മായം കലര്‍ന്ന മുളകുപൊടി വിപണിയും അടുക്കളകളും കീഴടക്കുമ്പോള്‍ പ്രാദേശികമായി മുളക് കൃഷി ചെയ്ത് മുളകുപൊടി ഉല്‍പാദിപ്പിക്കാനുള്ള പദ്ധതിയുമായി കൂത്തുപറമ്പ് ബ്ലോക്ക് പഞ്ചായത്ത് പരിധിയിലെ ഏഴ് കൃഷിഭവനുകള്‍. കൂത്തുപറമ്പ് കൃഷി അസിസ്റ്റന്റ് ഡയറക്ടര്‍ ഓഫീസിന്റെ നേതൃത്വത്തിലാണ് ‘റെഡ് ചില്ലീസ്’ എന്ന പദ്ധതി നടപ്പാക്കുന്നത്.
ആദ്യഘട്ടത്തില്‍ 50 ഏക്കറോളം മുളക് കൃഷി ചെയ്താണ് പദ്ധതിക്ക് തുടക്കമിടുക. ഏഴ് കൃഷിഭവനുകള്‍ക്ക് കീഴിലായി 100 കര്‍ഷകരെ ഇതിനായി തെരഞ്ഞെടുത്തിട്ടുണ്ട്. കൃഷി വകുപ്പിന്റെ വിവിധ സ്‌കീമുകളില്‍ ഉള്‍പ്പെടുത്തി മുളക് തൈകള്‍, വളങ്ങള്‍ തുടങ്ങിയ സഹായങ്ങള്‍ കര്‍ഷകര്‍ക്ക് ലഭ്യമാക്കും. ആധുനിക കൃഷി രീതികളാണ് ഉപയോഗിക്കുക. കര്‍ഷകര്‍ക്ക് ആവശ്യമായ പരിശീലനം നല്‍കും. കാശ്മീരി, സെറ, കീര്‍ത്തി തുടങ്ങി നമ്മുടെ കാലാവസ്ഥക്ക് യോജിച്ച വിവിധ ഹൈബ്രിഡ് തൈകളാണ് നടുക.
വിളവെടുത്ത മുളക് ഉണക്കുന്നതിന് ആവശ്യമായ ഡ്രയറുകള്‍, പൊടിയന്ത്രങ്ങള്‍, പാക്കിങ്, മാര്‍ക്കറ്റിങ് സംവിധാനങ്ങള്‍ എന്നിവ പദ്ധതിയുടെ ഭാഗമായി ഒരുക്കും. നിലവില്‍ മാങ്ങാട്ടിടം ഗ്രാമപഞ്ചായത്തില്‍ ഇലക്ട്രിക് ഡ്രയര്‍ സ്ഥാപിച്ചിട്ടുണ്ട്. കൂടുതല്‍ കൃഷിക്കാരെ ലഭിച്ചിട്ടുള്ളതും മാങ്ങാട്ടിടത്ത് നിന്നാണ്. മറ്റുള്ളയിടങ്ങളിലും ഡ്രയറുകള്‍ സ്ഥാപിക്കുന്നതിന് ആലോചനയുണ്ട്. ഇതിന് പുറമെ വീടുകളിലും മുളക് കൃഷി വ്യാപിപ്പിക്കും.
പദ്ധതിയുടെ ഉദ്ഘാടനം മാങ്ങാട്ടിടം ഗ്രാമപഞ്ചായത്ത് ഹാളില്‍ കെ കെ ശൈലജ ടീച്ചര്‍ എം എല്‍ എ നിര്‍വഹിച്ചു. കൂത്തുപറമ്പ് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡണ്ട് ആര്‍ ഷീല അധ്യക്ഷത വഹിച്ചു. ജില്ലാ പഞ്ചായത്ത് സ്ഥിരം സമിതി അധ്യക്ഷ യു പി ശോഭ, മാങ്ങാട്ടിടം ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് പി സി ഗംഗാധരന്‍ മാസ്റ്റര്‍, സ്ഥിരം സമിതി അധ്യക്ഷ എം ഷീന, കൂത്തുപറമ്പ് ബ്ലോക്ക് പഞ്ചായത്ത് സ്ഥിരം സമിതി അധ്യക്ഷ ടി കെ ദീപ, അംഗങ്ങളായ ഒ ഗംഗാധരന്‍ മാസ്റ്റര്‍, പി കെ ബഷീര്‍, ആത്മ പ്രൊജക്ട് ഡയറക്ടര്‍ കണ്ണൂര്‍ പി വി ശൈലജ, കൃഷി ഡെപ്യൂട്ടി ഡയറക്ടര്‍ എ ആര്‍ സുരേഷ്, കണ്ണൂര്‍ അസിസ്റ്റന്റ് പ്രിന്‍സിപ്പല്‍ കൃഷി ഓഫീസര്‍ തുളസി ചെങ്ങാട്ട്, ഡോ. കെ എം ശ്രീകുമാര്‍, വിവിധ കൃഷി ഓഫീസര്‍മാര്‍ തുടങ്ങിയവര്‍ പങ്കെടുത്തു.