Hivision Channel

ഒഡിഷയിലെ ട്രെയിന്‍ അപകടത്തില്‍ മരണസംഖ്യ 280 ആയെന്ന് സ്ഥിരീകരണം

ഒഡിഷയിലെ ട്രെയിന്‍ അപകടത്തില്‍ മരണസംഖ്യ 280 ആയെന്ന് സ്ഥിരീകരണം. 1000ലേറെ പേര്‍ക്കാണ് പരുക്കേറ്റിരിക്കുന്നത്. മരണ സംഖ്യ ഇനിയും ഉയരാനാണ് സാധ്യത. കേന്ദ്ര റെയില്‍വെ മന്ത്രി അശ്വിനി വൈഷ്ണവ് ഒഡീഷയെ ദുരന്തഭൂമിയാക്കി മാറ്റിയ ട്രെയിന്‍ അപകട മേഖല സന്ദര്‍ശിച്ചു. ബാലസോറിലെ അപകട സ്ഥലത്ത് രക്ഷാപ്രവര്‍ത്തനത്തിന്റെ സ്ഥിതിഗതികള്‍ അദ്ദേഹം വിലയിരുത്തി. പരിക്കേറ്റവര്‍ക്ക് സാധ്യമായ ഏറ്റവും മികച്ച ചികിത്സ ഉറപ്പാക്കുമെന്ന് അദ്ദേഹം അറിയിച്ചു.

ഇന്ത്യ കണ്ട വലിയ ദുരന്തത്തില്‍ ഒന്നാണ് ഇതെന്ന് അദ്ദേഹം വ്യക്തമാക്കി. റയില്‍വെക്കൊപ്പം ദേശീയ ദുരന്ത നിവാരണ സംഘവും ഒഡിഷയുടെ സംസ്ഥാന ദുരന്ത നിവാരണ സംഘവും മറ്റ് സംസ്ഥാന സര്‍ക്കാരുകളും രക്ഷാപ്രവര്‍ത്തനം നടത്തുന്നുണ്ട്. അന്വേഷണത്തിന് ഉന്നതതല സമിതി രൂപീകരിച്ചിട്ടുണ്ട്. കൂടാതെ റെയില്‍ സുരക്ഷാ കമ്മീഷണര്‍ സ്വതന്ത്രമായി മറ്റൊരു അന്വേഷണം നടത്തുമെന്നും റെയില്‍വേ മന്ത്രി അശ്വിനി വൈഷ്ണവ് വ്യക്തമാക്കി.

ട്രെയിന്‍ അപകടത്തെ തുടര്‍ന്ന് 48 ട്രെയിനുകളാണ് മൊത്തം റദ്ദാക്കിയത്. 36 ട്രയിനുകളാണ് വഴിതിരിച്ചു വിടുന്നത്. ഭുവനേശ്വര്‍ വഴിയുള്ള എല്ലാ ട്രയിന്‍ സര്‍വീസുകളും റദ്ദാക്കിയിരിക്കുകയാണ്. ബലാസൂറിലെ ബഹ്‌നാദിലാണ് അപകടമുണ്ടായത്. 12837 ഹൗറ പുരി സൂപ്പര്‍ഫാസ്റ്റ് എക്‌സ്പ്രസ്, 12863 ഹൗറ-ബെംഗളൂരു സൂപ്പര്‍ഫാസ്റ്റ് എക്‌സ്പ്രസ്, 12839 ഹൗറ-ചെന്നൈ മെയില്‍ എന്നിവ റദ്ദാക്കിയതായി ഉദ്യോഗസ്ഥര്‍ അറിയിച്ചു.

Leave a Comment

Your email address will not be published. Required fields are marked *