Hivision Channel

വളര്‍ത്തുമൃഗങ്ങളെ തെരുവില്‍ ഉപേക്ഷിക്കുന്നവരുടെ എണ്ണം വര്‍ധിക്കുന്നു: സെമിനാര്‍

പരിചരിക്കാനാവാതെ വളര്‍ത്തു മൃഗങ്ങളെ തെരുവില്‍ ഉപേക്ഷിക്കുന്നവരുടെ എണ്ണം വര്‍ധിക്കുന്നതായി ജന്തുക്ഷേമ ദ്വൈവാരാചരണത്തിന്റെ ഭാഗമായി ജില്ലാ മൃഗസംരക്ഷണ വകുപ്പിന്റെ നേതൃത്വത്തില്‍ സംഘടിപ്പിച്ച സെമിനാര്‍ അഭിപ്രായപ്പെട്ടു. കണ്ണൂര്‍ മൃഗസംരക്ഷണ പരിശീലന കേന്ദ്രത്തില്‍ നടത്തിയ സെമിനാര്‍ രാമചന്ദ്രന്‍ കടന്നപ്പള്ളി എംഎല്‍എ ഉദ്ഘാടനം ചെയ്തു. ജന്തുജന്യ രോഗങ്ങള്‍ തടയാന്‍ ജനങ്ങള്‍ക്കിടയില്‍ അവബോധം സൃഷ്ടിക്കണമെന്ന് അദ്ദേഹം പറഞ്ഞു. ജില്ലാ സംരക്ഷണ ഓഫീസര്‍ ഡോ. എസ് ജെ ലേഖ അധ്യക്ഷത വഹിച്ചു.
കൊവിഡ് കാലത്ത് വീടുകളിലേക്ക് വളര്‍ത്തു മൃഗങ്ങളെ വാങ്ങിയവര്‍ ഇപ്പോള്‍ പരിചരിക്കാന്‍ സമയമില്ലാത്തതിന്റെ പേരില്‍ രാത്രികാലങ്ങളില്‍ തെരുവില്‍ തള്ളുകയാണെന്ന് എല്‍എംടിസി അസി. ഡയറക്ടര്‍ ഡോ. അനില്‍കുമാര്‍ പറഞ്ഞു. കൃത്യസമയത്ത് ഭക്ഷണം ലഭിച്ചു കൊണ്ടിരുന്ന ഇവ അത് ലഭിക്കാതായതോടെയാണ് ആക്രമണം നടത്തുന്നത്. മൃഗങ്ങളും മനുഷ്യരും തമ്മിലുള്ള സംഘര്‍ഷം വര്‍ധിച്ചു വരികയാണെന്ന് സെമിനാറില്‍ ചീഫ് വെറ്ററിനറി ഓഫീസര്‍ ഡോ. ടി വിജയമോഹനന്‍ പറഞ്ഞു. ജന്തുക്ഷേമ നിയമങ്ങളിലല്ല മനുഷ്യരുടെ കാഴ്ച്ചപ്പാടുകളിലാണ് മാറ്റം വരേണ്ടതെന്ന് ഡെപ്യൂട്ടി ഡയരക്ടര്‍ ഡോ. വി പ്രശാന്ത് അഭിപ്രായപ്പെട്ടു. വളര്‍ത്തുമൃഗങ്ങള്‍ക്കും അലഞ്ഞുതിരിയുന്ന മൃഗങ്ങള്‍ക്കും എതിരായ ക്രൂരത തടയാനും സാമൂഹിക പ്രതിബദ്ധതയോടെ മൃഗങ്ങളെ വളര്‍ത്താനുമുള്ള വിവിധ നിയമങ്ങളെക്കുറിച്ച് സെമിനാറില്‍ അവബോധം നല്‍കി. കോളേജ് വിദ്യാര്‍ഥികള്‍ പരിഹാര മാര്‍ഗങ്ങള്‍ നിര്‍ദേശിച്ചു. വെറ്ററിനറി സര്‍ജന്‍ ഡോ. ആസിഫ് എം അഷ്റഫ്, കണ്ണൂര്‍ എസ് എന്‍കോളജിലെ അസി. പ്രൊഫസര്‍മാരായ സികെവി രമേശന്‍, ബി ഒ പ്രസാദ്, ഫീല്‍ഡ് ഓഫീസര്‍ രമേശ് കുന്നുമ്മല്‍ എന്നിവര്‍ സംസാരിച്ചു. സ്‌കൂള്‍-കോളജ് വിദ്യാര്‍ഥികള്‍, മൃഗസംക്ഷണ വകുപ്പിലെ ഉദ്യോഗസ്ഥര്‍ എന്നിവര്‍ക്ക് വെവ്വേറ ക്ലാസുകള്‍ നല്‍കി. ജനുവരി 28ന് രാവിലെ 10ന് കര്‍ഷകര്‍ക്ക് ബോധവത്കരണ ക്ലാസ് നടക്കും. പരിപാടി 31ന് സമാപിക്കും.

Leave a Comment

Your email address will not be published. Required fields are marked *