ഇന്ന് ശിശുദിനം. കുട്ടികളുടെ പ്രിയപ്പെട്ട ചാച്ചാജിയുടെ ജന്മദിനം. ഇന്ത്യയുടെ പ്രഥമ പ്രധാനമന്ത്രിയായ പണ്ഡിറ്റ് ജവഹര്‍ലാല്‍ നെഹ്രുവിന് കുഞ്ഞുങ്ങളോടുണ്ടായിരുന്ന സ്നേഹവായ്പുകളുമാണ് ഈ ദിവസം ശിശുദിനമായി ആചരിക്കാന്‍ കാരണം. നെഹ്രുവിന്റെ 135-ാം പിറന്നാള്‍ ദിനമാണ് ഇന്ന്.
കുട്ടികള്‍ ഒരു പൂന്തോട്ടത്തിലെ മുകുളങ്ങള്‍ പോലെയാണ്, അവരെ ശ്രദ്ധയോടെയും സ്നേഹത്തോടെയും വളര്‍ത്തണം, കാരണം അവര്‍ രാജ്യത്തിന്റെ ഭാവിയും നാളത്തെ പൗരന്മാരുമാണ്. ശരിയായ വിദ്യാഭ്യാസത്തിലൂടെ മാത്രമേ സമൂഹത്തിന്റെ മെച്ചപ്പെട്ട ക്രമം കെട്ടിപ്പടുക്കാന്‍ കഴിയൂ. കുട്ടികളെപ്പറ്റി പറയുമ്പോള്‍ ഇന്ത്യയുടെ പ്രഥമ പ്രധാനമന്ത്രി പണ്ഡിറ്റ് ജവഹര്‍ലാല്‍ നെഹ്രുവിന്റെ വാക്കുകളില്‍ ആത്മാര്‍ത്ഥതയും സ്നേഹവും വാത്സല്യവുമൊക്കെ എപ്പോഴും നിറഞ്ഞുനിന്നിരുന്നു. ചാച്ചാജി എന്നാണ് നെഹ്രുവിനെ കുഞ്ഞുങ്ങള്‍ സ്നേഹപൂര്‍വം വിളിച്ചിരുന്നത്.
കുഞ്ഞുങ്ങളുടെ മാനസികവും ശാരീരികവുമായ വളര്‍ച്ചയ്ക്ക് ദോഷകരമായി ബാധിക്കുന്നതെന്തും രാജ്യത്തേയും ബാധിക്കുമെന്നായിരുന്നു നെഹ്രുവിന്റെ പക്ഷം. ജാതിമത വേര്‍തിരിവുകളില്ലാതെ പരസ്പര സ്‌നേഹത്തില്‍ കെട്ടിപ്പടുക്കേണ്ടതാണ് കുട്ടികള്‍ക്കിടയിലെ സൗഹൃദമെന്ന് നെഹ്രു വിശ്വസിച്ചു. കുട്ടികളുടെ ക്ഷേമത്തിനായി സദാ പ്രതിബദ്ധനായിരുന്നു നെഹ്രു. തകര്‍ന്ന കുടുംബബന്ധങ്ങളും സാമൂഹികവും സാമ്പത്തികമായുള്ള പിന്നാക്കാവസ്ഥയുമെല്ലാം ഇന്ത്യയില്‍ കുട്ടികളുടെ ജീവിതത്തെ ഇന്നും സാരമായി ബാധിക്കുന്നു. ഒരു കോടിയില്‍പരം ബാലതൊഴിലാളികള്‍ ഇന്ത്യയിലുണ്ടെന്നാണ് യൂണിസെഫിന്റെ കണക്കുകള്‍. ലഹരി ഉപയോഗം കുട്ടികള്‍ക്കിടയില്‍ വര്‍ധിച്ചുവരുന്നു. ഇതിനെയെല്ലാം ശക്തമായി പ്രതിരോധിക്കേണ്ടതിനെ ഓര്‍മപ്പെടുത്തുകയാണ് ശിശുദിനം.