Hivision Channel

എയ്ഡഡ് സ്‌കൂളുകളില്‍ ഭിന്നശേഷി അധ്യാപക നിയമനത്തിന് പണം ഈടാക്കുന്നത് തടയാന്‍ സര്‍ക്കാര്‍ നീക്കം

എയ്ഡഡ് സ്‌കൂളുകളില്‍ ഭിന്നശേഷി അധ്യാപക നിയമനത്തിന് പണം ഈടാക്കുന്നത് തടയാന്‍ സര്‍ക്കാര്‍ നീക്കം. എംപ്ലോയ്മെന്റ് എക്സ്ചേഞ്ച് വഴി മാത്രമേ നിയമനം നടത്താവൂ എന്ന് സ്‌കൂള്‍ മാനേജര്‍മാര്‍ക്ക് നേരിട്ട് സര്‍ക്കാര്‍ നിര്‍ദേശം നല്‍കി. ഇതോടെ മാനേജ്മെന്റുകളുടെ ഇഷ്ടപ്രകാരമുള്ള നിയമനങ്ങള്‍ക്ക് വഴിയടയും.

എയ്ഡഡ് സ്‌കൂളുകളിലെ അധ്യാപക നിയമനത്തില്‍ ഭിന്നശേഷി സംവരണം ഉറപ്പാക്കണമെന്ന് ഹൈക്കോടതി നിര്‍ദേശിച്ചിരുന്നു. ഇത് നടപ്പാക്കാതെ 2018 നവംബര്‍ 18 മുതല്‍ നിയമിച്ചവര്‍ക്ക് നിയമനാനുമതി നല്‍കരുതെന്നും നിര്‍ദേശിച്ചു. ഇതേത്തുടര്‍ന്നാണ് മുന്‍കാല പ്രാബല്യത്തോടെ നിയമനം നടത്താനും പുതിയ ഒഴിവുകള്‍ ഭിന്നശേഷിക്കാര്‍ക്കായി സംവരണം ചെയ്യാനും സര്‍ക്കാര്‍ ഉത്തരവിറക്കിയത്

ഇതിന്റെ മറവില്‍ എയ്ഡഡ് സ്‌കൂള്‍ നിയമനത്തിന് ലക്ഷങ്ങള്‍ കോഴ വാങ്ങുന്നത് തടയാനാണ് സര്‍ക്കാരിന്റെ ഇപ്പോഴത്തെ ശ്രമം. സ്‌കൂള്‍ മാനേജ്‌മെന്റിന് ഇഷ്ടാനുസരണം നിയമനം നടത്താനാകില്ലെന്ന് മാനേജര്‍മാര്‍ക്ക് നിര്‍ദേശം നല്‍കിയിട്ടുണ്ട്. നിയമനങ്ങള്‍ക്കായി എംപ്ലോയ്മെന്റ് എക്സ്ചേഞ്ചില്‍ നിന്ന് പട്ടിക നല്‍കും. ഇതില്‍ നിന്നുമാത്രമേ സ്ഥിരനിയമനം നടത്താവൂ എന്നും നിര്‍ദ്ദേശമുണ്ട്.

തെരഞ്ഞെടുക്കപ്പെട്ട ഉദ്യോഗാര്‍ത്ഥികളുടെ ലിസ്റ്റ് മാനേജര്‍ എംപ്ലോയ്മെന്റ് എക്സ്ചേഞ്ചില്‍ നല്‍കണം. പട്ടികയ്ക്ക് സ്ഥിരീകരണം ലഭിച്ചശേഷം മാത്രമേ നിയമന ഉത്തരവ് നല്‍കാവൂ എന്നും നിര്‍ദ്ദേശിച്ചു. എംപ്ലോയ്മെന്റ് ഡയറക്ടറുടെ നിര്‍ദേശത്തെ തുടര്‍ന്നാണ് സര്‍ക്കാര്‍ നടപടി.

Leave a Comment

Your email address will not be published. Required fields are marked *