Hivision Channel

എറണാകുളം,തൃശ്ശൂര്‍ ജില്ലകളെ തമ്മില്‍ ബന്ധിപ്പിക്കുന്ന മുനമ്പം പാലത്തിന്റെ നിര്‍മ്മാണോദ്ഘാടനം ഇന്ന്

എറണാകുളം,തൃശ്ശൂര്‍ ജില്ലകളെ തമ്മില്‍ ബന്ധിപ്പിക്കുന്ന മുനമ്പം പാലത്തിന്റെ നിര്‍മ്മാണോദ്ഘാടനം ഇന്ന് വൈകിട്ട് മന്ത്രി മുഹമ്മദ് റിയാസ് നിര്‍വഹിക്കും.

കയ്പമംഗലം, വൈപ്പിന്‍ നിയോജക മണ്ഡലങ്ങളെ ബന്ധിപ്പിക്കുന്ന അഴീക്കോട് മുനമ്പം പാലം കിഫ്ബി യില്‍നിന്ന് 160 കോടി രൂപ ചെലവഴിച്ചാണ് നിര്‍മ്മിക്കുക. അപ്രോച്ച് റോഡ് ഉള്‍പ്പെടെ 1123.35 മീറ്റര്‍ നീളത്തില്‍ ഒരുങ്ങുന്ന പാലത്തിന് 15.70 മീറ്റര്‍ വീതിയുണ്ടാകും. തീരദേശ ഹൈവേയിലെ വലിയ പാലങ്ങളില്‍ ഒന്നായ അഴീക്കോട് മുനമ്പം പാലത്തില്‍ ഇരുവശത്തും 1.50 മീറ്റര്‍ വീതിയുള്ള നടപ്പാതയും നടപ്പാതയോട് ചേര്‍ന്ന് 1.80 മീറ്റര്‍ വീതിയുള്ള സൈക്കിള്‍ ട്രാക്കും ആവശ്യത്തിനുള്ള വൈദ്യുതീകരണവും ഉണ്ടാകും.

നിര്‍മ്മാണോദ്ഘാടനത്തോടനുബന്ധിച്ച് വൈകീട്ട് അഞ്ച് മണി മുതല്‍ വിവിധ ഗ്രാമപഞ്ചായത്തുകളുടെ നേതൃത്വത്തില്‍ നടക്കുന്ന കലാസന്ധ്യ ഗ്രാമോത്സവം എന്ന പരിപാടിയില്‍ ഒപ്പന, കൈകൊട്ടിക്കളി, തിരുവാതിര, നൃത്താവിഷ്‌കാരങ്ങള്‍, നാടന്‍പാട്ടുകള്‍, സംഗീത വിരുന്ന്, ലഘുനാടകങ്ങള്‍ തുടങ്ങിയ കലാപരിപാടികള്‍ അരങ്ങേറും.

ചടങ്ങില്‍ റവന്യൂ വകുപ്പ് മന്ത്രി കെ. രാജന്‍, വ്യവസായ വകുപ്പ് മന്ത്രി പി. രാജീവ്, പട്ടികജാതി- പട്ടിക വര്‍ഗ വകുപ്പ് മന്ത്രി കെ. രാധാകൃഷ്ണന്‍ , ഉന്നത വിദ്യാഭ്യാസ വകുപ്പ് മന്ത്രി ഡോ.ആര്‍ ബിന്ദു എന്നിവര്‍ വിശിഷ്ടാതിഥികളാകും. എം പിമാരായ ബെന്നി ബെഹനാന്‍, ഹൈബി ഈഡന്‍, കെ.എന്‍. ഉണ്ണികൃഷ്ണന്‍ എംഎല്‍എ, ജില്ലാ കലക്ടര്‍ വി ആര്‍ കൃഷ്ണതേജ , തൃശൂര്‍ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് പി കെ. ഡേവിസ് മാസ്റ്റര്‍, എറണാകുളം ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ഉല്ലാസ് തോമസ് എന്നിവര്‍ മുഖ്യാതിഥികളാകും.

Leave a Comment

Your email address will not be published. Required fields are marked *