Hivision Channel

ട്രെയിന്‍ അപകടത്തില്‍പ്പെടുന്നവര്‍ക്കുള്ള ധനസഹായം റെയില്‍വേ ബോര്‍ഡ് പരിഷ്‌കരിച്ചു

ട്രെയിന്‍ അപകടത്തില്‍പ്പെടുന്നവര്‍ക്കുള്ള ധനസഹായം റെയില്‍വേ ബോര്‍ഡ് പരിഷ്‌കരിച്ചു. പത്തിരട്ടി വര്‍ധനവാണ് ഉണ്ടായിരിക്കുന്നത്. അപകടത്തില്‍ മരണം സംഭവിച്ചാല്‍ നല്‍കുന്ന സഹായധനം 50,000 രൂപയില്‍ നിന്ന് 5 ലക്ഷം രൂപയായി ഉയര്‍ത്തി. ഗുരുതരമായി പരിക്കേറ്റവര്‍ക്കുള്ള സഹായം 25,000 രൂപയില്‍ നിന്ന് 2.5 ലക്ഷം രൂപയായും വര്‍ധിപ്പിച്ചു.

‘ട്രെയിന്‍ അപകടങ്ങളിലും അനിഷ്ട സംഭവങ്ങളിലും പെട്ട് മരിച്ചവരുടെയും പരിക്കേറ്റവരുടെയും ആശ്രിതര്‍ക്ക് നല്‍കേണ്ട ‘എക്സ്ഗ്രേഷ്യാ റിലീഫ്’ തുക പരിഷ്‌കരിക്കാന്‍ തീരുമാനിച്ചു’ റെയില്‍വേ ബോര്‍ഡ് സെപ്തംബര്‍ 18 ന് പുറത്തിറക്കിയ സര്‍ക്കുലറില്‍ പറയുന്നു. പുതുക്കിയ ധനസഹായം റെയില്‍വേയ്ക്ക് ബാധ്യതയുള്ള ലെവല്‍ ക്രോസിംഗ് ഗേറ്റുകളില്‍ അപകടത്തില്‍പ്പെടുന്ന യാത്രക്കാര്‍ക്കും ബാധകമായിരിക്കും.

നിസാര പരിക്കുകളുള്ള വ്യക്തികള്‍ക്ക്, മുന്‍കാലങ്ങളില്‍ ലഭിച്ചിരുന്ന 5,000 രൂപ ധനസഹായത്തില്‍ നിന്ന് 50,000 രൂപയായി ഉയര്‍ത്തി. അപകടങ്ങള്‍ കാരണം ട്രെയിന്‍ യാത്രക്കാരന് 30 ദിവസത്തില്‍ കൂടുതല്‍ ആശുപത്രിയില്‍ കഴിയേണ്ടി വരുന്ന സന്ദര്‍ഭങ്ങളില്‍, ഓരോ 10 ദിവസത്തിലൊരിക്കലോ ഡിസ്ചാര്‍ജ് ചെയ്യുമ്പോഴോ(ഏതാണ് നേരത്തെ വരുന്നത്) പ്രതിദിനം 3,000 രൂപ അധികമായി നല്‍കും. നേരത്തെ 2012ലും 2013ലും ദുരിതാശ്വാസ സഹായം പരിഷ്‌കരിച്ചിരുന്നു. അതിനു ശേഷമുള്ള ആദ്യത്തെ മാറ്റമാണിത്.

Leave a Comment

Your email address will not be published. Required fields are marked *