Hivision Channel

വന്യജീവി വാരാഘോഷം ഒക്ടോബര്‍ രണ്ടുമുതല്‍

വനംവകുപ്പിന്റെ ആഭിമുഖ്യത്തില്‍ വന്യജീവി വാരാഘോഷം ഒക്ടോബര്‍ രണ്ടു മുതല്‍ എട്ടു വരെ നടത്തും. വിദ്യാര്‍ഥികള്‍ക്കായുള്ള ജില്ലാതല മത്സരങ്ങള്‍ രണ്ട്, മൂന്നു തീയ്യതികളില്‍ നടക്കും. വനങ്ങളേയും വന്യജീവികളേയും സംരക്ഷിക്കുകയെന്ന ലക്ഷ്യത്തോടെയുള്ള ബോധവല്‍ക്കരണം, ജനപങ്കാളിത്തത്തോടെയുള്ള സംരക്ഷണ പ്രവര്‍ത്തനങ്ങള്‍ എന്നിവയാണ് വാരാഘോഷത്തിന്റെ ലക്ഷ്യം. ഇതിന്റെ ഭാഗമായി ഒക്ടോബര്‍ അഞ്ചിന് ഉച്ചക്ക് മുമ്പ് സര്‍ക്കാര്‍ ഓഫീസുകളിലും സ്‌കൂളുകളിലും വന്യജീവി വാരാഘോഷ പ്രതിജ്ഞയെടുക്കണം.
‘കേരളത്തിന്റെ കാടുകളും പുഴകളും വന്യജീവികളുമെല്ലാം ഞങ്ങളുടെ സ്വത്താണ്, നിലനില്‍പ്പാണ്, അഭിമാനമാണ്. വരും തലമുറകളുടെ അവകാശമാണിവ. ഇവയെ നശിപ്പിക്കാന്‍ ഒരു ശക്തിയേയും ഞങ്ങള്‍ അനുവദിക്കുകയില്ല. കാടും ജലസമൃദ്ധിയും പച്ചപ്പും സംരക്ഷിക്കുമെന്ന് ഈ മണ്ണില്‍തൊട്ട് ഞങ്ങള്‍ പ്രതിജ്ഞ ചെയ്യുന്നു.’ ഇതാണ് പ്രതിജ്ഞാ വാചകം. പ്രതിജ്ഞയെടുക്കുന്നതിനുള്ള ക്രമീകരണങ്ങള്‍ അതത് സ്ഥാപന മേധാവികള്‍ സ്വീകരിക്കണമെന്ന് ജില്ലാ കലക്ടര്‍ അറിയിച്ചു.
ലോവര്‍ പ്രൈമറി, അപ്പര്‍ പ്രൈമറി വിദ്യാര്‍ഥികള്‍ക്കായി പെന്‍സില്‍ ഡ്രോയിംഗ്, വാട്ടര്‍ കളര്‍ പെയിന്റിംഗ് എന്നീ ഇനങ്ങളിലാണ് മത്സരം. സര്‍ക്കാര്‍ അംഗീകൃത ഹൈസ്‌കൂള്‍/ഹയര്‍സെക്കണ്ടറിസ്‌കൂള്‍/കോളേജ് വിദ്യാര്‍ഥികള്‍ക്കായി ക്വിസ്, ഉപന്യാസം (മലയാളം, ഇംഗ്ലീഷ്), പ്രസംഗം (മലയാളം), പെന്‍സില്‍ ഡ്രോയിംഗ്, വാട്ടര്‍ കളര്‍ പെയിന്റിംഗ് എന്നീ ഇനങ്ങളിലാണ് മത്സരങ്ങള്‍. പ്ലസ് വണ്‍ തലം മുതല്‍ മുകളിലേയ്ക്കുള്ളവര്‍ക്ക് കോളജ് തലത്തിലുള്ള മത്സരങ്ങളില്‍ പങ്കെടുക്കാം. സര്‍ക്കാര്‍ അംഗീകൃതസ്ഥാപനത്തില്‍ നിന്നുള്ള മല്‍സരാര്‍ഥികളെ മാത്രമേ മല്‍സരിപ്പിക്കൂ.
അംഗീകൃത അണ്‍എയ്ഡഡ്/സെല്‍ഫ് ഫിനാന്‍സിംഗ് സ്‌കൂളുകള്‍ / കോളേജുകള്‍, പ്രൊഫഷണല്‍ കോളേജുകള്‍/ പോളിടെക്‌നിക്കുകള്‍ തുടങ്ങിയവയ്ക്കും പങ്കെടുക്കാം.
ഓരോ കാറ്റഗറിയിലും (എല്‍.പി, യു.പി, എച്ച്.എസ്സ്, ഹയര്‍സെക്കന്ററി ആന്‍ഡ് കോളേജ്) ഒരോ ഇനത്തിലും ഒരു സര്‍ക്കാര്‍ അംഗീകൃത സ്ഥാപനത്തില്‍ നിന്ന് പരമാവധി രണ്ട് വിദ്യാര്‍ഥികളെ മാത്രമേ പങ്കെടിപ്പിക്കുകയുളളൂ. ക്വിസ് പ്രോഗ്രാമിന് ഒരു സ്ഥാപനത്തില്‍ രണ്ട് വിദ്യാര്‍ഥികളടങ്ങിയ ടീമിനോ, ഒരു വിദ്യാര്‍ഥിക്ക് മാത്രമായോ പങ്കെടുക്കാം. സാമൂഹ്യവനവല്‍ക്കരണ വിഭാഗം അസിസ്റ്റന്റ് ഫോറസ്റ്റ് കണ്‍സര്‍വേറ്റര്‍ക്കാണ് സംഘാടന ചുമതല. ഫോണ്‍: 0497-2705105, 9447979151.

Leave a Comment

Your email address will not be published. Required fields are marked *