തില്ലങ്കേരി: പടിക്കച്ചാല്‍ നെല്ലിയാട്ടേരിയില്‍ സ്വകാര്യ വ്യക്തിയുടെ പറമ്പില്‍ തീപിടിത്തം. ഒരേക്കറോളം സ്ഥലത്തെ കശുമാവ് ഉള്‍പ്പെടെയുള്ള കാര്‍ഷിക വിളകള്‍ കത്തി നശിച്ചു. കെ കാദറിന്റെ പറമ്പിലാണ് തീപിടിത്തം ഉണ്ടായത്. ഇരിട്ടിയില്‍ നിന്ന് ഫയര്‍ഫോഴ്‌സും നാട്ടുകാരും ചേര്‍ന്നു തീ അണച്ചു.
ഉളിക്കല്‍: കോക്കാട് സ്വകാര്യ വ്യക്തിയുടെ പറമ്പില്‍ തീപിടിത്തം. ശനിയാഴ്ച വൈകിട്ട് 3 മണിയോടെയായിരുന്നു തീപിടിത്തം. ഇരിട്ടിയില്‍ നിന്നുള്ള ഫയര്‍ഫോഴ്‌സും നാട്ടുകാരും ചേര്‍ന്ന് തീ അണച്ചു.തേനിശേരി ശശിയുടെ പറമ്പിലാണ് തീപിടിത്തം ഉണ്ടായത്. കശുമാവ് ഉള്‍പ്പെടെയുള്ള കാര്‍ഷികവിളകള്‍ കത്തി നശിച്ചു.
കോട്ടയത്ത് പൊലീസ് ഉദ്യോഗസ്ഥനെ കാണാതായി. ഈസ്റ്റ് പൊലീസ് സ്റ്റേഷനിലെ സി പി ഒ ബഷീറിനെയാണ് രാവിലെ മുതല്‍ കാണാതായത്. ഫോണ്‍ ഉള്‍പ്പെടെ ക്വാര്‍ട്ടേഴ്‌സില്‍ ഉപേക്ഷിച്ച നിലയില്‍ കണ്ടെത്തി. അമിത ജോലി ഭാരവും തൊഴില്‍ സമ്മര്‍ദ്ദവും കാരണം കടുത്ത മനോവിഷമത്തിലായിരുന്നു ബഷീറെന്ന് സഹപ്രവര്‍ത്തകര്‍ പറഞ്ഞു. കേസെടുത്ത് അന്വേഷണം തുടങ്ങിയതായി പൊലീസ് അറിയിച്ചു.
സംസ്ഥാന സര്‍ക്കാര്‍ ജീവനക്കാര്‍ക്ക് കടുത്ത മുന്നറിയിപ്പുമായി മുഖ്യമന്ത്രി പിണറായി വിജയന്‍. വികസന, ക്ഷേമ പ്രവര്‍ത്തനങ്ങളില്‍ നിന്ന് ഏതെങ്കിലും തരത്തില്‍ ലാഭം ഉണ്ടാക്കാമെന്ന ചിന്ത ഒരു ന്യൂനവിഭാഗത്തിനുണ്ടെന്ന് അദ്ദേഹം പറഞ്ഞു. ഭൂരിപക്ഷം ജീവനക്കാരും അര്‍പ്പണ ബോധത്തോടെ പ്രവര്‍ത്തിക്കുന്നവരാണ്. എന്നാല്‍ ചുരുക്കം ചിലര്‍ക്ക് ലാഭചിന്തകളുണ്ട്. അവരുടെ കാപട്യം ആരും തിരിച്ചറിയില്ലെന്നാണ് അവര്‍ കരുതുന്നതെന്നും അദ്ദേഹം പറഞ്ഞു. പുതിയ കാലത്ത് ഓരോ നീക്കവും നിരീക്ഷിക്കാനും നടപടിയെടുക്കാനും അത്ര ബുദ്ധിമുട്ടില്ലെന്ന് മുഖ്യമന്ത്രി പറഞ്ഞു. ഇത് എല്ലാവരും ഓര്‍ക്കണം. ഇത്തരം ആളുകളെ കുറിച്ചുള്ള വിവരശേഖരണവും അന്വേഷണവും സര്‍ക്കാര്‍ നടത്തുന്നുണ്ട്. തന്റെ ഓഫീസിനും വകുപ്പിനും സംസ്ഥാനത്തിനും കളങ്കം ഉണ്ടാക്കുന്ന വ്യക്തിത്വങ്ങളെ ചുമക്കേണ്ട ബാധ്യത സര്‍ക്കാരിനില്ല. പൊതുജനങ്ങളെ പണം കട്ടെടുത്തോ, കൈക്കൂലി വാങ്ങിയോ സുഖമായി ജീവിക്കാമെന്ന് ആരും കരുതേണ്ട. അങ്ങനെ ചെയ്യുന്നവരോട് ഒരു ദാക്ഷിണ്യവും സര്‍ക്കാരിനുണ്ടാകില്ല. അവരെ പുഴുക്കുത്തുകളായി കരുതുമെന്നും മുഖ്യമന്ത്രി പറഞ്ഞു.
സംസ്ഥാനത്ത് സ്വര്‍ണവിലയില്‍ വീണ്ടും ഇടിവ്. കഴിഞ്ഞ ഒരാഴ്ചയ്ക്കുള്ളില്‍ അഞ്ച് തവണയായി സ്വര്‍ണവില കുറഞ്ഞിട്ടുണ്ട്. 560 രൂപയുടെ ഇടിവാണ് ഉണ്ടായത്. ഇന്ന് 160 രൂപയുടെ ഇടിവാണ് ഉണ്ടായത്. വിപണിയില്‍ ഒരു പവന്‍ സ്വര്‍ണത്തിന്റെ ഇന്നത്തെ വിപണി നിരക്ക് 41,200 രൂപയാണ്. ഒരു ഗ്രാം 22 കാരറ്റ് സ്വര്‍ണത്തിന്റെ വില ഇന്നലെ 10 രൂപ കുറഞ്ഞു. ഇന്നലെ 20 രൂപ കുറഞ്ഞിരുന്നു. ഇന്നത്തെ വിപണി വില 5150 രൂപയാണ്. ഒരു ഗ്രാം 18 കാരറ്റ് സ്വര്‍ണത്തിന്റെ വിലയും 20 രൂപ കുറഞ്ഞു. ഇന്നത്തെ വിപണി വില 4260 രൂപയാണ്.
ദേശീയ പങ്കാളിത്ത പെന്‍ഷന്‍ പദ്ധതിയില്‍ കെഎസ്ആര്‍ടിസിയില്‍ വരുത്തിയ കുടിശ്ശിക ആറ് മാസത്തിനകം അടച്ചു തീര്‍ക്കണമെന്ന് ഹൈക്കോടതി. 9000 ജീവനക്കാരുടെ ശമ്പളത്തില്‍ നിന്ന് പിടിച്ച തുക വക മാറ്റിയ കോര്‍പ്പറേഷന്‍ നടപടിക്കെതിരെ ജീവനക്കാര്‍ നല്‍കിയ ഹര്‍ജിയിലാണ് കോടതിയുടെ നിര്‍ദ്ദേശം. 2014 മുതല്‍ 2023 വരെയുള്ള കുടിശിക തുകയായി 251 കോടി രൂപയാണ് കെഎസ്ആര്‍ടിസി അടച്ച് തീര്‍ക്കേണ്ടത്. സാമ്പത്തിക പ്രതിസന്ധി കാരണമാണ് തുക അടക്കാന്‍ കഴിയാതിരുന്നതെന്നായിരുന്നു കെഎസ്ആര്‍ടിസി വിശദീകരണം. എന്നാല്‍ ദേശീയ പെന്‍ഷന്‍ പദ്ധതിയിലേക്ക് അടക്കേണ്ട തുക വകമാറ്റിയത് അംഗീകരിക്കാനാവില്ലെന്നും ഉടന്‍ അടച്ചുതീര്‍ക്കണമെന്നും ഹൈക്കോടതി ഉത്തരവില്‍ വ്യക്തമാക്കി.
മണത്തണ അത്തിക്കണ്ടം ഭഗവതി ക്ഷേത്രത്തിൽ ക്ഷേത്രത്തിൽ തിറ മഹോത്സവത്തിന് എത്തിയവർക്ക് ഭക്ഷ്യവിഷബാത.വ്യാഴാഴ്ച മഹോത്സവ നഗരിയിൽ നിന്നും കഴിച്ച ഐസ്ക്രീമിൽ നിന്നാണ് ഭക്ഷ്യ വിഷബാധയേറ്റതെന്നാണ് സംശയിക്കുന്നത്. നിരവധി കുട്ടികളെയാണ് പനിയും ചർദ്ദിയും മറ്റ് ദേഹാസ്വാസ്ഥ്യത്തെ തുടർന്ന് പേരാവൂർ താലൂക്ക് ആശുപത്രിയിലും സ്വകാര്യ ആശുപത്രികളിലും പ്രവേശിപ്പിച്ചത്
വേനല്‍ ചൂട് വര്‍ധിച്ചു വരുന്ന സാഹചര്യത്തില്‍ പൊതുജനങ്ങള്‍ക്കായി ജാഗ്രത നിര്‍ദേശങ്ങള്‍ പുറപ്പെടുവിച്ച് സംസ്ഥാന ദുരന്ത നിവാരണ അതോറിറ്റി. പൊതുജനങ്ങള്‍ പകല്‍ രാവിലെ 11 മുതല്‍ 3 വരെയുള്ള സമയത്ത് നേരിട്ട് ശരീരത്തില്‍ കൂടുതല്‍ സമയം തുടര്‍ച്ചയായി സൂര്യപ്രകാശം എല്‍ക്കുന്നത് ഒഴിവാക്കുക.
ജലം പാഴാക്കാതെ ഉപയോഗിക്കാനും വേനല്‍ മഴ ലഭിക്കുമ്പോള്‍ പരമാവധി ജലം സംഭരിക്കാനുമുള്ള നടപടികള്‍ സ്വീകരിക്കണം. നിര്‍ജലീകരണം തടയാന്‍ കുടിവെള്ളം എപ്പോഴും ഒരു ചെറിയ കുപ്പിയില്‍ കയ്യില്‍ കരുതുക.
പരമാവധി ശുദ്ധജലം കുടിക്കുക. ദാഹമില്ലെങ്കിലും വെള്ളം കുടിക്കുക. നിര്‍ജ്ജലീകരണമുണ്ടാക്കുന്ന മദ്യം, കാപ്പി, ചായ, കാര്‍ബണേറ്റഡ് സോഫ്റ്റ് ഡ്രിങ്കുകള്‍ തുടങ്ങിയ പാനീയങ്ങള്‍ പകല്‍ സമയത്ത് ഒഴിവാക്കുക.
അയഞ്ഞ, ഇളം നിറത്തിലുള്ള പരുത്തി വസ്ത്രങ്ങള്‍ ധരിക്കുക.പുറത്തിറങ്ങുമ്പോള്‍ പാദരക്ഷകള്‍ ധരിക്കുക. കുടയോ തൊപ്പിയോ ഉപയോഗിക്കുക.
വേനല്‍ ചൂട് അധികരിക്കുന്ന സാഹചര്യത്തില്‍ കാട്ടുതീ വ്യാപിക്കാനുള്ള സാധ്യതയുണ്ട്. വനമേഖലയോട് ചേര്‍ന്ന് താമസിക്കുന്നവരും വിനോദ സഞ്ചാരികളും പ്രത്യേകം ജാഗ്രത പാലിക്കണം. കാട്ടുതീ ഉണ്ടാകാനുള്ള സാഹചര്യങ്ങള്‍ ഒഴിവാക്കണം. വനം വകുപ്പിന്റെ നിര്‍ദേശങ്ങള്‍ കര്‍ശനമായി പാലിക്കണം.
വേനല്‍ക്കാലത്ത് മാര്‍ക്കെറ്റുകള്‍, കെട്ടിടങ്ങള്‍, മാലിന്യശേഖരണ-നിക്ഷേപ കേന്ദ്രങ്ങള്‍ തുടങ്ങിയ ഇടങ്ങളില്‍ തീപിടുത്തങ്ങള്‍ വര്‍ധിക്കാനും വ്യാപിക്കാനുമുള്ള സാധ്യത കൂടുതലാണ്. ഫയര്‍ ഓഡിറ്റ് നടത്തേണ്ടതും കൃത്യമായ സുരക്ഷാ മുന്‍കരുതല്‍ സ്വീകരിക്കുകയും ചെയ്യേണ്ടതാണ്. ഇവയോട് ചേര്‍ന്ന് താമസിക്കുന്നവരും സ്ഥാപനങ്ങള്‍ നടത്തുന്നവരും പ്രത്യേകം ജാഗ്രത പാലിക്കുക.
വിദ്യാഭ്യാസ സ്ഥാപനങ്ങളില്‍ വിദ്യാര്‍ഥികള്‍ക്ക് ശുദ്ധമായ കുടിവെള്ളം ഉറപ്പാക്കേണ്ടതും , ക്ലാസ്സ് മുറികളില്‍ വായു സഞ്ചാരം ഉറപ്പാക്കേണ്ടതുമാണ്. പരീക്ഷാക്കാലമായതിനാല്‍ പരീക്ഷാഹാളുകളിലും ജലലഭ്യത ഉറപ്പാക്കണം.
വിദ്യാര്‍ത്ഥികളുടെ കാര്യത്തില്‍ സ്‌കൂള്‍ അധികൃതരും രക്ഷിതാക്കളും പ്രത്യേകശ്രദ്ധ പുലര്‍ത്തേണ്ടതാണ്. കുട്ടികള്‍ക്ക് കൂടുതല്‍ വെയിലേല്‍ക്കുന്ന അസംബ്ലികളും മറ്റ് പരിപാടികളും ഒഴിവാക്കുകയോ സമയക്രമീകരണം നടത്തുകയോ ചെയ്യേണ്ടതാണ്. കുട്ടികളെ വിനോദ സഞ്ചാരത്തിന് കൊണ്ടുപോകുന്ന സ്‌കൂളുകള്‍ കുട്ടികള്‍ക്ക് നേരിട്ട് ചൂട് ഏല്‍ക്കുന്നില്ല എന്ന് ഉറപ്പ് വരുത്തുക.
അംഗനവാടി കുട്ടികള്‍ക്ക് ചൂട് ഏല്‍ക്കാത്ത തരത്തിലുള്ള സംവിധാനം നടപ്പാക്കാന്‍ അതാത് പഞ്ചായത്ത് അധികൃതരും അംഗനവാടി ജീവനക്കാരും പ്രത്യേകം ശ്രദ്ധിക്കണം.
പ്രായമായവര്‍, ഗര്‍ഭിണികള്‍, കുട്ടികള്‍, ഭിന്നശേഷിക്കാര്‍, മറ്റ് രോഗങ്ങള്‍ മൂലമുള്ള അവശത അനുഭവിക്കുന്നവര്‍ തുടങ്ങിയ വിഭാഗങ്ങള്‍ പകല്‍ 11 മണി മുതല്‍ 3 മണി വരെ നേരിട്ട് സൂര്യപ്രകാശം ഏല്‍ക്കാതെയിരിക്കാന്‍ പ്രത്യേകം ശ്രദ്ധിക്കണം. ഇത്തരം വിഭാഗങ്ങള്‍ക്ക് എളുപ്പത്തില്‍ സൂര്യാഘാതം ഏല്‍ക്കാനുള്ള സാധ്യതയുള്ളതിനാല്‍ ഇവരുടെ കാര്യത്തില്‍ പ്രത്യേക ശ്രദ്ധ പുലര്‍ത്തേണ്ടതാണ്.
ഇരു ചക്ര വാഹനങ്ങളില്‍ ഓണ്‍ലൈന്‍ ഭക്ഷണ വിതരണം നടത്തുന്നവര്‍ ഉച്ച സമയത്തു സുരക്ഷിതരാണെന്ന് അതാത് സ്ഥാപനങ്ങള്‍ ഉറപ്പുവരുത്തേണ്ടതാണ്. അവര്‍ക്കു ചൂട് ഏല്‍ക്കാതിരിക്കാന്‍ ഉതകുന്ന രീതിയിലുള്ള വസ്ത്രധാരണം നടത്താന്‍ നിര്‍ദ്ദേശം നല്‍കുകയും അതുപോലെ ആവശ്യമെങ്കില്‍ യാത്രക്കിടയില്‍ അല്പസമയം വിശ്രമിക്കാനുള്ള അനുവാദം നല്‍കുകയും ചെയ്യേണ്ടതാണ്.
മാധ്യമപ്രവര്‍ത്തകരും പൊലീസ് ഉദ്യോഗസ്ഥരും ഈ സമയത്ത് കുടകള്‍ ഉപയോഗിക്കുകയും നേരിട്ട് വെയില്‍ ഏല്‍ക്കാതിരിക്കാന്‍ ശ്രദ്ധിക്കുകയും ചെയ്യുക. ജോലിയില്‍ ഏര്‍പ്പെട്ടിരിക്കുന്ന പോലീസ്‌കാര്‍ക്ക് സുമനസ്‌കര്‍ കുടിവെള്ളം നല്‍കി നിര്‍ജ്ജലീകരണം തടയുവാന്‍ സഹായിക്കുക.
യാത്രയിലേര്‍പ്പെടുന്നവര്‍ ആവശ്യമായ വിശ്രമത്തോടെ യാത്ര തുടരുന്നതാകും നല്ലത്. വെള്ളം കയ്യില്‍ കരുതുക.
നിര്‍മ്മാണ തൊഴിലാളികള്‍, കര്‍ഷക തൊഴിലാളികള്‍,വഴിയോര കച്ചവടക്കാര്‍, കാഠിന്യമുള്ള ജോലികളില്‍ ഏര്‍പ്പെടുന്നവര്‍ ജോലി സമയം ക്രമീകരിക്കുക. ജോലിയില്‍ ആവശ്യമായ വിശ്രമം ഉറപ്പ് വരുത്തുക.
ഉച്ചവെയിലില്‍ കന്നുകാലികളെ മേയാന്‍ വിടുന്നതും മറ്റു വളര്‍ത്തുമൃഗങ്ങളെ വെയിലത്ത് കെട്ടിയിടുന്നതും ഒഴിവാക്കണം. മൃഗങ്ങള്‍ക്കും പക്ഷികള്‍ക്കും ജല ലഭ്യത ഉറപ്പാക്കുക.
പഴങ്ങളും പച്ചക്കറികളും ധാരാളമായി കഴിക്കുക. തണുത്ത ലായനി, സംഭാരം തുടങ്ങിയവയുടെ ഉപയോഗം പ്രോത്സാഹിപ്പിക്കുക.
കുട്ടികളെയോ വളര്‍ത്തുമൃഗങ്ങളെയോ പാര്‍ക്ക് ചെയ്ത വാഹനങ്ങളില്‍ ഇരുത്തി പോകാന്‍ പാടില്ല.
അസ്വസ്ഥകള്‍ അനുഭവപ്പെട്ടാല്‍ ഉടനെ വിശ്രമിക്കുകയും വൈദ്യസഹായം തേടുകയും ചെയ്യുക.
കാലാവസ്ഥ വകുപ്പിന്റെയും ദുരന്ത നിവാരണ അതോറിറ്റിയുടെയും ഔദ്യോഗിക മുന്നറിയിപ്പുകള്‍ ശ്രദ്ധിക്കുകയും അനുസരിക്കുകയും ചെയ്യുക.
പേരാവൂര്‍: ഗ്രാമ പഞ്ചായത്ത് 2022-23 വര്‍ഷത്തെ പദ്ധതി പ്രകാരം ഭിന്നശേഷിക്കാര്‍ക്കും വയോജനങ്ങള്‍ക്കുമുള്ള ഉപകരണ വിതരണം പേരാവൂര്‍ ഡിജിറ്റല്‍ ലൈബ്രറി ഹാളില്‍ നടന്നു. ഐസിഡിഎസ് സൂപ്പര്‍വൈസര്‍ എന്‍ പി ആശ നേതൃത്വം നല്‍കി.
ടൈപ്പ് വണ്‍ ഡയബറ്റിസ് ബാധിതരായ കുട്ടികള്‍ക്ക് പരീക്ഷാ സമയത്ത് അധിക സമയം അനുവദിച്ചു. സര്‍ക്കാര്‍ ഡോക്ടര്‍ നല്‍കുന്ന സര്‍ട്ടിഫിക്കറ്റിന്റെ അടിസ്ഥാനത്തില്‍ പരീക്ഷാ സമയത്ത് മണിക്കൂറിന് 20 മിനിറ്റ് വീതം പരിഹാര സമയം അനുവദിച്ചാണ് ഉത്തരവായിരിക്കുന്നത്. എസ്എസ്എല്‍സി, ഹയര്‍ സെക്കന്ററി ബോര്‍ഡ് പരീക്ഷകള്‍ക്ക് അടക്കം ഉത്തരവ് ബാധകമാണ്.