ഗോപന്‍ സ്വാമിയുടെ സമാധി വിവാദം; വിഷം ഉള്ളില്‍ ചെന്നിട്ടുണ്ടോ? ദുരൂഹത നീക്കാന്‍ പോസ്റ്റ്‌മോര്‍ട്ടത്തില്‍ ത്രിതല പരിശോധന
നെയ്യാറ്റിന്‍കര ഗോപന്‍ സ്വാമിയുടെ പോസ്റ്റുമോര്‍ട്ടം തിരുവനന്തപുരം മെഡിക്കല്‍ കോളജില്‍ നടക്കും. പോസ്റ്റുമോര്‍ട്ടത്തില്‍ മൂന്നു തലത്തിലുള്ള പരിശോധനയെന്നു ഡോക്ടര്‍മാര്‍ അറിയിച്ചു. വിഷം ഉള്ളില്‍ ചെന്നിട്ടുണ്ടോ എന്നതടക്കം പരിശോധിക്കും. വിഷാശം കണ്ടത്താനായി ആന്തരിക അവയവങ്ങളുടെ സാമ്പിള്‍ ശേഖരിക്കും. പരിക്കേറ്റാണോ സ്വഭാവിക മരണം ആണോയെന്നും കണ്ടെത്താന്‍ ശ്രമം.
ഈ പരിശോധനയുടെ ഫലം വരാന്‍ ഒരാഴ്ച എങ്കിലും എടുക്കും. പരിക്കുകള്‍ ഉണ്ടോ എന്ന് കണ്ടെത്താന്‍ റേഡിയോളജി, എക്സറേ പരിശോധന നടത്തും. ഇതിന്റെ ഫലം ഇന്ന് തന്നെ ലഭിക്കും. മൂന്നാമത്തെ പരിശോധന സ്വാഭാവിക മരണമാണോ എന്നതാണ്. ഇതിനായി രോഗവസ്ഥ അടക്കം പല സാഹചര്യങ്ങള്‍ വിലയിരുത്തിയാണ് ഇതില്‍ തീരുമാനം. മരിച്ചത് ഗോപന്‍ തന്നെ എന്ന് ഉറപ്പു ശാസ്ത്രീയമായി തെളിയിക്കാന്‍ ഡിഎന്‍എ പരിശോധനയും നടത്തും.
രാവിലെയാണ് ഗോപന്‍ സ്വാമിയുടെ വിവാദ സമാധി കല്ലറ പൊളിച്ച് മൃതദേഹം പുറത്തെടുത്തത്. ഇരിക്കുന്ന നിലയിലാണ് മൃതദേഹം കണ്ടെത്തിയത്. കല്ലറയില്‍ ഭസ്മവും പൂജാ ദ്രവ്യങ്ങളും കണ്ടെത്തി. ആദ്യം മേല്‍ ഭാഗം മാത്രമാണ് പൊളിച്ചത്. തുടര്‍ന്ന് അദ്ദേഹത്തിന്റെ മൃതദേഹം കണ്ടെത്തുകയായിരുന്നു. ശരീരം അഴുകിയ നിലയിലാണ്. കഴുത്ത് വരെ ഭസ്മം ഇട്ടിരുന്നു. ഹൈക്കോടതി നിര്‍ദേശം ലഭിച്ചതിന് പിന്നാലെയാണ് കല്ലറ പൊളിക്കാന്‍ തീരുമാനിച്ചത്.
നെയ്യാറ്റിന്‍കര കേസ് മേല്‍നോട്ടം റൂറല്‍ എസ് പി കെ എസ് സുദര്‍ശനനാണ്. പ്രദേശത്ത് കനത്ത സുരക്ഷ ഏര്‍പ്പെടുത്തിയായിരുന്നു പൊലീസിന്റെ നീക്കം. മൃതദേഹം കാവി വസ്ത്രത്തില്‍ പൊതിഞ്ഞ നിലയിലാണ് കണ്ടെത്തിയത്. മൃതദേഹത്തില്‍ മറ്റു പരിക്കുകള്‍ ഇല്ലെന്നും പ്രാഥമിക നിഗമനം. മൃതദേഹത്തിന് കാര്യമായ പഴക്കമില്ല. ഇന്‍ക്വസ്റ്റ് നടപടികള്‍ പൂര്‍ത്തിയാക്കിയിരുന്നു.