയാണ് കൃത്യം നടപ്പാക്കിയത്. അതിനായി പരിശോധനകള്‍ നടത്തി.11 ദിവസം ഷാരോണ്‍ അനുഭവിച്ച വേദന ഡോക്ടര്‍മാരുടെ മൊഴിയില്‍ ഉണ്ട്. മുന്‍കൂട്ടി നിശ്ചയിച്ച കൊലപാതകമാണ് അവിചാരിതമല്ല. വിദ്യാസമ്പന്നയായ യുവതി വിവരങ്ങളെ ദുരുപയോഗം ചെയ്യുകയാണ് ചെയ്തത്. ഷാരോണിനും സ്വപ്നങ്ങള്‍ ഉണ്ടായിരുന്നു. കുറെ സ്വപ്നങ്ങളാണ് ഗ്രീഷ്മ തകര്‍ത്തത്. പ്രതിക്ക് മനസ്താപം ഉണ്ടാകില്ല. അതുകൊണ്ടുതന്നെ പ്രതിഒരു ദയയും അര്‍ഹിക്കുന്നില്ലെന്നും പ്രോസിക്യൂഷന്‍ വാദിച്ചു.

മുന്‍ ഹൈക്കോടതി ജഡ്ജിയില്‍ നിന്ന് 90 ലക്ഷം തട്ടിയ സംഭവം; രൂപ കൈമാറ്റം ചെയ്തത് 18 അക്കൗണ്ടുകളിലേക്ക്

വിരമിച്ച കേരള ഹൈക്കോടതി ജഡ്ജിയില്‍ നിന്ന് പണം തട്ടിയ സംഭവത്തില്‍, 90 ലക്ഷം രൂപ കൈമാറ്റം ചെയ്തത് പതിനെട്ട് അക്കൗണ്ടുകളിലേക്കെന്ന് കണ്ടെത്തല്‍. ദുബയ്, ബീഹാര്‍, ഹരിയാന, ജാര്‍ഖണ്ഡ് എന്നിവിടങ്ങളിലേക്കുള്ള അക്കൗണ്ടുകളിലേക്കാണ് പണം പോയത്. അക്കൗണ്ടുകളില്‍ ഉള്ള 28 ലക്ഷം രൂപ മരവിപ്പിക്കാന്‍ പൊലീസ് നടപടി ആരംഭിച്ചു.

തൃപ്പൂണിത്തുറ എരൂര്‍ അമൃത ലെയ്ന്‍ സ്വപ്നത്തില്‍ ശശിധരന്‍ നമ്പ്യാര്‍ക്കാണ് (73) പണം നഷ്ടമായത്. ഓണ്‍ലൈന്‍ ഷെയര്‍ മാര്‍ക്കറ്റ് ട്രേഡിങ്ങിന്റെ പേരില്‍ 90 ലക്ഷം രൂപയാണ് തട്ടിയെടുത്തത്. 850 ശതമാനം ലാഭം വാഗ്ദാനം ചെയ്തായിരുന്നു തട്ടിപ്പ്.

ആദിത്യ ബിര്‍ള ഇക്വിറ്റി ലേണിങ് എന്ന പേരിലുള്ള ഓഹരിവിപണി സംബന്ധിച്ച വാട്‌സാപ്പ് ഗ്രൂപ്പിലേക്ക് ഇദ്ദേഹത്തെ അംഗമാക്കിയിരുന്നു. തുടര്‍ന്ന് പണം നിക്ഷേപിച്ചാല്‍ 850 ശതമാനം ലാഭം ലഭിക്കുമെന്ന വാഗ്ദാനമുണ്ടായി. ഗ്രൂപ്പില്‍ തന്നെ പങ്കുവെച്ച ലിങ്കിലേക്ക് ജഡ്ജി പണം കൈമാറുകയും ചെയ്തു.ഇത്തരത്തില്‍ കഴിഞ്ഞ വര്‍ഷം ഡിസംബര്‍ നാലിനും 30-നും ഇടയ്ക്ക് ജഡ്ജിയുടെ പല അക്കൗണ്ടുകളില്‍ നിന്നായി 90 ലക്ഷം രൂപ തട്ടിപ്പുകാര്‍ കൈക്കലാക്കി. എന്നാല്‍, വാഗ്ദാനം ചെയ്ത ലാഭവിഹിതമോ, നല്‍കിയ പണമോ തിരികെ ലഭിച്ചില്ല. തുടര്‍ന്ന് തൃപ്പൂണിത്തുറ ഹില്‍പ്പാലസ് പോലീസ് സ്റ്റേഷനില്‍ ഈ മാസം അഞ്ചിന് പരാതി നല്‍കി.

കേരള കലാമണ്ഡലം ഭരതനാട്യ വിഭാഗം അസിസ്റ്റന്റ് പ്രൊഫസറായി ആര്‍ എല്‍ വി രാമകൃഷ്ണന്‍

ചരിത്ര തീരുമാനവുമായി കേരള കലാമണ്ഡലം. കലാഭവന്‍ മണിയുടെ സഹോദരന്‍ ആര്‍ എല്‍ വി രാമകൃഷ്ണന്‍ അസിസ്റ്റന്റ് പ്രൊഫസറായി ഇന്ന് കലാമണ്ഡലത്തില്‍ ജോലിയില്‍ പ്രവേശിക്കും. ഭരതനാട്യ വിഭാഗം അസിസ്റ്റന്റ് പ്രൊഫസറായാണ് നിയമനം. നൃത്ത അധ്യാപനത്തിനായി പുരുഷനെ നിയമിക്കുന്നത് ചരിത്രത്തിലാദ്യമാണ്.

കലാമണ്ഡലം നടത്തിയ അഭിമുഖത്തിലടക്കം മികച്ച പ്രകടനം കാഴ്ച വച്ചാണ് ആര്‍ എല്‍ വി രാമകൃഷ്ണന്‍ ജോലി നേടിയത്. പുരുഷന്‍മാര്‍ മോഹിനിയാട്ടം അവതരിപ്പിക്കുന്നതുമായി ബന്ധപ്പെട്ട് ആര്‍ എല്‍ വി രാമകൃഷ്ണനെതിരെ നര്‍ത്തകി സത്യഭാമ വിമര്‍ശനമുന്നയിച്ചത് വന്‍ വിവാദമായിരുന്നു. അപ്പോഴും നൃത്തത്തെ ചേര്‍ത്ത് പിടിക്കുന്ന നിലപാടായിരുന്നു രാമകൃഷ്ണന്‍ സ്വീകരിച്ചിരുന്നത്.

കോടതികളില്‍ പുരുഷന്മാര്‍ക്കും, സ്ത്രീകള്‍ക്കും, ഭിന്നശേഷിക്കാര്‍ക്കും, ട്രാന്‍സ്‌ജെന്‍ഡേഴ്‌സിനും പ്രത്യേക ടോയ്ലറ്റുകള്‍ വേണം;സുപ്രീംകോടതി

എല്ലാ കോടതികളിലും പുരുഷന്മാര്‍ക്കും, സ്ത്രീകള്‍ക്കും, ഭിന്നശേഷിക്കാര്‍ക്കും, ട്രാന്‍സ്‌ജെന്‍ഡേഴ്‌സിനും പ്രത്യേക ടോയ്‌ലറ്റ് സൗകര്യം ഉറപ്പാക്കണമെന്ന് സംസ്ഥാന സര്‍ക്കാരുകള്‍ക്കും ഹൈക്കോടതികള്‍ക്കും സുപ്രീംകോടതിയുടെ നിര്‍ദ്ദേശം. ശൗചാലയങ്ങള്‍, വിശ്രമമുറികള്‍ എന്നിവ കേവലം സൗകര്യങ്ങള്‍ക്കായി മാത്രമല്ലെന്നും, മനുഷ്യവകാശത്തിന്റെ ഭാഗമാണെന്നും പറഞ്ഞ കോടതി, ഇവയുടെ അപര്യാപ്തത നീതിന്യായ വ്യവസ്ഥയുടെ പിഴവിനെയാണ് പ്രതിഫലിപ്പിക്കുന്നതെന്നും ചൂണ്ടിക്കാട്ടി.

അസമില്‍ നിന്നുള്ള അഭിഭാഷകന്‍ സമര്‍പ്പിച്ച പൊതുതാല്‍പര്യ ഹര്‍ജിയിലാണ് ബുധനാഴ്ച കോടതി വിധി പറഞ്ഞത്. പൊതുജനാരോഗ്യം പ്രധാനമാണെന്നും ടോയ്‌ലറ്റ് സൗകര്യം ലഭ്യമാക്കുന്നതിലൂടെ സ്വകാര്യത സംരക്ഷിക്കപ്പെടുകയും , സ്ത്രീകള്‍ക്കും ട്രാന്‍സ്ജെന്‍ഡറുകള്‍ക്കും എതിരെയുള്ള ഭീഷണി ഇല്ലാതാക്കാന്‍ സാധിക്കുമെന്നും ജസ്റ്റിസുമാരായ ജെ ബി പര്‍ദിവാല, ആര്‍ മഹാദേവന്‍ എന്നിവരുടെ ബെഞ്ച് പറഞ്ഞു.

ശൗചാലയ നിര്‍മ്മാണത്തിനും പരിപാലനത്തിനും സംസ്ഥാന സര്‍ക്കാരുകള്‍ ഫണ്ട് അനുവദിക്കണം. പദ്ധതി ആവിഷ്‌ക്കരിക്കുന്നതിനും അത് നടപ്പിലാക്കി എന്ന് ഉറപ്പുവരുത്താനായി കമ്മിറ്റി രൂപീകരിക്കുന്നതിന് ഓരോ ഹൈകോടതികള്‍ക്കും സുപ്രീം കോടതി ആറാഴ്ച സമയം നല്‍കിയിട്ടുണ്ട്. ഹൈക്കോടതി ചീഫ് ജസ്റ്റിസ് നാമനിര്‍ദ്ദേശം ചെയ്യുന്ന ഒരു ജഡ്ജിയായിരിക്കും പാനലിന്റെ അധ്യക്ഷന്‍.നാല് മാസത്തിനകം ഹൈക്കോടതികളില്‍ നിന്ന് റിപ്പോര്‍ട്ട് നല്‍കാനും സുപ്രീം കോടതി ആവശ്യപ്പെട്ടു.

വിവാഹാഘോഷത്തിനിടെ ഉഗ്രശേഷിയുളള പടക്കം പൊട്ടിച്ചു, കണ്ണൂരില്‍ കൈക്കുഞ്ഞ് ഗുരുതരാവസ്ഥയില്‍

വിവാഹ ആഘോഷത്തിനിടെ ഉഗ്രശേഷിയുള്ള പടക്കം പൊട്ടിച്ച ശബ്ദം കേട്ട് കുഞ്ഞിന് ഗുരുതര ആരോഗ്യ പ്രശ്‌നം. കണ്ണൂര്‍ തൃപ്പങ്ങോട്ടൂരിലാണ് സംഭവം. 22 മാസം പ്രായമുള്ള കുഞ്ഞ് കണ്ണൂര്‍ ആശുപത്രിയില്‍ ചികിത്സയില്‍.

ഞായറാഴ്ച രാത്രി 10 മണിയോടെയാണ് ആദ്യ സംഭവമുണ്ടായത്. വന്‍ പൊട്ടിത്തെറിയാണുണ്ടായത്. പെട്ടന്നുണ്ടായ ശബ്ദത്തെ തുടര്‍ന്ന് കുഞ്ഞ് വായയും കണ്ണ് തുറന്ന നിലയിലായി. അല്‍പ്പസമയം കഴിഞ്ഞാണ് സ്വാഭാവിക നിലയിലേക്ക് എത്തിയത്. തിങ്കളാഴ്ചയായിരുന്നു കല്യാണം. അന്ന് വൈകിട്ടും സമാനമായ രീതിയില്‍ വലിയ പടക്കം പൊട്ടിച്ചു

അപസ്മാരമുള്‍പ്പെടെയുണ്ടായതിനെ തുടര്‍ന്ന് തൃപ്പങ്ങോട്ടൂര്‍ സ്വദേശികളായ അഷ്‌റഫ്- റഫാന ദമ്പതികളുടെ കുഞ്ഞ് തീവ്രപരിചരണ വിഭാഗത്തില്‍ ചികിത്സയിലാണ്. ഞായറാഴ്ചയും തിങ്കളാഴ്ചയുമായി സമീപത്തെ വീട്ടില്‍ നടന്ന വിവാഹാഘോഷത്തിനിടെയാണ് ഉഗ്രശേഷിയുളള പടക്കങ്ങള്‍ ഉപയോഗിച്ചത്.