
രണ്ടാം പിണറായി സര്‍ക്കാറിന്റെ രണ്ടാം വാര്‍ഷികത്തിന്റെ ഭാഗമായി കണ്ണൂരില്‍ സംഘടിപ്പിച്ച ‘എന്റെ കേരളം’ മെഗാ എക്‌സിബിഷന്‍ തിങ്കളാഴ്ച സമാപിക്കും. കണ്ണൂര്‍ പോലീസ് മൈതാനിയില്‍ ഏപ്രില്‍ 11ന് ആരംഭിച്ച എക്സിബിഷനും കലാ സാസ്‌കാരിക പരിപാടികളും കാണാന്‍ ഒഴുകിയെത്തിയത് ജനലക്ഷങ്ങളായിരുന്നു. വിവിധ വകുപ്പുകളുടെ ഇരുനൂറോളം പ്രദര്‍ശന-വിപണന-സേവന സ്റ്റാളുകളാണ് മേളയില്‍ സജ്ജീകരിച്ചത്. മികച്ച വിറ്റുവരവും ലഭിച്ചു. രുചി വൈവിധ്യങ്ങളുമായി കുടുംബശ്രീ ഒരുക്കിയ ഫുഡ്കോര്‍ട്ടും ശ്രദ്ധേയമായി. പൊതുജനങ്ങള്‍ക്ക് സര്‍ക്കാര്‍ ഓഫീസുകളില്‍ മാത്രം ലഭിച്ചിരുന്ന സേവനങ്ങള്‍ എക്സിബിഷന്‍ സ്റ്റാളുകളില്‍ ലഭിച്ചു. യുവാക്കളുടെ ആശയങ്ങള്‍ പരിചയപ്പെടുത്താനും തൊഴില്‍, സാങ്കേതിക, വിദ്യാഭ്യാസ രംഗങ്ങളിലെ സാധ്യതകള്‍ വര്‍ധിപ്പിക്കുന്നതിനുമുള്ള അവസരങ്ങള്‍ തുറന്നിട്ട സംരംഭകര്‍ക്ക് ആശയ സംവാദത്തിനുള്ള ബി റ്റു ബി ഏരിയ, കായിക വിനോദങ്ങള്‍ക്കുള്ള സ്പോര്‍ട്സ് ഏരിയ തുടങ്ങിയവ ശ്രദ്ധേയമായി. എല്ലാ ദിവസങ്ങളിലും കരിയര്‍ ഗൈഡന്‍സ്, കരിയര്‍ കൗണ്‍സലിംഗ് ക്ലാസുകള്‍, ജോബ് ഫെയര്‍, ഡിജിറ്റല്‍ ബാങ്കിംഗ് ബോധവല്‍ക്കരണ ക്ലാസ് തുടങ്ങിയ ക്ലാസുകള്‍ എക്സിബിഷന്റെ ഭാഗമായി നടന്നു. യുവാക്കളുടെ ഹരമായി മാറിയ പ്രമുഖ സംഗീത-നൃത്ത സംഘങ്ങളുടെ ദൃശ്യ-സംഗീത വിരുന്ന് എക്സിബിഷന്‍ രാവുകള്‍ക്ക് മിഴിവേകി.
സമാപന സമ്മേളനം നിയമസഭാ സ്പീക്കര്‍ അഡ്വ. എ എന്‍ ഷംസീര്‍ ഉദ്ഘാടനം ചെയ്യും. രാമചന്ദ്രന്‍ കടന്നപ്പള്ളി എംഎല്‍എ അധ്യക്ഷനാവും. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് പി പി ദിവ്യ, ജില്ലാ കലക്ടര്‍ എസ് ചന്ദ്രശേഖര്‍ എന്നിവര്‍ സംബന്ധിക്കും. ഏറ്റവും മികച്ച സ്റ്റാളുകള്‍ക്കുള്ള പുരസ്‌കാരം ചടങ്ങിവെച്ച് വിതരണം ചെയ്യും. തുടര്‍ന്ന് ദി ഇന്ത്യന്‍ ഫ്യൂഷന്‍ ബാന്‍ഡിന്റെ കെഎല്‍ 14 വടക്കന്‍ ടോക്സ് സംഗീത പരിപാടി, ആശ വര്‍ക്കര്‍മാരുടെ നാടന്‍പാട്ട്, സംഘനൃത്തം എന്നിവ അരങ്ങേറും.














