
തുടർച്ചയായ വിലയിടിവ് കണ്ട് സ്വർണം വാങ്ങാൻ പദ്ധതിയിട്ടവരെ നിരാശയിലാഴ്ത്തി സ്വർണവില വീണ്ടും കുതിച്ചുയർന്നു. പവന് ഒറ്റയടിക്ക് 520 രൂപയും ഗ്രാമിന് 65 രൂപയുമാണ് കൂടിയത്. ഇതോടെ, ഒരു പവൻ സ്വർണത്തിന് 66,320 രൂപയിലും ഗ്രാമിന് 8,290 രൂപയിലുമാണ് വ്യാപാരം പുരോഗമിക്കുന്നത്. അതേസമയം, 18 കാരറ്റ് സ്വർണവില ഗ്രാമിന് 50 രൂപ ഉയർന്ന് 6,795 രൂപയിലെത്തി.
ഈ മാസം മൂന്നിന് രേഖപ്പെടുത്തിയ ഗ്രാമിന് 8,560 രൂപയും പവന് 68,480 രൂപയുമാണ് കേരളത്തിലെ എക്കാലത്തെയും റിക്കാർഡ്. അതിനുശേഷം ഒരാഴ്ചയ്ക്കിടെ പവനു 2,680 രൂപയും ഗ്രാമിന് 335 രൂപയും കുറഞ്ഞശേഷമാണ് ഇന്നു വില വീണ്ടും മുന്നേറിയത്.
നേരത്തെ, ഒരാഴ്ചയ്ക്കിടെ 3,000 രൂപ ഉയർന്ന ശേഷം കഴിഞ്ഞ വെള്ളിയാഴ്ചയാണ് വിലയിടിയാൻ തുടങ്ങിയത്. ഒറ്റയടിക്ക് 1,280 രൂപയാണ് അന്ന് കുറഞ്ഞത്. പിന്നാലെ ശനിയാഴ്ച 720 രൂപയും തിങ്കളാഴ്ച 200 രൂപയും ചൊവ്വാഴ്ച 480 രൂപയും കുറഞ്ഞു.
ജനുവരി 22നാണ് പവന് വില ആദ്യമായി 60,000 കടന്നത്. 31ന് പവന് ഒറ്റയടിക്ക് 960 രൂപ ഉയർന്ന് 61,000 രൂപയെന്ന പുതിയ ഉയരം താണ്ടി.
ഫെബ്രുവരി ഒന്നിന് ഒരു പവന് സ്വര്‍ണത്തിന് 61,960 രൂപയായിരുന്നു വില. നാലിന് ഒറ്റയടിക്ക് 840 രൂപ ഉയർന്ന് 62,000 രൂപ പിന്നിട്ടു. തൊട്ടുപിന്നാലെ അഞ്ചിന് 760 രൂപ ഉയർന്ന് 63,000 രൂപയും കടന്നു. പിന്നീട് 11ന് 640 രൂപ ഉയർന്ന് 64,000 രൂപയെന്ന പുതിയ നാഴികക്കല്ലും പിന്നിട്ടു.
മാർച്ച് ഒന്നിന് പവന് 63,440 രൂപയിലാണ് വ്യാപാരം ആരംഭിച്ചത്. പിന്നീട് കയറ്റിറക്കങ്ങൾക്കൊടുവിൽ 14ന് 65,000 രൂപയും 18ന് 66,000 രൂപയും 31ന് 67,000 രൂപയും ഏപ്രിൽ ഒന്നിന് 68,000 പിന്നിടുകയായിരുന്നു.
ഓഹരി വിപണിയിലെ ചലനങ്ങളും രാജ്യാന്തര വിപണിയിലെ മാറ്റങ്ങളുമാണ് വിപണിയില്‍ പ്രതിഫലിക്കുന്നത്. കഴിഞ്ഞയാഴ്ച കുറിച്ച ഔൺസിന് 3,169.99 ഡോളർ എന്ന സർവകാല റിക്കാർഡിൽ നിന്ന് ചൊവ്വാഴ്ച 2,960 ഡോളറിലേക്ക് കൂപ്പുകുത്തിയ സ്വർണവില, ഇന്ന് വീണ്ടും 3,009 ഡോളറിലേക്ക് കുതിച്ചുകയറി.
യുഎസ്-ചൈന വ്യാപാരപ്പോര് കൂടുതൽ വഷളായതും ആഗോള സാമ്പത്തികരംഗം കടുത്ത അനിശ്ചിതാവസ്ഥയിലേക്ക് നീങ്ങുന്നതും ഓഹരി വിപണി ഇടിയുന്നതുമാണ് വില വീണ്ടും കുതിക്കാൻ വഴിവച്ചത്.
അതേസമയം, വെള്ളിവിലയിൽ മാറ്റമില്ല. ഗ്രാമിന് 102 രൂപയിലാണ് വ്യാപാരം പുരോഗമിക്കുന്നത്.