അഴിമതി ആരോപണത്തെ തുടര്‍ന്ന് കണ്ണൂരിലെ വീട്ടില്‍ മരിച്ച നിലയില്‍ കണ്ടെത്തിയ എഡിഎം നവീന്‍ ബാബുവിന്റെ മരണത്തില്‍ അന്വേഷണം. നവീനെതിരെ അഴിമതി ആരോപണമുന്നയിച്ച കണ്ണൂര്‍ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് പിപി ദിവ്യയുടെ മൊഴിയെടുക്കും. അന്വേഷണത്തിന് കണ്ണൂര്‍ പൊലീസ് പത്തനംതിട്ടയിലേക്ക് എത്തും.
അതേ സമയം, കണ്ണൂരിലെ താമസ സ്ഥലത്ത് മരിച്ച നിലയില്‍ കണ്ടെത്തിയ എഡിഎം നവീന്‍ ബാബുവിന്റെ സംസ്‌കാരം ഇന്ന് പത്തനംതിട്ട മലയാലപ്പുഴയിലെ വീട്ടുവളപ്പില്‍ നടക്കും. 9 മണിയോടെ മൃതദേഹം മോര്‍ച്ചറിയില്‍ നിന്ന് കളക്ടറേറ്റില്‍ എത്തിക്കും. പത്തുമണി മുതല്‍ പൊതുദര്‍ശനം. തുടര്‍ന്ന് ഉച്ചയോടെ വിലാപയാത്രയായി വീട്ടിലേക്കു കൊണ്ടുപോകും. രണ്ടുമണിക്ക് ശേഷമാണ് പത്തിശ്ശേരിയിലെ വീട്ടില്‍ സംസ്‌കാര ചടങ്ങുകള്‍ തീരുമാനിച്ചിരിക്കുന്നത്.