Hivision Channel

പി.ജയരാജന്‍ വധശ്രമ കേസ്; ആര്‍ എസ് എസുകാരായ പ്രതികളെ വെറുതെ വിട്ടതിനെതിരെ സംസ്ഥാന സര്‍ക്കാര്‍ സുപ്രീംകോടതിയില്‍

സിപിഎം നേതാവ് പി ജയരാജനെ വധിക്കാന്‍ ശ്രമിച്ച കേസിലെ പ്രതികളെ വെറുതെ വിട്ടതിനെതിരെ സംസ്ഥാന സര്‍ക്കാര്‍ അപ്പീല്‍ നല്‍കി. പി. ജയരാജനെ വീട്ടില്‍ക്കയറി വെട്ടിക്കൊലപ്പെടുത്താന്‍ ശ്രമിച്ച കേസില്‍ വിചാരണക്കോടതി ശിക്ഷിച്ച ആര്‍.എസ്.എസ്. പ്രവര്‍ത്തകരായ ആറു പ്രതികളില്‍ ഒരാളൊഴികെ മറ്റുള്ളവരെ ഹൈക്കോടതി വെറുതെ വിട്ടിരുന്നു. ഇതിനെതിരെയാണ് സംസ്ഥാന സര്‍ക്കാര്‍ സുപ്രീം കോടതിയില്‍ അപ്പീല്‍ നല്‍കിയത്.

1999 ഓഗസ്റ്റ് 25-ന് തിരുവോണനാളിലാണ് പി. ജയരാജനെ കിഴക്കേ കതിരൂരിലെ വീട്ടില്‍ക്കയറി വെട്ടിക്കൊലപ്പെടുത്താന്‍ ശ്രമിച്ചത്. ആര്‍.എസ്.എസ്. പ്രവര്‍ത്തകരായ ഒന്‍പത് പേരായിരുന്നു കേസിലെ പ്രതികള്‍. ഇവരില്‍ ആറുപേരെ 2007-ല്‍ കുറ്റക്കാരെന്ന് കണ്ടെത്തി വിചാരണ കോടതി ശിക്ഷിച്ചു. മൂന്നുപ്രതികളെ വെറുതേവിട്ടു. എന്നാല്‍ ഹൈക്കോടതി രണ്ടാംപ്രതിയായ ആര്‍.എസ്.എസ്. പ്രവര്‍ത്തകന്‍ ചിരുകണ്ടോത്ത് പ്രശാന്തിനെ മാത്രമാണ് കേസില്‍ കുറ്റക്കാരനെന്ന് കണ്ടെത്തിയത്.

കേസില്‍ പ്രോസിക്യൂഷന് കൃത്യമായ തെളിവുകള്‍ ഹാജരാക്കാനായില്ലെന്ന് ഹൈക്കോടതി പറഞ്ഞിരുന്നു. ക്യത്യമായ സാക്ഷിമൊഴികളുടെ അഭാവവും മറ്റുതെളിവുകളില്ലാത്തതും പ്രതികളെ കുറ്റവിമുക്തമാക്കാനുള്ള കാരണമായി ഹൈക്കോടതി ചൂണ്ടിക്കാട്ടിയിരുന്നു. എന്നാല്‍ ഹൈക്കോടതിയുടെ ഈ കണ്ടെത്തല്‍ തെറ്റാണെന്നാണ് സംസ്ഥാന സര്‍ക്കാര്‍ സുപ്രീം കോടതിയില്‍ ഫയല്‍ ചെയ്തിരിക്കുന്ന അപ്പീലില്‍ ചൂണ്ടിക്കാട്ടിയിരിക്കുന്നത്. കൃത്യമായ തെളിവുകളും, വ്യക്തമായ മൊഴികളും ഉണ്ടെന്നാണ് സര്‍ക്കാര്‍ വാദം.

Leave a Comment

Your email address will not be published. Required fields are marked *