Hivision Channel

ഹൗസ് സര്‍ജന്മാര്‍ക്ക് വിശ്രമ വേളകള്‍ അനുവദിക്കണം; നിര്‍ണായക ഉത്തരവുമായി മെഡിക്കല്‍ വിദ്യാഭ്യാസ ഡയറക്ടര്‍

സംസ്ഥാനത്തെ മെഡിക്കല്‍ കോളേജുകളിലുള്ള ഹൗസ് സര്‍ജന്‍മാരുടെ ജോലി സമയം ക്രമീകരിക്കുമ്പോള്‍ വിശ്രമ സമയം അനുവദിക്കണമെന്ന് മെഡിക്കല്‍ വിദ്യാഭ്യാസ ഡയറക്ടര്‍ സര്‍ക്കാര്‍ മെഡിക്കല്‍ കോളേജ് പ്രിന്‍സിപ്പല്‍മാര്‍ക്ക് നിര്‍ദേശം നല്‍കി. ഹൗസ് സര്‍ജന്‍മാരുടെ ആവശ്യങ്ങളും പരാതികളും അനുഭാവപൂര്‍വം കേള്‍ക്കുന്നതിനും പരിഹാരം കാണുന്നതിനുമുള്ള സംവിധാനങ്ങള്‍ എല്ലാ സര്‍ക്കാര്‍ മെഡിക്കല്‍ കോളേജ് ആശുപത്രികളിലും ഫലപ്രദമായി നടപ്പിലാക്കാന്‍ പ്രിന്‍സിപ്പല്‍ ശ്രദ്ധിക്കണമെന്നും മെഡിക്കല്‍ വിദ്യാഭ്യാസ ഡയറക്ടര്‍ നിര്‍ദേശം നല്‍കിയിട്ടുണ്ട്.

മനുഷ്യാവകാശ കമ്മീഷന്‍ ആക്റ്റിങ് ചെയര്‍പേഴ്‌സണും ജുഡീഷ്യല്‍ അംഗവുമായ കെ. ബൈജുനാഥ് 2022 ജൂണ്‍ 6 ന് പാസാക്കിയ ഉത്തരവ് നടപ്പിലാക്കാനാണ് സര്‍ക്കാര്‍ നിര്‍ദേശം നല്‍കിയത്. കോഴിക്കോട് മെഡിക്കല്‍ കോളേജിലെ ഓര്‍ത്തോ പോലുള്ള വകുപ്പുകളില്‍ ഇപ്പോഴും 30 മണിക്കൂറിലധികം തുടര്‍ച്ചയായി ജോലി ചെയ്യേണ്ട സാഹചര്യമുണ്ടെന്ന പരാതി ഗൗരവമായി പരിശോധിച്ച് ആവശ്യമായ സത്വര നടപടികള്‍ സ്വീകരിക്കണമെന്ന് കമ്മീഷന്‍ മെഡിക്കല്‍ വിദ്യാഭ്യാസ ഡയറക്ടര്‍ക്ക് നിര്‍ദേശം നല്‍കി.

കോഴിക്കോട് മെഡിക്കല്‍ കോളേജില്‍ കൃത്യമായ വര്‍ക്കിംഗ് മാന്വല്‍ ഇല്ലെന്നും അക്കാദമിക് മികവ് നേടുന്നതിന് പകരം മറ്റ് ജോലികളാണ് ചെയ്യിക്കുന്നതെന്നും പരാതിയിലുണ്ട്. കമ്മീഷന്റെ 2022 ലെ ഉത്തരവ് കൃത്യമായി നടപ്പിലാക്കണമെന്നാണ് പരാതിക്കാരനായ കോഴിക്കോട് മെഡിക്കല്‍ കോളേജ് എസ്.എഫ്.ഐ യൂണിറ്റ് സെക്രട്ടറി അനന്ദുവിന്റെ ആവശ്യം.

Leave a Comment

Your email address will not be published. Required fields are marked *