Hivision Channel

ലൈഫ് വീട് നിര്‍മ്മാണം; ജില്ലാ പഞ്ചായത്ത് സംഘം പരിശോധന നടത്തും

കണ്ണൂര്‍:ലൈഫ് ഭവന പദ്ധതി പ്രകാരമുള്ള വീടുകളുടെ നിര്‍മ്മാണത്തിന്റെ ഫീല്‍ഡ്തല മോണിറ്ററിംഗിന്റെ ഭാഗമായി വിവിധ ബ്ലോക്കുകളില്‍ സന്ദര്‍ശനം നടത്താനുള്ള ഒരു സംഘം രൂപീകരിക്കുന്നതിന് ജില്ലാ പഞ്ചായത്ത് യോഗം അംഗീകാരം നല്‍കി. ലൈഫ് പദ്ധതിയില്‍ നിര്‍മ്മിച്ച ഏതാനും വീടുകള്‍ ഈ സംഘം പരിശോധിക്കും. ആസൂത്രണ സമിതി ഉപാധ്യക്ഷന്‍, ക്ഷേമകാര്യ സ്ഥിരം സമിതി ചെയര്‍മാന്‍, ക്ഷേമകാര്യ സ്ഥിരം സമിതി അംഗങ്ങള്‍, പിഎയു പ്രൊജക്ട് ഡയറക്ടര്‍, ബ്ലോക്ക് പഞ്ചായത്ത് എക്സ്റ്റെന്‍ഷന്‍ ഓഫീസര്‍ എന്നിവരടങ്ങുന്നതാവും സമിതി. ഇരിട്ടി, പേരാവൂര്‍, കൂത്തുപറമ്പ് ബ്ലോക്കുകളില്‍ ക്ഷേമകാര്യ സ്ഥിരം സമിതി ചെയര്‍മാന്‍ വി കെ സുരേഷ് ബാബു, പയ്യന്നൂര്‍, തളിപ്പറമ്പ്, കല്ല്യാശ്ശേരി ബ്ലോക്ക് പഞ്ചായത്തുകളില്‍ സ്ഥിരം സമിതി അംഗം ടി. തമ്പാന്‍ മാസ്റ്റര്‍, എടക്കാട്, കണ്ണൂര്‍, ഇരിക്കൂര്‍ ബ്ലോക്കുകളില്‍ സ്ഥിരം സമിതി അംഗം കെ. താഹിറ, തലശ്ശേരി, പാനൂര്‍ ബ്ലോക്കുകളില്‍ സ്ഥിരം സമിതി അംഗം മുഹമ്മദ് അഫ്സല്‍ എന്നിവരുടെ നേതൃത്വത്തില്‍ മോണിറ്ററിംഗ് നടത്തും.
വൃക്ക/കരള്‍ മാറ്റിവെച്ചവര്‍ക്ക് നല്‍കാനുള്ള മരുന്നുകള്‍ ജില്ലാ ആശുപത്രിയിലെ കാരുണ്യ കമ്യൂണിറ്റി ഫാര്‍മസിയില്‍നിന്ന് സമയബന്ധിതമായി ലഭിക്കാതെ രോഗികള്‍ക്ക് ബുദ്ധിമുട്ട് അനുഭവപ്പെടുന്നതിനാല്‍, മരുന്നുകള്‍ പൊതുമാര്‍ക്കറ്റില്‍നിന്ന് വാങ്ങുന്നതിന് യോഗം അംഗീകാരം നല്‍കി. ജില്ലാ ആശുപത്രിയില്‍ രണ്ട് ഡോക്ടര്‍മാരുടെ തസ്തികകളില്‍ നിയമനം നടത്തുന്നതിനായി ഇന്റര്‍വ്യു നടത്തും.
സര്‍ക്കാര്‍ സ്ഥാപനമായ ക്ലീന്‍ കേരള കമ്പനിയുമായി ചേര്‍ന്ന് സംയുക്ത സംരംഭമായി ജില്ലയില്‍ അജൈവ പാഴ്വസ്തു സംസ്‌കരണ കേന്ദ്രം നിര്‍മ്മിക്കുന്നതിന് ഭൂമി ലഭ്യമാക്കണമെന്ന കമ്പനിയുടെ ആവശ്യം പരിഗണിച്ച്, സ്ഥലം ലഭ്യമാകുന്ന മുറയ്ക്ക് തുടര്‍നടപടി സ്വീകരിക്കും. ഭിന്നശേഷിക്കാരുടെ രക്ഷിതാക്കള്‍ക്കായി നടപ്പിലാക്കുന്ന തൊഴില്‍ പരിശീലന പദ്ധതിക്കായുള്ള അപേക്ഷകരുടെ പട്ടിക അംഗീകരിച്ചു. വീടുകളില്‍നിന്ന് ചെയ്യാവുന്ന ഓണ്‍ലൈന്‍ മാര്‍ക്കറ്റിംഗ് ഉള്‍പ്പെടെയുള്ള വിഷയങ്ങളിലാണ് പരിശീലനം നല്‍കുക. ജില്ലാ പഞ്ചായത്ത് റോഡുകളുടെ അറ്റകുറ്റ പണിക്കുള്ള ഫണ്ട് കൂട്ടിത്തരണമെന്ന് സര്‍ക്കാറിനോട് ആവശ്യപ്പെടാന്‍ യോഗം തീരുമാനിച്ചു. ലിംഗ പദവി പഠനത്തിനുള്ള കര്‍മ്മ പദ്ധതി യോഗം അംഗീകരിച്ചു. സ്ഥിരം സമിതികളുടെ നിര്‍ദേശങ്ങള്‍ക്ക് യോഗം അംഗീകാരം നല്‍കി.
ജില്ലാ ആശുപത്രിക്ക് ഇന്ത്യന്‍ ഓയില്‍ കോര്‍പ്പറേഷന്റെ സാമൂഹ്യ പ്രതിബദ്ധതാ ഫണ്ടില്‍നിന്ന് 56 ലക്ഷം രൂപ വിനിയോഗിച്ച് ആറ് ഡയാലിസിസ് യൂനിറ്റ്, ഒരു വാഹനം എന്നിവ അനുവദിച്ചതായി പ്രസിഡന്റ് അറിയിച്ചു.
യോഗത്തില്‍ പ്രസിഡന്റ് പി പി ദിവ്യ അധ്യക്ഷയായി. വൈസ് പ്രസിഡന്റ് അഡ്വ. ബിനോയ് കുര്യന്‍, സ്ഥിരം സമിതി അധ്യക്ഷരായ വി കെ സുരേഷ് ബാബു, അഡ്വ. കെ കെ രത്നകുമാരി, അഡ്വ. ടി. സരള, യു പി ശോഭ, അംഗങ്ങളായ എം രാഘവന്‍, തോമസ് വെക്കത്താനം, ടി സി പ്രിയ, വി ഗീത, ലിസി ജോസഫ്, ഇ. വിജയന്‍ മാസ്റ്റര്‍, എം ജൂബിലി ചാക്കോ, എന്‍ വി ശ്രീജിനി, കെ താഹിറ, ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റുമാര്‍, നിര്‍വഹണ ഉദ്യോഗസ്ഥര്‍ തുടങ്ങിയവര്‍ സംസാരിച്ചു.

Leave a Comment

Your email address will not be published. Required fields are marked *