ഉഷ്ണതരംഗത്തിന്റെ പശ്ചാത്തലത്തിൽ ദക്ഷിണേന്ത്യൻ സംസ്ഥാനങ്ങൾ നേരിടുന്നത് കടുത്ത ജലപ്രതിസന്ധിയെന്ന് കേന്ദ്ര ജല കമ്മിഷന്റെ (സി.ഡബ്ല്യു.സി.) കണക്കുകൾ. ആന്ധ്രാപ്രദേശ്, തെലങ്കാന, കർണാടക, കേരളം, തമിഴ്നാട് എന്നീ ദക്ഷിണേന്ത്യൻ സംസ്ഥാനങ്ങളിലെ ജലസംഭരണം ശരാശരിയിലും താഴെയാണെന്നാണ് കേന്ദ്ര ജല കമ്മിഷൻ പുറത്തിറക്കിയ ബുള്ളറ്റിൻ വ്യക്തമാക്കുന്നത്.
കേരളം ഉൾപ്പെടുന്ന അഞ്ച് ദക്ഷിണേന്ത്യൻ സംസ്ഥാനങ്ങളിലെ സംഭരണശേഷിയുടെ 17 ശതമാനം മാത്രമാണ് നിലവിൽ ജലമുള്ളതെന്നാണ് കണ്ടെത്തൽ. ഇന്ത്യയുടെ വിവിധ പ്രദേശങ്ങളിലെ ജലസംഭരണത്തിന്റെ അളവ് സംബന്ധിച്ച് സി.ഡബ്ല്യു.സി. പുറത്തിറക്കിയ ബുള്ളറ്റിനിലാണ് ദക്ഷിണേന്ത്യൻ സംസ്ഥാനങ്ങൾ കടുത്ത ജലപ്രതിസന്ധിയിലൂടെയാണ് കടന്നുപോകുന്നതെന്ന് വ്യക്തമാക്കുന്നത്.
കേരളം ഉൾപ്പെടുന്ന അഞ്ച് ദക്ഷിണേന്ത്യൻ സംസ്ഥാനങ്ങളിലെ 42 ജലസംഭരണികൾക്ക് 53.334 ബില്യൺ ക്യൂബിക് മീറ്റർ സംഭരണശേഷിയുണ്ട്. എന്നാൽ, സി.ഡബ്ല്യു.സി. പുറത്തിറക്കിയ ഏറ്റവും പുതിയ റിപ്പോർട്ട് അനുസരിച്ച് ഈ റിസർവോയറുകളിൽ നിവലിൽ 8.865 ബില്യൺ ക്യൂബിക് മീറ്റർ ജലം മാത്രമാണുള്ളത്.
കഴിഞ്ഞവർഷം ഇതേ കാലയളവിൽ ഈ റിസർവോയറുകളിൽ 29 ശതമാനം ജലം ഉണ്ടായിരുന്നതായും കഴിഞ്ഞ പത്തു വർഷത്തെ ശരാശരി ജലസംഭരണം 23 ശതമാനമായിരുന്നെന്നും കണക്കുകൾ വ്യക്തമാക്കുന്നു. രാജ്യത്തിന്റെ പടിഞ്ഞാറൻ മേഖലയിലും വടക്ക്-മധ്യ മേഖലകളിലും ജലസംഭരണ ശേഷി കുറഞ്ഞതായും കണ്ടെത്തി. അതേസമയം, അസം, ഒഡിഷ, പശ്ചിമബംഗാൾ തുടങ്ങിയ സംസ്ഥാനങ്ങൾ ഉൾപ്പെടുന്ന കിഴക്കൻ മേഖലയിൽ കഴിഞ്ഞ വർഷത്തെ അപേക്ഷിച്ച് ഈ വർഷത്തെ ജലസംഭരണത്തിൽ പുരോഗതിയുണ്ടായി.