വയനാടില്‍ കാട്ടാന ആക്രമണത്തില്‍ കൊല്ലപ്പെട്ട രാജുവിന്റെ കുടുംബത്തെ സംരക്ഷിക്കണമെന്ന് ആവശ്യപ്പെട്ട് വയനാട് ജില്ലയിലെ കല്ലൂരില്‍ മൂന്നര മണിക്കൂറോളം നടന്ന സമരം അവസാനിപ്പിച്ചു. സര്‍വകക്ഷി യോഗത്തിലെ തീരുമാനം പ്രകാരമാണ് സമരം അവസാനിപ്പിച്ചത്. ഇതോടെ ദേശീയപാത വഴി വാഹനങ്ങള്‍ കടന്നുപോയി തുടങ്ങി. രാജുവിന്റെ കുടുംബത്തിന് 10 ലക്ഷം രൂപ ധനസഹായവും ഒരു ലക്ഷം രൂപ ഇതിന് പുറമെ ഇന്‍ഷുറന്‍സായും നല്‍കാന്‍ യോഗത്തില്‍ തീരുമാനമായി. ഇതിന് പുറമെ കുടുംബത്തിന് 50 ലക്ഷം രൂപ ധനസഹായം നല്‍കണമെന്ന് സര്‍ക്കാരിനോട് ശുപാര്‍ശ ചെയ്യും.
രാജുവിന്റെ കുടുംബത്തിന് വീട് നിര്‍മ്മിച്ചു കൊടുക്കും മകള്‍ക്ക് വിദേശത്ത് പഠനത്തിനുള്ള സൗകര്യവും ഐടിഐ പാസായ മകന് അനുയോജ്യമായ ജോലിയും നല്‍കും. വീട്ടിലേക്ക് റോഡ് നിര്‍മ്മിച്ച് നല്‍കാനും തീരുമാനമുണ്ട്. രാജുവിന്റെ ബന്ധുവായ ബിജുവിന് കാട്ടാന ആക്രമണത്തില്‍ പരിക്കേറ്റിരുന്നു. ഇദ്ദേഹത്തിന് സര്‍ക്കാരില്‍ നിന്ന് പെന്‍ഷന്‍ ലഭ്യമാക്കും. മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിയില്‍ നിന്ന് സഹായം നല്‍കാനും തീരുമാനമെടുത്തു.കഴിഞ്ഞദിവസം കാട്ടാന ആക്രമണത്തില്‍ ഗുരുതരമായി പരിക്കേറ്റ രാജു ഗുരുതരാവസ്ഥയില്‍ ചികിത്സയിരിക്കെയാണ് മരിച്ചത്.