Hivision Channel

പൊതു ഇടങ്ങളെ സൗന്ദര്യവത്കരിക്കാന്‍ ഏകീകൃത സംവിധാനം നടപ്പിലാക്കും; മന്ത്രി പി എ മുഹമ്മദ് റിയാസ്

പൊതു ഇടങ്ങളെ പരമാവധി ജനങ്ങള്‍ക്ക് ഉപയോഗപ്പെടുത്താവുന്ന രീതിയില്‍ ആകര്‍ഷകമാക്കുന്നതിനും സൗന്ദര്യവത്കരിക്കുന്നതിനുമായി സംസ്ഥാനം മുഴുവന്‍ ഏകീകൃത സംവിധാനം നടപ്പിലാക്കുമെന്ന് പൊതുമരാമത്ത് വിനോദസഞ്ചാര വകുപ്പ് മന്ത്രി പി എ മുഹമ്മദ് റിയാസ് പറഞ്ഞു. കാടാച്ചിറ ടൗണ്‍ സൗന്ദര്യവത്കരണം, അനുബന്ധ പ്രവൃത്തികളായ ഓവുചാല്‍ നിര്‍മ്മാണം, ഫുട്പാത്ത് കൈവരി സ്ഥാപിക്കല്‍, ബസ് ഷെല്‍ട്ടര്‍ നിര്‍മ്മാണം എന്നിവ പൂര്‍ത്തീകരിച്ചതിന്റെ ഉദ്ഘാടനം നിര്‍വഹിച്ച് സംസാരിക്കുകയായിരുന്നു മന്ത്രി.
2020 ലാണ് കാടാച്ചിറ ടൗണ്‍ സൗന്ദര്യവത്കരണത്തിനായി സര്‍ക്കാര്‍ മൂന്ന് കോടി രൂപയുടെ ഭരണാനുമതി നല്‍കിയത്. ട്രാന്‍സ്ഫര്‍മേഷന്‍ ഓഫ് പബ്ലിക് സ്പേസസ് എന്ന ആശയത്തിലാണ് ഒന്നര കിലോമീറ്റര്‍ ദൈര്‍ഘ്യമുള്ള കാടാച്ചിറ റോഡിന്റെ ഇരുവശത്തും ഓവുചാല്‍ നിര്‍മ്മിക്കുകയും നടപ്പാതകള്‍ നിര്‍മ്മിക്കുകയും ചെയ്തത്. റോഡിന്റെ ഇരുവശമുള്ള ഷോള്‍ഡറുകള്‍ ബിറ്റുമിനസ് സര്‍ഫേസിംഗ് നടത്തി വാഹനങ്ങള്‍ക്ക് അടിയന്തരഘട്ടത്തില്‍ റോഡരികിലേക്ക് പാര്‍ക്ക് ചെയ്യാനുള്ള അവസരം നല്‍കി. ജനസാന്ദ്രതയുള്ള ഭാഗങ്ങളില്‍ കൈവരി, സൈക്കിള്‍ ട്രാക്ക് തുടങ്ങിയവ സ്ഥാപിച്ചു. ഇവ കൂടാതെ ചെറിയ യോഗങ്ങള്‍ നടത്തുന്നതിന് പൊതുവേദി, റോഡിന്റെ ഇരുവശത്തും അലങ്കാര തൂണുകള്‍, കാടാച്ചിറ എച്ച്എസ്എസ്, സബ് രജിസ്ട്രാര്‍ ഓഫീസ്, പോസ്റ്റ് ഓഫീസ് എന്നിവിടങ്ങളില്‍ ബസ് ഷെല്‍ട്ടറുകള്‍ എന്നിവയും സൗന്ദര്യവത്കരണത്തിന്റെ ഭാഗമായി സ്ഥാപിച്ചിട്ടുണ്ട്.

കാടാച്ചിറ എല്‍ പി സ്‌കൂളില്‍ നടന്ന പരിപാടിയില്‍ ഡോ. വി ശിവദാസന്‍ എം പി അധ്യക്ഷത വഹിച്ചു. പൊതുമരാമത്ത് വകുപ്പ് അസിസ്റ്റന്റ് എക്സിക്യൂട്ടീവ് എഞ്ചിനീയര്‍ പി രാംകിഷോര്‍ റിപ്പോര്‍ട്ട് അവതരിപ്പിച്ചു. കടമ്പൂര്‍ ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് പി വി പ്രേമവല്ലി, മുഖ്യമന്ത്രിയുടെ മണ്ഡലം പ്രതിനിധി പി ബാലന്‍ എന്നിവര്‍ മുഖ്യാതിഥികളായി. മശൂദ് ചത്തോത്ത്, വി കെ റസാക്ക്, കെ വി ജയരാജന്‍, എം പി ഹാരിഫ്, ശ്രീജ ഡി കെ, കെ ഗിരീശന്‍, ഷാഹുല്‍ഹമീദ്, നാവത്ത് ചന്ദ്രന്‍, വി സി വാമന്‍ തുടങ്ങിയവര്‍ സംസാരിച്ചു. പൊതുമരാമത്ത് വകുപ്പ് നിരത്തുകള്‍ വിഭാഗം എക്സിക്യൂട്ടീവ് എന്‍ജിനീയര്‍ എം ജഗദീഷ് സ്വാഗതവും എം സവിത നന്ദിയും പറഞ്ഞു.

Leave a Comment

Your email address will not be published. Required fields are marked *