
കേരള സംസ്ഥാന ഹജ്ജ് കമ്മിറ്റി മുഖേന ഈ വര്‍ഷത്തെ ഹജ്ജ് തീര്‍ത്ഥാടനത്തിന് കണ്ണൂര്‍ എംബാര്‍ക്കേഷന്‍ പോയിന്റ് വഴി പുറപ്പെടുന്ന തീര്‍ത്ഥാടകര്‍ക്കായുള്ള ക്യാമ്പ് മെയ് 30 ന് പ്രവര്‍ത്തനം ആരംഭിക്കും.
ഇത് സംബന്ധിച്ച് സംസ്ഥാന ഹജ്ജ് കമ്മിറ്റി പ്രതിനിധികളുടേയും വിവിധ സര്‍ക്കാര്‍ വകുപ്പ് മേധാവികളുടേയും യോഗം കലക്ടറേറ്റില്‍ ചേര്‍ന്നു. എ ഡിഎം നവീന്‍ ബാബു അധ്യക്ഷത വഹിച്ചു.
വിവിധ വകുപ്പുകള്‍ പൂര്‍ത്തിയാക്കേണ്ട കാര്യങ്ങള്‍, നടപടികളുടെ സമയ ക്രമം തുടങ്ങിയവ യോഗത്തില്‍ ചര്‍ച്ച ചെയ്തു. ഹജ്ജ് ക്യാമ്പ് ആരംഭിക്കുന്നതിന്റെ മൂന്ന് ദിവസം മുമ്പ് വിവിധ വകുപ്പ് മേധാവികള്‍ ക്യാമ്പിലെത്തി ഒരുക്കങ്ങള്‍ വിലയിരുത്തും. ഹജ്ജ് ക്യാമ്പ് പ്രവര്‍ത്തനങ്ങള്‍ ഏകോപിപ്പിക്കുന്നതിന് വിവിധ വകുപ്പുകളില്‍ നിന്നും പ്രത്യേക നോഡല്‍ ഓഫീസര്‍മാരെയും ചുമതലപ്പെടുത്തി.
3113 പേരാണ് കണ്ണൂര്‍ എംബാര്‍ക്കേഷന്‍ പോയിന്റ് വഴി പുറപ്പെടുക. ജൂണ്‍ 1 ന് പുലര്‍ച്ചെ 5.55 നാണ് കണ്ണൂരില്‍ നിന്നുള്ള ആദ്യ വിമാനം. സഊദി സമയം രാവിലെ 8.50 ന് വിമാനം ജിദ്ധയിലിറങ്ങും. 361 പേര്‍ക്ക് സഞ്ചരിക്കാവുന്ന സഊദി അറേബ്യന്‍ എയര്‍ലൈന്‍സിന്റെ എ.ബി 6 ശ്രേണിയില്‍ പെട്ട വിമാനങ്ങളാണ് കണ്ണൂരില്‍ നിന്നും സര്‍വ്വീസ് നടത്തുക.
യോഗത്തില്‍ ഹജ്ജ് കമ്മിറ്റി അംഗവും കണ്ണൂര്‍ ഹജ്ജ് ക്യാമ്പ് കണ്‍വീനറുമായ പി.പി മുഹമ്മദ് റാഫി, അസി.സെക്രട്ടറി എന്‍. മുഹമ്മദലി, സംസ്ഥാനത്തെ ഹജ്ജ് ക്യാമ്പുകളുടെ സ്‌പെഷ്യല്‍ ഓഫീസര്‍ യു.അബ്ദുല്‍ കരീം, മുഹമ്മദ് അഷ്‌റഫ് എന്‍, വിവിധ വകുപ്പ് ഉദ്യോഗസ്ഥര്‍ തുടങ്ങിയവര്‍ പങ്കെടുത്തു.
എയര്‍പോര്‍ട്ടിലെ വിവിധ സൗകര്യങ്ങള്‍ വിലയിരുത്തുന്നതിന് കിയാല്‍ അധികൃതരുമായി നടത്തിയ പ്രത്യേക യോഗത്തില്‍ ഹജ്ജ് കമ്മിറ്റി ചെയര്‍മാന്‍ സി. മുഹമ്മദ് ഫൈസി, അംഗങ്ങളായ പി.പി മുഹമ്മദ് റാഫി, കെ.പി സുലൈമാന്‍ ഹാജി തുടങ്ങിയവര്‍ സംബന്ധിച്ചു.