കണ്ണൂര്‍:വിവാഹ പൂര്‍വ കൗണ്‍സിലിങ് നിര്‍ബന്ധമാക്കണമെന്നും തദ്ദേശ സ്വയം ഭരണ സ്ഥാപനങ്ങളുടെ ഭാഗമായി സ്ഥിരമായി ഇതിനുള്ള സംവിധാനം ഏര്‍പ്പെടുത്തിയാല്‍ ഉചിതമായിരിക്കുമെന്നും വനിതാ കമ്മീഷന്‍ ചെയര്‍പേഴ്സന്‍ അഡ്വ. പി സതീദേവി പറഞ്ഞു. വിവാഹ പൂര്‍വ കൗണ്‍സിലിങ് നിര്‍ബന്ധമാക്കണമെന്ന് നേരത്തെ തന്നെ കമ്മീഷന്‍ സര്‍ക്കാരിന് ശുപാര്‍ശ നല്‍കിയിട്ടുണ്ടെന്നും അധ്യക്ഷ പറഞ്ഞു. അദാലത്തില്‍ പരിഗണിച്ച പരാതികളില്‍ നല്ലൊരു ശതമാനവും ഗാര്‍ഹിക ചുറ്റുപാടുകളുമായി ബന്ധപെട്ടതാണെന്നും കമ്മീഷന്‍ പറഞ്ഞു.
കളക്ടറേറ്റ് ഓഡിറ്റോറിയത്തില്‍ നടന്ന വനിതാ കമ്മീഷന്‍ സിറ്റിങില്‍ ആകെ പരിഗണിച്ച 65 പരാതികളില്‍ 14 എണ്ണം തീര്‍പ്പാക്കി. അഞ്ച് പരാതികള്‍ പൊലീസിന്റെ റിപ്പോര്‍ട്ടിന് വേണ്ടി അയച്ചു.ഒരു പരാതി ജാഗ്രതാ സമിതിയുടെ റിപ്പോര്‍ട്ടിനായി അയച്ചു. ജില്ലാ നിയമ സഹായ അതോറിറ്റിയുടെ സഹായം ലഭിക്കുന്നതിനുവേണ്ടി രണ്ടു പരാതികള്‍ നല്‍കി. 43 പരാതികള്‍ അടുത്ത സിറ്റിങ്ങില്‍ പരിഗണിക്കും.
വനിതാ കമ്മീഷന്‍ അംഗം അഡ്വ. പി കുഞ്ഞായിഷ, അഭിഭാഷകരായ ചിത്തിര ശശിധരന്‍, കെ പി ഷിമി, കൗണ്‍സിലര്‍ മാനസ ബാബു എന്നിവര്‍ പങ്കെടുത്തു.