Hivision Channel

കോണ്‍ഗ്രസിന് വീണ്ടും ആദായനികുതി നോട്ടീസ്,2020-21, 2021 -22 സാമ്പത്തികവര്‍ഷങ്ങളിലെ പിഴയും പലിശയും അടയ്ക്കണം

കോണ്‍ഗ്രസിന് വീണ്ടും ആദായ നികുതി വകുപ്പിന്‍റെ നോട്ടീസ്. ഭീമമായ തുക പിഴ ചുമത്തിയതിനെതിരെ തിങ്കളാഴ്ച സുപ്രീംകോടതിയെ സമീപിക്കും. ഇതിനിടെ നാളത്ത ഇന്ത്യ സഖ്യത്തിന്‍റെ റാലി വ്യക്തി കേന്ദ്രീകൃതമല്ലെന്നും, ആദായ നികുതി വകുപ്പിന്‍റെ നടപടിയടക്കം ചോദ്യം ചെയ്യുമെന്നും കോണ്‍ഗ്രസ് വ്യക്തമാക്കി.

ആദായ നികുതി വകുപ്പിനെതിരെ കോണ്‍ഗ്രസ് വിമര്‍ശനം കടുപ്പിക്കുമ്പോള്‍, നടപടികള്‍ കടുപ്പിച്ച് ആദായ നികുതി വകുപ്പും തിരിച്ചടിക്കുന്നു. 1823 കോടി രൂപ  അടയ്ക്കാന്‍ നോട്ടീസ് നല്‍കിയതിന് പിന്നാലെ ഇന്നലെ രാത്രി രണ്ട് നോട്ടീസുകള്‍ കൂടി കോണ്‍ഗ്രസിന് കൊടുത്തു. 2020-21, 2021 -22 സാമ്പത്തിക വര്‍ഷങ്ങളിലെ പിഴയും പലിശയുമടക്കം തുക അടക്കാനാണ് നിര്‍ദ്ദേശം. തുക എത്രയെന്നത് സംബന്ധിച്ച വിവരങ്ങള്‍ പാര്‍ട്ടി പുറത്ത് വിട്ടിട്ടില്ല. ആദായ നികുതി വകുപ്പ് നടപടി സ്റ്റേ ചെയ്യണമെന്നാവശ്യപ്പെട്ടാകും തിങ്കളാഴ്ച സുപ്രീംകോടതിയില്‍ ഹര്‍ജി നല്‍കുക. മുപ്പത് വര്‍ഷം മുന്‍പുള്ള നികുതി ഇപ്പോള്‍ ചോദിക്കുന്നത് ഹര്‍ജിയില്‍ ചോദ്യം ചെയ്യും. തെരഞ്ഞെടുപ്പിനെ സ്വാധീനിക്കുന്ന കേന്ദ്ര ഏജന്‍സി നീക്കം ചട്ടലംഘനമാണെന്ന് വാദിക്കുന്നതിനൊപ്പം ബിജെപിയില്‍ നിന്ന് നികുതി പിരിക്കാത്തതും ഹര്‍ജിയില്‍ ഉന്നയിക്കും.

അതേ സമയം കെജരിവാളിന്‍റെ അറസ്റ്റ് നാളത്തെ ഇന്ത്യ സഖ്യ റാലിയുടെ പ്രമേയമാക്കാന്‍ ആംആദ്മി പാര്‍ട്ടി ശ്രമിക്കുമ്പോള്‍, കോണ്‍ഗ്രസ് നേരിടുന്ന പ്രതിസന്ധിയും വിഷയമാണെന്ന് നേതൃത്വം തിരുത്തി. വ്യക്തി കേന്ദ്രീകൃത റാലിയല്ലെന്നും, അന്വേഷണ ഏജന്‍സികളുടെ ദുരുപയോഗവും, ഭരണഘടന സംരക്ഷണവും വിഷയങ്ങളാണെന്നും ജയറാം രമേശ് വ്യക്തമാക്കി.ഇതിനിടെ അന്വേഷണ ഏജന്‍സികളെ  പ്രധാനമന്ത്രി ദുരുപയോഗം ചെയ്യുന്നതും, ഇലക്ട്രല്‍ ബോണ്ട് അഴിമതി മുക്കാന്‍ ശ്രമിക്കുന്നതും ചോദ്യം ചെയ്ത് കാര്‍ട്ടൂണ്‍ വിഡിയോ കോണ്‍ഗ്രസ് പുറത്തിറക്കി. തെരഞ്ഞടുപ്പ് പ്രചാരണത്തിന് വിഡിയോ ഉപയോഗിക്കും.

Leave a Comment

Your email address will not be published. Required fields are marked *