കൊച്ചി: കാട്ടാക്കടയില്‍ കെഎസ്ആര്‍ടിസി ജീവനക്കാര്‍ പിതാവിനെയും മകളെയും മര്‍ദ്ദിച്ച സംഭവം ഞെട്ടിക്കുന്നതെന്ന് ഹൈക്കോടതി. ജീവനക്കാര്‍ യാത്രക്കാരോട് പെരുമാറുന്നത് ഇങ്ങനെയാണോയെന്നും കോടതി ചോദിച്ചു. സംഭവിക്കാന്‍ പാടില്ലാതതാണ് സംഭവിച്ചത്. ഇതാണ് ജീവനക്കാരുടെ പെരുമാറ്റമെങ്കില്‍ കെഎസ്ആര്‍ടിസിയെ ആര് ഏറ്റെടുക്കുമെന്നും കോടതി ചോദിച്ചു. സംഭവത്തെ കുറിച്ച് പിതാവിനോടും മകളോടും വിശദാംശങ്ങള്‍ അന്വേഷിച്ച് റിപ്പോര്‍ട്ടായി നല്‍കാന്‍ കെഎസ്ആര്‍ടിസിക്ക് നിര്‍ദേശം നല്‍കി. നാളെ തന്നെ റിപ്പോര്‍ട്ട് ഫയല്‍ ചെയ്യണമെന്നും കോടതി പറഞ്ഞു. കേസിന്റെ വിശദാംശങ്ങളും തേടി. വിഷയം നാളെ ഉച്ചയ്ക്ക് വീണ്ടും പരിഗണിക്കും.
കാട്ടാക്കടയില്‍ വിദ്യാര്‍ത്ഥി കണ്‍സഷന്‍ തേടിയെത്തിയ അച്ഛനെയും മകളെയും ആക്രമിച്ച കേസില്‍ പക്ഷേ പ്രതികളെ ആരെയും ഇതുവരെ അറസ്റ്റ് ചെയ്യാനായിട്ടില്ല. സംഭവത്തില്‍ അന്വേഷണത്തിനായി പ്രത്യേക സംഘത്തെ ചുമതലപ്പെടുത്തി. കാട്ടാക്കട ഡിവൈഎസ്പി അനിലിന്റെ നേതൃത്വത്തിലുള്ള ഒമ്പത് അംഗ സംഘത്തിനാണ് അന്വേഷണ ചുമതല. പ്രതികള്‍ക്കെതിരെ പട്ടികജാതി-പട്ടികവര്‍ഗ അതിക്രമം തടയല്‍ വകുപ്പ് കൂടി ചുമത്തുമെന്ന് പൊലീസ് അറിയിച്ചു. അക്രമത്തിന് ഇരയായ രേഷ്മയുടെയും സുഹൃത്തിന്റെയും മൊഴിയുടെ അടിസ്ഥാനത്തില്‍ ഇന്നലെ പ്രതികള്‍ക്കെതിരെ ജാമ്യമില്ലാ വകുപ്പ് ചുമത്തിയിരുന്നു.