Hivision Channel

കാട്ടാന ആക്രമണത്തില്‍ കൊല്ലപ്പെട്ടത് കൊമ്പനെ ശകാരിച്ച് വിരട്ടിയോടിച്ച് വൈറലായ വനംവകുപ്പ് വാച്ചര്‍

രണ്ടു മാസം മുമ്പ് റോഡിലിറങ്ങിയ ആനയെ ശകാരിച്ച് വിരട്ടിയോടിച്ച് വൈറലായ ദേവികുളം ഫോറസ്റ്റ് റെയ്ഞ്ച് ഓഫീസിലെ വാച്ചര്‍ ശക്തിവേലാണ് ഇന്ന് രാവിലെ ഇടുക്കി ശാന്തന്‍പാറയില്‍ കാട്ടാന ആക്രമണത്തില്‍ കൊല്ലപ്പെട്ടത്.

പന്നിയാര്‍ എസ്റ്റേറ്റില്‍ എത്തിയ കാട്ടാനകൂട്ടത്തെ ഓടിക്കാന്‍ എത്തിയതായിരുന്നു ശക്തിവേല്‍. കാട്ടാനക്കൂട്ടം ഇറങ്ങുമ്പോഴൊക്കെ ജനങ്ങള്‍ക്ക് രക്ഷകനായി എത്തിയിരുന്ന ആളായിരുന്നു ശക്തിവേല്‍.

ദിവസങ്ങളായി പന്നിയാര്‍ എസ്റ്റേറ്റില്‍ കാട്ടാന ശല്യം രൂക്ഷമായിരുന്നു. തേയിലക്കാട്ടില്‍ മൂന്ന് ആനകള്‍ നില്‍ക്കുന്നതായി തൊഴിലാളികള്‍ ഇന്ന് പുലര്‍ച്ചെ ശക്തിവേലിനെ അറിയിച്ചു. കാട്ടാനകള്‍ എത്തുമ്പോഴൊക്കെ രക്ഷകനാകാറുള്ള ശക്തിവേല്‍ മടിക്കാതെ തേയിലക്കാട്ടിലേക്ക് കയറി. മൂടല്‍ മഞ്ഞ് കാരണം ആനകളെ കാണാനാകാതെ മുന്നില്‍ ചെന്നുപെട്ടു എന്നാണ് പ്രാഥമിക നിഗമനം. ഏറെ നേരം കഴിഞ്ഞിട്ടും ശക്തിവേല്‍ തിരിച്ച് എത്താതായപ്പോള്‍ നാട്ടുകാരും ബന്ധുക്കളും തെരച്ചില്‍ തുടങ്ങി. ഒടുവില്‍ തേയിലക്കാട്ടിനുള്ളില്‍ ആനകള്‍ ആക്രമിച്ച് കൊലപ്പെടുത്തിയ നിലയില്‍ ശക്തിവേലിന്റെ മൃതദേഹം കണ്ടെത്തി. വര്‍ഷങ്ങളായി കാട്ടാനകളുമായി ഇടപഴകിയിരുന്ന ശക്തിവേലിന്റെ മരണം ബന്ധുക്കള്‍ക്കും നാട്ടുകാര്‍ക്കും അവിശ്വസനീയമായി.

Leave a Comment

Your email address will not be published. Required fields are marked *