Hivision Channel

തീരദേശ മേഖലയിലെ സമഗ്ര വികസനം സര്‍ക്കാറിന്റെ ലക്ഷ്യം;മന്ത്രി സജി ചെറിയാന്‍

തീരദേശ മേഖലകളില്‍ സമഗ്ര വികസനം കൊണ്ടു വരികയെന്നത് സംസ്ഥാന സര്‍ക്കാറിന്റെ പ്രഖ്യാപിത ലക്ഷ്യങ്ങളിലൊന്നാണെന്ന് ഫിഷറീസ്, സാംസ്‌കാരിക, യുവജന കാര്യവകുപ്പ് മന്ത്രി സജി ചെറിയാന്‍. തീരദേശ റോഡുകളുടെ സംസ്ഥാന തല പ്രവൃത്തി ഉദ്ഘാടനം ഓണ്‍ലൈനായി നിര്‍വ്വഹിച്ച് സംസാരിക്കുകയായിരുന്നു മന്ത്രി. ധര്‍മ്മടം മണ്ഡലത്തിലെ പിണറായി, ധര്‍മ്മടം, വേങ്ങാട്, മുഴപ്പിലങ്ങാട് എന്നീ ഗ്രാമപഞ്ചായത്തുകളില്‍പ്പെട്ട അഞ്ച് തീരദേശ റോഡുകളുടെ പ്രവൃത്തി ഉദ്ഘാടനവും മന്ത്രി നിര്‍വ്വഹിച്ചു. പരമ്പരാഗത മത്സ്യ തൊഴിലാളികളെ സംരക്ഷിക്കുന്നതിന് വള്ളവും മറ്റ് മത്സ്യബന്ധന ഉപാധികളും സര്‍ക്കാര്‍ നല്‍കുന്നുണ്ടെന്നും തീരദേശ മേഖലയിലെ ജനങ്ങളുടെ യാത്രാക്ലേശം പരിഹരിക്കാന്‍ നിരവധി പദ്ധതികളാണ് നടപ്പിലാക്കുന്നതെന്നും മന്ത്രി കൂട്ടിചേര്‍ത്തു. സംസ്ഥാനത്ത് ഒന്‍പത് ജില്ലകളിലായി 31 നിയോജക മണ്ഡലങ്ങളില്‍ 62 റോഡുകളുടെ പ്രവൃത്തിയാണ് ഓണ്‍ലൈനായി മന്ത്രി ഉദ്ഘാടനം ചെയ്തത്.
തീരദേശ റോഡുകളുടെ നിലവാരമുയര്‍ത്തല്‍ പദ്ധതിയില്‍ ഉള്‍പ്പെടുത്തി പിണറായി പഞ്ചായത്തിലെ അണ്ടല്ലൂര്‍ കടവ് എകെജി റോഡ് 37.25 ലക്ഷം രൂപ, പുത്തലത്ത് യുവരശ്മി റോഡ് 1.16 കോടി, ധര്‍മ്മടം പഞ്ചായത്തിലെ മമ്മാക്കുന്ന് അടിവയല്‍ റോഡ് 96 ലക്ഷം, വേങ്ങാട് പഞ്ചായത്തിലെ ചാമ്പാട് പുഴക്കര റോഡ് 1.40 കോടി, മുഴപ്പിലങ്ങാട് പഞ്ചായത്തിലെ മുണ്ടമ്പലം പാണ്ടികശാല റോഡ് 23.97 ലക്ഷം എന്നിങ്ങനെ 3.73 കോടി രൂപയാണ് മണ്ഡലങ്ങളിലെ റോഡ് വികസനത്തിനായി വകയിരുത്തിയത്.
വേങ്ങാട് ചാമ്പാട് പുഴക്കര റോഡ് പ്രാദേശിക ഉദ്ഘാടനം ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡണ്ട് അഡ്വ. ബിനോയ് കുര്യന്‍ നിര്‍വ്വഹിച്ചു. വേങ്ങാട് ഗ്രാമ പഞ്ചായത്ത് പ്രസിഡണ്ട് കെ ഗീത അധ്യക്ഷത വഹിച്ചു. ജില്ലാ പഞ്ചായത്തംഗം ചന്ദ്രന്‍ കല്ലാട്ട്, ബ്ലോക്ക് പഞ്ചായത്ത് പ്രസിഡണ്ട് സി പി അനിത, ഗ്രാമപഞ്ചായത്ത് പ്രസിഡണ്ടുമാരായ കെ കെ രാജീവന്‍ (പിണറായി), കെ പി ലോഹിതാക്ഷന്‍ (അഞ്ചരക്കണ്ടി), ടി സജിത (മുഴപ്പിലങ്ങാട്), എന്‍ കെ രവി (ധര്‍മ്മടം), വേങ്ങാട് ഗ്രാമ പഞ്ചായത്ത് വൈസ് പ്രസിഡണ്ട് സി ചന്ദ്രന്‍, ഹാര്‍ബര്‍ എന്‍ഞ്ചിനിയറിംഗ് വകുപ്പ് അസിസ്റ്റന്റ് എക്‌സിക്യൂട്ടീവ് എഞ്ചിനീയര്‍ കെ അബ്ദുള്‍ ജബ്ബാര്‍, സ്വാഗത സംഘം കണ്‍വീനര്‍ പി കെ സുനീഷ്, വിവിധ രാഷ്ട്രീയ പാര്‍ട്ടി പ്രതിനിധികള്‍ എന്നിവര്‍ ചടങ്ങില്‍ പങ്കെടുത്തു.

Leave a Comment

Your email address will not be published. Required fields are marked *