ജീവിതശൈലീ രോഗങ്ങള്‍ നിയന്ത്രിക്കുന്നതിന്റെ ഭാഗമായി സംസ്ഥാന ആരോഗ്യ വകുപ്പ് നടപ്പിലാക്കുന്ന ആര്‍ദ്രം ആരോഗ്യം ജീവിതശൈലി രോഗനിര്‍ണയ സ്‌ക്രീനിംഗിന്റെ രണ്ടാം ഘട്ടത്തില്‍ 50 ലക്ഷത്തോളം പേരുടെ സ്‌ക്രീനിംഗ് നടത്തിയതായി ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ്. ആദ്യഘട്ടത്തില്‍ 30 വയസിന് മുകളില്‍ പ്രായമുള്ള 1.54 കോടിയിലധികം പേരുടെ സ്‌ക്രീനിംഗ് പൂര്‍ത്തിയാക്കി രോഗസാധ്യത കണ്ടെത്തിയവര്‍ക്ക് തുടര്‍ ചികിത്സ ഉറപ്പാക്കിയ ശേഷമാണ് രണ്ടാം ഘട്ടം നടപ്പിലാക്കുന്നത്.
ഒന്നാം ഘട്ട സ്‌ക്രീനിംഗില്‍ പങ്കെടുത്തവരെ ഉള്‍പ്പെടെ ഉള്‍ക്കൊള്ളിച്ചാണ് രണ്ടാം ഘട്ട സ്‌ക്രീനിംഗ് നടത്തുന്നത്. ശൈലി ഒന്നാം ഘട്ടത്തില്‍ രക്താതിമര്‍ദം, പ്രമേഹം, കാന്‍സര്‍, ടിബി, ശ്വാസകോശ രോഗങ്ങള്‍ എന്നിവയ്ക്ക് പ്രാധാന്യം നല്‍കിയപ്പോള്‍ രണ്ടാം ഘട്ടത്തില്‍ ഇതോടൊപ്പം കുഷ്ഠ രോഗം, മാനസികാരോഗ്യം, കാഴ്ചാ പ്രശ്നം, കേള്‍വി പ്രശ്നം, വയോജന ആരോഗ്യം എന്നിവയ്ക്കും പ്രാധാന്യം നല്‍കുന്നു. സ്‌ക്രീനിംഗില്‍ രോഗസാധ്യതയുണ്ടെന്ന് കണ്ടെത്തുന്നവരെ വിദഗ്ധ പരിശോധനയ്ക്ക് വിധേയമാക്കി ചികിത്സ ഉറപ്പാക്കുമെന്നും മന്ത്രി വ്യക്തമാക്കി.
ശൈലി രണ്ട് വാര്‍ഷിക ആരോഗ്യ പരിശോധനയുടെ ഭാഗമായി 50 ലക്ഷം പേരുടെ സ്‌ക്രീനിംഗ് നടത്തിയതില്‍ 46.7 ശതമാനം പേര്‍ക്ക് (23,21,315) ജീവിതശൈലീ രോഗ സാധ്യതയുള്ളതായി കണ്ടെത്തി. നിലവില്‍ രക്താതിമര്‍ദം മാത്രമുള്ള 6,53,541 (13.15 ശതമാനം) പേരുടേയും പ്രമേഹം മാത്രമുള്ള 4,31,448 (8.68 ശതമാനം) പേരുടേയും ഇവ രണ്ടുമുള്ള 2,71,144 പേരുടേയും ആരോഗ്യ സംബന്ധമായ വിവരങ്ങള്‍ രേഖപ്പെടുത്തി. കാന്‍സര്‍ സാധ്യതയുള്ള 1,10,781 പേരെ കണ്ടെത്തി തുടര്‍ പരിശോധനയ്ക്കായി റഫര്‍ ചെയ്തു. 1,45,867 പേരെ ടിബി പരിശോധനയ്ക്കായും 2,10,641 പേരെ ശ്വാസകോശ സംബന്ധമായ പരിശോധനയ്ക്കായും റഫര്‍ ചെയ്തു. 54,772 കിടപ്പ് രോഗികളേയും പരസഹായം ആവശ്യമുള്ള 85,551 പേരേയും 16,31,932 വയോജനങ്ങളേയും സന്ദര്‍ശിച്ച് ആരോഗ്യ സംബന്ധമായ വിവരങ്ങള്‍ ശേഖരിച്ച് തുടര്‍ സേവനങ്ങള്‍ ഉറപ്പാക്കി വരുന്നു.