Hivision Channel

നിപ ;കോഴിക്കോട് ജില്ലയില്‍ ഏര്‍പ്പെടുത്തിയിരുന്ന നിയന്ത്രണങ്ങള്‍ നീട്ടി

നിപ റിപ്പോര്‍ട്ട് ചെയ്തതിന്റെ പശ്ചാത്തലത്തില്‍ കോഴിക്കോട് ജില്ലയില്‍ ഏര്‍പ്പെടുത്തിയിരുന്ന നിയന്ത്രണങ്ങള്‍ നീട്ടി. ഒക്ടോബര്‍ 1 വരെയാണ് നിയന്ത്രണങ്ങള്‍ നീട്ടിയത്. അത്യാവശ്യമല്ലാത്ത എല്ലാ പൊതുപരിപാടികളും മാറ്റിവെക്കണമെന്ന് ജില്ലാ കളക്ടര്‍ അറിയിച്ചു. സാമൂഹിക അകലം, മാസ്‌ക് എന്നിവ നിര്‍ബന്ധമാണ്. കൂടാതെ ബീച്ചിലും പാര്‍ക്കിലും പ്രവേശനം അനുവധിക്കില്ലെന്നും കളക്ടര്‍ അറിയിച്ചു.

അതിനിടെ, കോഴിക്കോട്ട് നിപ പോസിറ്റീവ് കേസുകളില്ലാത്ത പത്താം ദിവസം പിന്നിട്ടതോടെ ജില്ലയിലെ സ്‌കൂളുകള്‍ ഇന്ന് മുതല്‍ തുറന്ന് പ്രവര്‍ത്തിക്കാന്‍ തുടങ്ങി. കണ്ടെയ്ന്‍മെന്റ് സോണുകളില്‍ സ്‌കൂളുകള്‍ തുറക്കില്ല. ജില്ലയുടെ മറ്റ് ഭാഗങ്ങളിലെ സ്‌കൂളുകളാണ് നിയന്ത്രണങ്ങളോടെ തുറന്നത്. സെപ്തംബര്‍ 15ന് ചെറുവണ്ണൂര്‍ സ്വദേശിയുടെ നിപ പരിശോധന ഫലമാണ് അവസാനമായി പോസിറ്റീവ് ആയത്. അതിനാല്‍ തന്നെ രോഗവ്യാപനം ഒഴിയുന്ന ആശ്വാസത്തിലാണ് കോഴിക്കോട് ജില്ല. പ്രോട്ടോക്കോള്‍ പാലിക്കണമെന്ന കര്‍ശന നിര്‍ദേശത്തോടെയാണ് സ്‌കൂളുകള്‍ക്ക് തുറക്കാന്‍ അനുമതി നല്‍കിയത്.

വിദ്യാര്‍ഥികളും അധ്യാപകരും മാസ്‌കും സാനിറ്റൈസറും നിര്‍ബന്ധമായും ഉപയോഗിക്കണമെന്ന് ആവശ്യപ്പെട്ടിട്ടുണ്ട്. സ്‌കൂളുകളുടെ പ്രവേശന കവാടങ്ങളിലും ക്ലാസ് മുറികളിലും സാനിറ്റൈസര്‍ വെക്കണമെന്നും നിര്‍ദേശമുണ്ട്. കണ്ടെയ്ന്‍മെന്റ് സോണുകളില്‍ പ്രവര്‍ത്തിക്കുന്ന വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ അവിടെ ഏര്‍പ്പെടുത്തിയ നിയന്ത്രണങ്ങള്‍ പിന്‍വലിക്കുന്നത് വരെ പഠനം ഓണ്‍ലൈനായി തുടരണം. ഫറോക്ക് മുന്‍സിപ്പാലിറ്റിയിലെ മുഴുവന്‍ വാര്‍ഡുകളും കോഴിക്കോട് കോര്‍പറേഷനിലെ 7 വാര്‍ഡുകളുമാണ് നിലവില്‍ കണ്ടെയ്ന്‍മെന്റ് സോണുകളായി തുടരുന്നത്.

Leave a Comment

Your email address will not be published. Required fields are marked *