Hivision Channel

കെഫോണ്‍ പദ്ധതി ജൂണ്‍ അഞ്ചിന് മുഖ്യമന്ത്രി നാടിന് സമര്‍പ്പിക്കും

കേരളത്തിന്റെ ഇന്റര്‍നെറ്റ് കുതിപ്പിന് കൂടുതല്‍ വേഗത നല്‍കുന്ന കെഫോണ്‍ പദ്ധതി മുഖ്യമന്ത്രി പിണറായി വിജയന്‍ ജൂണ്‍ 5ന് നാടിന് സമര്‍പ്പിക്കും. സുശക്തമായ ഫൈബര്‍ ശൃംഖല സംസ്ഥാനത്തുടനീളം സ്ഥാപിക്കുന്നതിലൂടെ അതിവേഗ ഇന്റര്‍നെറ്റ് കണക്ഷന്‍ വീടുകളിലും സര്‍ക്കാര്‍ സ്ഥാപനങ്ങളിലും വാണിജ്യ അടിസ്ഥാനത്തിലും കേരളത്തിലെങ്ങും ലഭ്യമാകും.

ആദ്യ ഘട്ടത്തില്‍ സാമ്പത്തികമായ പിന്നാക്കം നില്‍ക്കുന്ന 14,000 വീടുകളിലും 30,000ത്തില്‍പരം സര്‍ക്കാര്‍ സ്ഥാപനങ്ങളിലുമാകും കെഫോണിന്റെ ഇന്റര്‍നെറ്റ് സേവനം ലഭ്യമാവുക. ജൂണ്‍ 5, തിങ്കളാഴ്ച വൈകുന്നേരം നാല് മണിക്ക് നിയമസഭാ കോംപ്ലക്‌സിലെ ആര്‍ ശങ്കര നാരായണന്‍ തമ്പി ഹാളില്‍ നടക്കുന്ന ചടങ്ങില്‍ മുഖ്യമന്ത്രി കെഫോണ്‍ പദ്ധതി ഉദ്ഘാടനം ചെയ്യും.

ഇതോടൊപ്പം ധനകാര്യ വകുപ്പ് മന്ത്രി കെ.എന്‍ വേണുഗോപാല്‍ കെഫോണ്‍ കൊമേഷ്യല്‍ വെബ് പേജും തദ്ദേശ സ്വയംഭരണം, ഗ്രാമവികസനം, എക്‌സൈസ് വകുപ്പുകളുടെ ചുമതലയിലുള്ള മന്ത്രി എം.ബി രാജേഷ് മൊബൈല്‍ ആപ്ലിക്കേഷനും ലോഞ്ച് ചെയ്യും.

വൈദ്യുത വകുപ്പ് മന്ത്രി കെ.കൃഷ്ണന്‍കുട്ടി കെഫോണ്‍ മോഡം പ്രകാശനവും നിര്‍വഹിക്കും.ഉദ്ഘാടന ചടങ്ങിനോട് അനുബന്ധിച്ച് തിരഞ്ഞെടുത്ത കെഫോണ്‍ ഉപഭോക്താക്കളോടും മുഖ്യമന്ത്രി സംവദിക്കും. സാമ്പത്തികമായി പിന്നോക്കം നില്‍ക്കുന്ന ഒരു കുടുംബം, വയനാട് പന്തലാടിക്കുന്ന് ആദിവാസി കോളനിയിലെ ആളുകള്‍, സ്‌കൂള്‍ വിദ്യാര്‍ത്ഥികള്‍, തിരഞ്ഞെടുത്ത ഒരു സര്‍ക്കാര്‍ സ്ഥാപനം എന്നിവരുമായാകും മുഖ്യമന്ത്രി ഓണ്‍ലൈനായി കൂടിക്കാഴ്ച നടത്തുക.

Leave a Comment

Your email address will not be published. Required fields are marked *