Hivision Channel

തൃശൂര്‍ വാഹനാപകടം; വാഹനം ഓടിച്ചത് ലൈസന്‍സില്ലാത്ത ക്ലീനര്‍,ഡ്രൈവറും ക്ലീനറും മദ്യപിച്ചിരുന്നു

തൃശ്ശൂരില്‍ ഉറങ്ങിക്കിടന്നവരുടെ ദേഹത്തുകൂടി തടിലോറി കയറിയിറങ്ങി അഞ്ചു പേര്‍ മരിച്ച സംഭവത്തില്‍ ലോറിയുടെ ഡ്രൈവറും ക്ലീനറും മദ്യപിച്ചിരുന്നുവെന്ന് സ്ഥിരീകരിച്ച് പൊലീസ്. വാഹനം ഓടിച്ചിരുന്നത് ക്ലീനറായിരുന്നു. ഇയാള്‍ക്ക് ഡ്രൈവിങ് ലൈസന്‍സില്ല. സംഭവത്തില്‍ കണ്ണൂര്‍ ആലങ്ങാട് സ്വദേശിയായ ക്ലീനര്‍ അലക്‌സ്, കണ്ണൂര്‍ സ്വദേശി ജോസ് എന്നിവരെ കസ്റ്റഡിയിലെടുത്തു.

ഡ്രൈവറായി നിശ്ചയിച്ചിരുന്ന ജോസ് മദ്യപിച്ച ശേഷം വാഹനത്തില്‍ കിടന്നുറങ്ങുകയായിരുന്നു. തുടര്‍ന്ന് മദ്യലഹരിയില്‍ അലക്‌സ് വാഹനം ഓടിക്കുകയായിരുന്നു. നാട്ടികയില്‍ ഉറങ്ങിക്കിടന്ന നാടോടികളുടെ ദേഹത്തുകൂടിയാണ് തടിലോറി കയറിയിറങ്ങിയത്. കാളിയപ്പന്‍ (50), ജീവന്‍ (4), നാഗമ്മ (39), ബംഗാരി (20) വിശ്വ (ഒരു വയസ്സ്) എന്നിവരാണ് മരിച്ചവരിലുള്ളത്. ഏഴു പേര്‍ക്ക് അപകടത്തില്‍ പരുക്കേറ്റിരുന്നു. ഇവര്‍ ഗുരുതര പരിക്കുകളോടെ തൃശ്ശൂര്‍ മെഡിക്കല്‍ കോളേജില്‍ ചികിത്സയിലാണ്.

നാട്ടിക ജെകെ തിയ്യേറ്ററിനടുത്താണ് ദാരുണമായ സംഭവമുണ്ടായത്. ഇവര്‍ ഉറങ്ങിക്കിടന്ന സ്ഥലത്തേക്ക് ലോറി പാഞ്ഞു കയറുകയായിരുന്നു. കിടന്നുറങ്ങിയ സംഘത്തില്‍ 10 പേര്‍ ഉണ്ടായിരുന്നു. പുലര്‍ച്ചെ 4 നാണ് അപകടം സംഭവിച്ചത്. കണ്ണൂരില്‍ നിന്ന് കൊച്ചിയിലേക്ക് പോവുന്ന തടി കയറ്റിയ ലോറിയാണ് ആളുകള്‍ ഉറങ്ങിക്കിടന്നയിടത്തേക്ക് ഇടിച്ചുകയറിയത്. ബാരിക്കേഡ് മറികടന്നു വന്ന ലോറിയാണ് അപകടമുണ്ടാക്കിയതെന്നാണ് പൊലീസ് പറയുന്നത്.

Leave a Comment

Your email address will not be published. Required fields are marked *