Hivision Channel

അമല്‍ ജ്യോതി കോളേജിന് സംരക്ഷണം നല്‍കാന്‍ പൊലീസിന് ഹൈക്കോടതി നിര്‍ദ്ദേശം

രണ്ടാം വര്‍ഷ ബിരു വിദ്യാര്‍ത്ഥിനി ശ്രദ്ധ സതീഷിന്റെ ആത്മഹത്യയെ തുടര്‍ന്നുള്ള പ്രതിഷേധത്തിന്റെ പശ്ചാത്തലത്തില്‍ കാഞ്ഞിരപ്പള്ളി അമല്‍ ജ്യോതി കോളേജിന് സംരക്ഷണം നല്‍കാന്‍ പൊലീസിന് നിര്‍ദ്ദേശം. കേരളാ ഹൈക്കോടതിയുടേതാണ് ഇടക്കാല ഉത്തരവ്. കോട്ടയം ജില്ലാ പോലീസ് മേധാവി, കാഞ്ഞിരപ്പള്ളി എസ്.എച്ച്.ഒ എന്നിവര്‍ക്കാണ് സുരക്ഷ ഒരുക്കാന്‍ നിര്‍ദേശം നല്‍കിയിരിക്കുന്നത്. ഒരു മാസത്തേക്ക് സുരക്ഷയൊരുക്കാനാണ് ഇടക്കാല ഉത്തരവില്‍ ആവശ്യപ്പെട്ടിരിക്കുന്നത്. അമല്‍ ജ്യോതി എഞ്ചിനീയറിങ് കോളേജ് മാനേജ്‌മെന്റിന്റെ ഹര്‍ജിയിലാണ് ഹൈക്കോടതി നടപടി.

ഹര്‍ജിയില്‍ എതിര്‍ കക്ഷികളായ രാഷ്ട്രീയ – യുവജന സംഘടനകള്‍ക്ക് പ്രത്യേക ദൂതന്‍ മുഖേന നോട്ടീസ് നല്‍കുമെന്ന് ഹൈക്കോടതി വ്യക്തമാക്കി. ജസ്റ്റിസ് നഗരേഷാണ് കേസ് പരിഗണിച്ചത്. കോളേജില്‍ ഇപ്പോഴും സമരം നടക്കുന്നുണ്ടെന്നാണ് ഹര്‍ജിയില്‍ മാനേജ്‌മെന്റ് പറഞ്ഞത്. ഇതുമൂലം അഡ്മിഷന്‍ നടപടികള്‍ തടസപ്പെട്ടുവെന്നും പരാതി ഉന്നയിച്ചിരുന്നു. കോളേജില്‍ നൂറോളം പൊലീസുകാര്‍ ഇപ്പോഴുമുണ്ടെന്ന് സര്‍ക്കാര്‍ അറിയിച്ചു.

ശ്രദ്ധയുടെ മരണവുമായി ബന്ധപ്പെട്ട സമരത്തില്‍ നാല് കേസുകള്‍ രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്. മന്ത്രിമാരുടെ സാന്നിധ്യത്തില്‍ പ്രശ്‌ന പരിഹാരത്തിന് യോഗം നടന്നു. നിലവിലെ ധാരണ അനുസരിച്ച് ഈ മാസം 12ന് കോളേജ് തുറന്ന് പ്രവര്‍ത്തിക്കും. ഈ സാഹചര്യത്തിലാണ് കോളജിന്റെ സാധാരണ പ്രവര്‍ത്തനത്തിന് ആവശ്യമായ പൊലീസ് സംരക്ഷണം ഉറപ്പാക്കാന്‍ ഹൈക്കോടതിയുടെ ഇടക്കാല ഉത്തരവിട്ടത്. നമ്മുടെ നാടാണെന്നും എപ്പോള്‍ വേണമെങ്കിലും പ്രശ്‌നങ്ങള്‍ ഉണ്ടാകാമെന്നും കോടതി വാക്കാല്‍ പരാമര്‍ശം നടത്തി.

Leave a Comment

Your email address will not be published. Required fields are marked *