Hivision Channel

latest news

ഹയര്‍ സെക്കണ്ടറി തുല്യത പരീക്ഷ; ഫായിസക്ക് മുഴുവന്‍ വിഷയങ്ങള്‍ക്കും എ പ്ലസ്

സംസ്ഥാന സാക്ഷരതാ മിഷന്‍ പൊതുവിദ്യാഭ്യാസ വകുപ്പും സംയുക്തമായി നടത്തുന്ന ഹയര്‍ സെക്കണ്ടറി തുല്യതാ പരീക്ഷയില്‍ ജില്ലയില്‍ മുഴുവന്‍ വിഷയങ്ങള്‍ക്കും എ പ്ലസ് നേടി പയ്യന്നൂരിലെ ഫായിസ നേടിയത് മിന്നുന്ന വിജയം. കല്യാശ്ശേരി ബ്ലോക്ക് പഞ്ചായത്തിലെ വികസന വിദ്യാകേന്ദ്രത്തിന്റെ ആഭിമുഖ്യത്തില്‍ മാടായി ജി എച്ച് എസ് എസില്‍ നടന്ന തുല്യതാ പഠന കേന്ദ്രത്തിലെ രണ്ടാം വര്‍ഷ ഹയര്‍ സെക്കണ്ടറി തുല്യതാ പഠിതാവാണ് ഫായിസ. പത്താംതരം മികച്ച വിജയം കരസ്ഥമാക്കി തുടര്‍പഠനത്തിന് ആഗ്രഹിച്ച ഫായിസയുടെ പഠന മോഹങ്ങള്‍ വിവാഹിതയാകേണ്ടി വന്നതോടെ അവസാനിച്ചിരുന്നു. ഭര്‍ത്താവ് അന്‍വര്‍ സാദത്തിന്റെ പിന്തുണ ലഭ്യമായതോടെയാണ് ഹയര്‍സെക്കണ്ടറി തുല്യതാ ക്ലാസില്‍ ചേര്‍ന്ന് പഠിക്കാനും ഉന്നതവിജയം നേടാനും സാധിച്ചത്. നാല് മക്കളുടെ അമ്മയാണ് ഫായിസ. മനഃശാസ്ത്രജ്ഞയാകാനാണ് ഫായിസയുടെ ആഗ്രഹം. ഇന്ദിരാഗാന്ധി ഓപ്പണ്‍ യൂണിവേഴ്സിറ്റിയുടെ കീഴില്‍ ബി എ സൈക്കോളജിക്ക് ചേരാന്‍ അപേക്ഷ നല്‍കിയിരിക്കുയാണ് ഇവര്‍. പയ്യന്നൂര്‍ നഗരസഭയിലാണ് രജിസ്ട്രേഷന്‍ നടത്തിയത്.
വൈകല്യങ്ങളെ അതിജീവിച്ച് ഏഴാംതരം തുല്യത മുതല്‍ ഹയര്‍സെക്കണ്ടറി പഠനം വരെ നേടിയ അല്‍സില ഇക്ബാലും മൂന്ന് വിഷയങ്ങളില്‍ എ പ്ലസും മൂന്ന് വിഷയങ്ങളില്‍ എയും നേടി തൊട്ടു പിറകെ തന്നെയുണ്ട്. വികസന വിദ്യാ കേന്ദ്രം പ്രേരക് കെ ഗീതയുടെ നിരന്തരമായ പരിശ്രമം തന്നെ ഈ ഇരട്ട വിജയങ്ങള്‍ക്കുണ്ട്.

ജില്ലയില്‍ 484 പേര്‍ പരീക്ഷ എഴുതി. 388 പേര്‍ വിജയിച്ചു. 80 ശതമാനമാണ് വിജയം. ഓരോ പഠന കേന്ദ്രങ്ങളിലും പരീക്ഷ എഴുതുകയും വിജയിക്കുകയും ചെയ്തവരുടെ കണക്ക്: ഇരിക്കൂര്‍ (1917), പാനൂര്‍ ( 2924), മട്ടന്നൂര്‍ (3627), കണ്ണൂര്‍ (4235), തളിപ്പറമ്പ് (4940), പള്ളിക്കുന്ന് (149), മാത്തില്‍ (1918), തലശ്ശേരി ഗേള്‍സ് (2012), തലശ്ശേരി ബ്രണ്ണന്‍ (2622), മാടായി (29 26), ഇരിട്ടി (4741), കൂത്തുപറമ്പ് (3221), പേരാവൂര്‍ (3327), ആലക്കോട് (2020), ചൊക്ലി (5024), കല്ല്യാശ്ശേരി (2218), എളയാവൂര്‍ (1913)

സ്വന്തമായി കൃഷി ചെയ്ത് മുളകുപൊടി ഉല്‍പാദനവുമായി കൂത്തുപറമ്പിലെ കൃഷിഭവനുകള്‍

മായം കലര്‍ന്ന മുളകുപൊടി വിപണിയും അടുക്കളകളും കീഴടക്കുമ്പോള്‍ പ്രാദേശികമായി മുളക് കൃഷി ചെയ്ത് മുളകുപൊടി ഉല്‍പാദിപ്പിക്കാനുള്ള പദ്ധതിയുമായി കൂത്തുപറമ്പ് ബ്ലോക്ക് പഞ്ചായത്ത് പരിധിയിലെ ഏഴ് കൃഷിഭവനുകള്‍. കൂത്തുപറമ്പ് കൃഷി അസിസ്റ്റന്റ് ഡയറക്ടര്‍ ഓഫീസിന്റെ നേതൃത്വത്തിലാണ് ‘റെഡ് ചില്ലീസ്’ എന്ന പദ്ധതി നടപ്പാക്കുന്നത്.
ആദ്യഘട്ടത്തില്‍ 50 ഏക്കറോളം മുളക് കൃഷി ചെയ്താണ് പദ്ധതിക്ക് തുടക്കമിടുക. ഏഴ് കൃഷിഭവനുകള്‍ക്ക് കീഴിലായി 100 കര്‍ഷകരെ ഇതിനായി തെരഞ്ഞെടുത്തിട്ടുണ്ട്. കൃഷി വകുപ്പിന്റെ വിവിധ സ്‌കീമുകളില്‍ ഉള്‍പ്പെടുത്തി മുളക് തൈകള്‍, വളങ്ങള്‍ തുടങ്ങിയ സഹായങ്ങള്‍ കര്‍ഷകര്‍ക്ക് ലഭ്യമാക്കും. ആധുനിക കൃഷി രീതികളാണ് ഉപയോഗിക്കുക. കര്‍ഷകര്‍ക്ക് ആവശ്യമായ പരിശീലനം നല്‍കും. കാശ്മീരി, സെറ, കീര്‍ത്തി തുടങ്ങി നമ്മുടെ കാലാവസ്ഥക്ക് യോജിച്ച വിവിധ ഹൈബ്രിഡ് തൈകളാണ് നടുക.
വിളവെടുത്ത മുളക് ഉണക്കുന്നതിന് ആവശ്യമായ ഡ്രയറുകള്‍, പൊടിയന്ത്രങ്ങള്‍, പാക്കിങ്, മാര്‍ക്കറ്റിങ് സംവിധാനങ്ങള്‍ എന്നിവ പദ്ധതിയുടെ ഭാഗമായി ഒരുക്കും. നിലവില്‍ മാങ്ങാട്ടിടം ഗ്രാമപഞ്ചായത്തില്‍ ഇലക്ട്രിക് ഡ്രയര്‍ സ്ഥാപിച്ചിട്ടുണ്ട്. കൂടുതല്‍ കൃഷിക്കാരെ ലഭിച്ചിട്ടുള്ളതും മാങ്ങാട്ടിടത്ത് നിന്നാണ്. മറ്റുള്ളയിടങ്ങളിലും ഡ്രയറുകള്‍ സ്ഥാപിക്കുന്നതിന് ആലോചനയുണ്ട്. ഇതിന് പുറമെ വീടുകളിലും മുളക് കൃഷി വ്യാപിപ്പിക്കും.
പദ്ധതിയുടെ ഉദ്ഘാടനം മാങ്ങാട്ടിടം ഗ്രാമപഞ്ചായത്ത് ഹാളില്‍ കെ കെ ശൈലജ ടീച്ചര്‍ എം എല്‍ എ നിര്‍വഹിച്ചു. കൂത്തുപറമ്പ് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡണ്ട് ആര്‍ ഷീല അധ്യക്ഷത വഹിച്ചു. ജില്ലാ പഞ്ചായത്ത് സ്ഥിരം സമിതി അധ്യക്ഷ യു പി ശോഭ, മാങ്ങാട്ടിടം ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് പി സി ഗംഗാധരന്‍ മാസ്റ്റര്‍, സ്ഥിരം സമിതി അധ്യക്ഷ എം ഷീന, കൂത്തുപറമ്പ് ബ്ലോക്ക് പഞ്ചായത്ത് സ്ഥിരം സമിതി അധ്യക്ഷ ടി കെ ദീപ, അംഗങ്ങളായ ഒ ഗംഗാധരന്‍ മാസ്റ്റര്‍, പി കെ ബഷീര്‍, ആത്മ പ്രൊജക്ട് ഡയറക്ടര്‍ കണ്ണൂര്‍ പി വി ശൈലജ, കൃഷി ഡെപ്യൂട്ടി ഡയറക്ടര്‍ എ ആര്‍ സുരേഷ്, കണ്ണൂര്‍ അസിസ്റ്റന്റ് പ്രിന്‍സിപ്പല്‍ കൃഷി ഓഫീസര്‍ തുളസി ചെങ്ങാട്ട്, ഡോ. കെ എം ശ്രീകുമാര്‍, വിവിധ കൃഷി ഓഫീസര്‍മാര്‍ തുടങ്ങിയവര്‍ പങ്കെടുത്തു.

നാളെ വൈദ്യുതി മുടങ്ങും

അഴീക്കോട് ഇലക്ട്രിക്കല്‍ സെക്ഷന്‍ പരിധിയിലെ വെസ്റ്റേണ്‍ ഇന്ത്യ പ്ലൈവുഡ് മുതല്‍ കക്കംപാലം വരെ സെപ്റ്റംബര്‍ 23 വെള്ളി രാവിലെ ഒമ്പത് മുതല്‍ വൈകീട്ട് അഞ്ച് മണി വരെ വൈദ്യുതി മുടങ്ങും.

ചക്കരക്കൽ ഇലക്ട്രിക്കൽ സെക്ഷനിലെ പാളയം പരിധിയിൽ സെപ്റ്റംബർ 23ന് വെള്ളിയാഴ്ച രാവിലെ എട്ട് മുതൽ വൈകീട്ട് മൂന്ന് വരെ ഭാഗികമായി വൈദ്യുതി മുടങ്ങും.

തലശ്ശേരി  ഇലക്ട്രിക്കല്‍ സെക്ഷനിലെ വാവാച്ചിമുക്ക്, മോറാകുന്ന് എന്നീ ട്രാന്‍സ്ഫോര്‍മര്‍ പരിധികളില്‍ സെപ്റ്റംബര്‍ 23 വെള്ളിയാഴ്ച രാവിലെ ഒമ്പത് മണി മുതല്‍ ഉച്ചക്ക് രണ്ട് വരെ വൈദുതി മുടങ്ങും.

ഹയര്‍സെക്കന്‍ഡറി തുല്യതാ പരീക്ഷ ഫലം വെബ്‌സൈറ്റില്‍

തിരുവനന്തപുരം: 2022 ആഗസ്റ്റില്‍ നടത്തിയ, ഹയര്‍സെക്കന്‍ഡറി ഒന്നും രണ്ടും വര്‍ഷ തുല്യതാ പരീക്ഷാഫലം പ്രസിദ്ധീകരിച്ചു. www.keralaresults.nic.in ല്‍ പരീക്ഷാഫലം ലഭ്യമാണ്. ഉത്തരക്കടലാസുകളുടെ പുനര്‍മൂല്യനിര്‍ണ്ണയം നടത്തുന്നതിനും സൂക്ഷ്മപരിശോധന നടത്തുന്നതിനും, ഫോട്ടോകോപ്പി ലഭിക്കുന്നതിനും നിശ്ചിത ഫോമിലുളള അപേക്ഷകള്‍ നിശ്ചിത ഫീസടച്ച് പരീക്ഷ എഴുതിയ സ്‌കൂളിലെ പ്രിന്‍സിപ്പലിന് സെപ്റ്റംബര്‍ 30 നകം സമര്‍പ്പിക്കണം. പുനര്‍മൂല്യനിര്‍ണയത്തിന് പേപ്പര്‍ ഒന്നിന് 600 രൂപ. ഫോട്ടോകോപ്പിയ്ക്കായി പേപ്പര്‍ ഒന്നിന് 400 രൂപ. സൂക്ഷ്മ പരിശോധനയ്ക്ക് പേപ്പര്‍ ഒന്നിന് 200 രൂപ. അപേക്ഷാഫോമുകള്‍ ഹയര്‍ സെക്കന്‍ഡറി പോര്‍ട്ടലില്‍ ലഭ്യമാണ്.

സംസ്ഥാനത്ത് നാളെ പോപ്പുലര്‍ ഫ്രണ്ട് ഹര്‍ത്താല്‍

പോപ്പുലര്‍ ഫ്രണ്ട് ഓഫ് ഇന്ത്യ ദേശീയ സംസ്ഥാന നേതാക്കളെ എന്‍ഐഎ അന്യായമായി അറസ്റ്റ് ചെയ്തത് ഭരണകൂട ഭീകരതയുടെ ഭാഗമാണെന്ന് സംസ്ഥാന കമ്മിറ്റി വിലയിരുത്തി. കേന്ദ്ര ഏജന്‍സികളെ ഉപയോഗിച്ച് എതിര്‍ശബ്ദങ്ങളെ നിശ്ശബ്ദമാക്കാനുള്ള ആര്‍എസ്എസ് നിയന്ത്രിത ഫാഷിസ്റ്റ് സര്‍ക്കാരിന്റെ ഭരണകൂട വേട്ടക്കെതിരെ നാളെ സംസ്ഥാനത്ത് ഹര്‍ത്താല്‍ നടത്തും. രാവിലെ ആറു മുതല്‍ വൈകീട്ട് ആറുവരെയാണ് ഹര്‍ത്താല്‍.

കാട്ടാക്കട സംഭവം ഞെട്ടിക്കുന്നതെന്ന് ഹൈക്കോടതി

കൊച്ചി: കാട്ടാക്കടയില്‍ കെഎസ്ആര്‍ടിസി ജീവനക്കാര്‍ പിതാവിനെയും മകളെയും മര്‍ദ്ദിച്ച സംഭവം ഞെട്ടിക്കുന്നതെന്ന് ഹൈക്കോടതി. ജീവനക്കാര്‍ യാത്രക്കാരോട് പെരുമാറുന്നത് ഇങ്ങനെയാണോയെന്നും കോടതി ചോദിച്ചു. സംഭവിക്കാന്‍ പാടില്ലാതതാണ് സംഭവിച്ചത്. ഇതാണ് ജീവനക്കാരുടെ പെരുമാറ്റമെങ്കില്‍ കെഎസ്ആര്‍ടിസിയെ ആര് ഏറ്റെടുക്കുമെന്നും കോടതി ചോദിച്ചു. സംഭവത്തെ കുറിച്ച് പിതാവിനോടും മകളോടും വിശദാംശങ്ങള്‍ അന്വേഷിച്ച് റിപ്പോര്‍ട്ടായി നല്‍കാന്‍ കെഎസ്ആര്‍ടിസിക്ക് നിര്‍ദേശം നല്‍കി. നാളെ തന്നെ റിപ്പോര്‍ട്ട് ഫയല്‍ ചെയ്യണമെന്നും കോടതി പറഞ്ഞു. കേസിന്റെ വിശദാംശങ്ങളും തേടി. വിഷയം നാളെ ഉച്ചയ്ക്ക് വീണ്ടും പരിഗണിക്കും.

കാട്ടാക്കടയില്‍ വിദ്യാര്‍ത്ഥി കണ്‍സഷന്‍ തേടിയെത്തിയ അച്ഛനെയും മകളെയും ആക്രമിച്ച കേസില്‍ പക്ഷേ പ്രതികളെ ആരെയും ഇതുവരെ അറസ്റ്റ് ചെയ്യാനായിട്ടില്ല. സംഭവത്തില്‍ അന്വേഷണത്തിനായി പ്രത്യേക സംഘത്തെ ചുമതലപ്പെടുത്തി. കാട്ടാക്കട ഡിവൈഎസ്പി അനിലിന്റെ നേതൃത്വത്തിലുള്ള ഒമ്പത് അംഗ സംഘത്തിനാണ് അന്വേഷണ ചുമതല. പ്രതികള്‍ക്കെതിരെ പട്ടികജാതി-പട്ടികവര്‍ഗ അതിക്രമം തടയല്‍ വകുപ്പ് കൂടി ചുമത്തുമെന്ന് പൊലീസ് അറിയിച്ചു. അക്രമത്തിന് ഇരയായ രേഷ്മയുടെയും സുഹൃത്തിന്റെയും മൊഴിയുടെ അടിസ്ഥാനത്തില്‍ ഇന്നലെ പ്രതികള്‍ക്കെതിരെ ജാമ്യമില്ലാ വകുപ്പ് ചുമത്തിയിരുന്നു.

ആദിവാസി കോളനികളില്‍ മെഡിക്കല്‍ ക്യാമ്പ്

കേളകം:പേരാവൂര്‍ താലൂക്ക് ആശുപത്രിയുടെ ആഭിമുഖ്യത്തില്‍ മലയോരത്തെ ആദിവാസി കോളനികളില്‍ മെഡിക്കല്‍ ക്യാമ്പ് നടത്തി .പൂക്കുണ്ട്, നരികടവ് ,വാളുമുക്ക് തുടങ്ങിയ കോളനികളിലാണ് മെഡിക്കല്‍ ക്യാമ്പ് നടത്തിയത്. താലൂക്ക് ആശുപത്രിയിലെ അസ്ഥിരോഗ വിദഗ്ധന്‍ ഡോക്ടര്‍ അശ്വിന്‍ ഹേമചന്ദ്രന്റെ നേതൃത്വത്തിലാണ് മെഡിക്കല്‍ ക്യാമ്പ് നടത്തിയത്.

കെഎസ്ആര്‍ടിസി ജീവനക്കാര്‍ പിതാവിനെയും മകളെയും മര്‍ദിച്ച സംഭവം; അന്വേഷണത്തിന് പ്രത്യേക സംഘം

കെഎസ്ആര്‍ടിസി ജീവനക്കാര്‍ പിതാവിനെയും മകളെയും മര്‍ദിച്ച സംഭവത്തില്‍ അന്വേഷണത്തിന് പ്രത്യേക സംഘം രൂപീകരിച്ചു. കാട്ടാക്കട ഡിവൈഎസ്പിയുടെ നേതൃത്വത്തില്‍ ഒമ്പതംഗ സംഘമാണ് കേസ് അന്വേഷിക്കുക. എസ് എസ്ടി അതിക്രമം തടയല്‍ വകുപ്പ് കൂടി പ്രതികള്‍ക്കെതിരെ ചുമത്തിയിട്ടുണ്ട്. ജീവനക്കാരെ തള്ളിപറഞ്ഞ് കെഎസ്ആര്‍ടിസി സി.എം.ഡി. ബിജു പ്രഭാകര്‍ നല്‍കിയ റിപ്പോര്‍ട്ടും ഇന്ന് ഹൈക്കോടതിക്ക് മുന്നിലെത്തി.

പ്രശ്‌നമുണ്ടായാല്‍ പൊലിസിനെ വിളിക്കുകയാണ് ചെയ്യേണ്ടിയിരുന്നതെന്നും, ജീവനക്കാര്‍ നേരിട്ട് കൈകാര്യം ചെയ്യാന്‍ പാടില്ലായിരുന്നുവെന്നുമാണ് സി.എം.ഡിയുടെ നിലപാട്. കെഎസ്ആര്‍ടിസി വിജിലന്‍സിന്റെ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍ നാല് ജീവനക്കാരെ സസ്‌പെന്‍ഡ് ചെയ്തിരുന്നു. ആര്യനാട് സ്റ്റേഷന്‍ മാസ്റ്റര്‍ മുഹമ്മദ് ഷരീഫ്, ഡ്യൂട്ടി ഗാര്‍ഡ് ആര്‍.സുരേഷ്, കണ്ടക്ടര്‍ എന്‍.അനില്‍കുമാര്‍, അസിസ്റ്റന്റ് മിലന്‍ ഡോറിച്ച് എന്നിവരെയാണ് സസ്പെന്‍ഡ് ചെയ്തത്.

എന്‍ഐഎ ഉദ്യോഗസ്ഥരുടെയും ഓഫീസുകളുടെയും സുരക്ഷ വര്‍ധിപ്പിക്കാന്‍ നിര്‍ദ്ദേശം

ദേശീയ അന്വേഷണ ഏജന്‍സി രാജ്യത്തെ പല സംസ്ഥാനങ്ങളിലും പോപ്പുലര്‍ ഫ്രണ്ട് ഓഫ് ഇന്ത്യയുടെ സ്ഥാപനങ്ങളില്‍ റെയ്ഡ് നടത്തുന്നുണ്ട്. ഇതുമായി ബന്ധപ്പെട്ട് കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ വ്യാഴാഴ്ച ഉന്നതതല യോഗം ചേര്‍ന്ന് മുഴുവന്‍ കാര്യങ്ങളും ചോദിച്ചറിഞ്ഞു. അന്വേഷണ ഏജന്‍സികളുമായി ബന്ധപ്പെട്ട മുതിര്‍ന്ന ഉദ്യോഗസ്ഥരുമായി അമിത് ഷാ കൂടിക്കാഴ്ച നടത്തിയതായി ആഭ്യന്തര മന്ത്രാലയ വൃത്തങ്ങള്‍ അറിയിച്ചു.

ദേശീയ സുരക്ഷാ ഉപദേഷ്ടാവ് അജിത് ഡോവല്‍, ആഭ്യന്തര സെക്രട്ടറി അജയ് കുമാര്‍ ഭല്ല, എന്‍ഐഎ ഡിജി എന്നിവരും യോഗത്തില്‍ പങ്കെടുത്തു. റെയ്ഡിന്റെ മുഴുവന്‍ വിവരങ്ങളും അമിത് ഷാ ശേഖരിച്ചിട്ടുണ്ട്. ഇതിന് പുറമെ എന്‍ഐഎ ഉദ്യോഗസ്ഥരുടെയും ഓഫീസുകളുടെയും സുരക്ഷ ഉറപ്പാക്കാനും ആഭ്യന്തരമന്ത്രി ആവശ്യപ്പെട്ടിട്ടുണ്ട്.

എന്‍ഐഎയുടെ നേതൃത്വത്തിലുള്ള ഏജന്‍സികള്‍ വ്യാഴാഴ്ച രാവിലെ 12 സംസ്ഥാനങ്ങളില്‍ ഒരേസമയം റെയ്ഡ് നടത്തി പിഎഫ്ഐയുടെ 106 പേരെ അറസ്റ്റ് ചെയ്തിട്ടുണ്ട്. എക്കാലത്തെയും വലിയ അന്വേഷണ ഓപ്പറേഷന്‍ എന്നാണ് എന്‍ഐഎ ഇതിനെ വിശേഷിപ്പിച്ചത്. യുപി, മഹാരാഷ്ട്ര, കേരളം, തമിഴ്‌നാട് എന്നിവയുള്‍പ്പെടെ രാജ്യത്തെ 12 സംസ്ഥാനങ്ങളില്‍ എന്‍ഐഎ, ഇ ഡി സംഘങ്ങള്‍ പിഎഫ്‌ഐയുടെ സംസ്ഥാനത്തെ ജില്ലാതല നേതാക്കള്‍ മുതല്‍ ജില്ലാതല നേതാക്കള്‍ വരെയുള്ളവരുടെ വീടുകളില്‍ റെയ്ഡ് നടത്തുകയും 100-ലധികം അംഗങ്ങളെ അറസ്റ്റ് ചെയ്യുകയും ചെയ്തു. തീവ്രവാദ ഫണ്ടിംഗുമായി ബന്ധപ്പെട്ട് ഡല്‍ഹിയില്‍ രജിസ്റ്റര്‍ ചെയ്ത കേസിലാണ് എന്‍ഐഎ നടപടി

ഭാരത് ജോഡോ യാത്രാ വിവരങ്ങള്‍ ഹാജരാക്കാന്‍ ഹര്‍ജിക്കാരനോട് കോടതി

ഭാരത് ജോഡോ യാത്ര നടത്താനുള്ള അനുമതി സംബന്ധിച്ച വിശദാംശങ്ങള്‍ ഹാജരാക്കാന്‍ ഹര്‍ജിക്കാരനോട് ഹൈക്കോടതി . അനുമതി വ്യവസ്ഥകളടക്കമുള്ള വിവരങ്ങള്‍ സമര്‍പ്പിക്കണം. പോലീസ് നല്‍കിയ അനുമതി ലംഘിച്ചോ എന്നതടക്കമുള്ള വിവരം അറിയിക്കണം. യാത്രയുടെ പേരില്‍ റോഡില്‍ ഗതാഗത സ്തംഭനം ഉണ്ടാക്കുകയാണെന്നും യാത്രക്കാരുടെ പ്രശ്നത്തില്‍ ഹൈക്കോടതി ഇടപെടണമെന്നുമാണ് ഹര്‍ജിയിലെ ആവശ്യം. ഹൈക്കോടതി അഭിഭാഷകനും മുന്‍ പൊലീസ് ഉദ്യോഗസ്ഥനുമായ വിജയന്‍ ആണ് ഹര്‍ജി നല്‍കിയത്. ഹര്‍ജി പരിഗണിക്കുന്നത് തിങ്കളാഴ്ച്ചത്തേക്ക് മാറ്റി

റോഡിലെ പ്രധാന ഭാഗം അപഹരിച്ചാണ് ഭാരത് ജോഡോ യാത്ര നടക്കുന്നത്. ഇതിന് പകരം റോഡിലെ ഒരു ഭാഗം മാത്രം യാത്രയ്ക്ക് വിട്ട് നല്‍കി മറ്റ് വഴികളിലൂടെ ഗതാഗതം സുഗമമാക്കാന്‍ നിര്‍ദ്ദേശിക്കണമെന്നും ഹര്‍ജിയില്‍ ആവശ്യപ്പെടുന്നു. യാത്രയ്ക്ക് സുരക്ഷ ഒരുക്കുന്ന പൊലീസുകാര്‍ക്ക് പണം ഈടാക്കാനുള്ള നിര്‍ദ്ദേശം നല്‍കണമെന്നും ഹര്‍ജിയിലുണ്ട്.