ശബരിമലയില്‍ തീര്‍ത്ഥാടകരുടെ തിരക്ക് വര്‍ദ്ധിക്കുന്നു. വൃശ്ചികം ഒന്നിന് ശബരിമല ദര്‍ശനം നടത്തിയത് 65,000 ത്തിനടുത്ത് തീര്‍ത്ഥാടകരാണ്. ഇതില്‍ സ്പോട്ട് ബുക്കിങ് വഴി എത്തിയത് 3017 പേരാണ്. പുല്ലുമേട് വഴി 410 പേര്‍ എത്തിയപ്പോള്‍, ആദ്യ ദിനം എത്താന്‍ കഴിയാത്തവരും വൃശ്ചികം ഒന്നിന് മല ചവിട്ടി.
വെര്‍ച്ചുല്‍ ക്യൂ വഴി 70,000 പേരാണ് രജിസ്റ്റര്‍ ചെയ്തത്. എന്നാല്‍ ബുക്ക് ചെയ്ത എല്ലാവരും എത്തിയില്ല. വെര്‍ച്വല്‍ ക്യൂവും സ്‌പോട്ട് ബുക്കിംഗുമടക്കം 65,000 ത്തിനടുത്ത് തീര്‍ത്ഥാടകര്‍ ദര്‍ശനം നടത്തിയെന്നാണ് ദേവസ്വം ബോര്‍ഡിന്റെ കണക്ക്. ഇന്നും രാവിലെ മൂന്നു മണിക്ക് ശബരിമല നട തുറന്നു.
തിരക്ക് വര്‍ദ്ധിച്ചിട്ടും, ദര്‍ശനത്തിനായി മണിക്കൂറുകള്‍ കാത്തു നില്‍ക്കേണ്ടിവരുന്നില്ലെന്നതാണ് തീര്‍ത്ഥാടകര്‍ക്ക് ആശ്വാസം പകരുന്നത്. മിനിറ്റില്‍ പതിനെട്ടാംപടി ചവിട്ടുന്നത് 80 ന് മുകളില്‍ തീര്‍ത്ഥാകരാണ്.
ശബരിമല ദര്‍ശനത്തിനായി എത്തുന്ന ഭക്തര്‍ അയ്യപ്പന്റെ പൂങ്കാവനത്തിന്റെ പരിശുദ്ധി കൂടി കാത്തു സൂക്ഷിക്കണമെന്ന് തന്ത്രി കണ്ഠരര് രാജീവര്. പരിസ്ഥിതിക്കും ആചാരത്തിന് വിരുദ്ധമായ പല ഉല്‍പ്പനങ്ങളും ഇരുമുട്ടികെട്ടില്‍ കരുതുന്നത് ഉപേക്ഷിക്കണമെന്ന് തന്ത്രി പറഞ്ഞു. മാളിക പുറത്തും ചില തെറ്റായ പ്രവണതകള്‍ തുടരുന്നത് ഭക്തര്‍ തിരുത്തണമെന്നും അദ്ദേഹം ആവശ്യപെട്ടു.