Hivision Channel

channel news

‘ഒരു ദിവസം 100 പേര്‍ക്ക് ഡ്രൈവിംഗ് ടെസ്റ്റ് നടത്തി’; മോട്ടോര്‍ വെഹിക്കിള്‍ ഉദ്യോഗസ്ഥര്‍ക്ക് പരസ്യ വിചാരണ

സംസ്ഥാനത്ത് ഉദ്യോഗാര്‍ത്ഥികള്‍ക്ക് പ്രതിദിനം നൂറിലധികം പേർക്ക് ഡ്രൈവിംഗ് ടെസ്റ്റ് നടത്തിയ മോട്ടോര്‍ വെഹിക്കിള്‍ ഉദ്യോഗസ്ഥര്‍ക്ക് പരസ്യ വിചാരണ. 100 ലധികം ലൈസന്‍സ് നല്‍കുന്ന 15 പേരുടെ പട്ടിക ഗതാഗതമന്ത്രിയുടെ നിര്‍ദ്ദേശ പ്രകാരം തയ്യാറാക്കിയിരുന്നു. ഡ്രൈവിങ് ടെസ്റ്റുകള്‍ നിയമാനുസരണം നടത്തുന്നില്ലെന്നാണ് ഗതാഗതവകുപ്പിന്റെ വിലയിരുത്തല്‍. ലൈസന്‍സ് നല്‍കുന്നതിന് പിന്നില്‍ അഴിമതിയുണ്ടെന്നും വകുപ്പ് സംശയിക്കുന്നു.

പ്രതിദിനം അറുപത് ലൈസന്‍സ് വരെ നല്‍കാമെന്നാണ് ഗതാഗത കമ്മീഷണറുടെ സര്‍ക്കുലര്‍. എന്നാല്‍ ഇത് തെറ്റിച്ച് 100ലധികം പേർക്ക് ലൈസന്‍സ് നല്‍കുന്ന ഉദ്യോഗസ്ഥര്‍ക്കാണ് ടെസ്റ്റ് നടക്കുന്നത്. ഇത്രയധികം ലൈസന്‍സ് ഒരു ദിവസം നല്‍കുന്നതെങ്ങനെയെന്ന് ഉദ്യോഗസ്ഥര്‍ തെളിയിക്കണം.

15 ഉദ്യോഗസ്ഥരോട് ഇന്ന് തിരുവനന്തപുരത്ത് എത്താന്‍ ഗതാഗത കമ്മീഷന്‍ നിര്‍ദേശിക്കുകയായിരുന്നു. ഇവര്‍ ടെസ്റ്റ് നടത്തുന്നത് പരിശോധിക്കാന്‍ മൂന്നംഗ ഉദ്യോഗസ്ഥരെയും ചുമതലപ്പെടുത്തിയിട്ടുണ്ട്. ഈ പ്രാക്ടിക്കൽ ടെസ്റ്റിൽ ഉദ്യോഗസ്ഥർ പരാജയപ്പെട്ടാൽ വകുപ്പ് തല നടപടിയും ഉണ്ടായേക്കും.

ചെന്നൈയില്‍ മലയാളി ദമ്പതികളെ കഴുത്തറുത്ത് കൊലപ്പെടുത്തി,100 പവന്‍ സ്വര്‍ണം കവര്‍ന്നു

കോട്ടയം എരുമേലി സ്വദേശികളായ ദമ്പതിമാരെ തമിഴ്‌നാട്ടില്‍ കഴുത്തറുത്ത് കൊന്നു. മലയാളികളായ സിദ്ധ ഡോക്ടറും ഭാര്യയുമാണ് കൊല്ലപ്പെട്ടത്‌. ചെന്നൈ ആവഡിക്കുസമീപം മുത്തുപുതുപ്പേട്ട്‌ ഗാന്ധിനഗറില്‍ താമസിക്കുന്ന ശിവന്‍ നായരും പ്രസന്നകുമാരിയുമാണ് കൊല്ലപ്പെട്ടത്. വീടിനോട് ചേര്‍ന്ന് ശിവന്‍ നായര്‍ ക്ലിനിക്ക് നടത്തുന്നുണ്ട്. വിരമിച്ച അധ്യാപികയാണ് പ്രസന്നകുമാരി.

കവര്‍ച്ചക്കിടെയാണ് കൊലപാതകമെന്നാണ് സൂചന. ഇവരുടെ വീട്ടില്‍നിന്ന് 100 പവനോളം സ്വര്‍ണം മോഷണംപോയി.

ഞായറാഴ്ച വൈകീട്ടാണ് സംഭവം. രോഗികളെന്ന വ്യാജന എത്തിയവരാണ് കൊലനടത്തിയതെന്നാണ് പ്രാഥമിക അന്വേഷണത്തില്‍ ലഭിച്ച സൂചന.

വീട്ടിനുള്ളില്‍നിന്ന് ബഹളംകേട്ട അയല്‍ക്കാരാണ് പോലീസിനെ അറിയിച്ചത്. സംഭവസ്ഥലത്ത് എത്തിയ പോലീസ് ഇരുവരേയും മരിച്ച നിലയില്‍ കണ്ടെത്തുകയായിരുന്നു. മൃതദേഹം സര്‍ക്കാര്‍ ആശുപത്രിയിലേക്ക് മാറ്റി. മുത്താപുതുപ്പേട്ട് പോലീസ് അന്വേഷണം ആരംഭിച്ചു.

കരസേനയില്‍ ഉദ്യോഗസ്ഥായിരുന്ന ശിവന്‍ നായര്‍ വിരമിച്ച ശേഷമാണ് ചെന്നൈയില്‍ സ്ഥിരതാമസമാക്കിയത്.

ജലസംഭരണം ശരാശരിയിലും താഴെ; കേരളം ഉൾപ്പെടെയുള്ള ദക്ഷിണേന്ത്യൻ സംസ്ഥാനങ്ങളിൽ ജലപ്രതിസന്ധി

ഉഷ്ണതരംഗത്തിന്റെ പശ്ചാത്തലത്തിൽ ദക്ഷിണേന്ത്യൻ സംസ്ഥാനങ്ങൾ നേരിടുന്നത് കടുത്ത ജലപ്രതിസന്ധിയെന്ന് കേന്ദ്ര ജല കമ്മിഷന്റെ (സി.ഡബ്ല്യു.സി.) കണക്കുകൾ. ആന്ധ്രാപ്രദേശ്, തെലങ്കാന, കർണാടക, കേരളം, തമിഴ്നാട് എന്നീ ദക്ഷിണേന്ത്യൻ സംസ്ഥാനങ്ങളിലെ ജലസംഭരണം ശരാശരിയിലും താഴെയാണെന്നാണ് കേന്ദ്ര ജല കമ്മിഷൻ പുറത്തിറക്കിയ ബുള്ളറ്റിൻ വ്യക്തമാക്കുന്നത്.

കേരളം ഉൾപ്പെടുന്ന അഞ്ച് ദക്ഷിണേന്ത്യൻ സംസ്ഥാനങ്ങളിലെ സംഭരണശേഷിയുടെ 17 ശതമാനം മാത്രമാണ് നിലവിൽ ജലമുള്ളതെന്നാണ് കണ്ടെത്തൽ. ഇന്ത്യയുടെ വിവിധ പ്രദേശങ്ങളിലെ ജലസംഭരണത്തിന്റെ അളവ് സംബന്ധിച്ച് സി.ഡബ്ല്യു.സി. പുറത്തിറക്കിയ ബുള്ളറ്റിനിലാണ് ദക്ഷിണേന്ത്യൻ സംസ്ഥാനങ്ങൾ കടുത്ത ജലപ്രതിസന്ധിയിലൂടെയാണ് കടന്നുപോകുന്നതെന്ന് വ്യക്തമാക്കുന്നത്.

കേരളം ഉൾപ്പെടുന്ന അഞ്ച് ദക്ഷിണേന്ത്യൻ സംസ്ഥാനങ്ങളിലെ 42 ജലസംഭരണികൾക്ക് 53.334 ബില്യൺ ക്യൂബിക് മീറ്റർ സംഭരണശേഷിയുണ്ട്. എന്നാൽ, സി.ഡബ്ല്യു.സി. പുറത്തിറക്കിയ ഏറ്റവും പുതിയ റിപ്പോർട്ട് അനുസരിച്ച് ഈ റിസർവോയറുകളിൽ നിവലിൽ 8.865 ബില്യൺ ക്യൂബിക് മീറ്റർ ജലം മാത്രമാണുള്ളത്.

കഴിഞ്ഞവർഷം ഇതേ കാലയളവിൽ ഈ റിസർവോയറുകളിൽ 29 ശതമാനം ജലം ഉണ്ടായിരുന്നതായും കഴിഞ്ഞ പത്തു വർഷത്തെ ശരാശരി ജലസംഭരണം 23 ശതമാനമായിരുന്നെന്നും കണക്കുകൾ വ്യക്തമാക്കുന്നു. രാജ്യത്തിന്റെ പടിഞ്ഞാറൻ മേഖലയിലും വടക്ക്-മധ്യ മേഖലകളിലും ജലസംഭരണ ശേഷി കുറഞ്ഞതായും കണ്ടെത്തി. അതേസമയം, അസം, ഒഡിഷ, പശ്ചിമബംഗാൾ തുടങ്ങിയ സംസ്ഥാനങ്ങൾ ഉൾപ്പെടുന്ന കിഴക്കൻ മേഖലയിൽ കഴിഞ്ഞ വർഷത്തെ അപേക്ഷിച്ച് ഈ വർഷത്തെ ജലസംഭരണത്തിൽ പുരോഗതിയുണ്ടായി.

ഹോട്ടലിൽ പാചകം ചെയ്യുന്നതിനിടെ പ്രഷര്‍ കുക്കര്‍ പൊട്ടിത്തെറിച്ചു; രണ്ടു പേർക്ക് പൊള്ളലേറ്റു

file

ഹോട്ടലില്‍ ഭക്ഷണം തയ്യാറാക്കുന്നതിനിടയില്‍ പ്രഷര്‍ കുക്കര്‍ പൊട്ടിത്തെറിച്ച് ജീവനക്കാരായ രണ്ട് പേര്‍ക്ക് പരിക്കേറ്റു. കൊയിലാണ്ടിയിലെ അരങ്ങാടത്തുള്ള ഹോട്ടല്‍ സെവന്റീസിലാണ് അപകടമുണ്ടായത്. വലിയമങ്ങാട് സ്വദേശി ദേവി(42), ഇതര സംസ്ഥാന തൊഴിലാളിയായ സിറാജ്(38) എന്നിവര്‍ക്കാണ് പൊള്ളലേറ്റത്. ദേവിക്ക് സാരമായി പൊള്ളലേറ്റിട്ടുണ്ട്. സിറാജിന് കൈയ്യിലും നെഞ്ചിലുമാണ് പൊള്ളലേറ്റത്.ഭക്ഷണം പാകം ചെയ്തു കൊണ്ടിരിക്കെ കുക്കര്‍ വന്‍ ശബ്ദത്തോടെ പൊട്ടിത്തെറിക്കുകയായിരുന്നു. ഉടനെ ഇരുവരെയും സമീപത്തെ കൊയിലാണ്ടി താലൂക്ക് ആശുപത്രിയില്‍ പ്രവേശിപ്പിച്ച് പ്രാഥമിക ചികിത്സ നല്‍കി. ദേവിയുടെ പരിക്ക് ഗുരുതരമായതിനാല്‍ ഉടന്‍ തന്നെ കോഴിക്കോട് മെഡിക്കല്‍ കോളേജ് ആശുപത്രിയിലേക്ക് മാറ്റുകയായിരുന്നു. മുഖത്തും നെഞ്ചിലും കൈകളിലും ഉള്‍പ്പെടെ ഇവര്‍ക്ക് പരിക്കേറ്റിട്ടുണ്ട്.

സംസ്ഥാനത്ത് കൊടും ചൂട് തുടരുന്നു; മൂന്ന് ജില്ലകളിൽ ഇന്ന് മുന്നറിയിപ്പ്

സംസ്ഥാനത്ത് കൊടും ചൂട് തുടരുന്നു. കൊല്ലം, തൃശൂർ, പാലക്കാട് ജില്ലകളിൽ ഇന്ന് ഉഷ്ണ തരംഗത്തിന് സാധ്യത ഉണ്ടെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു. പാലക്കാട് ജില്ലയിൽ 41 ഡിഗ്രി സെൽഷ്യസ് വരെയും കൊല്ലം, തൃശൂർ ജില്ലകളിൽ 40 ഡിഗ്രി സെൽഷ്യസ് വരെയും ചൂട് ഉയർന്നേക്കും. കോഴിക്കോട്, കണ്ണൂർ, ആലപ്പുഴ, കോട്ടയം, എറണാകുളം, മലപ്പുറം, കാസർഗോഡ്, പത്തനംതിട്ട, തിരുവനന്തപുരം ജില്ലകളിലും താപനില ഉയരാൻ സാധ്യത ഉണ്ടെന്നും കാലാവസ്ഥ വകുപ്പ് മുന്നറിയിപ്പ് നൽകി.സാധാരണയേക്കാൾ മൂന്നു മുതൽ 5 ഡിഗ്രി സെൽഷ്യസ് വരെ ചൂട് ഉയരാനാണ് സാധ്യത. ഉഷ്ണ തരംഗ സാധ്യത മുന്നിൽക്കണ്ട് ജനങ്ങൾ ജാഗ്രത പാലിക്കണമെന്ന് ആരോഗ്യവകുപ്പിൻ്റെ മുന്നറിയിപ്പ് ഉണ്ട്. അതേസമയം സംസ്ഥാനത്ത് വേനൽ മഴ തുടർന്നേക്കും.

കൂട്ടുപുഴയിൽ വച്ച് എം ഡി എം എ യുമായി രണ്ട് യുവാക്കൾ പിടിയിൽ.

ഇരിട്ടി:പോലീസ് ലഹരി വിരുദ്ധ സ്‌ക്വാഡിൻ്റെ നേതൃത്വത്തിൽ നടത്തിയ പരിശോധനയിലാണ് 46 ഗ്രാം എം ഡി എം എ യുമായി കോഴിക്കോട് കുന്നമംഗലം സ്വദേശി സാബിത്തിനെയും കോട്ടയം വാഴുർ സ്വദേശി ജിഷ്ണുരാജിനെയും പിടികൂടിയത്.

സഹായി വോട്ട്: നടപടിക്രമങ്ങളില്‍ വീഴ്ച ഉണ്ടായിട്ടില്ല-ജില്ലാ കലക്ടര്‍

പേരാവൂരിലും പയ്യന്നൂരിലും ഹോം വോട്ടിങ്ങില്‍ സഹായി വോട്ട് ചെയ്തത് ക്രമപ്രകാരം തന്നെയാണെന്നും ഈ രണ്ട് സംഭവങ്ങളിലും പോളിങ്ങ് ഉദ്യോഗസ്ഥര്‍ക്ക് നടപടിക്രമങ്ങളില്‍ വീഴ്ച സംഭവിച്ചിട്ടില്ലെന്നുമാണ്പ്രാഥമിക അന്വേഷണത്തില്‍ വ്യക്തമായതെന്ന് ജില്ലാ തിരഞ്ഞെടുപ്പ് ഓഫീസര്‍ കൂടിയായ ജില്ലാ കലക്ടര്‍ അരുണ്‍ കെ വിജയന്‍ അറിയിച്ചു.
മൈക്രോ ഒബ്‌സര്‍വര്‍, പോളിങ്ങ് ഓഫീസര്‍, വോട്ടര്‍, സഹായി വോട്ടര്‍ എന്നിവരുടെ മൊഴി എടുത്തതില്‍ നിന്നും വീഡിയോ പരിശോധിച്ചതില്‍ നിന്നും ഇക്കാര്യത്തില്‍ നടപടിക്രമങ്ങളില്‍ വീഴ്ചയോ അപാകതയോ സംഭവിച്ചിട്ടില്ലെന്ന് വ്യക്തമായതായി ഇതുസംബന്ധിച്ച് പ്രാഥമിക അന്വേഷണം നടത്തിയ പേരാവൂര്‍ അസി. റിട്ടേണിങ്ങ് ഓഫീസറായ ഡിവിഷണല്‍ ഫോറസറ്റ് ഓഫീസര്‍ എസ് വൈശാഖ് റിപ്പോര്‍ട്ട് നല്‍കിയതായും കലക്ടര്‍ അറിയിച്ചു.
പേരാവൂര്‍ ബംഗ്ലക്കുന്നിലെ 123 നമ്പര്‍ ബൂത്തിലെ വോട്ടറായ 106 വയസ്സുകാരിയായ കല്ല്യാണി എറക്കോടന്‍ ഹൗസ് എന്നവരുടെ വീട്ടില്‍ ഏപ്രില്‍ 20ന് ഉച്ചയോടെയാണ് സ്‌പെഷ്യല്‍ പോളിങ്ങ് ടീം ചെന്നത്. പോളിങ്ങ് സ്‌റ്റേഷന്‍ പരിധിയിലെ പ്രധാന രാഷ്ട്രീയപാര്‍ട്ടി പ്രതിനിധികളുടെ സാന്നിധ്യവും മുന്‍കൂട്ടി അറിയിച്ച് ഉറപ്പുവരുത്തിയിരുന്നു. ഈ സമയം വോട്ടറുടെ മകളും അടുത്ത ബന്ധുവും അവിടെ ഉണ്ടായിരുന്നു. വോട്ടറുടെ മകള്‍ക്ക് വോട്ട് ചെയ്യുന്നതിന് പ്രയാസമുണ്ടെന്ന് അറിയിച്ചതിനെ തുടര്‍ന്ന് വോട്ടറും മകളും അടുത്തബന്ധുവിനെ സഹായിയായി നിര്‍ദേശിക്കുകയാണുണ്ടായത്.
1961 ലെ തിരഞ്ഞെടുപ്പ് നടത്തിപ്പ് ചട്ടം 40 പ്രകാരം പ്രിസൈഡിങ്ങ് ഓഫീസര്‍ക്ക് ബോധ്യപ്പെടുകന്ന പക്ഷം യഥാര്‍ഥ വോട്ടര്‍ ആഗ്രഹിക്കുകയാണെങ്കില്‍ 18 വയസ്സ് പൂര്‍ത്തിയായ ഏതൊരാള്‍ക്കും സഹായി വോട്ടറായി പ്രവര്‍ത്തിക്കാവുന്നതാണ്.
പയ്യന്നൂരില്‍ കോറോം വില്ലേജിലെ മാധവന്‍ വെളിച്ചപ്പാടിന്റെ വോട്ട് ചെയ്തത് സംബന്ധിച്ച പരാതിയിലും തിരഞ്ഞെടുപ്പ് കമ്മീഷന്റെ ഇതുസംബന്ധിച്ച നിര്‍ദേശങ്ങളും നടപടിക്രമങ്ങളും കൃത്യമായി പാലിച്ചിട്ടുണ്ടെന്നാണ് പ്രാഥമിക അന്വേഷണത്തില്‍ വ്യക്തമായത്. 18ന് വൈകിട്ട് മൂന്നരയോടെയാണ് പോളിങ്ങ് ടീം ഈ വീട്ടില്‍ എത്തിയത്. വോട്ടര്‍ക്ക് പ്രായാധിക്യം കാരണം സഹായിയെ വേണമെന്ന് ആവശ്യപ്പെട്ടപ്രകാരമാണ് ഇ വി സുരേഷ് എന്നയാളെ സഹായി വോട്ടറായി അനുവദിച്ചത്. ഇതുസംബന്ധിച്ച് ഒരു തര്‍ക്കവും ഉണ്ടായിട്ടില്ല. ബന്ധപ്പെട്ട രേഖകളില്‍ വോട്ടര്‍ വിരലടയാളം നല്‍കുകയും ചെയ്തിട്ടുണ്ട്. വോട്ടിങ്ങ് നടപടികളുടെ വീഡിയോ പരിശോധിക്കുകയും മൈക്രോ ഒബ്‌സര്‍വര്‍, പോളിങ്ങ് ഉദ്യോഗസ്ഥര്‍ എന്നിവരുടെ മൊഴി രേഖപ്പെടുത്തുകയും ചെയ്ത് അസി. റിട്ടേണിങ്ങ് ഓഫീസറായ ഡെപ്യൂട്ടി കലക്ടര്‍ സിറോഷ് ജോണ്‍ റിപ്പോര്‍ട്ട് കൈമാറിയതായും ജില്ലാ കലക്ടര്‍ അറിയിച്ചു.

കോഴിക്കോട് കാര്‍ വര്‍ക്ക്‌ഷോപ്പിൽ തീപിടിത്തം

കോഴിക്കോട് വെള്ളയില്‍ ഗാന്ധി റോഡിലെ കാര്‍ വര്‍ക്ക്‌ഷോപ്പിലാണ് തീപിടിത്തം.ജനവാസമേഖലക്ക് സമീപത്തായാണ് തീപിടിത്തം.
വീടുകളിലേക്ക് തീ പടരുമോ എന്ന ആശങ്കയിൽ പ്രദേശവാസികൾ. ഫയർഫോഴ്സ് എത്തി അണക്കാനുള്ള ശ്രമം തുടരുന്നു.

പ്രശസ്ത സംഗീതജ്ഞന്‍ കെ. ജി. ജയന്‍ അന്തരിച്ചു

പ്രശസ്ത സംഗീതജ്ഞന്‍ കെ.ജി.ജയൻ അന്തരിച്ചു. 90 വയസ്സായിരുന്നു. കൊച്ചി തൃപ്പൂണിത്തുറയിലെ വീട്ടിലായിരുന്നു അന്ത്യം. അറുപത് വർഷത്തോളം നീണ്ട സംഗീത ജീവിതത്തില്‍ സിനിമ ഗാനങ്ങള്‍ക്കും ഭക്തി ഗാനങ്ങൾക്കും കെ ജി ജയന്‍ ഈണം പകർന്നു. നടന്‍ മനോജ് കെ ജയന്‍ മകനാണ്. ജയവിജയ എന്ന പേരിൽ ഇരട്ട സഹോദരനൊപ്പം നിരവധി കച്ചേരികൾ നടത്തിയിരുന്നു. സിനിമ ഭക്തി ​ഗാനങ്ങളിലൂടെ കർണാടക സം​ഗീതത്തെ ജനകീയനാക്കിയ സം​ഗീതജ്ഞൻ കൂടിയായിരുന്നു കെ ജി ജയൻ. 2019 ല്‍ രാജ്യം പത്മശ്രീ നല്‍കി ആദരിച്ചു. കേരള സം​ഗീത നാടക അക്കാദമി അവാർഡ്, ഹരിവരാസനം അവാർഡ് എന്നിവയും ഇദ്ദേഹത്തിന് ലഭിച്ചിട്ടുണ്ട്.

പാലക്കാട്ട് യുവതിയെ കുത്തിവീഴ്ത്തി കത്തിച്ചുകൊന്നു; പ്രതി ആത്മഹത്യ ചെയ്തു

കൊടുമുണ്ട തീരദേശ റോഡിൽ യുവതിയുടെ മൃതദേഹം കത്തിക്കരിഞ്ഞ നിലയിൽ കണ്ടെത്തി. തൃത്താല പട്ടിത്തറ കങ്കണത്ത് പറമ്പിൽ പ്രവിയ (30) ആണ് മരിച്ചത്. പട്ടാമ്പിയിലെ സ്വകാര്യ ആശുപത്രി ജീവനക്കാരിയാണ് പ്രവിയ. രാവിലെ ജോലിക്ക് വരുമ്പോഴാണ് സംഭവം.

യുവതിയെ കുത്തി പരിക്കേൽപ്പിച്ച ശേഷം കത്തിച്ചതാണെന്നാണ് സൂചന. സംഭവത്തിന് ശേഷം ആത്മഹത്യക്ക് ശ്രമിച്ച, പ്രതിയെന്ന് കരുതുന്ന യുവാവിനെ എടപ്പാളിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും മരിച്ചു. ആലൂർ മൂലടിയിൽ സന്തോഷ് കുമാർ (43) ആണ് മരിച്ചത്. മരിച്ച പ്രവിയ സന്തോഷ് കുമാറിൻ്റെ കടയിലെ മുൻ ജീവനക്കാരിയായിരുന്നു.

സംഭവ സ്ഥലത്ത് പ്രവിയയുടെ സ്കൂട്ടർ മറിഞ്ഞു കിടപ്പുണ്ട്. പട്ടാമ്പി പോലീസ് സ്ഥലത്തെത്തി. കൂടുതൽ വിവരങ്ങൾ അന്വേഷിച്ചുവരികയാണെന്ന് പോലീസ് അറിയിച്ചു.