
ഇരിട്ടി:പായം ഗ്രാമ പഞ്ചായത്ത് ജനകീയ കൂട്ടായ്മയോടെ നിര്‍മ്മിച്ച പതിനാല് ഹരിത പാര്‍ക്കുകളുടെ മാതൃകാ പ്രവര്‍ത്തനത്തിന് ഹരിതകേരളം മിഷന്റെ നേതൃത്വത്തില്‍ തിരുവനന്തപുരത്ത് നടത്തിയ പരിസ്ഥിതി സംഗമത്തില്‍ അംഗീകാരവും ആദരവും ലഭിച്ചു. സംസ്ഥാനത്തെ മികവാര്‍ന്നതും മാതൃകയായതുമായ പ്രവര്‍ത്തനങ്ങള്‍ നടത്തിയ തദ്ദേശ ഭരണ സ്ഥാപനങ്ങളുടെ മാതൃകാ പ്രവര്‍ത്തനങ്ങള്‍ അവതരിപ്പിക്കാന്‍ അവസരമുണ്ടായിരുന്നു. പായത്ത് വിനോദസഞ്ചാരികളെ ആകര്‍ഷിക്കുന്ന ഒട്ടേറെ പ്രദേശങ്ങളുണ്ട്. മാലിന്യം നിക്ഷേപിക്കപ്പെടുന്ന ഇടങ്ങളെ ജനകീയ കൂട്ടായ്മയിലൂടെ ആകര്‍ഷകമാക്കുന്നതിന് പായത്തെ ജനങ്ങള്‍ മാതൃകയാണ്. ഈ മാതൃകാ പ്രവര്‍ത്തനങ്ങള്‍
ടാഗോര്‍ തീയ്യറ്ററില്‍ വച്ച് നടന്ന സംഗമത്തില്‍ അവതരിപ്പിച്ചു.
മാലിന്യം നിക്ഷേപിക്കുന്ന ഇടങ്ങളെ കണ്ടെത്തി അവിടങ്ങളില്‍ പൂന്തോട്ടങ്ങളും മിനി പാര്‍ക്കുകളും നിര്‍മ്മിച്ചുകൊണ്ട് അനുകരണീയമായ പ്രവര്‍ത്തനങ്ങളാണ് നടത്തിവരുന്നത്.
പഞ്ചായത്തില്‍ ഇതിനകം തന്നെ 14 പൊതു ഇടങ്ങളെയാണ് ഇത്തരത്തില്‍ സൗന്ദര്യവല്‍ക്കരണം നടത്തിയത് . പഞ്ചായത്ത് ഭരണസമിതി യോടൊപ്പം ചേര്‍ന്നു നിന്നു കൊണ്ട് ഒരുമ റസ്‌ക്യൂ ടീം, ഗ്രീന്‍ ലീഫ് സൊസൈറ്റി , പാര്‍ക്ക് സംരക്ഷണസമിതികള്‍, ഹരിത കര്‍മ്മസേന, വായനശാലകള്‍ ,ക്ലബ്ബുകള്‍ എന്നിവ ചെയ്യുന്ന പ്രവര്‍ത്തനങ്ങള്‍ അഭിനന്ദനീയമാണ്. ഹരിത കേരളം മിഷന്‍ ഇതിനകം 2 പാര്‍ക്കുകളെ ഹരിത ടൂറിസം കേന്ദ്രങ്ങളായി പ്രഖ്യാപിച്ചിട്ടുണ്ട്
ഒരു പഞ്ചായത്തിലെ ജനങ്ങള്‍ ഒന്നടങ്കം ചേര്‍ന്നു നില്‍ക്കുന്ന സമീപനം എടുത്തു പറയേണ്ടതും പ്രശംസനീയവുമാണ്
ജനകീയ കൂട്ടായ്മയോടെ നിര്‍മ്മിക്കപെട്ടിട്ടുള്ള ഈ പാര്‍ക്കുകള്‍ അഴുക്കില്‍ നിന്നും അഴകിലേക്ക് എന്ന സന്ദേശം ഉയര്‍ത്തിപ്പിടിച്ച് കൊണ്ടാണ് ഈ ഒരു പ്രവര്‍ത്തനത്തിന് തുടക്കം കുറിച്ചിരുന്നത്
ഈ മാതൃകാ പ്രവര്‍ത്തനങ്ങള്‍ വിലയിരുത്തിക്കൊണ്ടാണ് ഈ ഒരു അംഗീകാരം നേടാനായത്. പരിസ്ഥിതി സംഗമത്തില്‍ നടന്ന ചടങ്ങില്‍ നിന്നും പായം പഞ്ചായത്ത് പ്രസിഡന്റ് പി.രജനി, ഹരിതകേരളം മിഷന്‍ കണ്ണൂര്‍ ജില്ലാ കോര്‍ഡിനേറ്റര്‍ ഇ.കെ. സോമശേഖരന്‍, ഹരിതകേരളം മിഷന്‍ ജില്ലാ റിസോഴ്‌സ് പേഴ്‌സണ്‍ ജയപ്രകാശ് പന്തക്ക എന്നിവര്‍ ആദരവ് ഏറ്റുവാങ്ങി.