Hivision Channel

ചാറ്റിലെ ചിത്രങ്ങള്‍ സേവ് ചെയ്യാനാവില്ല- സ്വകാര്യത ഉറപ്പിക്കാന്‍ പുതിയ നീക്കവുമായി വാട്‌സാപ്പ്

വാട്‌സാപ്പിന്റെ ഐഒഎസ് വേര്‍ഷനിലെ ചാറ്റുകളുടെ സ്വകാര്യത ശക്തിപ്പെടുത്താന്‍ പുതിയ ഫീച്ചര്‍ ഒരുങ്ങുന്നു. ‘അഡ്വാന്‍സ്ഡ് ചാറ്റ് പ്രൈവസി’ എന്ന് പേര് നല്‍കിയിരിക്കുന്ന ഈ ഫീച്ചര്‍, നിങ്ങള്‍ അയക്കുന്ന മീഡിയ ഫയലുകള്‍ സ്വീകര്‍ത്താവിന്റെ ഫോണില്‍ സേവ് ആകുന്നത് തടയുന്നതടക്കമുള്ള സുരക്ഷാ സൗകര്യങ്ങള്‍ ഉള്‍ക്കൊള്ളുന്നതാണ്. ഈ ഫീച്ചര്‍ സജീവമാക്കിയാല്‍, നിങ്ങളുമായുള്ള ചാറ്റ് ഹിസ്റ്ററി മറ്റാര്‍ക്കും എക്സ്പോര്‍ട്ട് ചെയ്‌തെടുക്കാനും കഴിയില്ല.

വാട്സാപ്പിന്റെ ഫീച്ചര്‍ ട്രാക്കിങ് വെബ്സൈറ്റായ വാബീറ്റാ ഇന്‍ഫോയുടെ റിപ്പോര്‍ട്ട് പ്രകാരം, ഐഒഎസിന്റെ അടുത്ത അപ്ഡേറ്റുകളിലൊന്നില്‍ ഈ ഫീച്ചര്‍ ലഭ്യമാകും. വാട്സാപ്പ് ഐഒഎസ് ബീറ്റാ പതിപ്പ് 25.10.10.70-ലാണ് ഈ ഫീച്ചര്‍ ആദ്യമായി കണ്ടെത്തിയതെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.

ഈ ഫീച്ചര്‍ ഉപയോക്താക്കള്‍ക്ക് ആപ്പ് സെറ്റിംഗ്സ് വഴി ഇഷ്ടാനുസരണം ആക്ടിവേറ്റ് ചെയ്യാം. ഇത് ആക്ടിവേറ്റ് ചെയ്താല്‍, നിങ്ങള്‍ അയച്ച മീഡിയ ഫയലുകള്‍ സ്വീകര്‍ത്താവിന് അവരുടെ ഫോണില്‍ സേവ് ചെയ്യാന്‍ സാധിക്കില്ല. മീഡിയ ഫയല്‍ ഗാലറിയിലേക്ക് സേവ് ചെയ്യാന്‍ ശ്രമിച്ചാല്‍, ‘അഡ്വാന്‍സ്ഡ് ചാറ്റ് പ്രൈവസി ഓണ്‍ ആണ്, ഇത് മീഡിയ ഓട്ടോ-സേവ് ആകുന്നത് തടയുന്നു’ എന്ന സന്ദേശം പോപ്പ്-അപ്പായി ദൃശ്യമാകും.

ചാറ്റ് ഹിസ്റ്ററി എക്സ്പോര്‍ട്ട് ചെയ്യുന്നത് തടയുമെന്നതാണ് ഈ ഫീച്ചറിന്റെ മറ്റൊരു പ്രധാന സവിശേഷത. ഈ ഫീച്ചര്‍ ആക്ടിവേറ്റ് ചെയ്താല്‍, നിങ്ങളുമായുള്ള ചാറ്റ് സ്വീകര്‍ത്താവിന് എക്‌സ്‌പോര്‍ട്ട് ചെയ്യാന്‍ കഴിയാതെ വരും.

ആന്‍ഡ്രോയിഡ് ഉപയോക്താക്കള്‍ക്കായും സമാനമായ ഫീച്ചര്‍ വാട്സാപ്പ് വികസിപ്പിച്ചു വരുന്നുണ്ട്. നിലവില്‍ നിര്‍മാണ ഘട്ടത്തിലുള്ള ഈ ഫീച്ചര്‍, നിരവധി പരീക്ഷണങ്ങള്‍ക്ക് ശേഷമാകും എല്ലാ ഉപയോക്താക്കള്‍ക്കും ലഭ്യമാവുക. സ്വകാര്യതയ്ക്ക് കൂടുതല്‍ മുന്‍ഗണന നല്‍കുന്ന ഈ പുതിയ ഫീച്ചര്‍ വാട്സാപ്പ് ഉപയോഗം കൂടുതല്‍ സുരക്ഷിതമാക്കുമെന്നാണ് പ്രതീക്ഷിക്കപ്പെടുന്നത്.

Leave a Comment

Your email address will not be published. Required fields are marked *