
സുഡാനില്‍ കൊല്ലപ്പെട്ട കണ്ണൂര്‍ സ്വദേശി ആല്‍ബര്‍ട്ട് അഗസ്റ്റിന്റെ മൃതദേഹം ആശുപത്രിയിലേക്ക് മാറ്റി. ഇന്ന് പുലര്‍ച്ചെയോടെയാണ് ആംബുലന്‍സ് എത്തിച്ച് മൃതദേഹം മാറ്റിയത്. 24 മണിക്കൂറിനു ശേഷമാണ് നടപടി. കൊല്ലപ്പെട്ട ആല്‍ബര്‍ട്ടിന്റെ ഭാര്യ, മകള്‍ എന്നിവരെ സുരക്ഷിതസ്ഥാനത്തേക്ക് മാറ്റിയതായി ഇന്ത്യന്‍ എംബസി അറിയിച്ചു.
കണ്ണൂര്‍ ആലക്കോട് നെല്ലിപ്പാറ സ്വദേശിയും വിമുക്തഭടനുമായ ആല്‍ബര്‍ട്ട് അഗസ്റ്റിനാണ് സുഡാനില്‍ കൊല്ലപ്പെട്ടത്. തലസ്ഥാനമായ ഖാര്‍ത്തൂമില്‍ ഫ്ലാറ്റിന്റെ ജനലരികില്‍ നിന്ന് കാനഡയില്‍ വിദ്യാര്‍ത്ഥിയായ മകനുമായി ഫോണില്‍ സംസാരിക്കുകയായിരുന്നു. ഇതിനിടെയാണ് ആല്‍ബര്‍ട്ടിന് വെടിയേറ്റതെന്ന് ഭാര്യ സൈബല്ല വീട്ടുകാരെ അറിയിച്ചു. രണ്ട് ആഴ്ച മുന്‍പാണ് ഭാര്യ സൈബല്ലയും 9ാം ക്ലാസ് വിദ്യാര്‍ത്ഥിനിയായ മകളും സുഡാനിലെത്തിയത്.
ഇന്ത്യന്‍ ആര്‍മിയില്‍ നിന്ന് വിരമിച്ച ആല്‍ബര്‍ട്ട് അഗസ്റ്റിന്‍ 7 മാസം മുന്‍പാണ് സുഡാന്‍ തലസ്ഥാനമായ ഖാര്‍ത്തൂമിലെ ദാല്‍ ഗ്രാപ്പ് കമ്പനിയില്‍ സെക്യൂരിറ്റി ഓഫീസറായി ജോലിക്ക് ചേര്‍ന്നത്. അടുത്ത മാസം നാട്ടിലേക്ക് വരാനിരിക്കെയാണ് അപകടം. മകന്റെ മൃതതേഹം എത്രയും വേഗം നാട്ടിലെത്തിക്കാന്‍ നടപടി ആവശ്യപ്പെട്ട് ആല്‍ബര്‍ട്ടിന്റെ അച്ഛന്‍ അഗസ്റ്റിന്‍ കേന്ദ്ര സംസ്ഥാന സര്‍ക്കാറിന് കത്ത് നല്‍കിയിട്ടുണ്ട്. സഹായം ഉറപ്പാക്കുമെന്ന് കേന്ദ്രമന്ത്രി വി മുരളീധരന്‍ പ്രസ്താവനയില്‍ വ്യക്തമാക്കി.














