Hivision Channel

വന്യമൃഗശല്യം പരിഹരിക്കുന്നതില്‍ സംസ്ഥാന സര്‍ക്കാര്‍ പരാജയമെന്ന് മന്ത്രി ജോര്‍ജ് കുര്യന്‍

ഇരിട്ടി: വന്യമൃഗശല്യം മൂലം കേരളത്തിലെ ജനങ്ങള്‍ ഭീതിതമായ സാഹചര്യത്തില്‍ കൂടിയാണ് കടന്നുപോകുന്നതെങ്കിലും വിഷയത്തിന്റെ ഗൗരവം കണ്ട് ആവശ്യമായ ഇടപെടല്‍ നടത്താന്‍ സംസ്ഥാന ഗവണ്‍മെന്റ് ശ്രമിക്കുന്നില്ലെന്നും സംസ്ഥാനമ്പര്‍ ക്കാര്‍ ഇക്കാര്യത്തില്‍ തികഞ്ഞ പരാജയമാണെന്നും കേന്ദ്ര ന്യൂനപക്ഷ ക്ഷേമ സഹമന്ത്രി ജോര്‍ജ് കുര്യന്‍ പറഞ്ഞു. വന്യമൃഗ ആക്രമണം മൂലം കൊല്ലപ്പെടുന്നവര്‍ക്ക് കേന്ദ്ര ഗവണ്‍മെന്റ് കൊടുക്കുന്ന നഷ്ടപരിഹാരമല്ലാതെ സംസ്ഥാന ഗവണ്‍മെന്റ് ഒരു രൂപ പോലും നഷ്ടപരിഹാരമായി നല്‍കുന്നില്ല ഇത് വേദനാജനകമാണ്.വന്യമൃഗ ആക്രമണത്തില്‍ ജീവന്‍ നഷ്ടപ്പെടുന്നവര്‍ക്കും പരിക്കേല്‍ക്കുന്നവര്‍ക്കും കൃഷി നശിക്കുന്നവര്‍ക്കും യഥാര്‍ത്ഥ നഷ്ടം നല്‍കാന്‍ സംസ്ഥാന ഗവണ്‍മെന്റ് തയ്യാറാകണമെന്നും അദ്ദേഹം പറഞ്ഞു.
കേരളത്തിലെ കാര്‍ഷിക മേഖലയിലെ വിവിധ വിഷയങ്ങളില്‍ അടിയന്തരമായി കേന്ദ്ര ഗവണ്‍മെന്റ് ഇടപെടണമെന്ന് ആവശ്യപ്പെട്ടുകൊണ്ട് രാഷ്ട്രീയ കിസാന്‍ മഹാ സംഘ് സംസ്ഥാന ചെയര്‍മാന്‍ അഡ്വ. ബിനോയ് തോമസിന്റെ നേതൃത്വത്തില്‍ എത്തിയ കര്‍ഷക നേതാക്കളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.
കേരളത്തിലെ കര്‍ഷകരുടെ പ്രശ്‌നങ്ങള്‍ പരിഹരിക്കുന്നതിന് കാലോചിതമായ മാറ്റം വനം വന്യജീവി നിയമത്തില്‍ ആവശ്യമെങ്കില്‍ വരുത്തുമെന്നും അദ്ദേഹം പറഞ്ഞു. ഇടുക്കി ജില്ലയെ അടിസ്ഥാനപരമായി ബാധിക്കുന്നതും എല്ലാ ജില്ലകളിലെയും പട്ടയങ്ങള്‍ ദുര്‍ബലപ്പെടുത്തുന്നതുമായ 2023 ലെ കേരള ഭൂപതിവ് നിയമം ജനവിരുദ്ധമാണെന്നും അദ്ദേഹം പറഞ്ഞു. സര്‍ഫാസി അടക്കമുള്ള നിയമങ്ങള്‍ ഉപയോഗിച്ച് നടത്തുന്ന ജപ്തി നടപടികള്‍ കേരളത്തിലെ കര്‍ഷകരെ വല്ലാതെ ബാധിച്ചിട്ടുണ്ടെന്നും ഇതിന് ശാശ്വത പരിഹാരം ഉണ്ടാക്കണമെന്നും യഥാര്‍ത്ഥ കര്‍ഷകരുടെ കടങ്ങള്‍ എഴുതിത്തളണമെന്നും നിവേദക സംഘം മന്ത്രിയോട് അഭ്യര്‍ത്ഥിച്ചു. ഭാരവാഹികളായ സണ്ണി അഗസ്റ്റിന്‍, ജോസഫ് വടക്കേക്കര, ടോമി തോമസ്, ബിനോയി പുത്തന്‍നടയില്‍ അമല്‍ കുര്യന്‍, വര്‍ഗീസ് വൈദ്യര്‍ എന്നിവരും നിവേദകസംഘത്തിലുണ്ടായിരുന്നു. ബിജെപി ജില്ലാ പ്രസിഡന്റ് എന്‍ ഹരിദാസന്‍ മാസ്റ്റര്‍ ജനറല്‍ സെക്രട്ടറി ജയകുമാര്‍ എന്നിവരും പീപ്പിള്‍സ് മൂവ്‌മെന്റ് ഫോര്‍ പീസ് ചെയര്‍മാന്‍ ഫാ. സ്‌കറിയാ കല്ലൂര്‍ കോര്‍ ഗ്രൂപ്പംഗം സണ്ണി തോട്ടപ്പള്ളില്‍ തുടങ്ങിയവരും സന്നിഹിതരായുന്നു.

Leave a Comment

Your email address will not be published. Required fields are marked *