സാമൂഹ്യമാധ്യമമായ വാട്സ്ആപ്പില്‍ അയക്കുന്ന വോയ്സ് നോട്ടുകള്‍ ഇനി ആപ്പ് തന്നെ കേട്ടെഴുതി തരും. എല്ലാ ആന്‍ഡ്രോയ്ഡ് യൂസര്‍മാര്‍ക്കും വൈകാതെ ഫീച്ചര്‍ ലഭ്യമാകും. നിലവില്‍ ഫീച്ചര്‍ ലഭ്യമായിട്ടുള്ളത് ഗൂഗിള്‍ പിക്‌സല്‍ ഫോണ്‍ ഉപഭോക്താക്കള്‍ക്കാണ്. ഇംഗ്ലീഷ്, ഹിന്ദി, സ്പാനിഷ്, പോര്‍ച്ചുഗീസ്, റഷ്യന്‍ ഭാഷകളിലാണ് ആദ്യം ഫീച്ചര്‍ ലഭ്യമാകുക. ഉപഭോക്താക്കളുടെ സ്വകാര്യത ഉറപ്പാക്കിക്കൊണ്ടായിരിക്കും പുതിയ ഫീച്ചര്‍ നടപ്പാക്കുക എന്ന് വാട്സ്ആപ്പ് വ്യക്തമാക്കി.
മെറ്റയുടെ ഉടമസ്ഥതതയിലുള്ള വാട്സ്ആപ്പ് അടുത്തിടെ മെറ്റ എഐ ഉള്‍പ്പടെ ഏറെ പുതിയ ഫീച്ചറുകളാണ് അവതരിപ്പിച്ചത്. പല പുത്തന്‍ ഫീച്ചറുകളുടെയും ബീറ്റ പരീക്ഷണം നടന്നുവരുന്നു. വാട്സ്ആപ്പ് കോണ്‍ടെക്സ്റ്റ് കാര്‍ഡ് എന്നൊരു ഫീച്ചര്‍ അടുത്തിടെ പ്രത്യക്ഷപ്പെട്ടുന്നു. നമ്മളെ ഒരു വാട്സ്ആപ്പ് ഗ്രൂപ്പിലേക്ക് ആരെങ്കിലും ചേര്‍ത്താല്‍ ആ ഗ്രൂപ്പിലേക്ക് പ്രവേശിക്കും മുമ്പ് ഗ്രൂപ്പിനെ കുറിച്ചുള്ള വിശദ വിവരങ്ങള്‍ നമുക്ക് കാണാനാകുന്നതാണ് പുതിയ സംവിധാനം. എന്താണ് ഗ്രൂപ്പിന്റെ പേര്, ആരാണ് ഗ്രൂപ്പിലേക്ക് നമ്മളെ ചേര്‍ത്തത്, എന്നാണ് ഗ്രൂപ്പ് ആരംഭിച്ചത്, ആരാണ് ഗ്രൂപ്പ് തുടങ്ങിയത് എന്നീ വിവരങ്ങള്‍ യൂസര്‍ക്ക് ലഭ്യമാകും. നമ്മുടെ കോണ്‍ടാക്റ്റില്‍ ഇല്ലാത്ത ആരെങ്കിലുമാണോ ഗ്രൂപ്പിലേക്ക് ചേര്‍ത്തത് എന്ന് അനായാസം ഇതിലൂടെ അറിയാം. പരിചയമില്ലാത്ത ആരെങ്കിലുമാണ് നിങ്ങളെ ചേര്‍ത്തതെങ്കില്‍ എക്സിറ്റ് അടിക്കാനുള്ള ഓപ്ഷനും കാണാം.
വാട്സ്ആപ്പിന് ഉള്ളില്‍ വച്ചുതന്നെ ഫോട്ടോകള്‍ എഡിറ്റ് ചെയ്യാന്‍ കഴിയുന്ന എഐ സംവിധാനം പരീക്ഷണഘട്ടത്തിലാണ്. വാട്സ്ആപ്പിന്റെ 2.24.14.20 ബീറ്റാ വേര്‍ഷനിലാണ് ഇമേജ് എഡിറ്റിംഗ് ആന്‍ഡ് അനലൈസിംഗ് ടൂള്‍ പരീക്ഷിക്കുന്നത്. എന്നാല്‍ എത്രത്തോളം ഫിച്ചറുകള്‍ എഡിറ്റിംഗ് ടൂളില്‍ വരുമെന്ന് വ്യക്തമല്ല. ചിത്രത്തിന്റെ പശ്ചാത്തലം മാറ്റുന്നതും ഏതെങ്കിലുമൊക്കെ ഭാഗങ്ങള്‍ മായ്ക്കുന്നതുമടക്കമുള്ള ഫീച്ചറുകള്‍ പ്രതീക്ഷിക്കുന്നുണ്ട്. മറ്റ് ചില എഐ ഫീച്ചറുകളും വാട്സ്ആപ്പിലേക്ക് വൈകാതെ എത്തും എന്ന സൂചനകള്‍ ശക്തമാണ്.