Hivision Channel

ബഫര്‍സോണ്‍ ഹര്‍ജികളില്‍ കേരളത്തിന് പ്രതീക്ഷ നല്‍കുന്ന നിരീക്ഷണങ്ങളുമായി സുപ്രീംകോടതി

ബഫര്‍സോണ്‍ ഹര്‍ജികളില്‍ കേരളത്തിന് പ്രതീക്ഷ നല്‍കുന്ന നിരീക്ഷണങ്ങളുമായി സുപ്രീംകോടതി. വിധിയില്‍ ഭേദഗതി വരുത്തിയാല്‍ കേരളത്തിലടക്കം ആശങ്കകള്‍ തീരില്ലെ എന്ന് കോടതി ചോദിച്ചു. കരട്, അന്തിമ വിജ്ഞാപനങ്ങളായവയ്ക്ക് ഇളവോടെ ബഫര്‍ സോണ്‍ വിധിയില്‍ ഭേദഗതി വരുത്തിയാല്‍ കേരളത്തിന്റെ ആശങ്ക തീരില്ലെ എന്നാണ് വാദത്തിനിടെ സുപ്രീം കോടതി ചോദിച്ചത്. ജനങ്ങളുടെ സാധാരണ പ്രവര്‍ത്തനങ്ങള്‍ക്ക് യതൊരു തടസവും വരുത്താന്‍ കോടതി ഉദ്ദേശിക്കുന്നില്ല. എന്നാല്‍ ഭേദഗതി വന്നാലും ഖനനം അടക്കം പരിസ്ഥിതിക്ക് ദോഷമുണ്ടാകുന്ന പ്രവര്‍ത്തനങ്ങള്‍ക്ക് വിലക്ക് തുടരുമെന്ന് ജസ്റ്റിസ് ബി ആര്‍ ഗവായ് അധ്യക്ഷനായ ബെഞ്ച് വാക്കാല്‍ പരാമര്‍ശം നടത്തി.

നേരത്തെ കേസ് പരിഗണിച്ചപ്പോള്‍ കാര്യങ്ങള്‍ ബോധിപ്പിക്കുന്നതില്‍ വീഴ്ച വന്നതായി കേരളത്തിന്റെ അഭിഭാഷകന്‍ കോടതിയില്‍ പറഞ്ഞു. കേരളത്തിന്റെ മൂന്നില്‍ ഒരു ഭാഗം വനമാണ്. ഇതിന് ചുറ്റും ജനം തിങ്ങിപ്പാര്‍ക്കുന്നുണ്ട്. ഇവരെ മാറ്റിപ്പാര്‍പ്പിക്കുക അസാധ്യമാണെന്നും സംസ്ഥാനത്തിനായി മുതിര്‍ന്ന അഭിഭാഷകന്‍ ജയ്ദീപ് ഗുപ്തയും സ്റ്റാന്‍ഡിങ് കൗണ്‍സല്‍ നിഷേ രാജന്‍ ഷൊങ്കറും കോടതിയെ ധരിപ്പിച്ചു. വനവാസികളുടെയും ആദിവാസികളുടെയും ജീവിതത്തില്‍ വിപരീതഫലമാണ് വിധി വരുത്തുന്നതെന്നും വികസനപ്രവര്‍ത്തനങ്ങളെ അടക്കം വിധി പ്രതിസന്ധിയിലാക്കിയെന്നും ബത്തേരി ബ്ലോക്ക് പഞ്ചായത്തിനും മുനസിപ്പാലിറ്റിക്കുമായി ഹാജരായ അഭിഭാഷകന്‍ ദീപക് പ്രകാശ് പറഞ്ഞു.

വിധി കേരള ഹൈക്കോടതിയെ പോലും പ്രതിസന്ധിയിലാകുമെന്ന് പെരിയാര്‍ വാലി പ്രൊട്ടക്ഷന്‍ മൂവ്‌മെന്റ് എന്ന സംഘടനയ്ക്ക് വേണ്ടി ഹാജരായ അഭിഭാഷകന്‍ വി കെ ബിജു വാദിച്ചു. ബഫര്‍ സോണില്‍ കാര്‍ഷിക വൃത്തിക്ക് നിയന്ത്രണം ഏര്‍പ്പെടുത്തരുതെന്ന് സെന്റര്‍ ഫോര്‍ കണ്‍സ്യുമര്‍ എഡ്യൂക്കേഷന്‍, സേവ് വെസ്റ്റേണ്‍ ഗട്ട്സ് പീപ്പിള്‍ ഫൗണ്ടേഷന്‍ എന്നീ സംഘടനകള്‍ക്ക് വേണ്ടി ഹാജരായ അഭിഭാഷകന്‍ വില്‍സ് മാത്യൂസും കോടതിയെ അറിയിച്ചു.

കര്‍ഷകര്‍ക്ക് തിരിച്ചടിയാണ് വിധിയെന്ന് കര്‍ഷകസംഘടനയായ കിഫയുടെ അഭിഭാഷകര്‍ വ്യക്തമാക്കി, ബഫര്‍ സോണ്‍ വേണ്ടെന്ന് കിഫയുടെ ഭാരവാഹിയായ ഷെല്ലി ജോസിന് വേണ്ടി അഭിഭാഷകന്‍ എം കെ എസ് മേനോന്‍, ഉഷ നന്ദിനി എന്നിവര്‍ കോടതിയില്‍ വാദിച്ചു, ബാങ്ക് വായ്പ്ക്ക് സ്വന്തം സ്ഥലം ഈട് വെക്കാന്‍ കഴിയാത്ത് അവസ്ഥയെന്നും അഭിഭാഷകര്‍ ചൂണ്ടിക്കാട്ടി എന്നാല്‍ ബഫര്‍സോണില്‍ നിയമപരമായി നടത്തേണ്ട കാര്യങ്ങള്‍ക്ക് തടസമില്ലെന്ന് കോടതി നീരീക്ഷിച്ചു. കര്‍ഷകസംഘടനകളുടെ അടക്കം വാദം കേട്ട കോടതി ഉത്തരവ് പറയാന്‍ മാറ്റി.

Leave a Comment

Your email address will not be published. Required fields are marked *