Hivision Channel

വീട്ടിലെ കോഴിക്കൂട്ടില്‍ കുടുങ്ങിയ പുലി ചത്ത സംഭവം; ജനത്തിന്റെ ഭാഗത്ത് നിന്ന് നിസഹകരണം ഉണ്ടായെന്ന് വനം മന്ത്രി

മണ്ണാര്‍ക്കാട് മേക്കളപ്പാറയില്‍ വീട്ടിലെ കോഴിക്കൂട്ടില്‍ കുടുങ്ങിയ പുലി ചത്ത സംഭവത്തില്‍ ജനത്തിന്റെ ഭാഗത്ത് നിന്ന് നിസഹകരണം ഉണ്ടായെന്ന വിമര്‍ശനവുമായി വനം മന്ത്രി എകെ ശശീന്ദ്രന്‍. പുലിയെ മയക്കുവെടി വെക്കാനുള്ള എല്ലാ തയ്യാറെടുപ്പും വനം വകുപ്പ് എടുത്തിരുന്നുവെന്ന് മന്ത്രി പറഞ്ഞു. ഇത്തരം സന്ദര്‍ഭങ്ങളില്‍ ജനം പൂര്‍ണമായി ഉദ്യോഗസ്ഥരുമായി സഹകരിക്കുകയാണ് വേണ്ടത്. ഫോട്ടോ എടുത്തും മറ്റും പ്രകോപനം ഉണ്ടാക്കാന്‍ ശ്രമിക്കരുത്. മണ്ണാര്‍ക്കാട് ചിലര്‍ ഫോട്ടോ എടുത്തതും മറ്റും പുലിയെ പ്രകോപിപ്പിച്ചു. ഇത്തരം ഘട്ടങ്ങളില്‍ വനപാലകര്‍ നല്‍കുന്ന നിര്‍ദ്ദേശം നാട്ടുകാര്‍ പാലിക്കണം. ചത്ത പുലിയുടെ പോസ്റ്റ്മോര്‍ട്ടം റിപ്പോര്‍ട്ട് വന്നാല്‍ മാത്രമേ മരണകാരണം വ്യക്തമാകൂവെന്നും വനംമന്ത്രി പറഞ്ഞു.

മണ്ണാര്‍ക്കാട് മേക്കളപ്പാറയില്‍ ഫിലിപ്പ് എന്നയാളുടെ വീട്ടിലെ കോഴിക്കൂട്ടില്‍ ഇന്ന് പുലര്‍ച്ചെയോടെയാണ് ആണ്‍ പുലി കുടുങ്ങിയത്. പുലര്‍ച്ചെ ഒന്നരയോടെയാണ് പുലി കോഴിക്കൂട്ടില്‍ കുടുങ്ങിയത്. കോഴിക്കൂടിന്റെ നെറ്റില്‍ കൈ കുടുങ്ങിയ പുലി മണിക്കൂറുകളോളം കൂട്ടില്‍ നില്‍ക്കുകയായിരുന്നു. ഇതിനിടെ വനം വകുപ്പ് ഉദ്യോഗസ്ഥരും മറ്റും എത്തി. പുലി കോഴിക്കൂട്ടില്‍ നിന്ന് പുറത്തേക്ക് ചാടാതിരിക്കാന്‍ ചുറ്റും വല കെട്ടി സുരക്ഷയൊരുക്കി. ജനങ്ങളെ ഇവിടെ നിന്ന് ഒഴിപ്പിക്കുകയും ചെയ്തു. മയക്കുവെടി വെച്ച് പുലിയെ പിടിക്കാനായിരുന്നു ശ്രമം. എന്നാല്‍ 7.15 ഓടെ പുലി ചത്തു. ഹൃദയാഘാതം മൂലമാണ് മരണമെന്നാണ് പ്രാഥമിക നിഗമനം.

പുലിയുടെ ശവശരീരം മണ്ണാര്‍ക്കാട് റേഞ്ച് ഓഫീസിലേക്ക് മാറ്റും. പോസ്റ്റ്മോര്‍ട്ടം ദേശീയ കടുവ സംരക്ഷണ അതോറിറ്റി മാനദണ്ഡപ്രകാരമായിരിക്കും നടത്തുക. എന്‍ടിസി മാനദണ്ഡ പ്രകാരമുള്ള കമ്മിറ്റിയുടെ സാന്നിധ്യത്തിലാവും പോസ്റ്റ്മോര്‍ട്ടം. ഇതില്‍ ഒരു സൂവോളജിസ്‌റ്, രണ്ട് വെറ്ററിനറി ഡോക്ടര്‍മാര്‍, ഒരു തദ്ദേശ സ്ഥാപന പ്രതിനിധി, ചീഫ് വൈല്‍ഡ് ലൈഫ് വാര്‍ഡന്റെ ഒരു പ്രതിനിധി എന്നിവരുണ്ടാകും. പുലിയുടെ ജഡം തിരുവിഴാംകുന്നു ഫോറസ്റ്റ് സ്റ്റേഷനിലാണ് ഇപ്പോള്‍ ഉള്ളത്.

പോസ്റ്റമോര്‍ട്ടത്തിന് ശേഷം ജഡം കത്തിക്കും. അതേസമയം പ്രദേശത്ത് വന്യമൃഗ ശല്യം കാരണം ജീവിക്കാന്‍ പറ്റാത്ത അവസ്ഥയാണെന്ന് നാട്ടുകാര്‍ പറയുന്നു. കടുവ, പുലി, പോത്ത്, ആന എന്നിവയുടെ ശല്യം സ്ഥിരമായുണ്ട്. കഴിഞ്ഞ രണ്ട് വര്‍ഷത്തിനിടെ മൂന്ന് പുലികളെ ഇതേ ഭാഗത്ത് നിന്ന് പിടികൂടിയിട്ടുണ്ട്.

Leave a Comment

Your email address will not be published. Required fields are marked *